Pages

Sunday, February 10, 2019

കർഷകരുടെ കണ്ണീരും രോഷവും കേന്ദ്രവും കേരളവും കാണുന്നില്ല


കർഷകരുടെ കണ്ണീരും രോഷവും കേന്ദ്രവും കേരളവും കാണുന്നില്ല

കർഷകരുടെ ദുരിതവും കണ്ണുനീരും കേന്ദ്രസർക്കാരും കേരളസർക്കാരും കാണുന്നില്ല .പല സംസ്ഥാനങ്ങളിൽ നിന്നും  കാര്ഷിക രംഗത്തെ ദുരിത ജീവിതത്തെ വരച്ചു കാണിക്കുന്ന വാര്ത്തകളും ചിത്രങ്ങളുമാണ് പുറത്തുവരുന്നത്. സാമ്പത്തിക പ്രതിസന്ധിമൂലം കൃഷിയ്ക്കായി കാളകള്ക്ക് പകരം കര്ഷകന് സ്വന്തം പെണ്മക്കളെ ഉപയോഗിച്ച് നിലമുഴുന്നതിന്റെ ദയനീയ  ചിത്രം  ഭാരതീയർ കണ്ടതാണ് .കൃഷിയിടം ഉഴുന്നതിനായി കാളകളെ വാങ്ങാന് പണമില്ലാത്തതുമൂലം സെഹോറിലെ ബസന്ത്പുര് പാന്ഗ്രി ഗ്രാമത്തിലെ കര്ഷകനായ സര്ദാര് കാഹ്ലയാണ് മക്കളായ രാധിക (14), കുന്തി (11) എന്നിവരെ ഉപയോഗിച്ച് നിലമുഴുതത്. ദേശീയ വാര്ത്താ ഏജന്സിയാണ് കര്ഷക ദുരിതത്തെ വിളിച്ചു പറയുന്ന ചിത്രം പുറത്തുവിട്ടത്.കാര്ഷികാവശ്യത്തിനായി കാളകളെ വാങ്ങുന്നതിനോ വളര്ത്തുന്നതിനോ ഉള്ള സാമ്പത്തിക സ്ഥിതി ഇല്ലാത്തതുകൊണ്ടാണ് ഇങ്ങനെ ചെയ്തതെന്ന് സര്ദാര് കാഹ്ല പറയുന്നു. ദാരിദ്ര്യം മൂലമാണ് രണ്ട് കുട്ടികളുടെയും പഠനം നിര്ത്തേണ്ടിവന്നതെന്നും അദ്ദേഹം വ്യക്തമാക്കി. നൂറുകണക്കിന് കർഷകരാണ്  ഭാരതത്തിൽ ആത്മഹത്യ ചെയ്തിട്ടുണ്ട് .
കഴിഞ്ഞ വര്ഷം നവംബറിലും ഡിസംബറിലുമായി രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഡിലും നടന്ന നിയമസഭാതെരഞ്ഞെടുപ്പുകളില് അവിടുത്തെ  സര്ക്കാരുകള് നിലംപൊത്താനിടയായത് അവിടങ്ങളിലെ കര്ഷക രോഷത്തിന്റെകൂടി ഫലമാണെന്നാണ് പൊതുവില് വിലയിരുത്തപ്പെട്ടിട്ടുള്ളത്.  വിള വിലയിടിവ് ഉള്പ്പെടെയുള്ള പ്രശ്നങ്ങളെ നേരിടുന്നതില് കേന്ദ്ര-സംസ്ഥാന സര്ക്കാരുകള് കാട്ടിയ നിഷേധാത്മകമായ നിലപാടാണ് ആ തിരിച്ചടിക്ക് കാരണം. കേരളത്തിലും കർഷകർ ആത്മഹത്യ ചെയ്തിട്ടുണ്ട് .കേരളത്തില് ഒരൊറ്റ കര്ഷകനും ആത്മഹത്യ ചെയ്തിട്ടില്ലെന്ന് അവകാശപ്പെട്ട കൃഷി മന്ത്രിയുടെ 2018 മാര്ച്ചിലെ പ്രസ്താവനയെനോക്കി പല്ലിളിക്കുകയാണ് അടുത്തിടെ നടന്ന തിക്തസംഭവങ്ങള്. കഴിഞ്ഞ പ്രളയാനന്തരം പത്തോളം കര്ഷകര് കടക്കെണിയിലും വിള നാശത്തിലുംപെട്ട് ആത്മഹത്യചെയ്യുകയുണ്ടായി. പാലക്കാട്, വയനാട് ജില്ലകളിലും പ്രളയത്തിനുമുമ്പും കര്ഷക ആത്മഹത്യകളുണ്ടായി. ഇടുക്കി ജില്ലയില് മാത്രം കഴിഞ്ഞ ഒന്നര മാസത്തിനുള്ളില് സ്വയം മരണം വരിച്ചത് മൂന്നു കര്ഷകരാണ്. ചെറുതോണി വാഴത്തോപ്പ് നെല്ലിപ്പുഴയില് അമ്പത്താറുകാരനായ ജോണിയാണ് ബുധനാഴ്ച മരിച്ചത്. കപ്പയും കാപ്പിയും മറ്റും കൃഷി ചെയ്തിരുന്ന ജോണി ഞായറാഴ്ച സ്വന്തം കൃഷിയിടത്തില് കീടനാശിനി കഴിച്ചതായാണ് കണ്ടെത്തിയത്. ജോണിക്ക് വലിയ കട ബാധ്യതയുണ്ടായിരുന്നതായും അടുത്തിടെ ബാങ്കില്നിന്ന് നോട്ടീസ് വന്നതായും വിവരമുണ്ട്. ഇതില് വലിയ മാനസിക വിഷമം അനുഭവിക്കുകയായിരുന്നു കര്ഷകന്. ബാങ്കില്നിന്നുള്ളതിന് പുറമെ സുഹൃത്തുക്കളില്നിന്നുവരെ അദ്ദേഹം വായ്പ വാങ്ങിയിരുന്നതായും പറയുന്നു. കാപ്പിക്കും മറ്റും കുത്തനെ വിലയിടിഞ്ഞതും കപ്പ മഴയില് നശിച്ചതും വിലയിടിവും രാസവളത്തിന്റെ വിലക്കയറ്റവും കൂലി വര്ധിച്ചതും ജോണിയെ പ്രതിസന്ധിയുടെ കയത്തിലകപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ പ്രളയത്തില് നശിച്ച കൃഷിക്ക് പകരം രണ്ടാമതെങ്കിലും ലാഭം നേടി കടം തിരിച്ചടക്കാമെന്ന ജോണിയുടെ മോഹം അസ്ഥാനത്താവുകയായിരുന്നു.
ഇതിന് ഒരാഴ്ച മുമ്പാണ് ജനുവരി 28ന് വാത്തിക്കുടി പഞ്ചായത്തില് അറുപത്തെട്ടുകാരനായ സഹദേവന് എന്ന കര്ഷകനും ജീവനൊടുക്കിയത്. മകന് മുരിക്കാശേരി സഹകരണ ബാങ്കില്നിന്ന് 2016ല് എടുത്ത 12 ലക്ഷം രൂപയുടെ വായ്പ തിരിച്ചടക്കാന് പലിശ സഹിതം വന്തുക ആവശ്യപ്പെട്ട് ബാങ്കയച്ച നോട്ടീസാണ് സഹദേവനെ കടുംകൈക്ക് പ്രേരിപ്പിച്ചത്. ജനുവരി രണ്ടിന് തൊപ്രാംകുടിയില് മുപ്പത്തേഴുകാരനായ സന്തോഷ് കയറില് തൂങ്ങി ജീവനൊടുക്കിയതും കാര്ഷിക നഷ്ടം മൂലമായിരുന്നു. ആദ്യ സംഭവത്തില് ബാങ്ക് അധികൃതരുടെയും സര്ക്കാരിന്റെയും ഭാഗത്തുനിന്ന് കര്ഷകരുടെ സഹായത്തിനെത്താതിരുന്നതാണ് മറ്റു രണ്ട് വിലപ്പെട്ട കര്ഷക ജീവനുകളും നഷ്ടപ്പെടാനിടയാക്കിയത്. ഇവരുടെ തുടര്മരണങ്ങള് സമൂഹത്തിനും സമ്പദ് വ്യവസ്ഥക്കുമാണ് സ്വന്തം കുടുംബങ്ങളേക്കാള് നഷ്ടംവരുത്തുക എന്ന് തിരിച്ചറിയാത്തവരാണോ കര്ഷകരുടെ കണ്ണീര് വിറ്റ് അന്യ സംസ്ഥാനങ്ങളില് വോട്ടു സമ്പാദിക്കുന്ന കമ്യൂണിസ്റ്റ് പാര്ട്ടിക്കാര്. പ്രളയത്തിലെ കൃഷി നഷ്ടമായി ലോകബാങ്ക് കണക്കാക്കിയത് 2093 കോടി രൂപയാണ്. കുട്ടനാട് മേഖലയിലാണ് നെല് കൃഷി ഏറ്റവും കൂടുതല് നശിച്ചത്. ഒഴുകിപ്പോയ ഭൂമിയുടെ കണക്ക് ഇതില് വരില്ല. 2.45 ലക്ഷം ടണ് നെല്ല്, 21000 ഹെക്ടറിലായി നാല് ലക്ഷം ടണ് വാഴപ്പഴം, 98000 ഹെക്ടര് കുരുമുളക്, 35000 ഹെക്ടര് ഏലം, 365 ഹെക്ടറിലെ കാപ്പി, 12 ഹെക്ടറിലെ റബര്, 1.81 ലക്ഷം ഹെക്ടര് കപ്പ, 1.30 ലക്ഷം ഹെക്ടര് പച്ചക്കറി എന്നിങ്ങനെയാണ് സംസ്ഥാന കൃഷിവകുപ്പ് കണക്കാക്കിയ നഷ്ടക്കണക്ക്.
നൂറ്റാണ്ടിലെ മഹാപ്രളയത്തിന്റെ കെടുതിയിലും ദുരിതത്തില്നിന്നും രക്ഷപ്പെടാന് സകല വഴികളും തേടി അലയുകയാണ് കേരളത്തിലെ കര്ഷക ലക്ഷങ്ങള്. ആലപ്പുഴ, വയനാട്, ഇടുക്കി, കോട്ടയം, പാലക്കാട്, കോഴിക്കോട്, തൃശൂര് ജില്ലകളിലാണ് കൃഷി മേഖലക്ക് വലിയ തോതിലുള്ള നാശം നേരിടേണ്ടിവന്നത്. ഇവര്ക്ക് നഷ്ടപരിഹാരം നല്കുമെന്ന് കൃഷി വകുപ്പും മറ്റും ആണയിട്ടിരുന്നെങ്കിലും അതെല്ലാം ജലരേഖയായി അവശേഷിക്കുകയാണ് പ്രളയം കഴിഞ്ഞ് ആറു മാസത്തിനുശേഷവും. പ്രളയംകാരണം പതിനായിരത്തോളം കോടി രൂപയാണ് കാര്ഷിക മേഖലക്കുണ്ടായ നഷ്ടമെന്നാണ് വിലയിരുത്തപ്പെട്ടിട്ടുള്ളത്. പാലക്കാട്ട് ഒന്നാം വിള നെല്കൃഷിയുടെ കൊയ്ത്ത് സമയമാണിപ്പോള്. അവിടെ നെല്ലു സംഭരിക്കുന്നതിന് ഇനിയും നീക്കമുണ്ടായിട്ടില്ല. കൃഷി വകുപ്പും സിവില് സപ്ലൈസ് വകുപ്പും സഹകരണ വകുപ്പുമൊക്കെ ഇടപെട്ട് സംഭരണം നടത്തുമെന്ന് സര്ക്കാര് ആണയിടുന്നുണ്ടെങ്കിലും കൊയ്ത്തുകഴിഞ്ഞ പ്രദേശങ്ങളില് ഇനിയും ഉദ്യോഗസ്ഥര് അനങ്ങിയിട്ടില്ല.പല സംസ്ഥാനങ്ങളിലും കാര്ഷിക വായ്പകള് എഴുതിത്തള്ളിയപ്പോഴും ഉറക്കംനടിച്ചിരിക്കുകയാണ് കേരള  സര്ക്കാര്. കൃഷി നഷ്ടപ്പെട്ടവര്ക്ക് വിത്തും വളവും എത്തിച്ചുനല്കുമെന്നതടക്കം കൃഷിവകുപ്പിന്റെ ഒരു വാഗ്ദാനവും ഇനിയും പാലിക്കപ്പെട്ടിട്ടില്ല. വിള ഇന്ഷൂറന്സും ഇനിയും പൂര്ണമായി വിതരണം ചെയ്തില്ല. കര്ഷകരെ ഇനിയും കടക്കെണിയില്നിന്ന് രക്ഷിക്കാനാകുന്നില്ലെങ്കില് അവര്ക്ക് മറ്റു സംസ്ഥാനങ്ങളെപോലെ വായ്പ എഴുതിത്തള്ളാന് സര്ക്കാര് തയ്യാറാകണം. കർഷകരുടെ  ദുരിതം കാണാൻ  സർക്കാർ  കണ്ണുതുറന്നേ മതിയാകു .

പ്രൊഫ്. ജോൺ കുരാക്കാർ

No comments: