ജനങ്ങളുടെ ചോദ്യങ്ങളെ ഭയക്കുന്ന നേതാക്കൾ
ജനങ്ങളുടെ ചോദ്യങ്ങളെയും വിമർശനങ്ങളെയും ഭയപ്പെടുന്ന നേതാക്കൾ ജനാധിപത്യത്തിന്റെ മൂല്യങ്ങളെയാണ് തകർക്കുന്നത്. യഥാർത്ഥ ജനാധിപത്യത്തിൽ ജനങ്ങൾക്ക് ചോദ്യം ചെയ്യാനുള്ള അവകാശമുണ്ട്. എന്നാൽ ചില ഭരണാധികാരികളും നേതാക്കളും ഈ അവകാശങ്ങളെ അമർച്ച ചെയ്യാൻ ശ്രമിക്കാറുണ്ട്. മാധ്യമങ്ങളുടെയും ജനങ്ങളുടെയും നേരിട്ടുള്ള ചോദ്യങ്ങൾക്ക് മുന്നിൽ ഉത്തരമില്ലാതെ ഒഴിഞ്ഞുമാറുന്നു.വിമർശനങ്ങളെ അടിച്ചമർത്തൽ: എതിരഭിപ്രായങ്ങളെയും ചോദ്യങ്ങളെയും നിയമപരമായും അല്ലാതെയോ ഭയപ്പെടുത്തി നിശബ്ദമാക്കാൻ ശ്രമിക്കുന്നു.ഭരണപരമായ കാര്യങ്ങൾ ജനങ്ങളിൽ നിന്ന് മറച്ചുവെക്കുകയും വിവരങ്ങൾ നൽകാതിരിക്കുകയും ചെയ്യുന്നു.: ജനകീയ പ്രക്ഷോഭങ്ങളെയും പ്രതിഷേധങ്ങളെയും പോലീസ് ശക്തി ഉപയോഗിച്ച് നേരിടുന്നു. ഇത് ശരിയായ പ്രവണതയല്ല .
ജനാധിപത്യത്തിന്റെ ഏറ്റവും വലിയ കരുത്ത് തെരഞ്ഞെടുപ്പുകളല്ല; ഭരണകൂടത്തോട് നിരന്തരം ചോദ്യം ചോദിക്കാനുള്ള പൗരന്റെ അവകാശമാണ്. പാർലമെന്ററി ജനാധിപത്യത്തിന്റെ അടിത്തറ ചോദ്യങ്ങളിലാണ് പണിതുയർത്തിയിരിക്കുന്നത്. ഭരണാധികാരികൾ ജനങ്ങൾക്ക് മുന്നിൽ ഉത്തരവാദികളാകണമെന്ന സങ്കൽപത്തിന്റെ പ്രായോഗിക രൂപമാണ് ചോദ്യം ചെയ്യൽ. അതുകൊണ്ടുതന്നെ ചോദ്യങ്ങളെ ഭയക്കുന്ന ഭരണകൂടം യഥാർഥത്തിൽ ജനാധിപത്യത്തെ തന്നെയാണ് ഭയക്കുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി രാജ്യത്ത് വളർന്നുവന്ന രാഷ്ട്രീയ സംസ്കാരം ഈ അടിസ്ഥാന സത്യത്തിന് നേർവിപരീതമാണ്. വിമർശിക്കുന്നവരെ രാജ്യദ്രോഹികളായി മുദ്രകുത്തുക, പ്രതിഷേധിക്കുന്നവരെ ക്രിമിനലുകളായി ചിത്രീകരിക്കുക, ചോദ്യങ്ങൾ ഉയർത്തുന്ന മാധ്യമങ്ങളെയും വിദ്യാർഥികളെയും പ്രതിപക്ഷത്തെയും സമ്മർദത്തിലാക്കുക എന്ന സമീപനം ആശങ്കാജനകമായ ഒരു രാഷ്ട്രീയ പ്രവണതയായി മാറിയിരിക്കുന്നു. ജനാധിപത്യത്തിന്റെ ആത്മാവായ സംവാദത്തിന് പകരം ഭീതിയും നിശ്ശബ്ദതയും സൃഷ്ടിക്കാനുള്ള ശ്രമങ്ങളാണ് ആവർത്തിക്കപ്പെടുന്നത്. പരീക്ഷാ ക്രമക്കേടുകൾക്കെതിരെ രാജ്യത്തുടനീളം വിദ്യാർഥികളും യുവജനങ്ങളും ഉയർത്തിയ പ്രതിഷേധം ഒരു സാധാരണ സമരമായിരുന്നില്ല. ഭാവിയെക്കുറിച്ചുള്ള ആശങ്കയും നീതിക്കായുള്ള ആവശ്യവും ചേർന്ന ജനാധിപത്യ ഇടപെടലായിരുന്നു അത്. അധികാരത്തിന്റെ മുന്നിൽ തലകുനിക്കാതെ, സ്വന്തം അവകാശങ്ങൾക്കായി സംഘടിതമായി ശബ്ദമുയർത്താൻ ഇന്ത്യൻ യുവത്വം തയ്യാറാണെന്ന പ്രഖ്യാപനമായിരുന്നു ആ പോരാട്ടം. എന്നാൽ ആ സമരത്തിന് ലഭിച്ച മറുപടി സംവാദമായിരുന്നില്ല; ശക്തിപ്രയോഗമായിരുന്നു. ലാത്തിച്ചാർജ്, കണ്ണീർവാതകം, പെല്ലറ്റ് പ്രയോഗം, ബലപ്രയോഗം-ഇവയൊക്കെയാണ് പ്രതിഷേധിക്കുന്ന വിദ്യാർഥികൾ നേരിട്ടത്. ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള സുരക്ഷാസംവിധാനങ്ങൾ പ്രതിഷേധങ്ങളെ അടിച്ചമർത്താനുള്ള ഉപകരണങ്ങളായി മാറുമ്പോൾ, ജനാധിപത്യത്തിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള ആശങ്ക സ്വാഭാവികമാണ്. സ്വാതന്ത്ര്യസമരകാലത്ത് ബ്രിട്ടീഷ് ഭരണകൂടം സ്വീകരിച്ച അടിച്ചമർത്തൽ രീതികളെ ഓർമിപ്പിക്കുന്ന ദൃശ്യങ്ങൾ ഒരു ജനാധിപത്യ രാജ്യത്തിന്റെ തലസ്ഥാനത്ത് ആവർത്തിക്കപ്പെടരുത്. ഇവിടെയാണ് രാജ്യത്തെ ആഭ്യന്തര മന്ത്രിയുടെ ഉത്തരവാദിത്തം പ്രസക്തമാകുന്നത്. പ്രതിഷേധക്കാർക്കെതിരെ ഇത്രയും ശക്തമായ നടപടികൾ സ്വീകരിക്കാൻ ആരാണ് നിർദേശം നൽകിയത്? നിയമം പാലിക്കേണ്ട പൊലീസ് എന്തുകൊണ്ടാണ് അമിതബലം പ്രയോഗിച്ചതെന്ന ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകേണ്ടത് ആഭ്യന്തര മന്ത്രാലയമാണ്. മൗനം ഒരിക്കലും ഉത്തരവാദിത്തത്തിന്റെ പകരമാകില്ല. അധികാരത്തിലുള്ളവർ സംസാരിക്കാതിരിക്കുമ്പോൾ സംശയങ്ങളാണ് ശക്തമാകുന്നത്. ഒരു ജനാധിപത്യത്തിൽ അധികാരസ്ഥർ വിമർശനങ്ങളിൽ നിന്ന് ഒളിച്ചോടാൻ കഴിയില്ല. പാർലമെന്റിൽ ചോദിക്കുന്ന ചോദ്യങ്ങൾക്കും മാധ്യമങ്ങൾ ഉയർത്തുന്ന സംശയങ്ങൾക്കും ജനങ്ങൾ ഉന്നയിക്കുന്ന ആശങ്കകൾക്കും മറുപടി പറയേണ്ടത് ഭരണകൂടത്തിന്റെ ഭരണഘടനാപരമായ ബാധ്യതയാണ്. ജനാധിപത്യം ഭൂരിപക്ഷത്തിന്റെ പേരിൽ ഭരണം നടത്താനുള്ള അനുമതിമാത്രമല്ല; ജനങ്ങൾക്ക് കണക്കു പറയാനുള്ള കടമ കൂടിയാണ്. ചരിത്രം തെളിയിച്ച ഒരു സത്യമുണ്ട്. ജനങ്ങളുടെ ശബ്ദം എത്രകാലം അടിച്ചമർത്തിയാലും അത് വീണ്ടും ഉയരും. ചോദ്യങ്ങളെ തടയാൻ കഴിയില്ല; സത്യത്തെ നിശ്ശബ്ദമാക്കാനും കഴിയില്ല. അധികാരത്തിന്റെ മതിലുകൾ എത്ര ഉയർന്നാലും ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടാൽ അവ തകർന്നുവീഴും. ജനാധിപത്യത്തിന്റെ ശക്തി ഭരണകൂടത്തിന്റെ ബലപ്രയോഗത്തിലല്ല, ജനങ്ങളുടെ വിശ്വാസത്തിലാണ്. അതുകൊണ്ട് തന്നെ രാജ്യം ഇന്ന് ഉത്തരം ആവശ്യപ്പെടുകയാണ്. പ്രതിഷേധങ്ങൾക്കെതിരെ അമിതബലം പ്രയോഗിക്കാൻ ആരാണ് നിർദേശം നൽകിയത്? അതിന്റെ ഉത്തരവാദിത്തം ആരാണ് ഏറ്റെടുക്കുന്നത്? സംഭവങ്ങളിൽ സ്വതന്ത്ര അന്വേഷണം ഉണ്ടാകുമോ? നിയമലംഘനം നടന്നിട്ടുണ്ടെങ്കിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമോ? ഈ ചോദ്യങ്ങൾക്ക് വ്യക്തവും വിശ്വാസ്യതയുള്ളതുമായ മറുപടി നൽകേണ്ടത് കേന്ദ്ര സർക്കാരും ആഭ്യന്തര മന്ത്രാലയവുമാണ്. ജനാധിപത്യത്തിൽ ചോദ്യങ്ങളെ ഭയക്കുന്നത് ഭരണകൂടത്തിന്റെ ദൗർബല്യമാണ്; ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതാണ് അതിന്റെ കരുത്ത്. അധികാരത്തിന്റെ ഇരുട്ടിൽ ഒളിച്ചിരിക്കാതെ ജനങ്ങളുടെ മുന്നിലേക്ക് വരികയും പാർലമെന്റിൽ രാജ്യത്തോട് വ്യക്തമായ വിശദീകരണം നൽകുകയും ചെയ്യേണ്ടത് ഇന്നത്തെ ഏറ്റവും വലിയ ജനാധിപത്യ ഉത്തരവാദിത്തമാണ്. കാരണം, ചോദ്യങ്ങളെ നേരിടുന്ന ഭരണകൂടമാണ് ചരിത്രത്തിൽ നിലനിൽക്കുക; ചോദ്യങ്ങളെ അടിച്ചമർത്തുന്ന ഭരണകൂടം ചരിത്രത്തിന്റെ മുന്നിൽ എന്നും പ്രതിക്കൂട്ടിലായിരിക്കും.
ജനാധിപത്യരാജ്യം ഭരിക്കുന്നവർക്ക് ജനങ്ങളുടെ ചോദ്യങ്ങളെ ഭയമാണോ? ജയിച്ചുകയറാനുള്ള മഹാബലീ ശിരസുകൾ മാത്രമാണോ ഇന്ത്യാ മഹാരാജ്യത്തിലെ പൗരന്മാര്? മുറ്റത്തു വന്ന് സാഷ്ടാംഗം പ്രണമിച്ച് നാടകം കളിക്കാനുള്ള വേദി മാത്രമാണോ ഇന്ത്യൻ പാർലമെന്റ്?എങ്ങും ചോദ്യങ്ങൾ മാത്രം. ഉത്തരമെവിടെ? പാർലമെന്റിന്റെ വർഷകാല സമ്മേളനം നടക്കുകയാണ്. നിരവധി വിഷയങ്ങളുണ്ട് ചർച്ച ചെയ്യാൻ. സർക്കാർ മറുപടി പറയേണ്ട നിരവധി ചോദ്യങ്ങളുണ്ട്. സർക്കാർ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടതും യുക്തിപൂർവം തീരുമാനമെടുക്കേണ്ടതുമായ നിരവധി കാര്യങ്ങളുണ്ട്. പക്ഷേ, കേന്ദ്രസർക്കാരിന്റെ നെടുംതൂണുകളായ പ്രധാനമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും സഭകളിൽ കാണാനില്ല. പാർലമെന്റ് മന്ദിരത്തിൽ കനത്ത സുരക്ഷയിൽ വന്നിറങ്ങുന്ന ചിത്രങ്ങൾ കാണുന്നുണ്ട്. നിരവധി ക്ഷേത്രങ്ങളുടെ ശ്രീകോവിലിനു മുന്നിൽ തൊഴുതുനിൽക്കുന്ന ചിത്രങ്ങളും കാണുന്നുണ്ട്. പക്ഷേ, ജനാധിപത്യത്തിന്റെ ശ്രീകോവിലിനു മുന്നിൽ വരാൻ മാത്രം ഇവരുടെ മുട്ടിടിക്കുന്നതെന്താണ്?
ജനാധിപത്യത്തോടുള്ള ഈ തികഞ്ഞ അനാദരവാണ് ജനാധിപത്യവിശ്വാസികളെ ആശങ്കയിലാക്കുന്നത്. ‘പ്രതിപക്ഷ വികാരം ആഭ്യന്തരമന്ത്രിയെ അറിയിക്കണം, സഭയിൽ ഹാജരാകണമെന്ന പ്രതിപക്ഷ ആവശ്യം അദ്ദേഹത്തെ അറിയിക്കണം’ എന്നൊക്കെ രാജ്യസഭാ അധ്യക്ഷന് പാർലമെന്ററികാര്യ മന്ത്രിയോടു പറയേണ്ടിവന്നു. വർഷകാല സമ്മേളനം തുടങ്ങി 14 ദിവസമായിട്ടും ആഭ്യന്തരമന്ത്രി സഭയിലെത്തിയിട്ടില്ല. എവിടെ അമിത് ഷാ എന്ന ചോദ്യത്തിൽ സഭാ നടപടികളാകെ മുങ്ങിയിട്ടും കേളൻ കുലുങ്ങിയിട്ടില്ല. അഭൂതപൂർവമായ യുവജന സമരത്തിനാണ് കഴിഞ്ഞ ദിവസങ്ങളിൽ തലസ്ഥാനനഗരി സാക്ഷ്യം വഹിച്ചത്. പരിഹസിച്ചും കൈയൂക്കു കാട്ടിയും ഒതുക്കാൻ പരമാവധി ശ്രമിച്ചിട്ടും ജ്വലിച്ചുനിന്ന ജെൻ സിക്കു മുന്നിൽ ഒടുവിൽ സർക്കാർ മുട്ടുകുത്തി. അമിത് ഷാ സഭയിൽ വന്നു പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ട് മൂന്നാഴ്ചയായി പ്രതിപക്ഷം പ്രതിഷേധത്തിലാണ്. നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരേ സമരം ചെയ്ത വിദ്യാർഥികൾക്കെതിരേ നടന്ന പോലീസ് അതിക്രമം, അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ള എന്നീ വിഷയങ്ങളിൽ അമിത് ഷാ സഭയിലെത്തി വിശദീകരണം നല്കണമെന്നാണ് പ്രതിപക്ഷ ആവശ്യം.
പ്രതിപക്ഷ പ്രതിഷേധം മറയാക്കി ഭരണപക്ഷം സുപ്രധാന ബില്ലുകൾ ചർച്ചയില്ലാതെ രണ്ടു മിനിറ്റുകൊണ്ട് പാസാക്കിയെടുക്കുന്ന മറ്റൊരു ജനാധിപത്യ ധ്വംസനമാണ് സഭയിൽ കണ്ടത്. ധനവിനിയോഗ ബിൽ കഴിഞ്ഞ ദിവസം വെറും രണ്ടു മിനിറ്റുകൊണ്ടാണ് ലോക്സഭ കടന്നത്. സമ്മേളനം തുടങ്ങി എട്ടു ദിവസത്തിനുള്ളിൽ ലോക്സഭയിൽ ആറും രാജ്യസഭയിൽ അഞ്ചും ബില്ലുകളാണ് പാസാക്കിയത്. ഇതിൽ രണ്ടു ബില്ലിൽ മാത്രമാണ് ഇരുസഭകളിലും കാര്യമായ ചർച്ചയുണ്ടായത്. അമിത് ഷായെ പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്താക്കണമെന്നാണ് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടത്. പക്ഷേ, സമ്മേളനം ആരംഭിച്ചതു മുതൽ മോദിയെത്തന്നെയും സഭയിൽ കാണുന്നില്ല. മോദിയുടെയും അമിത് ഷായുടെയും അഭാവം ജനാധിപത്യത്തോടുള്ള അവഹേളനമാണെന്ന് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയും പറഞ്ഞു.
കാര്യങ്ങൾ ഗൗരവത്തോടെ വിചിന്തനം ചെയ്ത് തീരുമാനങ്ങളിലെത്തുന്ന ഇന്ത്യൻ ജനാധിപത്യത്തിന്റെ സുപ്രധാന വേദിയാണ് പാർലമെന്റ്. ഈ സങ്കല്പം പാടേ തകർക്കുന്ന കാര്യങ്ങളാണ് ഭരണാധികാരികളിൽനിന്ന് കുറച്ചു വർഷങ്ങളായി ഉണ്ടാകുന്നത്. 1952 മുതൽ 1957 വരെ നിലനിന്ന ഒന്നാം ലോക്സഭയിൽ ഒരു വർഷം ശരാശരി 135 ദിവസങ്ങളാണ് സഭ സമ്മേളിച്ചത്. എന്നാൽ, രണ്ടാം മോദി സർക്കാരിന്റെ കാലത്ത് ഇത് കേവലം 55 ദിവസങ്ങളായി ചുരുങ്ങി. പാർലമെന്റിന്റെ സത്തയെ അപമാനിക്കുന്ന പല കാര്യങ്ങളും കഴിഞ്ഞ പത്തു വർഷത്തിനിടെ അരങ്ങേറി. ജനാധിപത്യത്തിനും പാർലമെന്റിനും മുകളിലാണ് തന്റെ സ്ഥാനമെന്ന അധികാരഹുങ്കിനെ ചരിത്രം എങ്ങനെയാണ് കൈകാര്യം ചെയ്തിട്ടുള്ളതെന്ന് വല്ലപ്പോഴുമൊന്നു തിരിഞ്ഞുനോക്കുന്നത് നല്ലതാണ്. ജനശക്തിക്കു മുന്നിൽ ഒരു കൊട്ടാരവും സിംഹാസനവും കിരീടവും ചെങ്കോലും ശാശ്വതമല്ലെന്ന അറിവ് ജനാധിപത്യബോധത്തിന്റേതാണ്. അത് മനസിലാകുന്നത് നന്ന് .
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment