കൊല്ലം ജലോത്സവം -അഷ്ടമുടിയുടെ
അഴകോത്സവം
വെള്ളിവിരിച്ച അനന്തതയില്‍ ആദ്യം പൊട്ടുകള്‍പോലെ, പിന്നെ
ചിറകടിച്ചെത്തുന്ന പക്ഷിയെപ്പോലെ, നീട്ടിവലിച്ച്
ആഞ്ഞുവലിഞ്ഞ്, കുത്തിയെറിഞ്ഞ് തൊടുത്തുവിട്ട അസ്ത്രംപോലെ,
ഓളപ്പരപ്പില്‍ തീപ്പിടിപ്പിച്ച് ചുണ്ടന്‍ വള്ളങ്ങള്‍ കുതിച്ചപ്പോള്‍
ഇരു കരകളിലും ആവേശം ആര്‍പ്പുവിളികളായി. ഓളങ്ങളില്‍ അഴകൊളിപ്പിച്ച് പച്ചവിരിപ്പിട്ട
അഷ്ടമുടിയില്‍ ആവേശം ഇരമ്പലായപ്പോള്‍ പച്ച ലാച്ചയില്‍ അഴകായി സാനിയ മിര്‍സ കരയില്‍
ചുണ്ടനെ വെല്ലുന്ന സൗന്ദര്യമായി. കരയിലും വെള്ളത്തിലും ദേശിങ്ങനാടിന്റെ ജലോത്സവം
ഏഴഴകിന്റെ മഹോത്സവമായി.
ജലറാണിക്കുമേല്‍ മഴമേഘങ്ങള്‍ ആശങ്കയുടെ കൂടുകൂട്ടിയിരുന്നെങ്കിലും ജലോത്സവം കാണാന്‍ നാടൊഴുകിയെത്തിയതോടെ മേഘങ്ങള്‍ വഴിമാറി. കാണാന്‍ കൊതിച്ച അഴകായി സാനിയകൂടി എത്തിയതോടെ പുരുഷാരത്തിന് കാഴ്ചയുടെ കൊടിയേറ്റമായി. മഴവില്ലൊളി വിതറി ഓളപ്പരപ്പില്‍ അമ്പത്തിനാല് വള്ളങ്ങള്‍, കണ്‍മുന്നിലെ വിസ്മയം ചിരിയാക്കി അഷ്ടമുടിയുടെ തീരത്ത് കൈയുയര്‍ത്തി സാനിയ, പകരംവയ്ക്കാനില്ലാത്ത സൗന്ദര്യക്കാഴ്ചയ്ക്കുശേഷം മത്സരങ്ങളുടെ തുടക്കമായി.
ആയിരം കൈകളുള്ള കാര്‍ത്തവീര്യാര്‍ജുനനെപ്പോലെ, ചുണ്ടന്‍ വള്ളങ്ങള്‍ ചേലില്‍ പറന്നു. ഓടിയും വെപ്പും വള്ളങ്ങള്‍ ഇഞ്ചോടിഞ്ച് പൊരുതി മുന്നേറിയപ്പോള്‍ അഷ്ടമുടി ഒരുവേള പുന്നമടയായി. കാറ്റൊന്നടിച്ചാല്‍ കലി തുള്ളുന്ന ഓളങ്ങളില്‍ മെയ്ക്കരുത്തിന്റെ തുഴകള്‍ പളുങ്കുമണികള്‍ ചിതറിച്ച് ഉയര്‍ന്നു താണു, കണ്‍മുന്നിലെ സുന്ദരകാഴ്ചകള്‍ വര്‍ണിക്കാന്‍ വാക്കുകള്‍ ലഭിക്കാതെ ദൃക്‌സാക്ഷി വിവരണക്കാര്‍ കവിവാക്യങ്ങള്‍ കടമെടുത്തു. ചുണ്ടന്‍ ചരിതവും ഓടിമാഹാത്മ്യവം ഇരുട്ടുകുത്തിയുടെ വീരചരിതവും കാണികള്‍ക്ക് കാഴ്ചയെക്കാള്‍ കേള്‍വിയുടെ ആവേശമായി. ഇടയിലെപ്പോഴോ കരയിലൊരു തിരയിളക്കം. ഇന്ത്യയുടെ ടെന്നീസഴക് പോകാനിറങ്ങിയപ്പോള്‍ കായലില്‍നിന്ന് കണ്ണുകള്‍ വീണ്ടും കരയിലേക്ക്. പവിലിയനിലെ അഴകൊളി മാഞ്ഞെങ്കിലും കായലില്‍ ആവേശം ചൂടുപിടിച്ചു. ഒടുവില്‍ കായല്‍പ്പരപ്പിനുമേല്‍ സായന്തനം കൂടണഞ്ഞു. 5.10ന് ചുണ്ടന്‍ വള്ളങ്ങളുടെ ഫൈനല്‍, ദേവാസും ആയാപറമ്പനും ശ്രീഗണേഷും ജവഹര്‍ തായങ്കരിയും തീരത്തു കാത്തിരുന്ന ആയിരങ്ങളുടെ മുന്നിലേക്ക് ഇഞ്ചോടിഞ്ച് കുത്തിയെറിഞ്ഞു കുതിച്ചെത്തുന്ന ജലരാജാക്കന്‍മാര്‍. നാലാം ട്രാക്കില്‍ ഒരു തുഴപ്പാടകലെ ജവഹര്‍ തായങ്കരി ഫിനിഷിങ് ലൈന്‍ പിന്നിടുമ്പോള്‍ കരയില്‍ അതിരില്ലാത്ത ആര്‍പ്പുവിളി ഉയര്‍ന്നു. പെയ്യാന്‍ മറന്ന മഴ പെട്ടെന്ന് തിരിച്ചെത്തി. നിലയ്ക്കാത്ത ആവേശത്തിനുമേല്‍ ഒന്നു നനച്ചു, രണ്ടാമത് പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവം അക്ഷരാര്‍ഥത്തില്‍ ദേശിങ്ങനാടിന്റെ മഹോത്സവമായി. അഷ്ടമുടിയുടെ അഴകോത്സവം കാണാന്‍ കൊതിച്ചെത്തിയ ആയിരങ്ങള്‍ക്ക് മറക്കാന്‍ കഴിയാത്ത വസന്തോത്സവമായി ജലോത്സവം മാറുകയായിരുന്നു.
പ്രൊഫ്. ജോണ്‍ കുരാക്കാര്‍
No comments:
Post a Comment
Please enter you valuable comments... Suggestions and ideas are always welcome...
Prof John Kurakar