Pages

Wednesday, February 20, 2019

രാഷ്ട്രീയ കൊലപാതകങ്ങൾ അവസാനിക്കില്ലേ ?ഹൃദയം തകർന്ന ഒരമ്മയുടെ ‘നാൻ പെറ്റ മകനേ’ എന്ന നിലവിളിയുടെ അലകൾ അവസാനിക്കുന്നില്ല


രാഷ്ട്രീയ കൊലപാതകങ്ങൾ  അവസാനിക്കില്ലേ ?ഹൃദയം തകർന്ന ഒരമ്മയുടെനാൻ പെറ്റ മകനേഎന്ന നിലവിളിയുടെ അലകൾ  അവസാനിക്കുന്നില്ല

2016 മെയ് 25നാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി സർക്കാർ അധികാരമേറ്റത്.ആയിരം ദിനങ്ങൾ  സർക്കാർ  പൂർത്തിയാക്കിയിരിക്കുകയാണ് .നേട്ടങ്ങളുടെ  നിറം കെടുത്തുന്ന ഒന്നാണ് രാഷ്ട്രീയ കൊലപാതകങ്ങൾ. ആയിരം ദിവസത്തിനിടെ രാഷ്ട്രീയ കൊലപാതകങ്ങളിൽ 20 ജീവനുകളാണ് പൊലിഞ്ഞത്. അമ്പത് ദിവസത്തിൽ ഒന്ന് എന്ന തരത്തിൽ. രാഷ്ട്രീയ കൊലപാതകത്തിൽ ഹൃദയം തകർന്ന ഒരമ്മയുടെ ‘നാൻ പെറ്റ മകനേ’ എന്ന നിലവിളിയുടെ അലകൾ നമ്മുടെ കാതുകളിൽനിന്ന്‌ ഇനിയും  മുഴങ്ങുകയാണ് . ഇടുക്കിയിലെ ഒറ്റമുറിവീട്ടിൽ ജീവിതം കഴിച്ചുകൂട്ടിയിരുന്ന  അഭിമന്യു എന്ന  എസ്.എഫ്.ഐ.ക്കാരന്റെ അമ്മയുടെ നിലവിളി മലയാളികൾക്ക് മറക്കാനാവില്ല .അത്  കേരളത്തിലെ അവസാനത്തെ രാഷ്ട്രീയ കൊലപാതകമാണ്  എന്നാണ്‌  കരുതിയിരുന്നത് .  അതേ ഹൃദയംപൊട്ടിയുള്ള നിലവിളി ഇപ്പോൾ  കാസർകോട്ടെ അമ്മമാരിൽനിന്നാണ് ഉയരുന്നത്. നടുറോഡിൽ രാഷ്ട്രീയ എതിരാളികൾ പൈശാചികമായി കൊന്ന രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ അമ്മമാരുടേതാണിതെന്നത്‌ മാത്രമാണ് വ്യത്യാസം. രണ്ടും ഒരുപോലെ, ജീവിക്കാനുള്ള അവകാശധ്വംസനത്തിൽ നിന്നുണ്ടായ കരച്ചിൽ.
കാസർകോട്ടെ പുല്ലൂർ പെരിയ പഞ്ചായത്തിലെ കൃപേഷ് (21), ശരത്ത്‌ലാൽ (27) എന്നിവരെയാണ് ദാരുണമായി കൊലപ്പെടുത്തിയത്. ജീപ്പിലെത്തിയ കൊലപാതകികൾ യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്ക് തടഞ്ഞുനിർത്തിയാണ് അരുംകൊല നടത്തിയത്. കൃപേഷിനെ തല നെടുകെ വെട്ടിപ്പിളർത്തിയ നിലയിലും ശരത്ത്‌ലാലിനെ കഴുത്തുവെട്ടി തൂങ്ങിയ നിലയിലുമാണ് കണ്ടെത്തിയത്. കൊല്ലണമെന്നുതന്നെ തീരുമാനിച്ചുറപ്പിച്ച ആക്രമണം.  സ്ഥലത്തെ സി.പി.എം.-കോൺഗ്രസ് സംഘർഷത്തിന്റെ ബാക്കിപത്രമാണ് അക്രമമെന്ന് വ്യക്തമാക്കുന്നതാണ് എഫ്.ഐ.ആർ. രണ്ടുപേർ പിടിയിലായിട്ടുമുണ്ട്. മൂല്യങ്ങൾ തിരിച്ചുപിടിക്കാൻ കേരളത്തിലങ്ങോളമിങ്ങോളം ഉദ്‌ബോധനങ്ങളും  സാംസ്‌കാരിക ജാഥകളും നടന്നുകൊണ്ടിരിക്കുന്നതിനിടയിൽ നടന്ന ഈ രാഷ്ട്രീയ കൊലപാതകം കേരളത്തിന്റെ സ്വാസ്ഥ്യത്തിനേറ്റ  കനത്തപ്രഹരമാണ്. ഈ ഭീകരപ്രവൃത്തിക്ക് അറുതിവരുത്താനാവാതെ എന്തു നവകേരളം ?
കൊല്ലുന്നതും കൊല്ലപ്പെടുന്നതും മഹാഭൂരിഭാഗവും സാധാരണക്കാർ മാത്രം. അഭിമന്യുവിന്റെ ദാരിദ്ര്യം വാഴുന്ന വീടിനോളംതന്നെ ദയനീയമായ സാഹചര്യമാണ് കാസർകോട്ട് കൊല്ലപ്പെട്ട കൃപേഷിന്റെ വീട്ടിലുമുള്ളത്.  വെട്ടിയും കുത്തിയും അണികൾ തെരുവിൽ തെരുവിലൊടുങ്ങുമ്പോൾ  നേതാക്കളുടെ മക്കൾ  സുരക്ഷിത ശീതളിമയിൽ കഴിയുകയാണ് . പിണറായിയുടെ മകൻ  അബുദാബിയിൽ മാനേജർ , കോടിയേരിയുടെ മകൻ  ദുബായിൽ കോടിശ്വരൻ , ചെന്നിത്തലയുടെ പുത്രൻ  ഡോക്ടർ .ചാവാനും കൊല്ലാനും  നേതാക്കളുടെ മക്കളെ  കിട്ടില്ല . സത്യത്തിൽ  രാഷ്ട്രീയക്കാർ  കൊലപാതകം  അവസാനിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ല - തങ്ങളുടെ  കക്ഷിരാഷ്ട്രീയ ബലതന്ത്രങ്ങൾക്ക് ഈ നരബലികൾ ഒഴിവാക്കാനാവാത്തതാണ്. നേതാക്കളുടെ മക്കളെ സുരക്ഷിതമായ അകലങ്ങളിൽ പാർപ്പിക്കുന്നുണ്ട്. സമരവും വിദ്യാർഥിരാഷ്ട്രീയ അടിപിടികളും കടന്നുവരാത്ത വിദ്യാലയങ്ങളിൽ പഠിപ്പിക്കുന്നുണ്ട്. ഉയർന്ന ജോലികൾ  അവർക്ക് ലഭിക്കുന്നുണ്ട് .നേതാക്കളും അവരുടെ മക്കളും  സുരക്ഷിതരാണ്."കരയുന്നത് എന്റെ കുഞ്ഞല്ല, ഭാര്യയല്ല, അമ്മയല്ല. " സഹതാപം പ്രകടിപ്പിക്കാനും അന്ത്യോപചാരമർപ്പിക്കാനും ഞങ്ങൾ നേതാക്കൾ  കൃത്യസമയത്ത്  എത്തുകതന്നെ ചെയ്യും .
നവോത്ഥാനത്തെക്കുറിച്ചും സാമൂഹികനീതിയെക്കുറിച്ചും  ഘോരഘോരം പ്രസംഗിക്കുമ്പോൾ തന്നെയാണ് രണ്ടു യുവാക്കളുടെ സങ്കടഭരിതമായ  കൊലപാതകം . ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ ഭരണഘടനാപരമായി ഉത്തരവാദിത്തമുള്ള സർക്കാരിലെ മുഖ്യ ഭരണകക്ഷിയാണ് ഇവിടെ പ്രതിസ്ഥാനത്ത് ആരോപിക്കപ്പെടുന്നതെന്നത് ഈ ക്രൂരകൊലപാതകങ്ങളെ കൂടുതൽ ഗൗരവമുള്ളതാക്കുന്നു.  ഒരു കുടുംബത്തിന്റെയും, നാടിന്റെതന്നെയും പ്രതീക്ഷയായിരുന്ന അഭിമന്യു എന്ന വിദ്യാർഥി കലാലയരാഷ്ട്രീയത്തിന്റെ തുടർച്ചയായി കത്തിമുനയിൽ ജീവൻവെടിഞ്ഞതു മറക്കാറായിട്ടില്ല. അഭിമന്യുവിന്റെ ഓർമയ്ക്കുവേണ്ടിയും  കുടുംബത്തിനുവേണ്ടിയും മുന്നിട്ടിറങ്ങിയ പാർട്ടിയിൽപെട്ടവരാണ് കൃപേഷിന്റെയും ശരത്‍ലാലിന്റെയും ജീവനെടുത്തതെന്നത് അത്യധികം നിർഭാഗ്യകരംതന്നെ. ഈ ചെറുപ്പക്കാരുടെ അകാലമരണം ഉയർത്തുന്ന ചോദ്യങ്ങൾക്കു മറുപടി പറയാതെ കേരളത്തിലെ ഒരു രാഷ്ട്രീയപാർട്ടിക്കും മുന്നോട്ടുപോകാനാകില്ല.  പ്രായമായ അച്ഛനമ്മമാരുടെയും രണ്ടു സഹോദരിമാരുടെയും ഏക പ്രതീക്ഷയായിരുന്നു കൃപേഷ്. തകർന്നുവീഴാറായ ഒറ്റമുറി ഓലക്കുടിലിൽ ജീവിച്ച ഈ യുവാവിന്റെ പഠനം പോലും നാട്ടിലെ സിപിഎം പ്രവർത്തകരുടെ അസഹിഷ്ണുതയെ തുടർന്ന് അവസാനിപ്പിക്കേണ്ടിവന്നു. പിന്നീടു പിതാവിനെ ചെറിയ ജോലികളിൽ സഹായിച്ചു ജീവിതം  മുന്നോട്ടു കൊണ്ടുപോകുന്നതിനിടെയാണു കൊല്ലപ്പെടുന്നത്. എൻജിനീയറിങ് ബിരുദധാരിയായ ശരത്‍ലാലും അച്ഛനമ്മമാരുടെയും സഹോദരിയുടെയും പ്രിയപ്പെട്ട പ്രതീക്ഷയായിരുന്നു. അമ്മമാരുടെ നിലവിളി  എന്നെങ്കിലും  കേരളത്തിൽ  അവസാനിക്കുമോ ?

പ്രൊഫ്. ജോൺ കുരാക്കാർ



No comments: