Pages

Thursday, February 15, 2018

കശ്മീരിൽ സമാധാനം എന്ന് ?എങ്ങനെ ?


കശ്മീരിൽ സമാധാനം 
 എന്ന് ?എങ്ങനെ ?

കശ്മീർ താഴ്വര അങ്ങേയറ്റം അശാന്തമായിക്കഴിഞ്ഞു. . അതിർത്തിയിൽ സാധാരണ ജനങ്ങൾപോലും ഭീകരതയ്ക്ക് ഇരയാവുകയാണ്. സൈനിക, അർധസൈനിക ക്യാംപുകൾ ആക്രമിക്കപ്പെടുന്നു. അപ്രതീക്ഷിതമായ ഭീകരാക്രമണങ്ങളിൽ സൈനികരുടേതും അവരുടെ ബന്ധുക്കളുടേതുമടക്കം എത്രയോ ജീവൻ നഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു. ഇങ്ങനെ നാൾതോറും പൊലിഞ്ഞുപോകാനുള്ളതാണോ വിലപ്പെട്ട ജീവൻ എന്ന ദുഃഖഭരിത ചോദ്യമാണ് രാജ്യമനസ്സാക്ഷിയിൽനിന്ന് ഉയരുന്നത്. ഈവർഷം ഒന്നര മാസം പിന്നിടുമ്പോൾത്തന്നെ സൈനിക ക്യാംപുകളിലടക്കം പത്ത് ഭീകരാക്രമണങ്ങളാണു കശ്മീർ കണ്ടത്.

കഴിഞ്ഞ ദിവസം ശ്രീനഗറിലെ കരൺനഗറിൽ സിആർപിഎഫ് കേന്ദ്രം ലക്ഷ്യമിട്ടെത്തിയ ഭീകരർ വെടിവയ്പ് നടത്തിയിരുന്നു. ഈ ആക്രമണത്തിന്റെയും ജമ്മുവിലെ സുൻജ്വാൻ കരസേനാ താവളത്തിൽ നടത്തിയ ആക്രമണത്തിന്റെയും ഉത്തരവാദിത്തം ലഷ്കറെ തയിബ ഏറ്റെടുത്തെങ്കിലും ജയ്ഷെ മുഹമ്മദാണ് ആക്രമണത്തിനു പിന്നിലെന്നും ഇവർക്കു നിർദേശം കിട്ടിയതു പാക്കിസ്ഥാനിൽനിന്നാണെന്നും ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യാവിരുദ്ധ ഭീകരരെ സഹായിക്കുന്നതിൽനിന്നു പാക്കിസ്ഥാനെ പിന്തിരിപ്പിക്കാൻ പലവിധ നയതന്ത്രമാർഗങ്ങളും ഇന്ത്യ പരിഗണിച്ചുവന്നിട്ടും തുടരാക്രമണങ്ങൾ ഉണ്ടാവുന്നതു സമാധാനശ്രമങ്ങളെത്തന്നെ സങ്കീർണമാക്കുന്നു.


ഇത്തരം ആക്രമണങ്ങൾ ഇന്ത്യപാക്ക് ബന്ധത്തെ വളരെ അപകടകരമായ വിധത്തിൽ വീണ്ടും പിടിച്ചുലച്ചിരിക്കുകയാണ്. സുൻജ്വാൻ ആക്രമണത്തിനു പാക്കിസ്ഥാൻ കനത്തവില നൽകേണ്ടിവരുമെന്ന് പ്രതിരോധമന്ത്രി നിർമലാ സീതാരാമൻ വ്യക്തമാക്കിക്കഴിഞ്ഞു. അതേസമയം, പാക്കിസ്ഥാനുമായി ചർച്ച നടത്തുകയാണു വേണ്ടതെന്നാണു കശ്മീർ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ നയപാത. കേന്ദ്രസർക്കാരും കശ്മീർ സർക്കാരും വ്യത്യസ്ത സ്വരങ്ങളിൽ സംസാരിക്കുന്നത് ആശയക്കുഴപ്പമുണ്ടാക്കുകയും ചെയ്യുന്നുണ്ട്. നമ്മുടെ സൈനിക ക്യാംപുകൾക്കു നേരെ വർധിച്ചുവരുന്ന ആക്രമണങ്ങൾക്കു സുരക്ഷാ സംവിധാനത്തിലെ പാളിച്ചകളെയും ഇന്റലിജൻസ് വീഴ്ചകളെയും പഴിപറയാമെങ്കിലും അതിനപ്പുറത്തേക്കുകൂടി നോക്കിവേണം കാര്യങ്ങളെ വിലയിരുത്താൻ.

