Pages

Saturday, July 20, 2013

തിരുവനന്തപുരംമൃഗശാലയില്‍ വൈറസ് ബാധയേറ്റ് പുലികള്‍ ചാകുന്നു.

തിരുവനന്തപുരംമൃഗശാലയില്‍ വൈറസ് ബാധയേറ്റ് പുലികള്‍ ചാകുന്നു. 
തിരുവനന്തപുരംമൃഗശാലയില്‍ വൈറസ് ബാധയേറ്റ് പുലികള്‍ ചാകുന്നു. ന്യൂമോണിയ ബാധിച്ച് നീര്‍ക്കുതിരയും കാലില്‍ കുളമ്പുചീയല്‍ രോഗം ബാധിച്ച് മാനുകളും ചത്തു. ഇത്തരത്തില്‍ രോഗാണുബാധ മൃഗശാലയില്‍ പടര്‍ന്നു പിടിച്ചാല്‍ ഏറെ നാളുകള്‍ക്കുള്ളില്‍ തന്നെ നിരവധി മൃഗങ്ങള്‍ ഇവിടെ ചാകും. 
വെള്ളിയാഴ്ച രാവിലെ പതിനൊന്ന് മണിയോടെ ആറുമാസം പ്രായമുള്ള ആശയെന്ന ഇന്ത്യന്‍പുള്ളിപ്പുലിയും ചത്തു. പൂച്ചവര്‍ഗത്തിലുള്ള മൃഗങ്ങളെ മാത്രം ബാധിക്കുന്ന ഫെലൈന്‍ പാന്‍ ലൂക്കോപെനിയ എന്ന വൈറസ് ബാധയേറ്റാണ് ഈ പുള്ളിപ്പുലിക്കുട്ടിയും ചത്തത്. ഇതിന്റെ അമ്മയായ അശ്വിനിക്കും വൈറസ് ബാധയേറ്റിട്ടുണ്ട്. ഇതുപോലെ തന്നെ കഴിഞ്ഞ നാല് ദിവസങ്ങള്‍ക്ക് മുമ്പ് ഇരട്ടക്കുട്ടികളായ പുള്ളിപ്പുലികളില്‍ സരിഷ്മയെന്ന പുലിക്കുട്ടി ചത്തു. ഇതിന്റെ സഹോദരനായ സാരംഗിന്റെ നിലയും ഗുരുതരമാണ്. ഇവരുടെ അമ്മയായ ഷീനയ്ക്കും രോഗബാധയേറ്റിട്ടുണ്ട്. 

വൈറസ് ബാധയേറ്റ മൃഗങ്ങളെ പ്രത്യേകം പാര്‍പ്പിച്ച് പ്രതിരോധ ചികിത്സ നടത്തുന്നുവെങ്കിലും രോഗത്തിന്റെ തീവ്രതകാരണം ഫലപ്രദമാകുന്നില്ല. ഇതുപോലെ തന്നെ മാനുകള്‍ക്ക് കുളമ്പുചീയല്‍ രോഗം ബാധിച്ച് നിരവധിയെണ്ണം ചത്തു.മാത്രമല്ല മ്ലാവും മാനും കൃഷ്ണമൃഗവും എണ്ണക്കൂടുതല്‍കാരണം തമ്മില്‍ കുത്തുകൂടുന്നതും ഇവ ചാകാന്‍ കാരണമാകുന്നുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കുടൂതല്‍ ശക്തമാക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു. ബ്ലീച്ചിങ് പൗഡറും മറ്റ് രോഗാണുനാശിനികളും പ്രയോഗിച്ചിട്ടും വൈറസ് ബാധയെ നിയന്ത്രിക്കാന്‍ കഴിയുന്നില്ല. മ്ലാവും മാനും കൃഷ്ണമൃഗവും ഉള്ള കൂടുകളില്‍ ജീവനക്കാരുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ലാത്തതിനാലും സ്ഥിതി കൂടുതല്‍ വഷളാക്കുന്നു. മാലിന്യങ്ങള്‍ കൂടുതലായി മൃഗശാല വളപ്പില്‍ എത്തുന്നതാണ് രോഗകാരണമെന്ന് അധികൃതര്‍ പറയുന്നു. ഇവയുടെ കൂട്ടില്‍ കാക്കയെത്തി മുറിവുകളില്‍ കൊത്തിവലിക്കാറുണ്ട്. ഇവിടെ കാക്കകളെ ഓടിക്കാനായി ജീവനക്കാരെ നിയമിച്ചിട്ടുണ്ട്. ഇവരുടെ പ്രവര്‍ത്തനങ്ങളും കാര്യക്ഷമമല്ല. ആകെയുള്ള ഒരു ഡോക്ടറുടെ സേവനം കൊണ്ട് ഇവിടത്തെ കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ പറ്റില്ല. അതേസമയം മാനുകളെ ബാധിച്ച കുളമ്പുചീയല്‍ രോഗം ചികിത്സിക്കാന്‍ മണ്ണുത്തിയില്‍ നിന്ന് ഒരു ഡോക്ടറുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. എന്നാല്‍ ഇതിലും നില്‍ക്കാത്ത അവസ്ഥയിലാണ് മൃഗശാലയുടെ അവസ്ഥ. സര്‍ക്കാര്‍തലത്തില്‍ ഇടപെടലുകള്‍ അടിയന്തരമായി ഉണ്ടായില്ലെങ്കില്‍ പൂച്ച വര്‍ഗത്തിലുള്ള നാല് കടുവകള്‍, ഒരുജോടി അമേരിക്കന്‍ പുള്ളിപ്പുലി, അഞ്ച് സിംഹങ്ങള്‍ എന്നിവയുടെ ജീവനും അപകടത്തിലാകും.

                            പ്രൊഫ്‌. ജോണ്‍ കുരാക്കാർ 


No comments:

Post a Comment

Please enter you valuable comments... Suggestions and ideas are always welcome...

Prof John Kurakar