Pages

Wednesday, May 13, 2026

സുകുമാർ അഴീക്കോടിന്റെ ജന്മശതാബ്ദി

 

സുകുമാർ അഴീക്കോടിന്റെ ജന്മശതാബ്ദി

സുകുമാർ അഴീക്കോടിന്റെ ജന്മശതാബ്ദി ദിനമാണിന്ന്. അദ്ദേഹത്തിന്റെ പ്രസംഗത്തെ 'സാഗര ഗർജ്ജന' മെന്നാണ് വിശേഷിപ്പിക്കപ്പെട്ടത്. അദ്ദേഹത്തെ അനുസ്മരിക്കുമ്പോൾ  ഏതാനം വര്ഷം മുൻപ്  പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ  മഹാകവി പുത്തൻകാവ് മാത്തൻതാരകൻ  ചെയറിന്റെ ഉത്ഘാടന സമ്മേളനം   ഓർത്തുപോകുന്നു . ചെയറിന്റെ ഉത്ഘാടനം  അദ്ദേഹമാണ് നിർവഹിച്ചത് , സമ്മേളനത്തിൽ അധഃഗ് അധ്യക്ഷൻ  ഞാൻ ആയിരുന്നു ( പ്രൊഫ്, ജോൺ കുരാക്കാർ ) പ്രസംഗത്തിന്റെ എക്കാലത്തെയും കുലപതിമാരിൽ ഒരാളായ സുകുമാർ അഴീക്കോടിന്റെ ശബ്ദം മുഴങ്ങാത്ത, വാക്കുകൾ കടന്നെത്താത്ത സ്ഥലങ്ങളും പ്രദേശങ്ങളും കേരളത്തിലുണ്ടാകില്ല. ഒരു ദിവസം തന്നെ മൂന്നും നാലും പ്രസംഗങ്ങൾ വിവിധ വിഷയങ്ങളെ ആധാരമാക്കി അദ്ദേഹം നടത്തിയിരുന്നു. 'മിതം ചസാരം വചോഹി വാഗ്മിത' എന്നതാണ് പ്രഭാഷണത്തിന്റെ നിർവ്വചനം. അതിന് ഏറ്റവും വലിയ ഉദാഹരണമായിരുന്നു അഴീക്കോട്. പറയാനുള്ളത് ഏറ്റവും ശക്തമായി പറയുകയും അത് സദസ്സിൽ അനുരണനം സൃഷ്ടിക്കുകയും ചെയ്യുന്ന ശൈലി. മിനുസമുള്ള വാക്കുകൾക്കൊപ്പം പരുക്കൻ പ്രയോഗങ്ങളും ചേർത്ത് ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടിയുമായി അഴീക്കോട് വേദികളിൽ കത്തിക്കയറി. ചിലപ്പോൾ പ്രതിയോഗിയായി രാഷ്ട്രീയക്കാരും മറ്റു ചിലപ്പോൾ വില്ലൻ സ്ഥാനം സാഹിത്യ- സാംസ്കാരിക രംഗത്തുള്ളവർക്കും ലഭിച്ചു. പലപ്പോഴും അജ്ഞാതശത്രുവിനെ വാക്ശരങ്ങൾ എയ്ത് കീഴടക്കുകയും ചെയ്തു. ഏതു രീതിയിലായാലും സദസ്സ് നെഞ്ചേറ്റിയതായിരുന്ന അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ. എഴുത്തിലും പ്രസംഗത്തിലും വാക്കിന്റെ പൊരുളറിഞ്ഞ്, ബലമറിഞ്ഞ്, പ്രസക്തമായി പ്രയോഗിച്ച ഉൽപ്പതിഷ്ണുവായിരുന്നു അദ്ദേഹം.

സുകുമാർ അഴീക്കോടിന്റെ അഭാവവും പ്രഭാവവും ഏറ്റവും കൂടുതൽ അനുഭവപ്പെടുന്ന കാലം തന്നെയാണിത്. ഇന്ന് നടക്കുന്ന രാഷ്ട്രീയ പൊറാട്ട് നാടകത്തെയും തിരഞ്ഞെടുപ്പിന്റെ സുനാമിയേയും അദ്ദേഹം എങ്ങനെ കാണുമായിരുന്നു, എന്തു പറഞ്ഞു പ്രതികരിക്കുമായുന്നു എന്ന് ചിന്തിക്കുമ്പോഴാണ് പകരം വെയ്ക്കാനില്ലാത്ത വ്യക്തിപ്രഭാവം നമ്മുടെയുള്ളിൽ നിറയുക. എം.എൻ. വിജയൻ, എം.കെ. സാനു, എം.ടി., എം. കൃഷ്ണൻനായർ, എം. ലീലാവതി തുടങ്ങിയവരെല്ലാം നല്ല പ്രഭാഷകർ തന്നെയെങ്കിലും അഴീക്കോടിനെപ്പോലെ രാഷ്ടീയവും സംസ്കാരവും കലയും സാഹിത്യവും ഒരേപോലെ കൈകാര്യം ചെയ്തത് അദ്ദേഹം മാത്രമായിരുന്നു.

അധ്യാപനത്തോടൊപ്പം എഴുത്തും പ്രസംഗവും ജീവിതത്തിന്റെ അവിഭാജ്യ ഘടകമാക്കിയിരുന്ന സുകുമാർ അഴീക്കോടിനെ വിവാദങ്ങളും വിടാതെ പിന്തുടർന്നിരുന്നു. പലപ്പോഴും വിവാദങ്ങളിൽ അദ്ദേഹം അഭിരമിക്കുന്നതു പോലെയായിരുന്നു. രാഷ്ട്രീയ നേതാക്കളെ കൂടാതെ എഴുത്തുകാരും സമകാലികരും അഴീക്കോടിന്റെ നിശിതവിമർശനത്തിനും പരിഹാസത്തിനും ഇരയായി. അഴീക്കോടും ബാലചന്ദ്രൻ ചുള്ളിക്കാടും തമ്മിൽ സ്വരചേർച്ചയില്ലായ്മയും പോർവിളികളും നടന്നകാലത്ത് അത് പരാമർശിച്ചുകൊണ്ട് എം.പി. നാരായണപ്പിള്ള പറഞ്ഞു. 'പ്രസംഗിച്ച് പ്രസംഗിച്ച് ഫിറ്റാകുന്ന അഴീക്കോടും ഫിറ്റായാൽ മാത്രം പ്രസംഗിക്കുന്ന ബാലചന്ദ്രൻ ചുള്ളിക്കാടും തമ്മിലാണ് വിവാദം'. അഭിപ്രായം അക്കാലത്ത് ഏറെ ചർച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു.

സാഹിത്യലോകത്ത് സുകുമാർ അഴീക്കോട് വലിയ ശ്രദ്ധ നേടിയത് ഒരു വിവാദ പുസ്തകവുമായാണ്. ‘ശങ്കരക്കുറുപ്പ് വിമർശിക്കപ്പെടുന്നുഎന്ന സൃഷ്ടിയുടെ പിന്നാമ്പുറം പരിശോധിക്കപ്പെടുമ്പോൾ ജിയുമായി നല്ല വ്യക്തി ബന്ധമുണ്ടായിരുന്ന ആളായിരുന്നു സുകുമാർ അഴീക്കോട് എന്ന് കാണാം. എന്നാൽ, അതിരൂക്ഷമായ വിമർശനമാണ് ജിയുടെ കവിതകളെക്കുറിച്ച് അഴീക്കോട് നടത്തിയത്. വ്യക്തിബന്ധം വേറെ സാഹിത്യവിമർശനം വേറെ എന്ന് പ്രസ്താവിച്ചുകൊണ്ട്. സാഹിത്യത്തിലും ജീവിതത്തിലും അഴീക്കോടിന്റെ വിമർശനാത്മകമായ സമീപനം ആരംഭത്തിൽ തന്നെ പ്രകടമായിരുന്നു.

 

ഗുരുവിന്റെ ദുഃഖം, നവയാത്രകൾ, ഇന്ത്യയുടെ വിപരീതമുഖങ്ങൾ, നട്ടെല്ല് എന്ന ഗുണം തുടങ്ങി 32 രചനകളും 3 വിവർത്തനങ്ങളും അടക്കം പ്രസിദ്ധീകരിച്ച അഴീക്കോടിന്റെ മാസ്റ്റർ പീസ് തത്ത്വമസി തന്നെ. എം.ടി. വാസുദേവൻ നായരും അടുത്ത സുഹൃത്തുക്കളും ആരംഭിച്ച ക്ലാസിക് ബുക് ട്രസ്റ്റിന്റെ  പ്രഥമ പുസ്തമായാണ്തത്ത്വമസിപുറത്തെറക്കിയത്. പിന്നീട് അഴീക്കോട് എം.ടി.യുമായി ഇടഞ്ഞത് തുഞ്ചൻപറമ്പിനെക്കുറിച്ചുള്ള വിവാദ പ്രസ്താവനകൊണ്ടാണ്. വർഷങ്ങൾക്ക് ശേഷം അഴീക്കോട് വീണ്ടും തുഞ്ചൻപറമ്പിലെത്തുകയും എം.ടി അദ്ദേഹത്തെ സ്വീകരിക്കുകയും ചെയ്തിരുന്നു. അഴീക്കോട് വളരെ ശ്രദ്ധാപൂർവ്വം രചിച്ചതത്ത്വമസിമലയാളത്തിലെ താത്വികമാനമുള്ള സൃഷ്ടികളുടെ മുൻനിരയിൽ സ്ഥാനം നേടിയ പുസ്തകമാണ്. സംഗീതത്തിലെ സിംഫണിപോലെ വേറിട്ടു നിൽക്കുന്ന രചന. അറിവും അനുഭവവും മനനവും നിഗമനവും എല്ലാം ചേർന്നൊരുക്കിയ അപൂർവ്വഗ്രന്ഥം തന്നെയാണ്തത്ത്വമസി’. അത് ഒരു മഹാരഥന്റെ സാന്നിധ്യം വെളിപ്പെടുത്തുന്നു.

എസ്റ്റാബ്ലിഷ്മെന്റിനോട് മുഖം തിരിച്ചുനിന്ന വ്യക്തിയായിരുന്നില്ല അദ്ദേഹം. ശ്ലാഘനീയമായ അധ്യാപനത്തിനുശേഷം കാലിക്കറ്റ് സർവ്വകലാശാല പ്രോവൈസ് ചാൻസിലർ, നാഷ്ണൽ ബുക്ക ട്രസ്റ്റ്് ചെയർമാൻ തുടങ്ങിയ പദവികൾ അദ്ദേഹം സ്വീകരിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നെങ്കിലും അത് യാഥാർത്ഥ്യമായിരുന്നില്ല. അതേസമയം, തന്നെ തേടിയെത്തിയ പദ്മശ്രീ പുരസ്കാരം തിരസ്ക്കരിച്ച് അദ്ദേഹം വേറിട്ട് നിൽക്കുകയും ചെയ്തു. പത്മ പുരസ്കാരങ്ങളോടുള്ള അഴീക്കോടിന്റെ എതിർപ്പ് സുവിദിതമായിരുന്നു. ബുദ്ധിപരമായ സത്യസന്ധത പുലർത്തുന്നതിൽ അദ്ദേഹം എന്നും ദത്തശ്രദ്ധനായിരുന്നു.

പ്രൊഫ്. ജോൺ .കുരാക്കാർ

 

 

No comments: