കെ. ദാമോദരൻ-
മാനവികതയുടെ സഖാവ്
സഖാവ് കെ. ദാമോദരൻ വിട പറഞ്ഞിട്ട് ഇന്ന് 50 വർഷം പിന്നിടുന്നു. അദ്ദേഹം കേരള മാർക്സ് .ചരിത്രവും തത്വചിന്തയും ജനകീയമാക്കിയ വിപ്ലവകാരി.കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രം ജനകീയ പോരാട്ടങ്ങളുടെ മാത്രം ചരിത്രമല്ല; അത് ആശയങ്ങളുടെയും സൈദ്ധാന്തിക പോരാട്ടങ്ങളുടെയും ചരിത്രം കൂടിയാണ്. ആ ചരിത്രത്തിലെ ഏറ്റവും തിളക്കമാർന്ന വ്യക്തിത്വങ്ങളിലൊരാളാണ് സഖാവ് കെ. ദാമോദരൻ.1912 ഫെബ്രുവരി 25 -ന് പഴയ പൊന്നാനി താലൂക്കിൽ തിരൂർ കീഴേടത്ത് തറവാട്ടിലായിരുന്നു കെ. ദാമോദരന്റെ ജനനം. അച്ഛൻ പെരുമണ്ണയിലെ കിഴക്കിനിയേടത്ത് മനയ്ക്കൽ തുപ്പൻ നമ്പൂതിരി. അമ്മ കീഴേടത്ത് നാരായണിയമ്മ. പതിനെട്ടാം വയസ്സിൽ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കാനായി ദാമോദരൻ കോഴിക്കോട്ട് സത്യാഗ്രഹക്യാമ്പിലെത്തി. പക്ഷേ പ്രായപൂർത്തിയാകാത്തതിനാൽ കോൺഗ്രസ് നേതാക്കൾ പിന്തിരിപ്പിച്ചു. തൊട്ടടുത്ത വർഷം, 1931 -ൽ താനൂരിലെത്തി നിരോധനം ലംഘിച്ച് ബ്രിട്ടീഷ് വിരുദ്ധപ്രസംഗം നടത്തി അറസ്റ്റ് വരിച്ചു. 23 മാസത്തെ കഠിനതടവായിരുന്നു ശിക്ഷ. ജയിൽമോചനത്തിനു ശേഷം ദാമോദരൻ കാശി വിദ്യാപീഠത്തിൽ പഠിക്കാൻ പോയി. തിരിച്ചെത്തി കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയിലും പിന്നീട് സഖാവ് പി. കൃഷ്ണപിള്ളയോടൊപ്പം കമ്യൂണിസ്റ്റ് പാർട്ടിയുടെ കേരളഘടകം രൂപവൽക്കരണത്തിലും പങ്കാളിയായി. കാശിയിൽ നിന്ന് സ്വായത്തമാക്കിയ തത്ത്വചിന്തകളും വിപ്ലവത്തിന്റെ ബാലപാഠങ്ങളും ആ പ്രക്ഷോഭകാരിയിൽ കമ്യൂണിസത്തിന്റെ വിത്തെറിയുകയായിരുന്നു. എഴുത്തും വായനയും ദാമോദരന് ഹരമായി. നാടകരചനയിലെ പുതുസങ്കേതങ്ങളിലൂടെ അദ്ദേഹം കലയുടെ ലോകത്ത് വെളിച്ചം പകർന്നു. മുൻഷി പ്രേംചന്ദിന്റെ അധ്യക്ഷതയിൽ ലക്നോയിൽ ചേർന്ന പുരോഗമന സാഹിത്യസമ്മേളനത്തിൽ പങ്കെടുത്ത ഏകമലയാളി എഴുത്തുകാരൻ കൂടിയായി കെ. ദാമോദരൻ അറിയപ്പെട്ടു.
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേരളത്തിലെ ആദ്യകാല സ്ഥാപക നേതാക്കളിൽ പ്രമുഖനായ അദ്ദേഹം ഒരു സംഘാടകൻ മാത്രമായിരുന്നില്ല
; മാർക്സിസ്റ്റ് സൈദ്ധാന്തികൻ, അസാമാന്യ വാഗ്മി, പ്രഗൽഭ എഴുത്തുകാരൻ, ചരിത്ര-തത്വചിന്തകളുടെ സൂക്ഷ്മ വിശകലനകാരൻ, പാർട്ടി ജനാധിപത്യത്തിന്റെ ഉറച്ച വക്താവ് എന്നീ നിലകളിൽ അദ്ദേഹം കേരളത്തിന്റെ രാഷ്ട്രീയ-ബൗദ്ധിക ജീവിതത്തിൽ മായാത്ത മുദ്ര പതിപ്പിച്ചു.കേരളം കണ്ട ഏറ്റവും മികച്ച വാഗ്മികളിൽ ഒരാളെന്ന വിശേഷണം കെ. ദാമോദരന് യോജിച്ചതാണ് .അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ വെറും രാഷ്ട്രീയ പ്രഭാഷണങ്ങളായിരുന്നില്ല; ചരിത്രബോധവും യുക്തിചിന്തയും ശാസ്ത്രീയ സമീപനവും വിപ്ലവോത്സാഹവും സമന്വയിപ്പിച്ച ആശയസംവാദങ്ങളായിരുന്നു അവ. സ്വാതന്ത്ര്യസമരകാലത്തും പിന്നീട് കമ്മ്യൂണിസ്റ്റ്, തൊഴിലാളി, കർഷക പ്രസ്ഥാനങ്ങളുടെ വളർച്ചയുടെ ഘട്ടങ്ങളിലും അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ ആയിരക്കണക്കിന് ആളുകളെ രാഷ്ട്രീയമായി സ്വാധീനിച്ചു. ജനങ്ങളുടെ ഭാഷയിൽ ജനങ്ങളുടെ ജീവിതാനുഭവങ്ങളുമായി ചേർത്ത് മാർക്സിസത്തെ അവതരിപ്പിച്ച അദ്ദേഹത്തിന്റെ ശൈലി അദ്ദേഹത്തെ സമാനതകളില്ലാത്ത പ്രഭാഷകനാക്കി.ഇന്നും മാർക്സിസ്റ്റ് ചിന്തയെയും കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വികാസത്തെയും മനസ്സിലാക്കാൻ ആഗ്രഹിക്കുന്നവർക്ക് സഖാവ് കെ. ദാമോദരന്റെ ജീവിതവും കൃതികളും അനിവാര്യമായ പഠനവിഷയമാണ്. ആശയങ്ങളുടെ കരുത്തുകൊണ്ടും വാക്കുകളുടെ ശക്തികൊണ്ടും സംഘടനാപ്രവർത്തനത്തിന്റെ സമർപ്പണബോധംകൊണ്ടും കേരളത്തിന്റെ രാഷ്ട്രീയചരിത്രത്തിൽ അനശ്വരമായ സ്ഥാനം നേടിയ മഹാനായ കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികനാണ് സഖാവ് കെ. ദാമോദരൻ.മാർക്സിസത്തിന്റെ അടിസ്ഥാന ആശയങ്ങൾ സാധാരണ ജനങ്ങളിലേക്കും പാർട്ടി പ്രവർത്തകരിലേക്കും എത്തിക്കുന്നതിൽ കെ. ദാമോദരൻ വഹിച്ച പങ്ക് അതുല്യമാണ്. ഭാരതീയ ദർശനങ്ങളുടെ കണ്ണാടിയിലൂടെ മാർക്സിസത്തിന്റെ ഇന്ത്യൻ സാധ്യതകളെ വിലയിരുത്തിയ കമ്യൂണിസ്റ്റുകളിൽ അഗ്രഗണ്യനാണ് ദാമോദരൻ.കലയും സാഹിത്യവും സംഗീതവും കൊണ്ട് മനുഷ്യപക്ഷത്തു നിൽക്കാൻ പാർട്ടി ഒരു തലമുറയെ പഠിപ്പിച്ചു. അതുകൊണ്ടു തന്നെയാണ് ഇന്ത്യയിലെ അറിയപ്പെടുന്ന കലാപ്രവർത്തകരും ചിന്തകരും ഈ പാർട്ടിയെ സ്നേഹിച്ചത്. മാനവികതയ്ക്കു വേരോട്ടമുണ്ടാക്കാൻ രക്തപാനം, പാട്ടബാക്കി പോലുള്ള നാടക സങ്കേതങ്ങളും കഥകളും ഒക്കെ ദാമോദരൻ ആയുധമാക്കി. പുതുതലമുറയെ മാർക്സിസം പഠിപ്പിക്കുന്നതിന് മലയാളത്തിൽ നിരവധി ലേഖനങ്ങളും പുസ്തകങ്ങളും കെ. ദാമോദരൻ എഴുതി.മാർക്സിസ്റ്റ് തത്വചിന്തകൻ എന്ന പോലെ മാർക്സിസ്റ്റ് സാഹിത്യാചാര്യൻ എന്ന നിലയിൽ കൂടിയാണ് കെ. ദാമോദരൻ ധൈഷണികമണ്ഡലത്തിൽഅറിയപ്പെടുന്നത്. സഖാവ് കെ.ദാമോദരന്റെ ഓർമകൾക്കു മുന്നിൽ കണ്ണീർ പൂക്കൾ.
പ്രൊഫ്. ജോൺ കുരാക്കാർ

No comments:
Post a Comment