Pages

Tuesday, January 22, 2019

സ്വാമി വിവേകാനന്ദൻ ഭാരതീയ സംസ്കാരത്തിന്റെ വക്താവ്


സ്വാമി വിവേകാനന്ദൻ ഭാരതീയ സംസ്കാരത്തിന്റെ വക്താവ്

വേദാന്ത തത്ത്വശാസ്ത്രത്തിന്റെ ആധുനികകാലത്തെ ഏറ്റവും ശക്തനായ വക്താവും ഇന്ത്യയിലെമ്പാടും സ്വാധീനമറിയിച്ച ആത്മീയ ഗുരുവുമായിരുന്നു. രാമകൃഷ്ണ പരമഹംസന്റെ പ്രധാന ശിഷ്യനും രാമകൃഷ്ണ മഠം, രാമകൃഷ്ണ മിഷൻ എന്നിവയുടെ സ്ഥാപകനുമായ സ്വാമി വിവേകാനന്ദൻ .. സന്യാസിയാകുന്നതിനു മുൻപ് നരേന്ദ്രനാഥ് ദത്ത എന്നായിരുന്നു പേർ. ഇന്ത്യയുടെ യുവത്വത്തെ തൊട്ടുണർത്താൻ വിവേകാനന്ദ സ്വാമിയുടെ പ്രബോധനങ്ങൾ സഹായകമായിട്ടുണ്ടെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. ആശയ സമ്പുഷ്ടമായ പ്രസംഗങ്ങൾക്കൊണ്ടും ഭയരഹിതമായ പ്രബോധനങ്ങൾക്കൊണ്ടും ഇന്ത്യയിലെമ്പാടും അനുയായികളെ സൃഷ്ടിച്ചെടുക്കാൻ ഇദ്ദേഹത്തിനു സാധിച്ചു.
വിവേകാനന്ദന്റെ ആവിർഭാവം ഭാരതീയ സംസ്കാരത്തിന്റെയും ഹിന്ദുമതത്തിന്റെയും ചരിത്രത്തിൽ പുതിയ അധ്യായത്തിന്റെ തുടക്കമായിരുന്നു. മതദാർശനികനെന്ന നിലയിൽ സ്വാമി വിവേകാനന്ദനെ രണ്ടു വ്യത്യസ്ത ദൃഷ്ടികോണുകളിൽനിന്നും അപഗ്രഥിക്കാം. ഒന്നാമത്തേത്, ശ്രീരാമനും ശ്രീകൃഷ്ണനും ശ്രീശങ്കരനും വ്യാഖ്യാനിച്ചു പ്രചരിപ്പിച്ച ഭാരതീയ മതതത്വശാസ്ത്രത്തെ, ആധുനിക വ്യാവസായിക ശാസ്ത്രീയ യുഗത്തിനനുസൃതമായി വ്യാഖ്യാനിച്ച ആധ്യാത്മികാചാര്യൻ എന്ന നിലയിലും രണ്ടാമത്തേത് മതസംസ്കാരത്തിന് ആധുനിക ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും ഭാഷയിൽ പുതിയ നിർവചനവും വ്യാഖ്യാനവും നൽകി ആയുസ്സ് നീട്ടിക്കൊടുത്ത ദാർശനികൻ എന്ന നിലയിലുമാണിത്. ഒരുവശത്ത് അദ്ദേഹം ഹിന്ദുമതത്തിനു മാനുഷികതയുടെയും ശാസ്ത്രീയതയുടെയും ആധുനികതയുടെയും പുതിയ മുഖം കൊടുത്തു. മറുവശത്ത്, ആധുനിക യുഗത്തിന്റെ മുഖമുദ്രകളായ ഭൗതികവാദം, ശാസ്ത്രീയ ഗവേഷണബുദ്ധി, യുക്തിചിന്ത ഇവയ്ക്കെതിരല്ല മതമെന്ന് ലോകത്തിനു കാണിച്ചുകൊടുത്തു.ഇദ്ദേഹത്തിന്റെ ജന്മദിവസമായ ജനുവരി 12 ദേശീയ യുവജന ദിനമായി ആഘോഷിക്കുന്നു.

