Pages

Tuesday, January 6, 2026

കേരളത്തിനുസാമ്പത്തിക അച്ചടക്കം അനിവാര്യം

 

കേരളത്തിനുസാമ്പത്തിക അച്ചടക്കം  അനിവാര്യം

 

കേരളം കടംമേടിച്ച്  മുടിയുകയാണ് .ഓരോ മലയാളിയും1.66 ലക്ഷം രൂപ കടക്കാരൻ.എന്നിട്ടും, സർക്കാരിൻറെ  ചെലവുകൾക്ക്  ഒരു നിയന്ത്രണവും  ഉണ്ടാക്കിയിട്ടില്ല .സാമ്പത്തിക പ്രതിസന്ധി എന്നത് കേരളത്തിനു പുത്തരിയല്ല. സംസ്ഥാനത്തിന്റെ വരുമാനത്തിൽ വലിയ വർധനയില്ലെന്നു മാത്രമല്ല, ചെലവ് കുതിച്ചുയരുകയും ചെയ്യുന്നു എന്നതാണിപ്പോഴത്തെ സ്ഥിതി. പ്രതിസന്ധി മറികടക്കാൻ എല്ലാവരും ചെയ്യുന്നതുപോലെ സർക്കാർ പരമാവധി കടം വാങ്ങിക്കൂട്ടുന്നു. കേന്ദ്രം എത്ര കടം അനുവദിക്കുന്നോ, അതു മുഴുവൻ വാങ്ങാൻ സംസ്ഥാനം തയാർ.ഇനിയും കൂട്ടിത്തരൂ എന്ന് ഇടയ്ക്കിടെ ഡൽഹിയിൽ പോയി ആവശ്യപ്പെടുകയും ചെയ്യുന്നു. കേന്ദ്രമാണെങ്കിലോ, കടമെടുപ്പിന്റെ പരിധി വെട്ടിക്കുറയ്ക്കാനാണ് ശ്രമിക്കുന്നത്. ഇത്തരം സാഹചര്യങ്ങളിൽ സംസ്ഥാന സർക്കാർ പുലർത്തേണ്ട സാമ്പത്തിക അച്ചടക്കം കേരളം കാട്ടുന്നുമില്ല.

രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ് അടുത്ത മാസം അവസാനം അവതരിപ്പിക്കാനിരിക്കെ കേരളം അകപ്പെട്ടിരിക്കുന്ന സാമ്പത്തികക്കുരുക്ക്  ആശങ്കപ്പെടുത്തുന്നതാണ്. വരവിനെക്കാൾ 39,023 കോടി രൂപ ചെലവ് അധികമായി എന്നതാണ് കഴിഞ്ഞ മാസം 30 വരെയുള്ള വരവുചെലവു കണക്കിലെ മുഖ്യസന്ദേശം. അക്കൗണ്ടന്റ് ജനറലിന്റെ(എജി) പ്രാഥമിക കണക്കിലാണ് ഇൗ കണ്ടെത്തൽ. കഴിഞ്ഞ സാമ്പത്തികവർഷം ഇതേ കാലയളവിൽ 28,976 കോടിയായിരുന്നു വരവും ചെലവും തമ്മിലെ അന്തരമെന്നുകൂടി അറിയുമ്പോഴാണ് പ്രതിസന്ധിയുടെ ആഴം ബോധ്യപ്പെടുക.

പ്രഖ്യാപനങ്ങൾ നടത്തുമ്പോൾ കാട്ടുന്നതിനെക്കാൾ ആവേശം അതു നടപ്പാക്കാനുള്ള പണം കണ്ടെത്തുന്ന കാര്യത്തിലും സർക്കാർ കാട്ടേണ്ടതുണ്ട് എന്നതാണ് ധനകാര്യ മാനേജ്മെന്റിന്റെ അടിസ്ഥാനപാഠം. കഴിഞ്ഞ വർഷത്തെ കണക്കുമായി താരതമ്യം ചെയ്താൽ ജിഎസ്ടി, ഭൂനികുതി, കേന്ദ്രത്തിൽ നിന്നുള്ള ഗ്രാന്റ് എന്നിവയിലുണ്ടായ കുറവാണ് ആകെ വരുമാനത്തെ സാരമായി ബാധിച്ചിരിക്കുന്നത്. കേന്ദ്രത്തിൽനിന്നുള്ള ഗ്രാന്റ് കുറയുന്നതിൽ സംസ്ഥാന സർക്കാരിനെ പഴിച്ചിട്ടു കാര്യമില്ല. എന്നാൽ, ജിഎസ്ടിയിലും ഭൂനികുതിയിലും എന്തുകൊണ്ട് കുറവു സംഭവിച്ചു? ഇവ കഴിഞ്ഞ വർഷത്തെക്കാൾ കുറഞ്ഞെന്നു മാത്രമല്ല, ബജറ്റിൽ ലക്ഷ്യമിട്ടതിന്റെ പകുതി മാത്രമേ 8 മാസമായിട്ടും കൈവരിക്കാൻ കഴിഞ്ഞിട്ടുള്ളുതാനും.

വിവിധ സ്കീമുകളിൽ കേന്ദ്രവുമായുള്ള തർക്കങ്ങളും കേന്ദ്രാവിഷ്കൃത പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കാത്തതുമാണ് ഗ്രാന്റുകൾ മുടങ്ങാൻ മുഖ്യകാരണം. 13,074 കോടി രൂപ ഗ്രാന്റായി കേന്ദ്രത്തിൽനിന്നു ലഭിക്കുമെന്നായിരുന്നു ബജറ്റ് കണക്കനുസരിച്ച് സംസ്ഥാന സർക്കാരിന്റെ പ്രതീക്ഷ. എന്നാൽ, ഇതുവരെ കിട്ടിയത് 2,109 കോടി മാത്രം. ലക്ഷ്യമിട്ടതിൽ ഏറ്റവും കുറച്ചുതുക കിട്ടിയിരിക്കുന്നതും ഇൗ ഇനത്തിലാണ്. വെറും 16.13%. കേന്ദ്രത്തിൽ നിന്നുള്ള ഗ്രാന്റുകൾ നേടിയെടുക്കുന്നതിൽ സർക്കാർ കുറെക്കൂടി താൽപര്യമെടുക്കണം എന്നു വ്യക്തം.

സ്വന്തം നിലയ്ക്കു വരുമാനം വർധിപ്പിക്കാതെ കേരളത്തിന് ഇൗ സാമ്പത്തികക്കുരുക്കിൽനിന്നു മോചനമില്ലെന്ന് എത്രയോ വിദഗ്ധർ മുന്നറിയിപ്പു നൽകിയിട്ടുള്ളതാണ്. എന്നിട്ടും സർക്കാരിന്റെ വരുമാനങ്ങളിൽ ഒരു പരിധിക്കപ്പുറം വളർച്ച ഉറപ്പാക്കാൻ കഴിയാത്തതിനെക്കുറിച്ച് ആഴത്തിൽ വിശകലനം ആവശ്യമാണ്. പുതിയ വരുമാനസ്രോതസ്സുകൾ ബജറ്റിലൂടെ കണ്ടെത്തിയിട്ടും മാന്ദ്യത്തിൽനിന്നു കരകയറാൻ കഴിയാത്തത് ഉണർന്നുള്ള പ്രവർത്തനത്തിന്റെ അഭാവംകൊണ്ടുകൂടിയാണ്. ഇനം തിരിച്ചുള്ള ജിഎസ്ടി വരുമാനക്കണക്കുപോലും നമ്മുടെ ജിഎസ്ടി വകുപ്പിന്റെ പക്കലില്ലെന്നാണ് വിവരാവകാശ നിയമപ്രകാരം ചോദിക്കുമ്പോൾ ലഭിക്കുന്ന മറുപടി. ഏതു മേഖലയിൽനിന്നാണു വരുമാനക്കുറവ് എന്നു പോലും പഠിക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെങ്ങനെ വരുമാനം ഉയർത്തും? വരുമാനം ഉയർത്താതെ സർക്കാർ നടത്തുന്ന പ്രഖ്യാപനങ്ങൾ എങ്ങനെ നടപ്പാക്കും? പണത്തിനു പണം തന്നെ വേണമല്ലോ. കേരളത്തിന് ഇനി വരുമാനം വർധിപ്പിക്കാൻ ഇനി എന്തെങ്കിലും വഴിയുണ്ടോ ?

 

പ്രൊഫ്. ജോൺ  കുരാക്കാർ

No comments: