ഇന്ത്യ യുദ്ധത്തിന്റെ
ദുരിതപങ്കാളി
പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ, ഇന്ത്യയിൽ 25 ലക്ഷം പേരും ആഗോളതലത്തിൽ 88 ലക്ഷം പേരും പുതുതായി ദാരിദ്ര്യത്തിലാകാൻ സാധ്യതയെന്ന, യുഎൻഡിപി (അന്താരാഷ്ട്ര വികസനത്തിനായുള്ള ഐക്യരാഷ്ട്രസഭയുടെ വികസന പരിപാടി) റിപ്പോർട്ട് അതീവ ഗൗരവത്തിലെടുക്കേണ്ടതാണ്. ഇപ്പോൾതന്നെ വലിയൊരു വിഭാഗം ജനങ്ങൾ തൊഴിലില്ലായ്മയിലും വിലക്കയറ്റത്തിലും പെട്ടുകഴിഞ്ഞു. കേന്ദ്രത്തിന്റെ സമാധാനമൊഴികളൊന്നും അത്ര ഫലിച്ചിട്ടില്ല. നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം ഇന്ധനവിലയും വർധിച്ചാൽ, യുഎൻഡിപിയുടെ റിപ്പോർട്ടിലേക്ക് വലിയ ദൂരമുണ്ടാകില്ല. പരിഹാരത്തിനുള്ള പ്രധാന ഉത്തരവാദിത്വം കേന്ദ്രസർക്കാരിനാണെങ്കിലും സംസ്ഥാന സർക്കാരുകൾ പഞ്ചായത്തു തലം മുതൽ ഗൃഹപാഠം ചെയ്യേണ്ടതുണ്ട്.
ഇന്ധന വിലവർധന, ചരക്കുനീക്കത്തിനുള്ള ഉയർന്ന ചെലവ്, മറ്റ് ഉത്പാദനച്ചെലവുകൾ എന്നിവ സാധാരണക്കാരുടെ വാങ്ങൽശേഷി കുറയ്ക്കുകയും ഭക്ഷ്യസുരക്ഷയെ ബാധിക്കുകയും ചെയ്യും. ഇന്ത്യയിലെ ദാരിദ്ര്യനിരക്ക് 23.9 ശതമാനത്തിൽനിന്ന് 24.2 ശതമാനമായി ഉയർന്നേക്കാം. ആഗോളതലത്തിൽ ഏകദേശം 88 ലക്ഷം പേരും ഇന്ത്യയിൽ 25 ലക്ഷം പേരും, ഇതുകൂടാതെ 50 ലക്ഷത്തോളം പേർ ഇറാനിലും പുതുതായി ദരിദ്രരായേക്കാം. പ്രതിസന്ധിയിലേറെയും ദക്ഷിണേഷ്യൻ രാജ്യങ്ങളിലായിരിക്കും. ഏഷ്യ പസഫിക് മേഖലയ്ക്ക് ആകെ 299 ബില്യണ് ഡോളറിന്റെ (ഏകദേശം 28 ലക്ഷം കോടി) നഷ്ടം ഉണ്ടായേക്കാം. ഒരു വർഷത്തെ വികസനനേട്ടങ്ങൾക്കു വരെ യുദ്ധം വിലങ്ങുതടിയാകും. ഊർജ-എണ്ണ വ്യാപാരത്തിന് ഇന്ത്യ പശ്ചിമേഷ്യയെ കൂടുതൽ ആശ്രയിക്കുന്നതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്. നമ്മുടെ എണ്ണ ഇറക്കുമതിയുടെ 40 ശതമാനവും വളം ഇറക്കുമതിയുടെ 45 ശതമാനവും പശ്ചിമേഷ്യയിൽനിന്നാണ്. എൽഎൻജി വില വർധിച്ചതോടെ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾ കൽക്കരി ഉപയോഗിച്ചുള്ള വൈദ്യുതോത്പാദനത്തിലേക്കു തിരിയുന്നുണ്ട്. കയറ്റുമതി മേഖലയിൽ വലിയ ആഘാതമുണ്ടാകുമെന്നും ചരക്കുനീക്കത്തിലെ കാലതാമസവും ഇൻഷുറൻസ് തുകയിലുണ്ടായ വർധനയും വ്യാപാരമേഖലയെ ബാധിച്ചെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
യുദ്ധം നീണ്ടുപോയാൽ നാശത്തിന്റെ വ്യാപ്തി, റിപ്പോർട്ടിലെ മുന്നറിയിപ്പിനേക്കാൾ വിനാശകരമായിരിക്കും. സമാധാന ചർച്ചകൾക്ക്, യുദ്ധം അവസാനിപ്പിക്കാൻ പോയിട്ട് ഹോർമുസ് കടലിടുക്കിലെ ചരക്കുകടത്ത് പുനഃസ്ഥാപിക്കാൻപോലും കഴിയുന്നില്ല. പാചകവാതക ക്ഷാമത്തിൽ തുടങ്ങിയ ദുരിതങ്ങൾ വിവിധ തലങ്ങളിലേക്കു വ്യാപിക്കുകയാണ്. കേന്ദ്രസർക്കാരിന്റെ നിഷ്പക്ഷ നിലപാടിനെ പ്രതിപക്ഷം വിമർശിക്കുന്നുണ്ടെങ്കിലും അതുകൊണ്ടു മാത്രമാണ് ഹോർമുസിലൂടെ കുറെയെങ്കിലും ഇന്ധനം കടത്തിക്കൊണ്ടുവരാൻ കഴിയുന്നത്. പക്ഷേ, അമേരിക്കയുടെ സ്ഥിരതയില്ലാത്ത നിലപാട് അനിശ്ചിതാവസ്ഥയെ സൂചിപ്പിക്കുന്നു. അമേരിക്കയിൽനിന്ന് എണ്ണ വാങ്ങണമെന്നും റഷ്യൻ എണ്ണ വാങ്ങാൻ നൽകിയ ഇളവ് പുതുക്കില്ലെന്നും യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ഇറേനിയൻ എണ്ണയ്ക്ക് നൽകിയിരുന്ന 30 ദിവസത്തെ ഇളവ് ഏപ്രിൽ 19ന് അവസാനിക്കും. റഷ്യൻ എണ്ണയ്ക്കുള്ള ഇളവ് ഇതിനകം അവസാനിച്ചെന്നും നിലവിൽ കടലിലുള്ള കപ്പലുകളിലെ എണ്ണയുടെ ഇടപാടുകൾക്കു മാത്രമാണ് ഇളവ് ബാധകമെന്നും അമേരിക്ക നേരത്തേ വ്യക്തമാക്കിയിരുന്നു.
ഇന്ത്യയിലെങ്ങും പാചകവാതകക്ഷാമം യാഥാർഥ്യമാണ്. അടഞ്ഞ ഭക്ഷണശാലകളിൽ പലതും തുറന്നിട്ടില്ല. തൊഴിൽ നഷ്ടപ്പെട്ടവർ തിരിച്ചു കയറിയിട്ടില്ല. കെട്ടിടനിർമാണ സാമഗ്രികളുടെയും മെഡിക്കൽ ഉപകരണങ്ങളുടെയും മരുന്നിന്റെയുമൊക്കെ വില വർധിച്ചുതുടങ്ങി. 90 ലക്ഷം ഇന്ത്യക്കാരുള്ള ഗൾഫിലെ തൊഴിൽനഷ്ടവും വരുമാനത്തിലെ കുറവും ഇന്ത്യയെ, പ്രത്യേകിച്ച് കേരളത്തെ ബാധിക്കും. ഏപ്രിൽ 29ന് നിയമസഭാ തെരഞ്ഞെടുപ്പുകൾ അവസാനിക്കുന്നതോടെ ഇന്ധനവില വർധിച്ചാൽ ഇതൊന്നുമല്ല സംഭവിക്കാനിരിക്കുന്നത്. വിദേശ നയതന്ത്രങ്ങൾക്കൊപ്പം സമാന്തരമായി സംസ്ഥാനങ്ങളുമായി ഇക്കാര്യം കേന്ദ്രം ചർച്ച ചെയ്യേണ്ടതാണ്. സംസ്ഥാനങ്ങളും ജാഗ്രത പാലിക്കേണ്ടതുണ്ട്. ഒരു പക്ഷേ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സജീവ ഇടപെടലുകളിലൂടെ നാം കോവിഡ് കാലത്തെ കുറേയെങ്കിലും അതിജീവിച്ചതുപോലെ. പക്ഷേ, ഇത്തരം നീക്കങ്ങളൊന്നും കേന്ദ്രമോ സംസ്ഥാനമോ തുടങ്ങിവച്ചതായി കാണുന്നില്ല. ഉണ്ടെങ്കിൽ ജനങ്ങളോടു പറഞ്ഞിട്ടില്ല.ലോകരാജ്യങ്ങളിലേറെയും പങ്കെടുക്കുന്നതാണ് ലോകയുദ്ധമെന്ന നിർവചനം കാലഹരണപ്പെട്ടു. ആരെവിടെ യുദ്ധം ചെയ്താലും ബാക്കിയെല്ലാവരും അനുഭവിക്കേണ്ടിവരുമെന്നതിനാൽ ഏതു യുദ്ധവും ഇനി ലോകയുദ്ധം തന്നെ. അനിവാര്യമായ ആഗോളവത്കരണത്തിന്റെ സ്വാഭാവിക ദൂഷ്യവശങ്ങളുടെ പട്ടികയിൽ നാം ചേർക്കാൻ വിട്ടുപോയ കാര്യമാണിത്. പശ്ചിമേഷ്യയിൽ നാം യുദ്ധത്തിലല്ല. പക്ഷേ, 25 ലക്ഷം ഇന്ത്യക്കാരെങ്കിലും പുതുതായി ദരിദ്രരാകുമെന്ന റിപ്പോർട്ട് എല്ലാ പഞ്ചായത്തുകളിലുമെത്തുന്ന ദീർഘദൂര മിസൈലുകളാണ്.
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment