Pages

Wednesday, November 25, 2026

പൗർണമിപ്രഭയിൽ തൃക്കാർത്തിക ആഘോഷിച്ചു

 

പൗർണമിപ്രഭയിൽ തൃക്കാർത്തിക ആഘോഷിച്ചു

കാർത്തിക നക്ഷത്രവും പൗർണമിയും ചേർന്നു വരുന്ന ദിവസമാണ് കേരളത്തിലും തമിഴ്നാട്ടിലും ആഘോഷിക്കുന്ന വിളക്കുകളുടെ ഉത്സവമായ തൃക്കാർത്തിക (കാർത്തിക വിളക്ക് / കാർത്തിക ദീപം), 2026-ൽ നവംബർ 24 ചൊവ്വാഴ്ചയാണ് ആഘോഷിക്കപ്പെട്ടത്.ദീപാവലിക്ക് സമാനമായ ആഘോഷമാണിത്. പ്രകാശത്തിന്റെ ഉത്സവം. ആദിപരാശക്തിയുടെയും ഭഗവാൻ മുരുകന്റെയും വിശേഷ ദിവസമായി ഇത് കണക്കാക്കപ്പെടുന്നു. ദുർഗ്ഗാ അഥവാ ഭഗവതി പൂജയ്ക്ക് ഈ ദിവസം നവരാത്രി പോലെ പ്രധാനമാണ്. അതിനാൽ ദുർഗ്ഗ അല്ലെങ്കിൽ വനദുർഗ്ഗ, ഭദ്രകാളി, ഭുവനേശ്വരി, പാർവ്വതി തുടങ്ങിയ ഭഗവതി സങ്കൽപ്പങ്ങളുള്ള

ക്ഷേത്രങ്ങളിൽ ഈ ദിവസം അതിപ്രധാനമാണ്.

ഭഗവാൻ സുബ്രഹ്മണ്യൻ ശരവണ പൊയ്കയിൽ അവതരിച്ച ദിനമായതിനാൽ സുബ്രഹ്മണ്യ ക്ഷേത്രങ്ങളിൽ അതിവിശേഷം. ശിവപാർവതി പൂജയ്ക്കും ഈ ദിവസം വിശേഷമായി കണക്കാക്കപ്പെടുന്നു. ത്രിപുരന്മാരെ നിഗ്രഹിച്ചെത്തിയ പരമശിവനെ പാർവതി ദീപങ്ങൾ കൊളുത്തി സ്വീകരിച്ച ദിവസമായതിനാൽ ദീപോത്സവമായും തൃക്കാർത്തിക ആഘോഷിക്കപ്പെടുന്നു

.കേരളത്തിൽ തൃക്കാർത്തിക ആഘോഷം വളരെ വിപുലമാണ്. ഹൈന്ദവ വിശ്വാസപ്രകാരം തൃക്കാർത്തിക ജ്ഞാനത്തിന്റെയും ആഗ്രഹ സാഫല്യത്തിന്റെയും ശുഭത്വത്തിന്റെയും പ്രതീകം കൂടിയാണ്. മലയാളികൾ തൃക്കാർത്തിക ദിവസം വീടും പരിസരവും വൃത്തിയാക്കി ദീപങ്ങൾ തെളിയിക്കുന്നു. സന്ധ്യക്ക്‌ കാർത്തികദീപം കത്തിച്ച്, നാടെങ്ങും തൃക്കാർത്തികയാഘോഷിക്കുന്നു. മനസ്സിലേയും വീട്ടിലേയും സകല ദുരിതങ്ങളും തിന്മകളും ഇത്തരത്തിൽ വിളക്കുകൾ കത്തിച്ചാൽ ഇല്ലാതാകും എന്നാണ് വിശ്വാസം.ക്ഷേത്രങ്ങളിൽ തൃക്കാർത്തിക ദിവസം വളരെയധികം ചടങ്ങുകൾ നടത്തുന്നു . മധ്യ കേരളത്തിൽ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ പ്രസിദ്ധമായ പൊങ്കാല ഉത്സവം തൃക്കാർത്തിക ദിവസമാണ്. അതുപോലെ കോട്ടയം കുമാരനെല്ലൂർ ഭഗവതി ക്ഷേത്രത്തിലെ തൃക്കാർത്തിക പ്രസിദ്ധമാണ്. മലപ്പുറം ജില്ലയിലെ കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിലെ ഏക ആഘോഷവും ഇത് തന്നെയാണ്. എറണാകുളം ജില്ലയിലെ ചോറ്റാനിക്കര ക്ഷേത്രത്തിൽ തൃക്കാർത്തിക മൂന്ന് ദിവസത്തെ വിശേഷ ആഘോഷമാണ്. 

ശരവണപൊയ്കയിൽ അവതരിച്ച സുബ്രഹ്മണ്യനെ കൃത്തികാ ദേവിമാർ എടുത്തു വളർത്തിയത് തൃക്കാർത്തിക ദിവസമായിരുന്നു എന്ന്‌ പുരാണത്തിൽ പറയുന്നു. അതിനാൽ സുബ്രഹ്മണ്യ ക്ഷേത്രങ്ങളിൽ ഈ ദിവസം അതിവിശേഷമാണ്. ശ്രീകൃഷ്ണൻ ലക്ഷ്മിയുടെ അംശമായ രാധാദേവിയെ പൂജിച്ച ദിവസമാണെന്നും വിശ്വാസമുണ്ട്. ശിവൻ ത്രിപുര ദഹനം നടത്തിയ ദിവസമാണ് തൃക്കാർത്തിക എന്നും സങ്കൽപ്പമുണ്ട്. ദീപാവലിപോലെ  പ്രാധന്യമുള്ള ഒന്നാണ്   തൃക്കാർത്തിക .

 

പ്രൊഫ്. ജോൺ കുരാക്കാർ

 

No comments: