Pages

Monday, November 5, 2012

DIABETIC AND RETINOPATHY


പ്രമേഹവും നേത്രരോഗവും

പ്രമേഹം പേടിപ്പെടുത്തുന്ന വിധത്തിൽ കൂടി കൊണ്ടിരിക്കുകയാണ്. രാജ്യത്തെ ആകെ ജനങ്ങളിൽ രണ്ടുശതമാനം പേർക്ക് പ്രമേഹരോഗം ഉണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പ്രമേഹവും കണ്ണുകളും തമ്മിലും അടുത്ത ബന്ധമുണ്ട്. കണ്ണിലെ റെറ്റിനയിലും ലെൻസിലും വരുത്തുന്ന ചില വ്യത്യാസങ്ങളാണ് കാഴ്ചയെ പ്രധാനമായും ബാധിക്കുന്നത്.രക്തത്തിൽ പഞ്ചസാരയുടെ അളവ് കൂടുകയാണെങ്കിൽ കാഴ്ചശക്തിയിലും ചില പ്രശ്നങ്ങൾ പ്രമേഹരോഗികൾക്ക് അനുഭവപ്പെടാം. അതുകൊണ്ട് രണ്ടാഴ്ച കൂടുമ്പോഴെങ്കിലും രക്തത്തിലെ പഞ്ചസാരയുടെ അളവ് ഒരേ പോലെ നിൽക്കുകയാണെങ്കിൽ കണ്ണുകൾ പരിശോധിപ്പിക്കണം. ആദ്യത്തെ അഞ്ചാറുവർഷം പ്രമേഹരോഗികളുടെ കണ്ണിന്റെ റെറ്റിനയിൽ പ്രശ്നങ്ങളൊന്നും അനുഭവപ്പെടാറില്ല. എന്നാൽ പിന്നീടുള്ള ഓരോ വർഷവും ഡയബറ്റിക് റെറ്റിനോപ്പതി വരുന്നതിനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. ഇരുപത് വർഷമെങ്കിലും പ്രമേഹരോഗിയായി തുടരുന്ന ഒരാൾക്ക് റെറ്റിനോപ്പതിയുടെ ലക്ഷണങ്ങൾ കാണാം.

ഡയബറ്റിക് റെറ്റിനോപ്പതി

പ്രമേഹരോഗികളിൽ കുറേ വർഷങ്ങൾ കഴിയുമ്പോൾ കണ്ണിലെ റെറ്റിനയിലെ ചെറിയ രക്തക്കുഴലുകളുടെ ഭിത്തികളിൽ ചില വ്യത്യാസങ്ങൾ കാണാം. അതിനോടൊപ്പം രക്തം കട്ടപിടിക്കാനുള്ള സാദ്ധ്യതയും കൂടുതലാണ്. ഇങ്ങനെ വരി
കയാണെങ്കിൽ റെറ്റിനയിലേക്കുള്ള രക്തസഞ്ചാരം കുറയും. ഓക്സിജനും മറ്റ് അവശ്യവസ്തുക്കളും നേത്രപടലത്തിന് ലഭിക്കാതെ വരും. തുടർന്ന് റെറ്റിനയുടെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമായ മാക്കുലയിൽ വരുന്ന നീർക്കെട്ട് കാഴ്ചശക്തിയെ ബാധിക്കുന്നു.പ്രോളിഫറേറ്റീവ് ഡയബറ്റിക് റെറ്റിനോപ്പതി എന്ന പ്രശ്നം കാരണം രക്തസഞ്ചാരത്തിലെ കുറവുകാരണം പുതിയ രക്തക്കുഴലുകൾ വളർന്നുവരാൻ ഇടയാകും. ഇവയുടെ ഭിത്തികളിലെ അപാകതകൾ മൂലം റെറ്റിനയിലും കണ്ണിന്റെ ഉള്ളിലെ വിട്രിയസിലുമാണ് രക്തസ്രാവം ഉണ്ടാകുകയും തുടർന്ന് കാഴ്ചശക്തിയെ ബാധിക്കുകയും ചെയ്യും. ഈ രക്തസ്രാവം കണ്ണിലെ രക്തക്കുഴലുകൾ തന്നെ വലിച്ചെടുക്കുന്നതിനാൽ പിന്നീട് കാഴ്ച തിരികെ കിട്ടും. ഇങ്ങനെ സംഭവിച്ചില്ലെങ്കിൽ ശസ്ത്രക്രിയവഴി രക്തം നീക്കം ചെയ്യേണ്ടി വരും. ഇങ്ങെയുണ്ടാകുന്ന രക്തവാർച്ചകൾ കെട്ടിക്കിടന്ന് റെറ്റിനയ്ക്കും സ്ഥാനചലനമുണ്ടായേക്കാം.

ചികിത്സ

പ്രമേഹം പോലെ ഡയബറ്റിക് റെറ്റിനോപ്പതിയും ചികിത്സിച്ചു മാറ്റാൻ കഴിയില്ല. എന്നാൽ ലേസർ രശ്മികൾ ഉപയോഗിച്ചുള്ള ചികിത്സ ആശ്വാസം നൽകാറുണ്ട്. എന്നാൽ ഈ ചികിത്സ സമയത്ത് തന്നെ ലഭിക്കണം. ഈ ചികിത്സ കൊണ്ട് അമ്പതുശതമാനത്തോളം അന്ധത തടയാനേ കഴിയൂ. അതല്ലാതെ പൂർണമായും കാഴ്ച തിരികെ കിട്ടില്ല.

ഫ്ളൂറസിൻ ആഞ്ജിയോഗ്രാഫി

റെറ്റിനയിലെ രക്തക്കുഴലുകളുടെ ഘടനയിലുള്ള തകരാറുകളും രക്തസഞ്ചാരത്തിലുള്ള പ്രശ്നങ്ങളും മനസിലാക്കുന്നതിനുള്ള പരിശോധഇയാണിത്. ഫ്ളൂറസിൻ എന്ന വർണവസ്തു കൈയിലെ രക്തക്കുഴലുകളിൽ കുത്തിവയ്ക്കുകയും ഇത് രക്തക്കുഴലുകളിലൂടെ കണ്ണിലെ രക്തക്കുഴലുകളിലെത്തുകയും ചെയ്യുന്നു. പ്രത്യേകതരം കാമറ ഉപയോഗിച്ച് കണ്ണിലെ രക്തസഞ്ചാരം കണ്ടുമനസ്സിലാക്കാനും ഫോട്ടോയെഴുക്കാനും കഴിയുന്ന രീതിയിലാണ് ഈ സംവിധാനം.

ശ്രദ്ധിക്കുക

റെറ്റിനോപ്പതി അതിന്റെ ആരംഭഘട്ടത്തിൽ കാഴ്ചയെ ബാധിക്കില്ല. അതിനാൽ കാഴ്ചയിൽ പ്രശ്നങ്ങളൊന്നും ഇല്ലെങ്കിൽ പോലും പ്രമേഹരോഗികൾ വർഷത്തിൽ ഒരിക്കൽ ഒരു നേത്രരോഗവിദഗ്ദ്ധന്റെ വിശദമായ പരിശോധനയ്ക്ക് വിധേയനാകണം. റെറ്റിനോപ്പതിയുണ്ടെന്നറിഞ്ഞാൽ മൂന്നുമാസത്തിലൊരിക്കലോ, ആറുമാസത്തിലൊരിക്കലോ കൂടുതൽ പരിശോധനയ്ക്ക് വിധേയനാകണം. ഡയബറ്റിക് റെറ്റിനോപ്പതി ജീവിതകാലം മുഴുവൻ പരിശോധനയും ചികിത്സയും ആവശ്യമായ അവസ്ഥയാണെന്നുമുള്ള കരുതലും വേണം.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments:

Post a Comment

Please enter you valuable comments... Suggestions and ideas are always welcome...

Prof John Kurakar