Pages

Sunday, June 30, 2024

കെ.എസ്.ആർ.ടി.സി. രക്ഷപ്പെടുമോ ?പ്രൊഫ്. ജോൺ കുരാക്കാർ

 

കെ.എസ്.ആർ.ടി.സി.

രക്ഷപ്പെടുമോ ?


കെ.എസ്.ആർ.ടി.സി നഷ്ടത്തിന്റെ കൊടുമുടിയിൽ എത്തിയിരിക്കുകയാണ് . അതെ സമയം  ബസ് യാത്രക്കാരുടെ എണ്ണം ഗണ്യമായി ഉയരുന്നതായി കാണുന്നു. ധനകാര്യ മാനേജ്മെന്റിന്റെ കാര്യങ്ങളിൽ കെ.എസ്.ആർ.ടി.സി ഒരു വൻപരാജയമാണ്. കേരളത്തിൽ സാധാരണമനുഷ്യരുടെ ജീവിതവുമായി ഏറ്റവുമടുത്തുനിൽക്കുന്ന പൊതുമേഖലാസ്ഥാപനങ്ങളിലൊന്നാണ് കെ.എസ്.ആർ.ടി.സി.ഏറെനാളായി സാമ്പത്തികപ്രതിസന്ധിയിൽ വലയുകയാണു സ്ഥാപനം. കാര്യക്ഷമത വർധിപ്പിക്കാൻ മുൻകാലസാരഥികൾ നടത്തിയ ശ്രമങ്ങളൊന്നും ഫലവത്തായിട്ടില്ല. കഴിഞ്ഞ  എട്ടുവർഷംകൊണ്ട് കെ.എസ്.ആർ.ടി.സി.യുടെ കടം ആറിരട്ടിയായി ഉയർന്നതാണു പുതിയ വാർത്ത. 2015-’16 സാമ്പത്തികവർഷത്തിൽ 2519.77 കോടി രൂപയായിരുന്നു കടം. ഇപ്പോഴത് 15,281.92 കോടി രൂപയായി. ഇതിൽ 12,372.59 കോടി രൂപയും സർക്കാരിൽനിന്നുള്ള വായ്പയാണ്. സംസ്ഥാനത്തെ പ്രധാനപ്പെട്ട പൊതുഗതാഗതസ്ഥാപനമാണ് ഇങ്ങനെ സ്വന്തംകാലിൽ നിൽക്കാനാകാത്ത ദുരവസ്ഥയിൽ തുടരുന്നത് എന്നതു കഷ്ടമാണ്.

പ്രതിദിനവരുമാനം 4.89 കോടി രൂപയിൽനിന്ന് 7.65 കോടി രൂപയായി ഉയർന്നിട്ടുണ്ട്. സ്ഥിരജീവനക്കാരുടെ എണ്ണം കുറഞ്ഞു. 2016- 35,842 സ്ഥിരജീവനക്കാരുണ്ടായിരുന്നു. ഇപ്പോൾ 22,402 പേരേയുള്ളൂ- 37.49 ശതമാനത്തിന്റെ കുറവ്. എന്നിട്ടും കെ.എസ്.ആർ.ടി.സി.യുടെ ചെലവ് വരവിനെക്കാൾ കൂടുതലാണ്; വാർഷികവരുമാനം 2793.57 കോടിയും ചെലവ് 3775.14 കോടിയും. വരവിനെക്കാൾ 981.57 കോടി രൂപ കൂടുതലാണു ചെലവ്. ഇത് സ്ഥാപനം നേരിടുന്ന സാമ്പത്തികപ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നു. 2015-’16 കാലത്ത് ആറായിരത്തോളം ബസുകൾ സർവീസ് നടത്തിയിരുന്ന സ്ഥാനത്ത് ഇപ്പോൾ ശരാശരി 3500 ബസാണുള്ളത്. ജീവനക്കാരുടെയും ബസുകളുടെയും എണ്ണം കുത്തനെ കുറഞ്ഞിട്ടും വരവും ചെലവും കൂട്ടിമുട്ടിക്കാനാകാത്ത സ്ഥിതിയാണ്.ഇതിനുപുറമേ, കെ.എസ്.ആർ.ടി.സി. വിവിധ ധനകാര്യസ്ഥാപനങ്ങൾക്കായി നൂറുകോടിയിലേറെ രൂപ നൽകാനുണ്ട്. ഇത്തരം സ്ഥാപനങ്ങൾക്ക് ജീവനക്കാരുടെ ശമ്പളത്തിൽനിന്ന് ഈടാക്കിനൽകേണ്ട പണം അടയ്ക്കുന്നില്ല

ജീവനക്കാരുടെ സഹകരണസംഘങ്ങൾ, ദേശസാത്കൃതബാങ്കുകൾ, എൽ..സി., കെ.എസ്.എഫ്.., കെ.എഫ്.സി. തുടങ്ങിയ സ്ഥാപനങ്ങൾക്കാണ് കോടികൾ കുടിശ്ശികയുള്ളത്. എൽ..സി. പ്രീമിയം അടയ്ക്കാത്തതിനാൽ നൂറുകണക്കിനു തൊഴിലാളികളുടെ പ്രീമിയം റദ്ദായതായി പരാതിയുണ്ടായിരുന്നു.

ജീവനക്കാരുടെയും ബസുകളുടെയും എണ്ണംതമ്മിലുള്ള അനുപാതം ഉയർന്നുനിൽക്കുന്നതാണ് കെഎസ്.ആർ.ടി.സി.യുടെ നഷ്ടക്കണക്കിന്റെ പ്രധാനകാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. മുകളിൽ സൂചിപ്പിച്ച കണക്കുപ്രകാരം, ശരാശരി 3500 ബസിന് 22,402 ജീവനക്കാരുണ്ട്. അനുപാതം ദേശീയശരാശരിയെക്കാൾ കൂടുതലാണെന്നാണു വിദഗ്ധാഭിപ്രായം. ആയിരത്തിലേറെ ബസുകൾ വിവിധ ഡിപ്പോകളിലായി ഉപയോഗിക്കാതെകിടക്കുന്നുണ്ട്. ഇവ സർവീസിനു യോഗ്യമാക്കി നിരത്തിലിറക്കണം. സമാന്തര-സ്വകാര്യ സർവീസുകൾ നിയമവഴികളിലൂടെ തടഞ്ഞ് ദേശസാത്കൃത റൂട്ടുകൾ തിരിച്ചുപിടിക്കണം. സംസ്ഥാനത്തിനകത്തും പുറത്തുമായി കെഎസ്.ആർ.ടി.സി.ക്കുള്ള സ്ഥാവരസ്വത്തുക്കൾ ക്രിയാത്മകമായി വിനിയോഗിച്ച് സാമ്പത്തികനേട്ടമുണ്ടാക്കാനും സാധിക്കണം. അങ്ങനെയൊക്കെ സ്വന്തംകാലിൽ നിൽക്കാൻ ശേഷിയാർജിക്കുകയല്ലാതെ സ്ഥാപനത്തിന് മറ്റു രക്ഷാകവാടങ്ങളൊന്നുമില്ല. സംസ്ഥാനത്തെ സുപ്രധാനമായ പൊതുഗതാഗതസംവിധാനം ഓജസ്സോടെ നിലനിൽക്കുന്നതാണു ജനത്തിനുകാണേണ്ടത്. സർക്കാർസഹായത്തോടെ എക്കാലവും ഉന്തിയുംതള്ളിയും മുന്നോട്ടുനീങ്ങാമെന്നു കരുതരുത്. ശ്രി ഗണേഷ് കുമാർ  ട്രാൻസ്ഫോർട്ട് മന്ത്രിസ്ഥാനം  വഹിക്കുകയാണ്  മാറ്റങ്ങൾ ഉണ്ടാകുമെന്നു  വിശ്വസിക്കുന്നു . ചില നിർദ്ദേശങ്ങൾ   പറയാൻ ആഗ്രഹിക്കുന്നു.കാലഹരണപ്പെട്ട ബസുകൾ ഒഴിവാക്കുക, ഷെഡ്യൂൾ റദ്ദാക്കൽ ഒഴിവാക്കുകബസ് സ്റ്റാഫ് അനുപാതം 8.6 നിന്ന് ആറിലേക്ക് നിയന്ത്രിക്കുക., അനാവശ്യ വാങ്ങൽ നിയന്ത്രിക്കുക. ;ആവശ്യാനുസരണവും ഇക്കോണമിയുടെ അടിസ്ഥാനത്തിലും പർച്ചേസ് നടത്താൻ ക്രമീകരണം അനിവാര്യമാണ്., യാത്രാ ഷെഡ്യൂൾ ശാസ്ത്രീയമായി പുന:ക്രമീകരിക്കുക. കൂടുതൽ യാത്രക്കാരെ ആകർഷിക്കാനുള്ള നടപടി സ്വീകരിക്കുക.യാത്രക്കാരും സ്റ്റാഫും തമ്മിൽ സൗഹാർദ്ദപരമായ അന്തരീക്ഷം നിലനിറുത്താനുളള സംവിധാനം ഉണ്ടാക്കുക. ഇന്ധന ഉപഭോഗം നിയന്ത്രിക്കുക. റെയില്വേ മോഡല്പരിഷ്കരണത്തിലും ഗണേശ് കുമാറിലും പ്രതീക്ഷിച്ച്  ജീവക്കാരും യാത്രക്കാരും  കാത്തിരിക്കുകയാണ്

 

പ്രൊഫ്. ജോൺ കുരാക്കാർ

 

 

 

No comments: