കാന്‍സര്‍ തടയാന്
പത്തു മാര്‍ഗങ്ങള്‍തടയാന്
എന്താണ് കാന്സര്?
ലോകത്ത് പ്രതിവര്ഷം ഒരുകോടിയില്പരം ആളുകള് കാന്സര് മൂലം മരണപ്പെടുന്നുവെന്നാണ് പഠനങ്ങള് വ്യക്തമാക്കുന്നത്. ഇത്തരുണത്തില് ലോകാരോഗ്യ സംഘടനയുടെ 2005-ലെ പ്രസിദ്ധീകരണത്തില് Mouth, Stomach, Liver,
Lung, Breast തുടങ്ങിയ അവയവങ്ങളില് കണ്ടുവരുന്ന common cancer-ന്റെ ചികിത്സാവിധികളുടെ സംഗ്രഹവും സാംക്രമിക രോഗങ്ങളല്ലാത്ത രോഗങ്ങള് വരുന്നതിനു സാധ്യതയുള്ള അപായ ഘടകങ്ങളെപ്പറ്റിയും കൊടുത്തിട്ടുള്ള പൊതു വിവരങ്ങള് താഴെ കൊടുക്കുന്നു. ഇത് സാധാരണ അവയവങ്ങളില് കണ്ടുവരാറുള്ള കാന്സറിന്റെ ചികിത്സാവിധികളെപ്പറ്റിയും, കാന്സര് തുടങ്ങിയ രോഗങ്ങള് വരുന്നതിനു കാരണമായ അപായസാധ്യതാഘടകങ്ങളെപ്പറ്റിയും പ്രയോജനപ്രദമായ വിവരങ്ങള് നല്കുന്നുണ്ട്.
ഇന്ത്യയിലാകട്ടെ ഏതാണ്ട് 25 ലക്ഷത്തില്പരം കാന്സര് രോഗികളുണ്ടെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. ഓരോ വര്ഷവും ഉദ്ദേശം എട്ടുലക്ഷത്തില്പരം ആളുകള് കാന്സര് രോഗബാധിതരാകുന്നു. കേരളത്തിലാണെങ്കില് പ്രതിവര്ഷം 35000 ത്തോളം ആളുകള്ക്ക് കാന്സര് ബാധിക്കുന്നുണ്ട്. അടുത്ത പതിനഞ്ചു വര്ഷത്തിനുള്ളില് ഇവരുടെ സംഖ്യ ഇരട്ടി ആയേക്കാമെന്നാണ് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്. ഓരോ വര്ഷവും കാന്സര് രോഗികളുടെ എണ്ണം അഞ്ചുശതമാനമെന്ന കണക്കില് പെരുകുന്നു. ഇന്ത്യയില് പുരുഷന്മാരില് ഏറ്റവും കൂടുതല് കണ്ടുവരുന്നത് ശിരോഗള കാന്സറുകള് ആണ് (Head and Neck Cancer). സ്ത്രീകളിലാണെങ്കില് ഗര്ഭാശയഗളകാന്സര് (Cervical Cancer) ആണ് മുന്നില് നില്ക്കുന്നത്. കേരളത്തിലാകട്ടെ സ്ത്രീകളില് ഏറ്റവും കൂടുതലായി കണ്ടുവരുന്നത് സ്തനാര്ബുദമെന്നതാണ് കൗതുകകരമായ വസ്തുത. പുരുഷന്മാരില് കണ്ടുവരുന്ന കാന്സറില് പകുതിയിലധികവും, സ്ത്രീകളില് എഴുപതുശതമാനത്തിലധികവും കാലേകൂട്ടി കണ്ടുപിടിച്ചാല് തടയാവുന്നവയോ സുഖപ്പെടുത്താവുന്നവയോ ആണ്.
കാന്സറിന്റെ സൂചനകള്
1. ഉണങ്ങാത്ത വ്രണങ്ങള് (പ്രത്യേകിച്ച് വായില്), വായില് കാണപ്പെടുന്ന വെളുത്ത പാട.
2. ശരീരത്തില് കാണപ്പെടുന്ന മുഴകളും തടിപ്പുകളും (പ്രത്യേകിച്ചും സ്ത്രീകളുടെ സ്തനങ്ങളില്).
3. അസാധാരണവും ആവര്ത്തിച്ചുള്ളതുമായ രക്തസ്രാവം; പ്രത്യേകിച്ച് ശാരീരിക ബന്ധത്തിനുശേഷവും, മാസക്കുളി നിലച്ച സ്ത്രീകളിലും.
4. തുടരെത്തുടരെയുള്ള ദഹനക്കേട്, വയറുകടി ഇല്ലാത്തപ്പോള് ഉള്ള വേദന, ആഹാരം ഇറക്കാനുള്ള പ്രയാസം.
5. തുടര്ച്ചയായുള്ള ശബ്ദമടപ്പും, ചുമയും. (പ്രത്യേകിച്ചും പുകവലിക്കാര്).
6. മലമൂത്രവിസര്ജ്ജനത്തിലുണ്ടാകുന്ന അസാധാരണമായ മാറ്റങ്ങള് (രക്തം, പഴുപ്പ് മുതലായവ, പലതവണ വിസര്ജ്ജനത്തിനുള്ള ത്വര; ചിലപ്പോള് തടസ്സം തോന്നല് തുടങ്ങിയവ).
7.മറുക്, കാക്കപ്പുള്ളി, അരിമ്പാറ ഇവയുടെ നിറത്തിലും ആകൃതിയിലും വലിപ്പത്തിലുമുണ്ടാകുന്ന വ്യതിയാനം.
ഇവയൊന്നും തന്നെ കാന്സറിന്റെ ലക്ഷണങ്ങള് ആകണമെന്നില്ല. എന്നാല് ഈ ലക്ഷണങ്ങളിലേതെങ്കിലും ചികിത്സയ്ക്കു ശേഷം പതിനഞ്ചു ദിവസത്തില് കൂടുതലായി കാണപ്പെടുന്നുണ്ടെങ്കില് ഒരു വിദഗ്ധ ഡോക്ടറുടെ അഭിപ്രായം തേടണം.
കാന്സര് തടയാന് പത്തു മാര്ഗങ്ങള്
1.ആഹാരത്തില് പഴങ്ങള്, പച്ചക്കറികള് എന്നിവയ്ക്കു മുന്തൂക്കം നല്കുക.
2.500 മുതല് 800 ഗ്രാം വരെ വിവിധയിനം പച്ചക്കറികളും പഴങ്ങളും ദിനംപ്രതി കഴിക്കുക. (പച്ചക്കറികള് നല്ലവണ്ണം കഴുകി ശുചിയാക്കിവേണം ഉപയോഗിക്കാന്).
3.മത്സ്യവും തൊലികളഞ്ഞ കോഴിയിറച്ചിയും ഉപയോഗിക്കാം. കരിഞ്ഞ ഭക്ഷണം പാടേ ഒഴിവാക്കുക.
4.കൊഴുപ്പുകൂടിയ ഭക്ഷണവും മധുരവും വര്ജ്ജിക്കുക. മിതമായ തോതില് സസ്യഎണ്ണ ഉപയോഗിക്കാം. ഭക്ഷണത്തില് മൈക്രോന്യൂട്രിയന്റ്സ് എന്ന പോഷകഘടകങ്ങളുടെ അളവ് കൂട്ടുക.
5.അമിത ഉപ്പ്കലര്ന്ന ഭക്ഷണം ഒഴിവാക്കുക. ഫംഗസ് ബാധ വരാത്ത രീതിയില് ഭക്ഷ്യവസ്തുക്കള് സൂക്ഷിക്കുക.
6.പതിവായി സ്വയം സ്തനപരിശോധന നടത്തുക; ആവശ്യമെങ്കില് മാമോഗ്രാം പരിശോധനയ്ക്കു വിധേയമാകണം.
7.35 വയസ്സു കഴിഞ്ഞ സ്ത്രീകള് പാപ്സ്മിയര് ടെസ്റ്റിനു വിധേയരാകണം.
8.പുകവലി, മദ്യപാനം ഇവ പൂര്ണമായും ഒഴിവാക്കുക.
9.ശരീരഭാരം അമിതമായി കൂട്ടുകയോ, കുറയ്ക്കുകയോ ചെയ്യരുത്.
10.പതിവായി വ്യായാമം ചെയ്യുക
പ്രൊഫ് ജോണ്‍ കുരാക്കാർ
No comments:
Post a Comment
Please enter you valuable comments... Suggestions and ideas are always welcome...
Prof John Kurakar