Pages

Saturday, April 4, 2020

കാസർകോട് മെഡിക്കൽ കോളേജ് യാഥാർഥ്യമാകുന്നു .



കാസർകോട്  മെഡിക്കൽ കോളേജ് യാഥാർഥ്യമാകുന്നു .

കാസർകോടിന്റെ ചിരകാല സ്വപ്നമായ മെഡിക്കൽ കോളേജ്‌ ബദിയടുക്ക ഉക്കിനടുക്കയിൽ പ്രവർത്തനസജ്ജമാകുന്നു. ഒന്നാം ഘട്ടമായി ഒപി ബ്ലോക്ക്‌ മാർച്ച്‌ 14ന്‌  പ്രവർത്തനം തുടങ്ങും; ഏഴ്‌ വിഭാഗമുണ്ടാകും . ഫാർമസിയും ലാബ്‌ സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്‌. നിർമാണം പൂർത്തിയായ അകാദമിക്‌ ബ്ലോക്കിലാണ്‌ തൽക്കാലം ഒപി പ്രവർത്തിക്കുക. കോളേജിന്‌ മെഡിക്കൽ കൗൺസിൽ ഓഫ്‌ ഇന്ത്യയുടെ അനുമതി വേഗത്തിൽ ലഭിക്കാൻ ഇത്‌ സഹായമാകും. 100 വിദ്യാർഥികളും 500 ബെഡ്ഡുമുള്ള മെഡിക്കൽ കോളേജാണ്‌ തുടക്കത്തിൽ പ്രവർത്തനമാരംഭിക്കുക. ആശുപത്രി ബ്ലോക്കിന്റെ നിർമാണം അടുത്ത വർഷമാദ്യം പൂർത്തിയാകുന്നതോടെ ഒപി ഇവിടേക്ക്‌ മാറ്റും.
സംസ്ഥാന സർക്കാരിന്റെകീഴിലുള്ള കിറ്റ്‌കോയാണ് മെഡിക്കൽ കോളേജിന്റെ കൺസൾട്ടൻസി.  നബാർഡ്‌ സഹായത്തോടെയാണ്‌ ആശുപത്രി ബ്ലോക്ക്‌  88.20 കോടി രൂപ ചെലവിട്ട്‌  നിർമിക്കുന്നത്‌. ഈറോഡിലെ ആർ ആർ തുളസി ബിൽഡേഴ്‌സാണ്‌ കരാറുകാർ. മൂന്ന്‌ നിലകൾക്കും താഴത്തെ നിലയ്‌ക്കും പുറമെ ബേസ്‌മെന്റ്‌ ലോവർ ഫ്‌ളോറുമുണ്ട്‌. മൂന്നാംനില ശസ്‌ത്രക്രിയക്കായി മാറ്റിവയ്‌ക്കും. പ്രത്യേക കാഷ്വലിറ്റി ബ്ലോക്കുണ്ടാകും.
അക്കാദമിക്‌ ബ്ലോക്കിന്റെ നിർമാണം 25,86,05,283  രൂപ ചെലവിട്ടാണ‌് പൂർത്തിയാക്കിയത‌്. അനുബന്ധ സൗകര്യങ്ങൾക്കായി അഞ്ചുകോടി രൂപ ചെലവിട്ടു. കാസർകോട്‌ വികസന പാക്കേജിൽനിന്നാണ്‌ ഫണ്ട്‌ അനുവദിച്ചത്‌. 100 വിദ്യാർഥികളാണ്‌ തുടക്കത്തിൽ  ഉണ്ടാവുകയെങ്കിലും ഭാവിയിൽ 150 ആയി വർധിപ്പിക്കാൻ സാധ്യതയുണ്ട്‌.
മൂന്നൂറോളം കോടി രൂപ  നിർമാണച്ചെലവ‌് പ്രതീക്ഷിക്കുന്ന മെഡിക്കൽ കോളേജ‌്  65 ഏക്കർ ഭൂമിയിലാണ‌്  സ്ഥാപിക്കുന്നത‌്. 2013 നവംബർ 30ന‌് തുടങ്ങിയ കെട്ടിടനിർമാണം ഇഴഞ്ഞ‌ുനീങ്ങുകയായിരുന്നു.  എൽഡിഎഫ‌് സർക്കാർ വന്നശേഷമാണ്‌ കാര്യങ്ങൾ വേഗത്തിലാക്കിയത‌്.  കാസർകോട്‌ ജില്ലയിലും കർണാടക അതിർത്തിയിലുമുള്ളവർക്കും  വിദഗ‌്ധ ചികിത്സയ‌്ക്ക‌് മംഗളൂരുവിൽ പോകുന്നത്‌ ഒഴിവാക്കാം. എൻഡോസൾഫാൻ ദുരിതബാധിതർക്കും പ്രയോജനപ്പെടും.

പ്രൊഫ്. ജോൺ കുരാക്കാർ

No comments: