Pages

Saturday, July 20, 2013

ARANMULA VALLASADYA-2013

ആറന്മുള വള്ളസദ്യജൂലൈ 31ന് തുടങ്ങും

 ആറന്മുളപാര്‍ഥസാരഥി ക്ഷേത്രത്തിലെ വഴിപാട് വള്ളസദ്യകള്‍ക്ക് ജൂലായ് 31ന് തുടക്കം കുറിക്കും.പമ്പാനദിയിലെ ജലനിരപ്പ് പരിഗണിച്ചും ആറന്മുള ക്ഷേത്രത്തിലെ സ്ഥലപരിമിതി പരിഗണിച്ചുമാണ് ജൂലായ് 31 മുതല്‍ ഒക്ടോബര്‍ രണ്ട് വരെയുള്ള കാലയളവില്‍ വള്ളസദ്യ നിജപ്പെടുത്തിയതെന്ന് പള്ളിയോട സേവാസംഘം ഭാരവാഹികള്‍ അറിയിച്ചു.പമ്പാനദിയുടെ ഇരുകരകളിലുമുള്ള കരക്കാരുടെ ഉടമസ്ഥതയിലുള്ള പള്ളിയോടങ്ങളില്‍ ഭഗവദ്‌സാന്നിധ്യമുണ്ടാകുമെന്നാണ് വിശ്വാസം. വഴിപാട് വള്ളസദ്യ നടത്തുന്ന ഭക്തന്‍, പള്ളിയോടത്തിനെ ക്ഷണിച്ചുവരുത്തി ഭക്തിനിര്‍ഭരമായി സ്വീകരിച്ച് ആചാരാനുഷ്ഠാനങ്ങള്‍ നിര്‍വഹിച്ച് വിഭവസമൃദ്ധമായ സദ്യ നല്‍കിയശേഷം പറ തളിച്ച് പള്ളിയോടങ്ങളെ യാത്രയാക്കുന്നതാണ് വഴിപാട് വള്ളസദ്യയുടെ ചടങ്ങ് അഭീഷ്ടകാര്യസിദ്ധിക്കുവേണ്ടി നടത്തുന്ന വള്ളസദ്യയില്‍ സാധാരണ വിഭവങ്ങളെ കൂടാതെ പള്ളിയോട കരക്കാര്‍ പാട്ടുപാടി ചോദിക്കുന്ന പ്രത്യേക വിഭവങ്ങളും സദ്യയില്‍ വിളമ്പും. ഭഗവാന്റെ നിവേദ്യച്ചോറ്, വെണ്ണ, പാല്‍, മടന്തതോരന്‍, ചേനപ്പാടി, രാമച്ചാരുടെ പാളത്തൈര് തുടങ്ങിയ വിഭവങ്ങളാണ് പ്രത്യേകമായി പാടി ചോദിക്കുന്നത്.

ജൂലായ് 31ന് ആരംഭിക്കുന്ന വള്ളസദ്യകള്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. എം.പി.ഗോവിന്ദന്‍നായര്‍ ഉദ്ഘാടനം ചെയ്യും. ബോര്‍ഡ് മെമ്പര്‍മാരായ പി.കെ.കുമാരന്‍, സുഭാഷ്‌വാസു എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും. രാവിലെ 11ന് വിശിഷ്ടാതിഥികളെ സ്വീകരിച്ച് ആനക്കൊട്ടിലിലെത്തി ഭദ്രദീപം തെളിക്കുന്നതോടെ ചടങ്ങുകള്‍ ആരംഭിക്കും. ആദ്യദിവസം 15 പള്ളിയോടങ്ങള്‍ക്കാണ് വഴിപാട് നടത്തുന്നത്.
ചെറുകോല്‍, പുന്നംതോട്ടം, ഇടശ്ശേരിമല കിഴക്ക്, കോയിപ്രം, പൂവത്തൂര്‍ പടിഞ്ഞാറ്, വെണ്‍പാല, ഉമയാറ്റുകര, വരയന്നൂര്‍, തോട്ടപ്പുഴശ്ശേരി, മാരാമണ്‍, തെക്കേമുറി, തൈമറവുങ്കര, തെക്കേമുറി കിഴക്ക്, ളാക, ഇടയാറന്മുള പള്ളിയോടങ്ങള്‍ക്കാണ് ആദ്യദിനം വള്ളസദ്യ നടക്കുക.തിരുവിതാംകൂര്‍ മഹാരാജാവ് മാര്‍ത്താണ്ഡവര്‍മയുടെ വഴിപാട് ചെറുകോല്‍ പള്ളിയോടത്തിനും കേരള ഹൈക്കോടതി അഡ്വക്കേറ്റ് കമ്മീഷണര്‍ അഡ്വ. സുഭാഷ്ചന്ദിന്റെ വഴിപാട് തോട്ടപ്പുഴശ്ശേരി പള്ളിയോടത്തിനുംഒന്നാംദിവസമുണ്ട്.കഴിഞ്ഞവര്‍ഷം 438 വള്ളസദ്യ വഴിപാടുകളാണ് നടന്നത്. ഈ വര്‍ഷം ഇതിനോടകം 348 വള്ളസദ്യ വഴിപാട് ബുക്കിങ് നടന്നുകഴിഞ്ഞു. ഇത് സര്‍വകാല റെക്കോഡാണ്. വള്ളസദ്യ നടക്കുമ്പോള്‍ ഉണ്ടാകുന്ന മാലിന്യം പള്ളിയോടസേവാസംഘം നേരിട്ട് നീക്കംചെയ്യാനും നടപടിയായി.
ആഗസ്ത് 28ന് നടക്കുന്ന അഷ്ടമിരോഹിണി വള്ളസദ്യയില്‍ 51 കരകളില്‍നിന്ന് എത്തുന്ന കരനാഥന്മാര്‍ക്കും ക്ഷേത്രത്തില്‍ എത്തുന്ന മറ്റ് ഭക്തര്‍ക്കും സദ്യ നല്‍കുന്നതിനും ക്രമീകരണങ്ങള്‍ ചെയ്തുവരുന്നു. 501 പറ അരിയുടെ അഷ്ടമിരോഹിണി വള്ളസദ്യയുടെ നടത്തിപ്പിന് ഭക്തരുടെ മൂന്നും ദേവസ്വം ബോര്‍ഡ്, പള്ളിയോട സേവാസംഘം എന്നിവയുടെ രണ്ടും പ്രതിനിധികള്‍ മേല്‍നോട്ടം വഹിക്കും.
അഷ്ടമിരോഹിണി സദ്യയുടെ സുഗമമായ നടത്തിപ്പിന് മൂന്ന് അംഗീകൃത കരാറുകാര്‍ക്കാണ് വഴിപാട് സദ്യ നടത്താന്‍ അനുമതി.
ഈ വര്‍ഷത്തെ ആറന്മുള ഉത്രട്ടാതി ജലമേള സപ്തംബര്‍ 20ന് നടക്കും. തിരുവോണം ചിങ്ങം 31ന് ആയതിനാല്‍ ഈ വര്‍ഷത്തെ ജലമേള കന്നിമാസത്തിലാണ് നടക്കുന്നത്.
തിരുവോണനാളില്‍ ആറന്മുള ക്ഷേത്രത്തിലെ തിരുവോണസദ്യയ്ക്ക് കാട്ടൂര്‍ ക്ഷേത്രത്തില്‍നിന്ന് ഉത്രാടനാളില്‍ പുറപ്പെടുന്ന തിരുവോണത്തോണിക്ക് അകമ്പടി സേവിക്കാനാണ് പമ്പയുടെ കരകളിലെ കരക്കാര്‍ പള്ളിയോടങ്ങള്‍ നിര്‍മിച്ചതെന്നാണ് ഐതിഹ്യം. തിരുവോണത്തോണിക്ക് അകമ്പടി സേവിക്കുന്ന പള്ളിയോടങ്ങളെ പൊതുജനമധ്യത്തില്‍ പ്രദര്‍ശിപ്പിക്കുന്നതിനാണ് ഉത്രട്ടാതി ജലമേള ആരംഭിച്ചതെന്നാണ് ഐതിഹ്യം. ഈ വര്‍ഷം ചിങ്ങമാസത്തിലെ ഉത്രട്ടാതി തിരുവോണത്തിന് മുമ്പായതിനാല്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനമായ ചിങ്ങമാസത്തിലെ ഉത്രട്ടാതിനാളില്‍ പള്ളിയോടങ്ങളുടെ ജലഘോഷയാത്ര ക്ഷേത്രക്കടവില്‍ പ്രത്യേകമായി നടത്തും.
സപ്തംബര്‍ 20ന് നടക്കുന്ന ഉത്രട്ടാതി ജലമേള കേരള ഗവര്‍ണര്‍ നിഖില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. നിയമസഭാ സ്​പീക്കര്‍ ജി. കാര്‍ത്തികേയന്‍ അധ്യക്ഷത വഹിക്കും. മത്സരവള്ളംകളി കേന്ദ്ര ടൂറിസം മന്ത്രി ചിരഞ്ജീവി ഉദ്ഘാടനം ചെയ്യും.
പകല്‍ ഒന്നിന് ജലഘോഷയാത്രയും തുടര്‍ന്ന് മത്സര വള്ളംകളിയും നടത്തി, 4.30ന് വിജയികള്‍ക്ക് സമ്മാനവും നല്‍കി ജലമേള സമാപിക്കുമെന്ന് പള്ളിയോടസേവാസംഘം പ്രസിഡന്റ് കെ.വി.സാംബദേവന്‍, സെക്രട്ടറി രതീഷ് ആര്‍.മോഹന്‍, ട്രഷറര്‍ പി. മോഹനചന്ദ്രന്‍, വൈസ് പ്രസിഡന്റ് കെ.ജി.ശങ്കരനാരായണപിള്ള, ജോയിന്റ് സെക്രട്ടറി ജി.സുരേഷ് വെണ്‍പാല എന്നിവര്‍ അറിയിച്ചു.

                                പ്രൊഫ്‌. ജോണ്‍ കുരാക്കാർ 


No comments:

Post a Comment

Please enter you valuable comments... Suggestions and ideas are always welcome...

Prof John Kurakar