Pages

Tuesday, December 9, 2025

കേരളത്തിൽ പക്ഷംതിരിഞ്ഞുള്ള വലിയ ചർച്ചയ്ക്കു കളമൊരുക്കിയ വിധി

 

കേരളത്തിൽ പക്ഷംതിരിഞ്ഞുള്ള വലിയ ചർച്ചയ്ക്കു കളമൊരുക്കിയ  വിധി

കേരളവും രാജ്യംതന്നെയും കാത്തിരുന്ന കേസിൽ വിധി വന്നു . ക്വട്ടേഷൻപ്രകാരം നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽനിന്നുണ്ടായ വിധി പൊതുസമൂഹത്തിൽ പക്ഷംതിരിഞ്ഞുള്ള വലിയ ചർച്ചയ്ക്കു കാരണമായിരിക്കുന്നു. ഒന്നുമുതൽ ആറുവരെ പ്രതികൾ കുറ്റക്കാരെന്നു കോടതി കണ്ടെത്തി. നടൻ ദിലീപ് അടക്കമുള്ള നാലു പ്രതികളെ വിട്ടയയ്ക്കുകയും ചെയ്തു. വിധിയിലൂടെ അതിജീവിതയ്ക്കു പൂർണനീതി ലഭിച്ചില്ലെന്ന് അവരെ പിന്തുണയ്ക്കുന്നവർ പറയുന്നു

മലയാള സിനിമാ വ്യവസായത്തെത്തന്നെ മാറ്റിമറിച്ചതാണ് 2017 ഫെബ്രുവരി 17നു നടിയെ പീഡിപ്പിച്ച ക്രൂരസംഭവം. ഗുണ്ടാവിളയാട്ടത്തിന്റെ ആസൂത്രിതസ്വഭാവവും ആക്രമണോൽസുകതയും സിനിമാമേഖലയിലും ഉറഞ്ഞാടുകയാണെന്ന തിരിച്ചറിവ് പൊതുസമൂഹത്തിലേക്ക് എത്തിക്കാൻ സംഭവം കാരണമായി. കൂട്ട ബലാത്സംഗം, ക്രിമിനൽ ഗൂഢാലോചന, സ്ത്രീത്വത്തെ അപമാനിക്കൽ, തടങ്കലിലാക്കാനായുള്ള ആക്രമണം, ബലാത്സംഗം ലക്ഷ്യമിട്ടുള്ള തട്ടിക്കൊണ്ടുപോകൽ, വ്യക്തിയുടെ സ്വകാര്യതയുടെ ലംഘനം, ലൈംഗിക ഉള്ളടക്കമുള്ള വിഡിയോ പ്രചരിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ പ്രതികൾക്കെതിരെ തെളിഞ്ഞ കേസിൽ ശിക്ഷ സംബന്ധിച്ച വാദം വെള്ളിയാഴ്ചയാണ്.

നടിയെ പീഡിപ്പിച്ചു ദൃശ്യം പകർത്താൻ ക്വട്ടേഷൻ നൽകിയത് പ്രമുഖ നടനാണെന്ന ആരോപണം പുറത്തുവന്നതോടെ കേസിനു കൂടുതൽ ഗൗരവമാനം കൈവന്നു. ഇരുവരും അംഗമായിരുന്നഅമ്മയടക്കമുള്ള സിനിമാ സംഘടനകളുടെ നിലപാടുകൾക്കു പ്രാധാന്യമേറുകയും ചെയ്തു. സിനിമാ മേഖലയിൽ സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ രൂപീകൃതമായവിമൻ ഇൻ സിനിമ കലക്ടീവും  അവരുടെ കൂടി ശ്രമഫലമായി നിലവിൽ വന്ന ജസ്റ്റിസ് കെ. ഹേമ കമ്മിഷനും സിനിമാ സെറ്റുകളിൽ വനിതകളുടെ സംരക്ഷണം ഉറപ്പാക്കാൻവേണ്ടിയുള്ള സമിതികളുമെല്ലാം യാഥാർഥ്യമായതിന്റെ മുഖ്യ കാരണം നടി ആക്രമിക്കപ്പെട്ട സംഭവമാണ്.സിനിമയെന്ന തൊഴിൽമേഖല ലൈംഗിക അതിക്രമങ്ങൾക്കോ വിവേചനങ്ങൾക്കോ ഇടമില്ലാത്തവിധം, എല്ലാവർക്കും സുരക്ഷയും തുല്യതയും ഉറപ്പുവരുത്തുന്നതാവണമെന്നാണു നാം ആഗ്രഹിക്കുന്നതെങ്കിലും അതല്ല യാഥാർഥ്യമെന്നു വ്യക്തമാക്കുന്നതായി ജസ്റ്റിസ് കെ.ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട്. നമ്മുടെ സിനിമയിൽ പ്രവർത്തിക്കുന്ന വനിതകളുടെ സ്വാഭിമാനത്തെ മാത്രമല്ല, സാംസ്കാരിക കേരളത്തിന്റെ മൂല്യബോധത്തെത്തന്നെ ചോദ്യംചെയ്യുന്ന കാര്യങ്ങൾ മേഖലയിൽ നടക്കുന്നുവെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാണിച്ചത്. നടി ആക്രമിക്കപ്പെട്ടതിനെത്തുടർന്ന് സിനിമാ മേഖലയിൽ സ്ത്രീകൾ ഒട്ടും സുരക്ഷിതരല്ലെന്ന പൊതുബോധം സമൂഹത്തിൽ സൃഷ്ടിക്കപ്പെട്ടതായി സമിതി വിലയിരുത്തി. രാജ്യാന്തരതലത്തിൽവരെ നേട്ടത്തിന്റെ മായാമുദ്രകൾ പതിച്ച മലയാള സിനിമയിലാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നതെന്നുകൂടി ഓർമിക്കണം.

സ്ത്രീക്ക് ഏത് അർധരാത്രിയിലും വഴിനടക്കാൻ കഴിയുന്ന ഇന്ത്യയാണ് എന്റെ സ്വപ്നംഎന്നു മഹാത്മാ ഗാന്ധി പറഞ്ഞതു സ്വാതന്ത്യ്രപ്പുലരിക്കും മുൻപായിരുന്നു. സ്വപ്നത്തിന് ഇപ്പോഴും രാത്രിയിൽ വഴി കണ്ടെത്താനാവാതെ പോകുന്ന സാഹചര്യത്തിൽ നമ്മുടെ സമൂഹം നേടിയ പരിഷ്കൃതിക്കും സംസ്കാരത്തിനുമൊക്കെ എന്തു വില? ആക്രമിക്കപ്പെട്ടത് അറിയപ്പെടുന്ന നടിയാണ് എന്നതു മാത്രമല്ല സംഭവത്തെ കേരളീയ സമൂഹത്തിന്റെ മുന്നിലെത്തിച്ചത്; ഏതു വനിതയും എപ്പോൾ വേണമെങ്കിലും ആക്രമിക്കപ്പെട്ടേക്കാം എന്ന ആപൽസാധ്യത കൂടിയാണ്.  കൊടിയ പീഡനത്തിനിരയായിട്ടും തോറ്റുകൊടുക്കില്ലെന്ന വാശിയോടെ, നീതി തേടിയിറങ്ങിയ അതിജീവിതയുടെ പോരാട്ടം സമാനതകളില്ലാത്തതാണ്. സങ്കീർണമായ പല പ്രതിസന്ധികളും മുന്നിലെത്തിയിട്ടും അവർ അവയെയെല്ലാം മറികടന്നു. ‘അവൾക്കൊപ്പംഎന്ന െഎക്യദാർഢ്യവിളംബരവുമായി എത്രയോ പേർ നടിയുടെ കൈചേർത്തുപിടിച്ചതും അതിനൊരു മുന്നേറ്റത്തിന്റെ സ്വഭാവമുണ്ടായതും ചരിത്രപരമാണ്. ഇന്ത്യൻ സിനിമാരംഗത്ത് അങ്ങനെയും കേരളം മാതൃകാപരമായ ഒരു കൂട്ടായ്മയ്ക്കു തുടക്കമിട്ടു. ആക്രമിക്കപ്പെടുമ്പോഴും അപമാനിക്കപ്പെടുമ്പോഴും പ്രതികരിക്കാനാവാതെ, നിസ്സഹായതയോടെ അതിന്റെ നോവും വേവും അനുഭവിക്കുന്ന എത്രയോ സ്ത്രീകൾ നമ്മുടെ സമൂഹത്തിലുണ്ട്. കുറ്റവാളി  ശിക്ഷിക്കപ്പെടണം . നിരപരാധി  ശിക്ഷിക്കപ്പെടാൻ പാടില്ലതാനും .

പ്രൊഫ്. ജോൺ കുരാക്കാർ

 

No comments:

Post a Comment

Please enter you valuable comments... Suggestions and ideas are always welcome...

Prof John Kurakar