ഒറീസയിലും ഛത്തീസ് ഗഡിലും മതേതര സമൂഹം ഉറങ്ങുന്പോഴാണ് വർഗീയത ഉണരുന്നത്
വടക്കേ ഇന്ത്യയിൽ പല സംസ്ഥാനങ്ങളിലും ന്യൂനപക്ഷങ്ങൾ അരക്ഷിതാവസ്ഥയിലാണ് . ക്രൈസ്തവർ അക്രമത്തിനു ഇരയാകുകയാണ് .വീട്ടിൽ പ്രാർഥനായോഗം നടക്കുന്നതിനിടെയാണ് മതപരിവർത്തനം ആരോപിച്ച് പാസ്റ്റർ ബിപിൻ ബിഹാരി നായികിനെ അവർ ആക്രമിച്ചത്. ജയ് ശ്രീറാം വിളികളുമായി എത്തിയ നാൽപ്പതംഗ ബജ്രംഗ്ദൾ സംഘമാണ് അതിക്രമം നടത്തിയതെന്നാണ് പാസ്റ്ററുടെ ഭാര്യ വന്ദന പറഞ്ഞത്'ബിജെപി സർക്കാരുകളുടെ മൗനമുദ്രിത സമ്മതപത്രവുമായി അഴിഞ്ഞാടുന്ന രാജ്യവിരുദ്ധർ ഒഡീഷയിലെ ഒരു ക്രൈസ്തവനെ ചാണകം തീറ്റിച്ച് ‘ജയ് ശ്രീറാം’ വിളികളോടെ മടങ്ങിയിരിക്കുന്നു.
24 മണിക്കൂർപോലും വേണ്ട, ഭരണകർത്താക്കൾക്ക് ഈ വർഗീയവാദികളെ നിലയ്ക്കു നിർത്താൻ. പക്ഷേ, ചെയ്യില്ല. അതാണു ധ്രുവീകരണ രാഷ്ട്രീയം! ഇതര മതസ്ഥരെ വിസർജ്യം തീറ്റിക്കുന്നതിനോളം അധഃപതിച്ചിരിക്കുന്ന ഈ വർഗീയ മഹാമാരി. അക്രമികൾ പാസ്റ്ററെയും ഗ്രാമത്തിൽ ആകെയുള്ള ഏഴു ക്രൈസ്തവ കുടുംബങ്ങളിലെ അംഗങ്ങളെയും തല്ലിച്ചതച്ചു.
പാസ്റ്ററെ ക്രൂരമായി മർദിക്കുകയും ചെരുപ്പുമാല അണിയിച്ച് രണ്ടു മണിക്കൂറോളം നടത്തിക്കുകയും ചെയ്തു. ഭാര്യയും മക്കളും തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിൽ അഭയം തേടി. കേണപേക്ഷിച്ചിട്ടും പോലീസ് സഹായത്തിനു തയാറായത് രണ്ടു മണിക്കൂർ കഴിഞ്ഞാണ്. പോലീസുമായി ഭാര്യ എത്തിയപ്പോൾ ഗ്രാമത്തിലെ ഹനുമാൻ ക്ഷേത്രത്തിൽ പാസ്റ്ററെ കൈകൾ പിന്നിൽ കെട്ടിഇരുമ്പ് കമ്പി ബന്ധിച്ചിരുന്നു.
മുറിവുകളിൽനിന്നു രക്തം വാർന്നുകൊണ്ടിരിക്കെ അദ്ദേഹത്തെ ചാണകം തീറ്റിക്കുകയും മർദിക്കുകയും ചെയ്തവർ ‘ജയ് ശ്രീറാം’ ഏറ്റുചൊല്ലാൻ നിർബന്ധിച്ചുകൊണ്ടിരുന്നു. പോലീസ് സ്റ്റേഷനിൽ എത്തിച്ചിട്ടും ഒരു മണിക്കൂർ കഴിഞ്ഞാണ് ആശുപത്രിയിലെത്തിച്ചത്. ഏറെ സമ്മർദത്തിനൊടുവിലാണ് കേസുപോലും എടുത്തത്. അതേസമയം, മതപരിവർത്തനം ഉന്നയിച്ച് പാസ്റ്റർ ഉൾപ്പെടെയുള്ളവർക്കെതിരേ കേസെടുക്കുകയും ചെയ്തു.വർഗീയഭ്രാന്ത് മനുഷ്യരെ എത്ര വേഗമാണ് മനുഷ്യത്വമില്ലാത്തവരാക്കുന്നത്!
വർഗീയമനസുകളെ ഒരുക്കുന്നത് വിഷം വമിപ്പിക്കുന്ന പ്രസംഗകലകളാണ്. അവ തടയാൻപോലും ശേഷിയില്ലാത്തവരാണ് കേരളത്തിൽ വർഗീയത അനുവദിക്കില്ലെന്നു വീരവാദം പറയുന്നത്. പാസ്റ്ററെ ക്രൂരമായി മർദിച്ചു ചാണകം തീറ്റിച്ച ഗ്രാമത്തിൽ ആകെ ഏഴു ക്രിസ്ത്യൻ കുടുംബങ്ങളാണുള്ളത്. വീടുകൾ കത്തിക്കുമെന്ന ബജ്രംഗ്ദൾ ഭീഷണിയെത്തുടർന്ന് അവരെല്ലാം മറ്റു ഗ്രാമങ്ങളിലെ ബന്ധുവീടുകളിലാണ് ജീവിക്കുന്നത്.ആരുടേതാണ് ഈ ഇന്ത്യ? ഒരുത്തരമേയുള്ളു; നമ്മുടേതാണ്. മതേതര സമൂഹം ഉറങ്ങുന്പോഴാണ് വർഗീയത കള്ളപ്രമാണമുണ്ടാക്കി രാജ്യത്തെ തട്ടിയെടുക്കുന്നത്. ന്യൂനപക്ഷങ്ങളെ ഇത്ര അരക്ഷിതാവസ്ഥയിലാക്കിയതിൽ ഭരിക്കുന്നവർക്കൊപ്പം തങ്ങളുടെ അലസതയ്ക്കും പങ്കുണ്ടെന്നു പ്രതിപക്ഷം തിരിച്ചറിയണം. കോടതികളെ ഭരണഘടനകൊണ്ട് വിളിച്ചുണർത്തണം. വർഗ്ഗീയ വാദികളെ നിലക്കു നിർത്താൻ എന്തുകൊണ്ട് കഴിയുന്നില്ല .
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment