കേരളം ഇരുട്ടിലേക്ക്
മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊട്ടിയൊഴുകി വരുന്ന വെള്ളം സംഭരിക്കാനെന്ന പേരില്‍ ഇടുക്കി അണക്കെട്ടിലെ വെള്ളം ഒഴുക്കിക്കളയുന്നത് വേനലില്‍ കേരളത്തെ കൂരിരുട്ടിലാക്കും. 70.5 ടിഎംസി സംഭരണശേഷിയുള്ള ഇടുക്കിയില്‍ ഇപ്പോള്‍ 57 ടിഎംസി വെള്ളം മാത്രമേയുള്ളു. 13.5 ടിഎംസിയുടെ കുറവ്. മഴ മാറിയതോടെ ഇത് ദിവസേന കുറഞ്ഞുവരികയാണ്. മുല്ലപ്പെരിയാര്‍ അണക്കെട്ട്ഉടന് പൊട്ടും എന്ന ഭീതി പരത്തിയാണ് വേനലിലേക്ക് കരുതേണ്ട ഇടുക്കിയിലെ വെള്ളം വന്‍തോതില്‍ ഒഴുക്കിക്കളയുന്നത്.മുന്‍ കാലങ്ങളില്‍ , ഫെബ്രുവരിവരെ ചെറിയ അണക്കെട്ടുകളില്‍ പരമാവധി ഉല്പാദനം നടത്തുകയും ഇടുക്കിയിലെ വെള്ളം വേനലിലേക്കു കരുതിവയ്ക്കുകയുമാണ് പതിവ്. മാര്ച്ചിനു ശേഷമേ ഇടുക്കിയില്‍ ഉല്പാദനം കൂട്ടാറുള്ളൂ. കാലവര്ഷം വൈകിയാലും ജൂണ്‍ 25 വരെ വരെ വൈദ്യുതി ഉല്പാദിപ്പിക്കാനുള്ള വെള്ളം ഇടുക്കിയില്‍ കരുതിവയ്ക്കും. ഡിസംബര്‍ അടക്കമുള്ള മാസങ്ങളില്‍ മൂലമറ്റം പവര്‍ഹൗസില്‍ ഉല്പാദനം കുറച്ച് ജനറേറ്ററുകളുടെ അറ്റകുറ്റപ്പണി പൂര്ത്തീകരിക്കുകയാണ് ചെയ്യുക. ഈ വര്ഷം അറ്റകുറ്റപ്പണികള്‍ നടത്താതെ എല്ലാ ജനറേറ്ററും പൂര്ണസമയം ഓടിച്ചുകൊണ്ടിരിക്കുകയാണ്. സാധാരണ നാല് ദശലക്ഷം യൂണിറ്റില്‍ താഴെ മാത്രം ഉല്പാദിപ്പിച്ചിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 14 ദശലക്ഷം യൂണിറ്റ് വരെ ദിവസം ഉല്പാദിപ്പിക്കുന്നു. അമിതോല്പാദനത്തെതുടര്ന്ന് ദിവസം അരയടിയോളം ജലനിരപ്പ് താഴുന്നുണ്ട്. ഈ നില തുടര്ന്നാല്‍ മാര്‍ച്ച് അവസാനത്തോടെ കേരളം കൂരിരുട്ടിലാകും. വേനലിന്റെ മൂര്‍ധന്യത്തില്‍ കൊടിയ പവര്കട്ടാവും ഫലം. ഈ സമയം വന്‍ വില നലകി പുറമേ നിന്ന് വൈദ്യുതി വാങ്ങേണ്ടി വരും. ഇത് ഉപഭോക്താക്കള്ക്ക് ഇരുട്ടടിയാകും. പുറമെ നിന്നുള്ള വൈദ്യുതി കച്ചവടത്തില്‍ വന്‍ കമീഷന് ഇടപാടുണ്ട്. പൂര്‍ണതോതില്‍ വൈദ്യുതി വാങ്ങിയാല്‍ പ്രതിദിനം 42 ലക്ഷം രൂപയുടെ കമീഷന് ഇടപാടുണ്ടാവുമെന്ന് അറിയുന്നു. 100 ദിവസം കച്ചവടം തുടര്ന്നാല്‍ 42 കോടിയുടെ കമീഷന് മറിയും. മഴ മാറിയതോടെ മുല്ലപ്പെരിയാറിലെ ജലനിരപ്പ് കുറയുകയും സ്പില്വേയിലൂടെ ഇടുക്കിയിലേക്കുള്ള ഒഴുക്ക് നിലയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യമറിഞ്ഞിട്ടും ഇടുക്കിയിലെ കരുതല്‍ വെള്ളം ഒഴുക്കിക്കളയുന്നത് ബോധപൂര്വമാണെന്നും ഇതിനു പിന്നില്‍ ഉന്നതരുടെ അറിവുള്ളതായും ആരോപണമുണ്ട്.
പ്രൊഫ്.ജോണ്‍ കുരാക്കാര്‍
No comments:
Post a Comment