സുൻജ്വാനിൽ ഭീകരർക്കു നാട്ടുകാരുടെ സഹായം ലഭിച്ചിരുന്നുവെന്നു പ്രതിരോധ മന്ത്രി പറഞ്ഞതു പ്രശ്നത്തിന്റെ സങ്കീർണാവസ്ഥ കുറച്ചുകൂടി വെളിപ്പെടുത്തുന്നു. കഴിഞ്ഞ കുറച്ചു വർഷമായി കശ്മീർ ജനതയുടെ യഥാർഥ പ്രശ്നങ്ങളെ കൃത്യമായി അഭിമുഖീകരിക്കാൻ കേന്ദ്രസംസ്ഥാന സർക്കാരുകൾക്കു സാധിക്കുന്നില്ലെന്നതു വസ്തുതയാണ്. ജനങ്ങളിൽ ആത്മവിശ്വാസം വളർത്താനുള്ള മാർഗങ്ങൾ കണ്ടെത്തി, നഷ്ടപ്പെട്ട വിശ്വാസ്യത തിരിച്ചുപിടിക്കാൻ കേന്ദ്രസംസ്ഥാന സർക്കാരുകൾക്കായില്ല. കശ്മീരിനെ സമാധാനത്തിലേക്കു കൊണ്ടുവരാനുള്ള വലിയ ശ്രമങ്ങൾക്കൊന്നും തുടക്കമിടാൻ മെഹ്ബൂബ ഭരണകൂടത്തിനു കഴിയാതിരുന്നതു മറ്റൊരു വീഴ്ച. കശ്മീർ പ്രശ്നപരിഹാരത്തിനു കേന്ദ്രസർക്കാരിന്റെ മധ്യസ്ഥനായി നിയോഗിച്ച ഇന്റലിജൻസ് ബ്യൂറോയുടെ മുൻ ഡയറക്ടർ ദിനേശ്വർ ശർമയ്ക്കാകട്ടെ പ്രസ്താവനകൾക്കപ്പുറത്ത് കാര്യമായൊന്നും ഇതുവരെ ചെയ്യാനുമായിട്ടില്ല.

അധികാര വികേന്ദ്രീകരണം സാധ്യമാക്കുന്ന പ്രാദേശിക സമിതികളുടെ ശാക്തീകരണം ഉണ്ടാവുന്നില്ലെന്നു മാത്രമല്ല, പഞ്ചായത്ത് തിരഞ്ഞെടുപ്പു തന്നെ അവിടെ അനിശ്ചിതാവസ്ഥയിലാണ്. മാറി വന്ന കശ്മീർ സർക്കാരുകൾക്കു ജനങ്ങളോടും ജനങ്ങൾക്കു സർക്കാരിനോടുമുള്ള സമീപനത്തിൽ മാറ്റം ഉണ്ടായില്ല എന്നതും വസ്തുതയാണ്.

സുരക്ഷയുടെ വിള്ളലിലൂടെ കടന്നുവരുന്ന ഭീകരന്മാരെ ഇനിയും നമ്മുടെ സൈനികരുടെ ജീവൻ കവരാൻ അനുവദിച്ചുകൂടാ. അതിനായി, അതിർത്തി കൂടുതൽ സുരക്ഷിതമാക്കിയും നിരീക്ഷണസംവിധാനങ്ങൾ ശക്തിപ്പെടുത്തിയും ഇന്ത്യ കൂടുതൽ സജ്ജമാകേണ്ടതുണ്ട്. ഇതിനിടെ, രാജ്യത്തിനുവേണ്ടി ജീവൻപോലും ത്യജിക്കുന്ന നമ്മുടെ ജവാന്മാരെ അവഹേളിക്കുന്നവിധത്തിലുള്ള വിലകുറഞ്ഞ പരാമർശങ്ങളുണ്ടാവുന്നതു നിർഭാഗ്യകരംതന്നെ; പ്രതിഷേധാർഹവും.

സൈനികരെയും അവരുടെ കുടുംബങ്ങളെയും ലക്ഷ്യമിട്ടു സൈനിക ക്യാംപുകൾക്കു നേരെ വർധിച്ചുവരുന്ന ആക്രമണങ്ങൾ ദേശീയ സുരക്ഷാ സംവിധാനത്തിനും കേന്ദ്ര സർക്കാരിനും വലിയ തലവേദനയായി മാറിയിരിക്കുകയാണ്. കശ്മീർ സംബന്ധിച്ച നരേന്ദ്ര മോദി സർക്കാരിന്റെ നയത്തെ പ്രതിപക്ഷം ചോദ്യം ചെയ്യുന്നു. കശ്മീരിൽ ഭരിക്കുന്ന പിഡിപി – ബിജെപി സർക്കാരിനു നേരെയും ചോദ്യങ്ങളുയരുന്നു. മോദിയുടെ ഭരണം അവസാനഘട്ടത്തിലേക്കു കടക്കുകയാണ്. മുഫ്തി മുഹമ്മദ് സയീദും ഇപ്പോൾ മകൾ മെഹ്ബൂബ മുഫ്തിയും നയിക്കുന്ന സംസ്ഥാന സർക്കാരും അതിന്റെ കാലാവധിയുടെ പാതി പിന്നിടുന്നു.

അതിർത്തിയിൽ പാക്കിസ്ഥാന്റെ പ്രകോപനങ്ങൾക്കു കടുത്ത മറുപടിയാണു നമ്മുടെ സൈന്യം നൽകുന്നത്, രാജ്യാന്തര അതിർത്തിയിലും നിയന്ത്രണരേഖയിലും സർജിക്കൽ സ്ട്രൈക്കുകൾ നടത്തിയതടക്കം. പക്ഷേ, അതിർത്തിയിൽ സാധാരണ ജനങ്ങളും കൊല്ലപ്പെടുന്നു. അതിർത്തിയിൽനിന്നകലെയുള്ള സൈനിക, അർധസൈനിക ക്യാംപുകൾ നിരന്തരം ആക്രമിക്കപ്പെടുന്നു. സൈനികരുടേതും അവരുടെ ബന്ധുക്കളുടേതുമടക്കം വിലയേറിയ ജീവനുകളാണു നഷ്ടമാകുന്നത്. ഇത്തരം ആക്രമണങ്ങൾ സമാധാനശ്രമങ്ങളെ നിഷ്ഫലമാക്കുകയാണ്.



ദേശീയ തലത്തിലും കശ്മീരിലുമുണ്ടായ രാഷ്ട്രീയ മാറ്റങ്ങൾ, ആറുപതിറ്റാണ്ടു നീണ്ട കശ്മീർ സംഘർഷങ്ങൾക്ക് അറുതിവരുത്തുമെന്ന പ്രതീക്ഷയുണർത്തിയിരുന്നു ഏതാനും വർഷം മുൻപ്. വ്യക്തമായ ഭൂരിപക്ഷത്തോടെ നരേന്ദ്ര മോദി സർക്കാർ കേന്ദ്രത്തിൽ അധികാരത്തിലെത്തി. സത്യപ്രതിജ്ഞാച്ചടങ്ങിനു പാക്ക് പ്രധാനമന്ത്രിയെ അടക്കം ക്ഷണിച്ചുകൊണ്ടു മോദി സമാധാനക്കൊടി വീശി. പിന്നീട് 2015 ഡിസംബറിൽ നവാസ് ഷരീഫിനെ കാണാൻ അപ്രതീക്ഷിതമായി മോദി ലഹോറിലേക്കു പോയി. ഇതിനിടെ കശ്മീരിൽ പിഡിപി – ബിജെപി സഖ്യസർക്കാർ അധികാരത്തിലെത്തി. സ്ഥിതിഗതികളിൽ മാറ്റമുണ്ടാകുമെന്ന പ്രതീക്ഷ സജീവമായി. പക്ഷേ, പഠാൻകോട്ട് വ്യോമസേനാ താവളത്തിനു നേരെയുണ്ടായ ആക്രമണം കാര്യങ്ങൾ ആകെ മാറ്റിമറിച്ചു. ചർച്ചകളിലൂടെയുള്ള പ്രശ്നപരിഹാരമെന്ന പ്രധാനമന്ത്രിയുടെ താൽപര്യത്തിനു മേൽ അതു കരിനിഴൽ വീഴ്ത്തി.

മോദി സർക്കാരിന്റെ ആദ്യ രണ്ടു വർഷം ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങായിരുന്നു കശ്മീരിൽ സമാധാനം തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങൾക്കു നേതൃത്വം നൽകിയത്. എന്നാൽ, രണ്ടു മുതിർന്ന ജനറൽമാരെ മറികടന്ന്, കരസേനാ മേധാവിയായി വാക്കിലും പ്രവൃത്തിയിലും കർക്കശക്കാരനായ ജനറൽ ബിപിൻ റാവത്തിനെ മോദി നിശ്ചയിച്ചതോടെ രാജ്നാഥ് കശ്മീർ യാത്രകൾ അവസാനിപ്പിച്ചു; അവിടത്തെ സ്ഥിതി കൈകാര്യം ചെയ്യുന്ന ദൗത്യം പ്രധാനമന്ത്രിക്കും അദ്ദേഹത്തിന്റെ ഉപദേശകർക്കും വിട്ടുകൊടുത്ത്.

ഇതിനിടെയാണു കശ്മീർ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയീദിന്റെ മരണം. തുടർന്ന് പിഡിപി – ബിജെപി സഖ്യം സംബന്ധിച്ച അനിശ്ചിതത്വം നീണ്ടതു സ്ഥിതി വഷളാക്കിയെന്നും പറയാം. ഒടുവിൽ സഖ്യത്തെ കഷ്ടിച്ചു രക്ഷപ്പെടുത്തിയെടുത്തെങ്കിലും മുഖ്യമന്ത്രിയായ മെഹ്ബൂബ മുഫ്തി മുൻപു രാഷ്ട്രീയ നേതാവായിരുന്ന മെഹ്ബൂബയുടെ നിഴലേ ആയുള്ളൂ, പ്രത്യേകിച്ച്, വിഘടനവാദികൾ അടക്കമുള്ളവരിലേക്കു ചർച്ചകളുടെ വാതിൽ തുറന്നിടുന്ന കാര്യത്തിൽ. സൈന്യത്തിനു നേരെ കല്ലേറു നടത്തിയ നൂറുകണക്കിന് യുവാക്കളെ മെഹ്ബൂബ ഭരണകൂടം വിട്ടയച്ചെങ്കിലും, സംസ്ഥാനത്തെ സമാധാനത്തിലേക്കു കൊണ്ടുവരാനുള്ള കാര്യമായ ശ്രമങ്ങൾക്കൊന്നും തുടക്കമിടാൻ അവർക്കു കഴിഞ്ഞിട്ടില്ല.

ഇന്റലിജൻസ് ബ്യൂറോയുടെ മുൻ ഡയറക്ടർ ദിനേശ്വർ ശർമയെ മോദി കശ്മീർ പ്രശ്നപരിഹാരത്തിനു സർക്കാരിന്റെ മധ്യസ്ഥനായി നിയോഗിച്ചിട്ടുണ്ട്. പക്ഷേ, കേന്ദ്രമന്ത്രിസഭയിൽ രണ്ടാമനായ ആഭ്യന്തരമന്ത്രിക്കു സാധിക്കുമായിരുന്നത്ര മുന്നോട്ടുപോകാൻ ഒരു ഉദ്യോഗസ്ഥനു തടസ്സങ്ങളുണ്ടെന്ന കാര്യം വിസ്മരിക്കാനാകില്ല. ദിനേശ്വർ ശർമ കശ്മീരിൽ പല ഗ്രൂപ്പുകളുമായി സംസാരിച്ചുവെങ്കിലും, വിഘടനവാദികൾ ചർച്ചയ്ക്കു തയാറല്ല.

സമാധാനശ്രമങ്ങൾ ദുർബലമായി മുന്നോട്ടു പോകുമ്പോൾ, പാക്കിസ്ഥാനിലെ തീവ്രവാദികൾ ഇന്ത്യൻ സൈന്യത്തിനു നേരെയുള്ള ആക്രമണം ശക്തിപ്പെടുത്തുന്നു. കശ്മീർ വീണ്ടും തിളയ്ക്കുകയാണ്. അവിടെ, കേന്ദ്രത്തിലെയും സംസ്ഥാനത്തെയും സർക്കാരുകളുടെ സുനിശ്ചിതമായ ഇടപെടലുകൾ ആവശ്യമാണ്, രാഷ്ട്രീയമായും സുരക്ഷാപരമായും

സംഘര്ഷഭരിതമായ കശ്മീരില് സമാധാനം പുന:സ്ഥാപിക്കാനുള്ള ശ്രമങ്ങള് ഏറെ വൈകിയാണെങ്കിലും കേന്ദ്രസര്ക്കാര് തുടങ്ങി. ചര്ച്ചകള്ക്ക് പ്രതിനിധിയായി കേരള കേഡര് െഎ.പി.എസ് ഉദ്യോഗസ്ഥനായിരുന്ന ദിനേശ് ശര്മ്മ. വിഘടനവാദികളുമായി ചര്ച്ചയ്ക്ക് പച്ചക്കൊടി. കേന്ദ്രസര്ക്കാര് തീരുമാനത്തെ ജമ്മുകശ്മീര് ഭരിക്കുന്ന പിഡിപിയും പ്രതിപക്ഷപാര്ട്ടിയായ നാഷ്ണല് കോണ്ഫ്രന്സും കൈയ്യടിച്ച് സ്വീകരിച്ചു. എല്ലാം ഒറ്റയടിക്ക് കലങ്ങിത്തെളിയുമെന്ന വ്യാമോഹമൊന്നുമില്ലെങ്കിലും പ്രശ്നങ്ങള് തല്ക്കാലത്തേയ്ക്ക് ഒന്നൊതുക്കിയെന്ന് കരുതിയിക്കുമ്പോഴാണ് പുതിയ വിവാദങ്ങള് തലപൊക്കിയത് . ജനങ്ങളെ വിശ്വാസത്തിലെടുത്തും ഒപ്പം നിര്ത്തിയും മാത്രമേ ജനാധിപത്യ രാജ്യത്തിന് മുന്നോട്ടുപോകാന് കഴിയൂ..

Prof. John Kurakar


No comments: