ഭാഗ്യസ്മരണാര്‍ഹനായ പരിശുദ്ധ ബസേലിയോസ്മാര്ത്തോമ്മാ ദിദിമോസ് പ്രഥമന്‍ കാതോലിക്കാ ബാവ
(വലിയ ബാവ):-
1921 ഒക്ടോബർ 29 ാം തീയതി ഇട്ടിയവിര തോമസിന്റെയും ശോശാമ്മയുടെയും മകനായി മാവേലിക്കരയിൽ ജനനം. സി.റ്റി. തോമസ് എന്നായിരുന്നു ആദ്യനാമം. കോട്ടയം സി.എം.എസ് കോളേജിൽ നിന്ന് ഇന്റർമീഡിയറ്റ് വിദ്യാഭ്യാസത്തിന് ശേഷം തിരുച്ചിറപ്പള്ളി നാഷണൽ കോളേജ്, മദ്രാസ് മാസ്റ്റൺ ട്രെയിനിംഗ് കോളേജ്, കാൺപൂർ ക്രൈസ്റ്റ് ചർച്ച് കോളേജ് എന്നിവിടങ്ങളിൽ നിന്നായി വിവിധ ബിരുദങ്ങൾ നേടി. 1950-ൽ വൈദികനായി. തിരുച്ചിറപ്പള്ളി പൊന്നയ്യ ഹൈസ്കൂൾ, പത്തനാപുരം സെന്റ് സ്റ്റീഫൻസ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ പ്രധാന അധ്യാപകനായും പത്തനാപുരം സെന്റ് സ്റ്റീഫൻസ് കോളേജിൽ ഇംഗ്ലീഷ് വിഭാഗം പ്രൊഫസറായും സേവനം അനുഷ്ഠിച്ചു. പതിനെട്ടാമത്തെ വയസ്സിൽ 1939 ൽ പത്താനപുരത്തെ തബോർ ദയാറായിൽ (തോമ മാർ ദിവന്നാസിയോസിന്റെ ശിഷ്യനായി) ചേർന്നു.
1966 മുതൽ തോമസ് മാർ തീമോത്തിയോസ് എന്ന നാമധേയത്തിൽ മലബാർ ഭദ്രാസനത്തിന്റെ മെത്രാപ്പോലീത്തയായിരുന്നു.1992 സെപ്റ്റംബര്‍ 10- ാം തീയതി കൂടിയ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ ഭാഗ്യസ്മരണാര്ഹനായ പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് ദ്വിതീയന്റെ പിൻഗാമിയായി നിയുക്ത കാതോലിക്കോസ് സ്ഥാനത്തേക്ക് തെരഞ്ഞെടുത്തു. ബസേലിയോസ് മാർത്തോമാ മാത്യൂസ് ദ്വിതീയൻ ( മലങ്കരയുടെ സൂര്യതേജസ്സ്) പദവി ഒഴിഞ്ഞതിനെ തുടർന്ന് 2005 ഒക്ടോബർ 31ാം- തീയതി പരിശുദ്ധ ബസേലിയോസ് മാർത്തോമാ ദിദിമോസ് പ്രഥമൻ എന്ന പേരിൽ പരുമല സെമിനാരിയിൽ വെച്ചു ഇരുപതാം മലങ്കര മെത്രാപ്പോലീത്തായും
മലങ്കരയിലെ ഏഴാമത്തെ പൗരസ്ത്യ കാതോലിക്കോസും, മലങ്കര മെത്രാപ്പോലീത്തയുമായി അവരോധിക്കപ്പെട്ടു.
നാലു മൂറോൻ കൂദാശകളിൽ സഹകാർമ്മികനായിരുന്ന
വലിയ ബാവ2009 ഏപ്രിൽ 4-ന് നടന്ന മൂറോൻ കൂദാശയിൽ പ്രധാന കാർമികനായിരുന്നു. ഏറ്റവും അധികം മെത്രാന്മാരെ വാഴിച്ചതും (14 പേർ), സഭയുടെ എപ്പിസ്ക്കോപ്പൽ സുന്നഹദോസിന്റെ അംഗസംഖ്യ (33 പേർ) എക്കാലത്തേതിലും വലുതാക്കി തീര്ക്കുകയും ചെയ്തത് വലിയ ബാവാ കാതോലിക്കയായിരുന്നപ്പോഴാണ്. വനിതകൾക്ക് പൊതുയോഗങ്ങളിൽ സംബന്ധിക്കുവാൻ അനുവാദം നൽകിയതും, മെത്രാൻ തെരഞ്ഞെടുപ്പിന് മാനദണ്ഡവും പെരുമാറ്റചട്ടവും ഏർപ്പെടുത്തിയതും വലിയ ബാവായാണ് .
2010 ഒക്ടോബറിൽ പ്രായാധിക്യം മൂലം സ്ഥാനം ഒഴിഞ്ഞ വലിയ ബാവ നിയുക്ത കാതോലിക്കാ ആയിരുന്ന പൗലോസ് മാർ മിലിത്തിയോസിനെ 2010 നവംബർ 1 ാം തീയതി പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ എന്ന പേരിൽ സഭയുടെ പുതിയ എട്ടാമത്തെ കാതോലിക്കാ ആയി വാഴിച്ചു. ദിദിമോസ് തിരുമേനിക്ക് വലിയ ബാവാ എന്ന സ്ഥാനമായിരുന്നു മലങ്കര ഓര്ത്തഡോക്സ് സഭ നൽകിയിരിക്കുന്നത്. വാർധക്യ സഹജമായ രോഗംമൂലം വലിയ തിരുമേനിയെ പരുമല സെന്റ് ഗ്രിഗോറിയസ്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രോഗം മൂർച്ചിച്ചതിനെ തുടർന്ന് 2014 മെയ് 26ന് വലിയ തിരുമേനി കാലം ചെയ്തു.
2014 മെയ് 26ാം തീയതി കാലം ചെയ്ത വലിയ ബാവാ തിരുമേനിയെ പത്തനാപുരം മൗണ്ട് താബോർ ദയറയിൽ 28ാം തീയതി ജനസാഗരത്തെ സക്ഷിയാക്കി കബറടക്കിയിരിക്കുന്നു. പ്രതിസന്ധികളെ പ്രാര്ത്ഥനയിലൂടെ അതിജീവിച്ച ആത്മീയതേജസ് ആയിരുന്നു വന്ദ്യ പിതാവ്.
എന്നും കൂടപ്പിറപ്പായിരുന്ന പ്രാരാബ്ദ്ധങ്ങളെ , വലിയ ബാവ അതിജീവിച്ചത് പ്രാര്‍ഥനയിലൂടെ.
httpsതിരുവല്ല മുളമൂട്ടില്‍ ഇട്ടിയവിര തോമസിന്റെയും ശോശാമ്മയുടെയും നാലാമത്തെ മകനില്‍നിന്ന് വലിയ ബാവയിലേക്കുള്ള ദൂരം ആകസ്മികതകളുടേതായിരുന്നു. തീര്ത്തും ദുരിതപൂര്ണമായിരുന്നു ചെറുപ്പം. മാവേലിക്കര പുതിയകാവ് പള്ളിയിലെ അള്ത്താര ബാലനായിരിക്കേയാണ് വൈദിക ജീവിതത്തിലേക്ക് ആകൃഷ്ടനായത്.
കൊച്ചുതോമസ് ആശ്രമജീവിതത്തിലേക്കു പ്രവേശിക്കുമ്പോള്‍ പത്തനാപുരം മൗണ്ട് ദയറ പരീക്ഷണങ്ങളിലൊന്നായിരുന്നു. അക്കാലയളവില്‍ റമ്പാനായിരുന്ന തോമാ മാര്‍ ദിവന്നാസിയോസിനൊപ്പമായിരുന്നു ആശ്രമജീവിതം. ഓലഷെഡ് മാത്രമായിരുന്നു അന്ന് ആശ്രമം. രാത്രിയില്‍ സമീപത്തെ സ്കൂള്‍ മുറിയില്‍ കഴിഞ്ഞിരുന്ന തോമസ് പറമ്പു കിളച്ചു വാഴയും, കപ്പയും, നടാന്‍ മുന്നിട്ടിറങ്ങി. തുടര്‍ന്ന് ആത്മീയരംഗങ്ങളില്‍ വളര്‍ച്ചയുടെ പടവുകള്‍ കയറിയപ്പോഴും പ്രതിസന്ധികള്‍ ഓരോന്നായി കാത്തിരുന്നു. മെത്രാനായ ശേഷം ആദ്യം നിയമനം കിട്ടിയത് മലബാര്‍ ഭദ്രാസനത്തിന്റെ അധിപനായാണ് .
തിരുമേനിയുടെ ആത്മീയ ജീവിതത്തിലെ ഏറ്റവും തീക്ഷ്ണമായ കാലമായിരുന്നു ഇത്. മലബാറിന്റെ മെത്രാനായ ശേഷവും ബസിലായിരുന്നു യാത്ര. ഭദ്രാസനത്തിന്റെ സാമ്പത്തിക പ്രതിസന്ധിയായിരുന്നു ഇതിനു കാരണം. പിന്നീട് ഇവിടെയുള്ള വിശ്വാസികള്‍ നല്കിയ വാഹനങ്ങളിലായി യാത്ര.ഭൂരിഭാഗവും കുടിയേറ്റക്കാരായ മലബാര്‍ ഭദ്രാസനത്തിന്റെ വളര്‍ച്ചയ്ക്ക് അഹോരാത്രം പരിശ്രമിക്കുമ്പോള്‍ സ്വന്തമായി താമസിക്കാന്‍ പോലും സ്ഥലമില്ലായിരുന്നു. കോഴിക്കോട് ബിലാത്തിക്കുളം സെന്റ് ജോര്‍ജ് കത്തീഡ്രലിന്റെ പഴയ കെട്ടിടത്തിലായിരുന്നു ഇക്കാലയളവിലെ താമസം. ചാത്തമംഗലത്ത് സ്ഥലം വാങ്ങി ഒരു കിടപ്പുമുറി മാത്രമുള്ള ചെറിയ താമസസ്ഥലമൊരുക്കിയത് പിന്നീടാണ്. പുറംനാടുകളില്‍ മെത്രാപ്പോലീത്ത നേരിട്ടു പോയി പിരിവെടുത്താണു സഭയുടെ ഭൗതിക വളര്‍ച്ചയ്ക്ക് ആവശ്യമായ സാഹചര്യമൊരുക്കിയത്.
മെത്രാപ്പോലീത്തയായി 80 ഇടവകകളാണ് മലബാര്‍ ഭദ്രാസനത്തിലുണ്ടായിരുന്നത്. അദ്ദേഹം സേവനം പൂര്ത്തിയാക്കി മടങ്ങുമ്പോള്‍ ഇടവകകളുടെ എണ്ണം ഇരട്ടിയായി വര്ധിച്ചിരുന്നു. സഭയ്ക്ക് ബത്തേരിയെന്ന പുതിയൊരു ഭദ്രാസനവും ഇതില്‍ നിന്നുണ്ടായി. കോഴിക്കോട് തുടങ്ങിയ മാര്‍ ഗ്രിഗോറിയോസ് സെന്ററും പ്രതിസന്ധിക്കിടയിലെ മറ്റൊരു നേട്ടമാണ്.പ്രസംഗത്തേക്കാള്‍ വലുത് കര്‍മമാണെന്നു വിശ്വസിച്ച വലിയ ബാവ ദേവലോകം ആസ്ഥാനത്തെത്തുമ്പോള്‍ അവിടെയും തിരുമേനിയെ കാത്തിരുന്നതു പ്രതിസന്ധികളായിരുന്നു. സഭ, ഏറ്റവും വലിയ വെല്ലുവിളികള്‍ നേരിട്ടത് 2005 ല്‍ അദ്ദേഹം ബാവയായി സ്ഥാനമേറ്റെടുത്തതു മുതലുള്ള അഞ്ചു വര്ഷമായിരുന്നു. എന്നാല്‍, സൗമ്യമായ പുഞ്ചിരിയിലൂടെ ഈ പ്രതിസന്ധികളെയെല്ലാം അതിജീവിക്കാന്‍ ബാവയ്ക്കായി. പത്തനാപുരം മൗണ്ട് താബോറിലെ കബറില്‍ നിന്നും മലങ്കര സഭാ മക്കള്ക്കു വേണ്ടി പ്രാര്ത്ഥനയോടെ അന്ത്യവിശ്രമം കൊള്ളുന്ന വന്ദ്യ പിതാവിന്റെ ഓര്മ്മ ശാശ്വതമാകട്ടെ '
പ്രൊഫ്. ജോൺ കുരാക്കാർ

No comments:
Post a Comment
Please enter you valuable comments... Suggestions and ideas are always welcome...
Prof John Kurakar