Pages

Thursday, December 26, 2013

കൂടുതൽ സ്വയംഭരണ കലാലയങ്ങൾ ഉണ്ടാകട്ടെ

കൂടുത സ്വയംഭരണ 
കലാലയങ്ങ ഉണ്ടാകട്ടെ
                   കേരളം  ഉന്നത വിദ്യാഭ്യാസ നിലവാരത്തിൽ ഏറെ പിന്നിലാണെന്ന് ഈ രംഗത്ത് പ്രവർത്തിക്കുന്ന വിദഗ്ദ്ധർ പറയാറുണ്ട്. അതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത് നിലവാരമുള്ള കോളേജുകളുടെ അഭാവം തന്നെ. കല്പിത സർവകലാശാലകളും സ്വയംഭരണ കോളേജുകളും നിലവാരം ഉയർത്താൻ വളരെയധികം സഹായിക്കും. എന്നാൽ, ഈ രംഗത്ത് സംസ്ഥാനത്തിന് ഇതുവരെ ഒട്ടുംതന്നെ മുന്നേറാൻ കഴിഞ്ഞിട്ടില്ല. എല്ലാ രംഗത്തും പൊതുവേ കാണുന്ന അച്ചടക്കമില്ലായ്മയും അനാസ്ഥയും തന്നെ പ്രധാന കാരണം. ഉന്നത വിദ്യാഭ്യാസത്തിന് ഒരു കൗൺസിൽ തന്നെ ഉണ്ടാകുന്നത് ഇപ്പോഴാണെന്നു തോന്നുന്നു. കോളേജുകളുടെ നിലവാരം ഉയർത്താൻ ലക്ഷ്യമിട്ടു കൊണ്ടുവരുന്ന ശുപാർശകളിൽ അനുകൂല തീരുമാനമുണ്ടാകാൻ തന്നെ ഏറെ കാലമെടുക്കും. പൊതുവിദ്യാഭ്യാസ കാര്യങ്ങളിൽ പ്രകടമാകുന്ന ദിശാബോധമില്ലായ്മ ഉന്നത വിദ്യാഭ്യാസ രംഗത്തും കാണാവുന്നതാണ്.
                മികച്ച നിലയിൽ പ്രവർത്തിക്കുന്ന സംസ്ഥാനത്തെ അഞ്ച് കോളേജുകൾക്ക് അടുത്ത അദ്ധ്യയനവർഷം മുതൽ സ്വയംഭരണാവകാശം അനുവദിക്കാനുള്ള തീരുമാനം അങ്ങേയറ്റം സ്വാഗതാർഹമാകുന്നത് ഈ പശ്ചാത്തലത്തിലാണ്.എത്രയോ വർഷങ്ങളായി പറഞ്ഞുകേൾക്കുന്ന ഒരു കാര്യം ഏറെ വൈകിയാണെങ്കിലും നടപ്പിലാകുന്നതിന്റെ ചാരിതാർത്ഥ്യം ചെറുതൊന്നുമല്ല. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്, എറണാകുളം മഹാരാജാസ് കോളേജ് എന്നിവയാണ് സ്വയംഭരണ പദവിയിലേക്ക് ഉയർത്തപ്പെടുന്ന രണ്ട് സർക്കാർ കോളേജുകൾ. നൂറ്റാണ്ടിന്റെ പാരമ്പര്യവും പൈതൃകവും പേറുന്ന ഈ രണ്ട് കോളേജുകളും എക്കാലവും വിദ്യാഭ്യാസ നിലവാരത്തിൽ ഉന്നത നിലവാരം പുലർത്തുന്നവയാണ്. സ്വയംഭരണാവകാശം ലഭിക്കുന്നതിലൂടെ വിദ്യാഭ്യാസ വികസന കാര്യങ്ങളിൽ സ്വന്തം തീരുമാനങ്ങൾ നടപ്പാക്കാനും മികവിന്റെ ഉന്നത പടവുകൾ എത്തിപ്പിടിക്കാനും അവയ്ക്ക് കഴിയുമെന്നത് നിസ്തർക്കമാണ്. എയ്ഡഡ് മേഖലയിൽ നിന്ന് മൂന്ന് കോളേജുകളാണ് സ്വയംഭരണ പദവിക്ക് തിരഞ്ഞെടുക്കപ്പെടുക. കോഴിക്കോട്ടെ ഫാറൂഖ്, തിരുവനന്തപുരത്തെ മാർ ഇവാനിയോസ്, ചങ്ങനാശ്ശേരി എസ്.ബി എന്നിവയാണ് പ്രസ്തുത കോളേജുകൾ. ആർക്കും നെറ്റി ചുളിക്കാനാവാത്തവിധം പാരമ്പര്യവും ഉയർന്ന നിലവാരവും പുലർത്തുന്ന കലാലയങ്ങളാണിവ. ഇതേ ഗണത്തിൽപ്പെടുത്താവുന്ന സർക്കാർ-എയ്ഡഡ് കോളേജുകൾ സംസ്ഥാനത്ത് വേറെയും നിരവധി  ഉണ്ട്. ആദ്യഘട്ടമെന്ന നിലയിലാണ് അഞ്ച് കോളേജുകൾക്ക് സ്വയംഭരണാധികാരം നൽകുന്നത്. ഇതിനുവേണ്ടി നിയോഗിക്കപ്പെട്ട പരിശോധകസമിതി 28 കോളേജുകൾ സന്ദർശിച്ച് നടത്തിയ മൂല്യനിർണയത്തിന്റെ അടിസ്ഥാനത്തിലാണ് പദവി നൽകാനുള്ള കോളേജുകളെ തിരഞ്ഞെടുത്തത്. അഞ്ച് കോളേജുകളും മൂല്യനിർണയത്തിൽ എൺപത് മാർക്കിലേറെ നേടിയവയാണ്. കോളേജുകളുടെ പട്ടിക സംസ്ഥാന സർക്കാർ യു.ജി.സിക്ക് സമർപ്പിക്കുന്ന മുറയ്ക്ക് അടുത്ത അദ്ധ്യയനവർഷം തന്നെ സ്വയംഭരണ കോളേജുകൾ പ്രവർത്തിച്ചുതുടങ്ങാനാകുമെന്നാണ് പ്രതീക്ഷ. പദവി ലഭിക്കുന്ന ഓരോ കലാലയത്തിനും അടിസ്ഥാനസൗകര്യ വികസനത്തിനും വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിനാവശ്യമായ സൗകര്യങ്ങൾ വർദ്ധിപ്പിക്കാനുമായി കേന്ദ്രത്തിൽ നിന്ന് 200 കോടി രൂപ വീതം സഹായം ലഭിക്കും. ആദ്യഘട്ടത്തിൽ അക്കാഡമിക് കാര്യങ്ങളിൽ പൂർണ സ്വാതന്ത്ര്യവും പിന്നീട് ഭരണ-സാമ്പത്തിക കാര്യങ്ങളിൽ സ്വാതന്ത്ര്യവും ലഭിക്കുന്ന സ്വയംഭരണ കോളേജുകൾക്ക് കരിക്കുലം നിശ്ചയിക്കുന്നതിലും പരീക്ഷ നടത്തിപ്പിലും സർവകലാശാലകളെ ആശ്രയിക്കേണ്ടിവരില്ല. സർട്ടിഫിക്കറ്റ് നൽകുന്നതുമാത്രം ബന്ധപ്പെട്ട സർവകലാശാലയായിരിക്കും.
            കോളേജുകളിലെ അടിസ്ഥാന സൗകര്യങ്ങൾ, യോഗ്യതയുള്ള അദ്ധ്യാപകർ, അക്കാഡമിക് ഭരണനിർവഹണ കാര്യങ്ങളിൽ വിദഗ്ദ്ധ മേൽനോട്ട സമിതികൾ തുടങ്ങി സ്വയംഭരണ കോളേജുകളുടെ പ്രവർത്തനമികവ് ഉറപ്പ് വരുത്താനാവശ്യമായ സർവകാര്യങ്ങൾക്കും വ്യക്തമായ രൂപരേഖയുണ്ട്. കൃത്യമായി പഠനവും പരീക്ഷകളും നടത്താൻ കഴിയുമെന്നതുതന്നെ വലിയ നേട്ടമാണ്. കെടുകാര്യസ്ഥതയിൽ തമ്മിൽ തമ്മിൽ മത്സരിക്കുന്ന സംസ്ഥാനത്തെ സർവകലാശാലകളുടെ പരീക്ഷാനടത്തിപ്പും ഫലപ്രഖ്യാപനവും നേർചിത്രമായി മുന്നിലുള്ളപ്പോൾ സ്വയംഭരണ കോളേജുകൾ അവിടെ പഠിക്കാൻ അവസരം ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് അനുഗ്രഹമാകുമെന്നതിൽ രണ്ടുപക്ഷമില്ല. തുടക്കമെന്ന നിലയിൽ അഞ്ചുവർഷത്തേക്കാണ് പദവി നൽകുന്നത്. കാര്യങ്ങൾ വിലയിരുത്തിയ ശേഷമാകും തുടർനടപടി. പദവി ലഭിക്കാൻ അർഹത നേടിയ കലാലയങ്ങളുടെ ഇതുവരെയുള്ള ചരിത്രം പരിശോധിച്ചാൽ പദവി നിലനിറുത്തുന്ന കാര്യത്തിൽ അവയിൽ ഒന്നുപോലും ഒരിഞ്ച് പിന്നാക്കം പോവുകയില്ലെന്നത് തീർച്ചയാണ്. സർവകലാശാലകളുടെ ദുഃസ്വാധീനം ശാപമായി പിന്തുടരാതിരിക്കാനുള്ള മുൻകരുതൽ തുടക്കം തൊട്ടേ ഉണ്ടാകണം. എന്നാൽ, മാത്രമേ അക്കാഡമിക് രംഗത്തെ ഈ മാറ്റം കൂടുതൽ അർത്ഥപൂർണമാകുകയുള്ളൂ. അതുപോലെ മികവ് തെളിയിച്ച് സ്വയംഭരണ പദവി നേടിയെടുക്കാൻ കൂടുതൽ കലാലയങ്ങൾ മുന്നോട്ടു വരേണ്ടതുണ്ട്. സ്വയംഭരണ കലാലയ സങ്കല്പത്തിൽ സംസ്ഥാനം രണ്ടോ മൂന്നോ പതിറ്റാണ്ടു പിന്നിലാണെന്ന വസ്തുത മറക്കരുത്. മികവിന്റെ കാര്യത്തിൽ  കലാലയങ്ങൾ മത്സരിക്കുന്നത്  വിദ്യഭ്യാസ നിലവാരം ഉയരാൻ  ഇടയാക്കും .


                                  പ്രൊഫ്‌. ജോണ്‍ കുരാക്കാർ  

No comments:

Post a Comment

Please enter you valuable comments... Suggestions and ideas are always welcome...

Prof John Kurakar