കൊൽക്കത്തയിലെ ഉത്തരഭാഗത്തെ സിംല എന്ന പട്ടണത്തിലെ ഒരു കുടുംബത്തിൽ നിയമപണ്ഡിതനും അഭിഭാഷകനുമായിരുന്ന വിശ്വനാഥ്ദത്തയുടെയും വിദ്യാസമ്പന്നയും പുരാണപണ്ഡിതയുമായിരുന്ന ഭുവനേശ്വരിയുടെയും പത്തു മക്കളിൽ ആറാമത്തെ കുട്ടിയായിട്ടാണ് 1863 ജനുവരി 12 നു സ്വാമി വിവേകാനന്ദൻ എന്ന നരേന്ദ്രനാഥ് ദത്ത ജനിച്ചത്. അക്കാലത്ത് ഭാരതത്തിന്റെ തലസ്ഥാനം കൊൽക്കത്തയായിരുന്നു.ഈശ്വരനെ കാണാൻ സാധിക്കുമോ? എങ്ങനെയാണത്സാധിക്കുക? ജീവിതത്തിന്റെ അർത്ഥമെന്താണ്‌? തുടങ്ങി പ്രപഞ്ചത്തിനേയും ഈശ്വരനെയും കുറിച്ചുള്ള നിരവധി ചോദ്യങ്ങൾ നിറഞ്ഞതായിരുന്നു നരേന്ദ്രന്റെ മനസ്സ്. വളരെയധികം സന്യാസിമാരെയും മറ്റും നരേന്ദ്രൻ കണ്ടെങ്കിലും ആർക്കും നരേന്ദ്രനെ തൃപ്തിപ്പെടുത്താൻ സാധിച്ചില്ല. അക്കാലത്ത്തന്റെ ഇംഗ്ലീഷ്അദ്ധ്യാപകനായിരുന്ന പ്രൊഫ. ഹേസ്റ്റിയിൽ നിന്നായിരുന്നു നരേന്ദ്രൻ ദക്ഷിണേശ്വരത്ത്താമസിച്ചിരുന്ന ശ്രീരാമകൃഷ്ണ പരമഹംസനെ കുറിച്ച്അറിഞ്ഞത്‌. നരേന്ദ്രന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു ശ്രീരാമകൃഷ്ണ പരമഹംസനുമായുള്ള കണ്ടുമുട്ടൽ .നരേന്ദ്രൻ തന്റെ ആത്മീയഗുരുവിനെ ആണ്ശ്രീരാമകൃഷ്ണനിൽ കണ്ടത്‌. ശ്രീരാമകൃഷ്ണനാകട്ടെ നരേന്ദ്രനിൽ തന്റെ പിൻഗാമിയെയും കണ്ടെത്തി. ശ്രീരാമകൃഷ്ണന്റെ ആശയങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ ഒരു ഭാരതപര്യടനത്തിനായി വിവേകാനന്ദൻ പുറപ്പെട്ടു. വാരാണസി, അയോദ്ധ്യ വഴി ഹിമാലയപ്രദേശങ്ങളിൽ ആയിരുന്നു 1888-ലെ ആദ്യത്തെ യാത്ര. പിന്നീട് തെക്കേ ഇന്ത്യയിലേക്ക്പുറപ്പെട്ട വിവേകാനന്ദൻ 1892- ബാംഗ്ലൂർ വഴി ഷൊർണൂരിൽ എത്തി.

ഇവിടെ ചട്ടമ്പിസ്വാമികൾ, ശ്രീനാരായണ ഗുരു എന്നിവരെക്കണ്ട്വിവേകാനന്ദൻ സന്തുഷ്ടനായി. എങ്കിലും കേരളത്തിലെ ജാതിവിവേചനത്തിലും അനാചാരങ്ങളിലും അസ്വസ്ഥനായ സ്വാമികൾ മതപരിവർത്തനം നടത്തിയ താഴ്ന്നജാതിക്കാർക്ക് കിട്ടുന്ന സ്വാതന്ത്ര്യം പോലും മറ്റുള്ളവർക്ക് ലഭിക്കുന്നില്ല എന്ന അവസ്ഥ കണ്ട് മലബാറുകാരെല്ലാം മതഭ്രാന്തന്മാരാണ്‌, ഇവരുടെ വീടുകളത്രയും ഭ്രാന്താലയവും എന്നഭിപ്രായപ്പെട്ടു. പിന്നീട്രാമേശ്വരം വഴി കന്യാകുമാരിയിലെത്തിയ സ്വാമികൾ, ഹിമാലയം മുതൽ കന്യാകുമാരി വരെ നീണ്ട യാത്രയിൽ കണ്ടത്മഹത്തായൊരു പൈതൃകം നിരക്ഷരതയിലും അന്ധവിശ്വാസത്തിലും അനാചാരങ്ങളിലും ആണ്ടുപോകുന്നതാണ്‌. കന്യാകുമാരി കടലിൽ കണ്ട ഒരു വലിയ പാറയിലേക്ക്നീന്തി ചെന്ന അദ്ദേഹം മണിക്കൂറുകളോളം അവിടെ ധ്യാനനിരതനായി ഇരുന്നു. ഒരു നവചൈതന്യവുമായാണ്അദ്ദേഹം തിരിച്ചെത്തിയത്‌. പാറയാണ്പിന്നീട്വിവേകാനന്ദപ്പാറ ആയി മാറിയത്‌.
1893 സെപ്റ്റംബർ11ന് അമേരിക്കയിലെ ഷിക്കാഗോയിൽ നടന്ന സർവമത സമ്മേളനത്തിൽ പങ്കെടുത്തു കൊണ്ട് വിവേകാനന്ദൻ നടത്തിയ പ്രസംഗം ശ്രദ്ധേയമായിരുന്നു. ‘അമേരിക്കയിലെ എന്റെ സഹോദരി സഹോദരന്മാരെഎന്നു തുടങ്ങുന്ന വിഖ്യാതമായ പ്രസംഗം അമേരിക്കയുടെ ആത്മാവിനെ ആത്മാർത്ഥമായി സ്പർശിച്ചു. കൊളംബസ് അമേരിക്കയിലെത്തിയതിന്റെ നാനൂറാം വാർഷികത്തോടനുബന്ധിച്ച് ലോക കൊളംബസ് എക്സ്പോസിയേഷന്റെ ഭാഗമായ ലോകമത സമ്മേളനമയിരുന്നു അത്. ഇന്ത്യയുടെ ആത്മീയ ബൗദ്ധിക തേജസ്സായി ലോകം ഹൃദയം കീഴടക്കിയ സ്വാമി വിവേകാനന്ദന്റെ 155- ജന്മദിനമായിരുന്നു ജനുവരി 12നു. 1985 മുതൽ വിവേകാനന്ദ ജയന്തി ദേശീയ യുവജനദിനമായാണ് ആഘോഷിക്കുന്നത് .
സ്വയം തളർന്നിരിക്കുമ്പോൾ എഴുന്നേറ്റ് നിൽക്കാൻ കരുത്തുപകരുന്ന ഒരു  ദർശനം  സ്വാമി വിവേകാനന്ദന്റേതുപോലെ മറ്റൊന്നില്ല

ആത്മവിശ്വാസമുണർത്തുന്ന ദർശനമാണത്. നവോത്ഥാനകാല നേട്ടങ്ങളിൽനിന്നുള്ള തിരിച്ചുനടത്തത്തിലേക്ക്പോകുന്ന നമ്മുടെ വർത്തമാനത്തിന് വിവേകാനന്ദനിൽ  കരുത്തു പകരുന്ന തിരുത്തിന്റെ  മാർഗദർശിയെ കാണാം. പിന്നിടുന്ന രണ്ടാം പ്രളയത്തിൽ  നാം ഏറ്റവും കൂടുതൽ ഓർത്ത വചനം കേരളം ഒരു ഭ്രാന്താലയമാണെന്ന അദ്ദേഹത്തിന്റെ വെളിപാടാണ്. 1892 നടത്തിയ കേരളപര്യടനം അദ്ദേഹത്തിന്റെ ഹൃദയത്തിലേല്പിച്ച മുറിവുകളാണ് വേദനിക്കുന്ന വിളിച്ചുപറയലിന്റെ  വേരുകൾ. തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ; വഴിനടക്കാൻ പറ്റാത്തവിധം മനുഷ്യരെ വിഭജിച്ചുനിർത്തിയ അയിത്താചാരങ്ങളിൽ കേരളം അകപ്പെട്ടുകിടന്ന അവസ്ഥയെ വിശദീകരിക്കാൻ പറ്റിയ ഉത്തമ രൂപകം തന്നെയായിരുന്നു ഭ്രാന്താലയം.
വ്യക്തിപരമായ ചിത്തഭ്രമങ്ങളെയല്ല പ്രകോപനം കൊണ്ട്  സ്വാമി ഉദ്ദേശിച്ചത് എന്ന് വ്യക്തമാണ്. സമൂഹം ഭിന്നിച്ചുനിൽക്കാനായി തിരഞ്ഞെടുത്ത ദുരാചാരങ്ങളുടെ ഭീകരതയെ ചൂണ്ടിക്കാട്ടി അവരെ ഉണർത്താനാണ്  127 വർഷംമുമ്പ്  ഭ്രാന്താലത്തിലെ മനുഷ്യരേ എന്ന് സ്വാമി നമ്മെ വിളിച്ചത്. വിളി നാം കേട്ടില്ല എന്ന് പറയാനാകില്ല. ആധുനിക കേരളം കെട്ടിപ്പെടുത്തതായി നാം കരുതുന്ന നവോത്ഥാനത്തിന്റെ സന്ദേശവാഹകർ പണിയെടുത്തത് കുത്തിയുണർത്തലിന്റെ വെളിച്ചത്തിലായിരുന്നു. സ്വാമി വിവേകാനന്ദനെ ഓർക്കാൻ വീണ്ടും ഒരു ദേശീയ യുവജനദിനം കൂടിവന്നുചേരുമ്പോൾ വെളിച്ചത്തിന് എന്തുസംഭവിച്ചു എന്ന് ആലോചിക്കുകയെന്നത്  പ്രധാനമാണ്. അതിന്  നാം ബാധ്യസ്ഥരായ ചരിത്രസന്ദർഭമാണിത്. നമ്മെ സൃഷ്ടിച്ച കാലത്തോട് നീതിപുലർത്താൻ രാജ്യത്തിന്റെ  ഭാവിപ്രതീക്ഷയായ യുവതലമുറ സ്വയം ഏറ്റെടുത്ത് നടത്തേണ്ട ആത്മപരിശോധനയാണിത്.

