വ്യാജ വാർത്തകളും സൈബർ ആക്രമണവും അതിരുകടക്കുന്നു .
98 വയസ്സു കഴിഞ്ഞ ആദരണീയയായ നിരൂപകയും അധ്യാപികയുമായ ലീലാവതിടീച്ചർക്ക് നേരെയുള്ള
സൈബർ ആക്രമണം അതിരുകടന്നുപോയി .നമ്മുടെ ഭാഷയ്ക്കും സംസ്കാരത്തിനും ടീച്ചർ നൽകിയ സംഭാവനകൾക്ക് കൈരളി അത്രയേറെ കടപ്പെട്ടിരിക്കുന്നു. വന്ദ്യവയോധികയായ ലീലാവതിടീച്ചർ ‘ഗാസയിലെ കുട്ടികൾ വിശന്നിരിക്കുമ്പോൾ തനിക്ക് ഓണമുണ്ണാൻ തോന്നുന്നില്ല’ എന്നു പറഞ്ഞതിനെ നിന്ദ്യമായ ഭാഷയിൽ സൈബർ ലോകത്ത് ആക്രമിക്കുന്നവർ ഒന്നറിയണം നിങ്ങൾ എറിഞ്ഞ അദൃശ്യമായ ആ കല്ലുകൾ ചെന്നു കൊണ്ടത് സംസ്കാരത്തിനു നേരെതന്നെയാണ്.
വർഷങ്ങൾക്കു മുൻപു വയനാട്ടിൽ ആദിവാസികൾക്കെതിരെ ആക്രമണമുണ്ടായപ്പോൾ വിഷ്ണുവെന്ന വിദ്യാർഥിക്കു സഹായവുമായി എം.ലീലാവതി രംഗത്തുവന്നിരുന്നു. ഓരോ കുട്ടിയെയും തന്റെ മക്കളെപ്പോലെ കാണുന്ന സ്നേഹനിധിയായ അമ്മയാണ് ലീലാവതി.
ലീലാവതി ടീച്ചറിന്റെ പ്രസ്താവനയിൽ രാഷ്ട്രീയമോ ജാതിയോ ഒന്നുമില്ല 'സ്വന്തം നിലപാടുതറയിൽനിന്ന് എന്നും അഭിപ്രായം പറയാനും ടീച്ചർക്കു മടിയില്ല. ഗാസയിലെ കുഞ്ഞുങ്ങൾ എത്ര ദൂരെയാണെന്നോ അവർ പങ്കിടുന്ന രാഷ്ട്രത്തിന്റെ അതിരുകൾ വേറെയാണെന്നോ ഒന്നും കരുതാത്ത മഹനീയ വ്യക്തിത്വങ്ങൾക്കേ മനുഷ്യത്വപരമായ ഇത്തരം നിലപാടുകൾ പറയാൻ കഴിയൂ.
സി.ജെ.തോമസിന്റെ ‘ആ മനുഷ്യൻ നീതന്നെ’ എന്ന നാടകത്തിൽ പ്രശസ്തമായ ഒരു വാചകമുണ്ട്: ‘നിങ്ങൾ യുദ്ധത്തിന്റെ പക്ഷക്കാരാണ്. ഞങ്ങൾ ജീവന്റെ പക്ഷക്കാരും’. ആ വാക്കുകളുടെ സത്തയാണ് ഇവിടെയും വായിക്കാനാകുക. എവിടെ ഏതു യുദ്ധമുണ്ടായാലും, എല്ലാ മനുഷ്യരിലും ഒരേ നിറമുള്ള ചോരയാണോടുന്നത്.ദേശീയ രാഷ്ട്രീയത്തിലെ തലയെടുപ്പുള്ള നേതാക്കളോട് അടുത്ത ബന്ധമുണ്ടായിരുന്നു ടീച്ചർക്ക്. വലിയ പദവികൾ വച്ചുനീട്ടിയപ്പോഴും അതെല്ലാം അവർ സ്നേഹപുരസ്സരം നിരസിച്ചിട്ടേയുള്ളൂ. ന്യായത്തിന്റെയും നൈതികതയുടെയും പക്ഷത്താണ് എന്നും ലീലാവതി.
വ്യാജവാർത്തകൾ പ്രസിദ്ധികരിക്കുന്നവരെയും കണ്ടെത്താനുള്ള നടപടികൾ ഉണ്ടാകണം കേരളത്തെ സൈബർ-സുരക്ഷിതവും ഡിജിറ്റൽ ജാഗ്രതയുള്ളതുമായ ഒരു സമൂഹമാക്കി മാറ്റേണ്ടത് കാലത്തിന്റെ ആവശ്യമാണ് .ഫേക്ക് ഐഡികൾ കൂട്ടമായി ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു. പ്രതികരിക്കുന്ന സ്ത്രീകളെ മാനസികമായി തകർക്കാനായി ചിലർ കരുതിക്കൂട്ടി സൈബർ ആക്രമണം നടത്തുന്നു ..
പ്രൊഫ്. ജോൺ കുരാക്കാർ

No comments:
Post a Comment