സിൽവർ ലൈൻ പദ്ധതിക്കു പകരം അതിവേഗ റെയിൽ വരും
സിൽവർ ലൈൻ പദ്ധതിക്കുള്ള പ്രധാന എതിർപ്പ് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു.ജനങ്ങളെ വേണ്ട രീതിയിൽ കാര്യങ്ങൾ ബോദ്ധ്യപ്പെടുത്താതെ അവരുടെ പുരയിടങ്ങളിലും അടുക്കളയിലുമൊക്കെ മഞ്ഞക്കുറ്റി ഇട്ടത് എടുത്തുചാടിയുള്ള നടപടി ആയിരുന്നു. അതാണ് തിരിച്ചടിയായത്. എത്ര ഭൂമി എടുക്കുമെന്നോ എത്ര രൂപ നഷ്ടപരിഹാരം കിട്ടുമെന്നോ ആർക്കും ഒരു പിടിയുമില്ലായിരുന്നു. അതാണ് മുഴുവൻ ജനങ്ങളുടെയും എതിർപ്പിനിടയാക്കിയത്. ഭൂരിപക്ഷം ജനങ്ങളുടെയും പിന്തുണയോടുകൂടി വേണം ഏതൊരു വലിയ പദ്ധതിയും നടപ്പിലാക്കാൻ.
മെട്രോമാൻ ഇ.ശ്രീധരൻ മുന്നോട്ടുവച്ചിരിക്കുന്ന അതിവേഗ റെയിൽപദ്ധതിയുടെ ഏറ്റവും വലിയ സ്വീകാര്യത ആ പദ്ധതി നടപ്പാക്കുന്നതിന് അധികം ഭൂമി ഏറ്റെടുക്കേണ്ടി വരില്ല എന്നതാണ്. ഭൂഗർഭപാതയിലൂടെയും ഉയരപാതകളിലൂടെയുമാവും ഈ അതിവേഗ റെയിൽ കടന്നുപോകുക. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ നിർദ്ദേശപ്രകാരമാണ് ഈ അതിവേഗ റെയിൽ പദ്ധതിയുടെ രൂപരേഖ തയ്യാറാക്കിയിട്ടുള്ളത്. അതുകൊണ്ട് തന്നെ കേന്ദ്രത്തിൽ നിന്ന് പൊതുവെ അനുഭാവപൂർണമായ സമീപനമാവും ഈ പദ്ധതിയോട് ഉണ്ടാവുക എന്ന് പ്രതീക്ഷിക്കാവുന്നതുമാണ്.
അഞ്ച് വർഷ കാലാവധി പൂർത്തിയാവുന്ന മുറയ്ക്ക് അതിവേഗ പാതയുടെ തൊണ്ണൂറ് ശതമാനമെങ്കിലും പൂർത്തിയാക്കാനാവുമെന്ന് കരുതാം. ഈ അതിവേഗ പാത കേരളത്തിന്റെ വികസനത്തിലും യാത്രാക്ളേശം പരിഹരിക്കുന്നതിലും സ്വപ്നതുല്യമായ കുതിച്ചുചാട്ടത്തിന് ഇടയാക്കും .മൂന്ന് വിമാനത്താവളങ്ങളെ ബന്ധിപ്പിച്ച് 180 കിലോമീറ്റർ വേഗത്തിൽ ട്രെയിൻ ഓടിക്കാനാവുന്ന പദ്ധതിയാണിത്. 465 കിലോമീറ്റർ ദൂരം 3.20 മണിക്കൂറിൽ എത്താനാവുമെന്നത് ചെറിയ കാര്യമല്ല. പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ കണ്ണൂരിൽ നിന്ന് മംഗളൂരുവിലേക്കും കോഴിക്കോട്ട് നിന്ന് കൽപ്പറ്റയിലേക്കും പട്ടാമ്പിയിൽ നിന്ന് പാലക്കാട്ടേക്കും തൃശൂരിൽ നിന്ന് ഗുരുവായൂരിലേക്കും നീട്ടാനാവുന്ന പദ്ധതിയാണിത്. അതിവേഗ പാതയുടെ തീരുമാനം അതിവേഗത്തിൽ തന്നെ സംസ്ഥാന സർക്കാരിൽ നിന്നുണ്ടാകുമെന്ന് പ്രതീക്ഷിക്കാം..വി.ഡി. സതീശൻ മുഖ്യമന്ത്രിയായി യുഡിഎഫ് സർക്കാർ വന്നശേഷം ആദ്യമെടുത്ത നടപടികളിലൊന്നായിരുന്നു ഇത് .
അതിവേഗ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശനും മെട്രോമാൻ ഇ. ശ്രീധരനും തമ്മിൽ തിരുവനന്തപുരം സെക്രട്ടറിയേറ്റിൽ വെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. അതിവേഗ റെയിൽപാതയ്ക്കായി ഇ. ശ്രീധരൻ മുന്നോട്ടുവെച്ച ബദൽ പാത നിർദേശം സർക്കാർ ഏറ്റെടുക്കാൻ ആലോചിക്കുന്നതായാണ് അറിയുന്നത്. 86,000 കോടി രൂപയാണ് നിലവിൽ പദ്ധതിക്കായി പ്രതീക്ഷിക്കുന്ന നിർമാണ ചെലവ്. ലോകത്തിലെ ആധുനിക റെയിൽവേ സംവിധാനങ്ങൾക്ക് അനുയോജ്യമായ സ്റ്റാൻഡേർഡ് ഗേജിലാണ് ഈ ഇരട്ടപ്പാത നിർമിക്കുന്നത്. തുടക്കത്തിൽ 12 കോച്ചുകളിൽ യാത്ര ആരംഭിക്കുന്ന പദ്ധതി, ഭാവിയിൽ 16 കോച്ചുകൾ വരെ വർധിപ്പിച്ച് സർവീസ് നടത്താൻ സാധിക്കും. തുടക്കത്തിൽ 800 യാത്രക്കാർക്ക് സഞ്ചരിക്കാവുന്ന ട്രെയിനിൽ കോച്ചുകളുടെ എണ്ണം വർധിപ്പിക്കുന്നതോടൊപ്പം സർവീസിൻ്റെ എണ്ണവും വർധിപ്പിക്കുന്നതോടെ പ്രതിദിനം 2.28 ലക്ഷം യാത്രക്കാരെ വഹിക്കാൻ ശേഷിയുണ്ടാകും. പദ്ധതിക്ക് ഔദ്യോഗിക അനുമതി ലഭിച്ചാൽ അഞ്ച് വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കാൻ കഴിയും. സ്വന്തം സൗരോർജ പ്ലാൻ്റുകളിൽനിന്നുള്ള വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ ഹരിത റെയിൽ ഇടനാഴിയായിരിക്കും ഇത്. കൂടാതെ ആവശ്യമായ ഊർജം ഉൽപ്പാദിപ്പിച്ച ശേഷം ബാക്കിവരുന്ന വൈദ്യുതി കെഎസ്ഇബിക്ക് നൽകാനും പദ്ധതി ലക്ഷ്യമിടുന്നു.സമയവും ചെലവും കുറച്ചുള്ള പുതിയ മോഡലാണ് മുന്നോട്ട് വെക്കുന്നതെന്ന് ഇ. ശ്രീധരൻ പറയുന്നു. എസി ചെയർ കാർ ചെലവിലായിരിക്കും ടിക്കറ്റ് നിരക്ക് കണക്കാക്കുക. തിരുവനന്തപുരം നഗരത്തിലെ 6.5 കിലോമീറ്റർ ദൂരം ടണലിലൂടെയോ ഭൂമിക്കടിയിലൂടെയോ കടന്നുപോകുമെങ്കിലും ബാക്കിയുള്ള മുഴുവൻ പാതയും ആകാശപാത ആയിട്ടാണ് നിർമിക്കുക. ഇതിനായി 20 മീറ്റർ വീതിയിൽ മാത്രം ഭൂമി ഏറ്റെടുത്താൽ മതിയാകും. തൂണുകളിലൂടെയും തുരങ്കങ്ങളിലൂടെയുമാണ് ഭൂരിഭാഗം പാത കടന്നു പോവുക. ഇക്കാരണത്താൽ ചെലവ് കുറയും. വന്ദേ ഭാരതിൻ്റെ നിരക്ക് പോലും വരില്ല. മൂന്ന് മാസത്തിനകം ഫീൽഡ് സർവേ തീർക്കാനാണ് തീരുമാനം. സർക്കാർ ശക്തമായ എതിർപ്പിനെ നേരിടേണ്ടി വരും .
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment
Please enter you valuable comments... Suggestions and ideas are always welcome...
Prof John Kurakar