പലതരം ആത്മീയ ആചാര്യൻമാരെ നാം കണ്ടിട്ടുണ്ട്. സ്വാമി വിവേകാനന്ദന്റെ പ്രത്യേകത അദ്ദേഹത്തിന്റെ ദർശനം തീർത്തും പ്രായോഗികതയിൽ ഊന്നിനിന്നുകൊണ്ടുള്ള ഒന്നാണെന്നതാണ്. നാം ജീവിക്കുന്ന സമൂഹത്തെ അടിമുടി മെച്ചപ്പെടുത്താനും മാറ്റിത്തീർക്കാനും ലക്ഷ്യമിട്ടുകൊണ്ടുള്ള ഒരു കർമപദ്ധതി തന്നെയാണത്. മതത്തെ യുക്തിചിന്തയ്ക്ക് എതിരായല്ല സ്വാമി പ്രതിഷ്ഠിച്ചത്. ജാതി മത ചിന്തകൾക്കതീതമായി  ആത്മീയമായി മുന്നോട്ടുപോകാൻ മനുഷ്യരെ തുണയ്ക്കുന്ന പ്രായോഗികതയായാണ്. ഇരുമ്പിന്റെ മാംസപേശിയും ഉരുക്കിന്റെ ഞരമ്പുകളും അതിമാനുഷികമായ ഇച്ഛാശക്തിയുമുള്ള ഒരു തലമുറയെ അത് വിഭാവനം ചെയ്തു. അടിമകളെപ്പോലെയല്ല നാം ജോലിചെയ്യേണ്ടത് എന്ന് ഉദ്ബോധിപ്പിക്കുന്നതിലൂടെ സ്വാതന്ത്ര്യത്തിന്റെ സമഗ്രതയിൽ ഊന്നിനിന്നു. എന്നാൽ,  വാക്കുകൾ സൗകര്യംപോലെ മറന്നു എന്നതാണ് ഇന്ന് നാം നേരിടുന്ന ആത്മീയ പ്രതിസന്ധി.എഴുന്നേൽക്കുക, പ്രവർത്തിക്കുക, ലക്ഷ്യംനേടുന്നതുവരെ യത്നിക്കുക എന്ന സ്വാമി വിവേകാനന്ദന്റെ ആഹ്വാനം തന്റെ കാര്യത്തിലേക്ക് മാത്രമായി, ഉള്ളോട്ട് പിൻവാങ്ങുന്ന എല്ലാവർക്കും ബാധകമായ ഉണർത്തുപാട്ടാണ്. സ്വാമിജിയെ അറിഞ്ഞപ്പോൾ എന്റെ രാജ്യസ്നേഹം ആയിരംമടങ്ങായി എന്ന ഗാന്ധിജിയുടെ ഓർമപ്പെടുത്തലിന്റെ പ്രസക്തി ഇവിടെയാണ്.
അന്ധവിശ്വാസങ്ങളിലും ദുരാചാരങ്ങളിലും രാജ്യത്തെ കെട്ടിയിടാൻ  രാജ്യസ്നേഹികൾക്കാവില്ല. ഈനാട് ഒരു  ഭ്രാന്താലയമാവാതിരിക്കാൻ ഉയിർത്തെഴുന്നേൽക്കുക എന്നത് തന്നെയാകട്ടെ ദേശീയ യുവജന ദിനത്തിൽ നാം ഓർത്തെടുക്കേണ്ട പ്രതിജ്ഞ. .

പ്രൊഫ്. ജോൺ കുരാക്കാർ

No comments: