ശാസ്താംകോട്ട തടാകത്തിലെ വരള്‍ച്ച പരിഹരിക്കുന്നതിന്
തെന്മല ഡാമില്‍നിന്ന് വെള്ളം
തെന്മല ഡാമില്‍നിന്ന് വൈദ്യുതി ഉത്പാദനം കഴിഞ്ഞ് 300 എം.എം.വെള്ളം പുറത്തേക്ക് പോകുന്നുണ്ട്. ഈ വെള്ളത്തിന്റെ ഒരു ഭാഗമാകും ശാസ്താംകോട്ടയില്‍ എത്തിക്കുക. ഇത്തരത്തില്‍ വെള്ളം ലഭ്യമാക്കുന്നതിന് പ്രത്യേകിച്ച് തടസ്സമൊന്നുമില്ലെന്ന് യോഗത്തില്‍ പങ്കെടുത്ത കെ.ഐ.പി.ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു. ജൂണ്‍മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങളിലാകും പ്രധാനമായും വെള്ളം എത്തിക്കുക. ബാക്കി സമയങ്ങളില്‍ ലഭ്യതയനുസരിച്ച് വെള്ളം എത്തിക്കും. തടാകതീരത്തെ കുളങ്ങള്‍ പുനര്‍നിര്‍മ്മിക്കുന്നതിനുള്ള പദ്ധതി പരിഗണിക്കണമെന്ന് യോഗത്തില്‍ ആവശ്യമുണ്ടായി.
പദ്ധതി അടിയന്തരമായി നടപ്പാക്കുമെന്ന് ജലവിഭവ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി വി.ജെ.കുര്യന്‍ പറഞ്ഞു. തടാകസംരക്ഷണത്തിനായുള്ള മാസ്റ്റര്‍ പ്ലാന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളും പിന്നാലെ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ശാസ്താംകോട്ട ക്ഷേത്രക്കടവിലെത്തി തടാകം സന്ദര്‍ശിച്ചശേഷമാണ് അദ്ദേഹം മടങ്ങിയത്. കഴിഞ്ഞ കുറേമാസങ്ങളായി തടാകം ക്രമാതീതമായി വറ്റിവരളുകയാണ്. തടാകസംരക്ഷണം ആവശ്യപ്പെട്ട് കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ സമരം ശക്തമായിരുന്നു. ഇതേ തുടര്‍ന്ന് വി.എം.സുധീരനും പ്രശ്‌നത്തില്‍ ഇടപെട്ടു. വറ്റിവരളുന്ന തടാകത്തില്‍നിന്ന് അമിതമായി വെള്ളം ഊറ്റുന്നത് തടയണമെന്നതായിരുന്നു കര്‍മ്മസമിതിയുടെ പ്രധാന ആവശ്യം. തടാകത്തില്‍ വെള്ളത്തിന്റെ ലഭ്യത ഉറപ്പാക്കുന്നതിനായി തെന്മല ഡാമില്‍നിന്ന് വെള്ളം എത്തിക്കുകയോ കല്ലടയാറ്റില്‍ പ്രത്യേക ബണ്ട് നിര്‍മ്മിച്ച് വെള്ളം എത്തിക്കുകയോ ചെയ്യണമെന്നും കര്‍മ്മസമിതി ആവശ്യപ്പെട്ടിരുന്നു. കല്ലടയാറ്റില്‍ ബണ്ട് നിര്‍മ്മിച്ച് വെള്ളം എത്തിക്കുന്നത് തടാകത്തില്‍ ഉപ്പുവെള്ളം കലരാന്‍ സാധ്യതയുള്ളതിനാലാണ് തെന്മല ഡാമിലെ വെള്ളം എത്തിക്കുന്നതിന് മുന്‍ഗണന നല്‍കിയത്.
തടാകതീരത്ത് പത്ത് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്നതിനുള്ള പദ്ധതി സര്‍ക്കാരിന് സമര്‍പ്പിച്ചതായി കളക്ടര്‍ പി.ജി.തോമസ് പറഞ്ഞു. തടാകത്തില്‍ മനുഷ്യവിസര്‍ജ്യം കലര്‍ത്തിയ സംഭവത്തെ തുടര്‍ന്നാണ് ഇതിനായി നടപടി സ്വീകരിച്ചത്. കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ., കളക്ടര്‍ പി.ജി.തോമസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വൈ.ഷാജഹാന്‍, ജില്ലാ പഞ്ചായത്ത് അംഗം കാരുവള്ളില്‍ ശശി, തടാകസംരക്ഷണ കര്‍മ്മസമിതി ചെയര്‍മാന്‍ കെ.കരുണാകരന്‍ പിള്ള, ജനറല്‍ കണ്‍വീനര്‍ എസ്. ബാബുജി, തഹസില്‍ദാര്‍ ബേബി സുധീര, പഞ്ചായത്ത് പ്രസിഡന്റുമാരായ എം.വി.താരാഭായി, ബി.തൃദീപ്കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം തുണ്ടില്‍ നൗഷാദ്, ജലസേചനവകുപ്പ് ചീഫ് എന്‍ജിനിയര്‍ ജയറാം, കെ.ഐ.പി.എക്‌സി. എന്‍ജിനിയര്‍ തോമസ് വര്‍ഗീസ്, തെന്മല പദ്ധതി എന്‍ജിനിയര്‍മാര്‍, ജല അതോറിറ്റി ശാസ്താംകോട്ട ഡിവിഷന്‍ അസി.എക്‌സി. എന്‍ജിനിയര്‍ സജീവ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രൊഫ്. ജോണ്‍ കുരാക്കാര്‍
No comments:
Post a Comment
Please enter you valuable comments... Suggestions and ideas are always welcome...
Prof John Kurakar