യുദ്ധക്കപ്പലുകൾ മാറി
എണ്ണക്കപ്പലുകൾ നിറയട്ടെ
ഏറെനാളത്തെ കാത്തിരിപ്പിനൊടുവില്‍ ഇറാന്- യുഎസ് സമാധാന കരാര്‍ യാഥാര്‍ത്ഥ്യമാകുന്നു. സമാധാന ധാരണയായ വിവരം യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് തന്നെയാണ് പ്രഖ്യാപിച്ചത്. ഈ വിവരം ഇറാനും സ്ഥിരീകരിച്ചിട്ടുണ്ട്. ആഗോള വിപണിയെ സംബന്ധിച്ച് ഇത് വളരെ പ്രധാനപ്പെട്ട ഒരു പ്രഖ്യാപനമാണ്. യു.എസും ഇറാനും തമ്മില്‍ ചരിത്രപരമായ സമാധാന കരാറിലെത്തിയ വാര്
ത്തകള് പുറത്തുവന്നതിനു പിന്നാലെ ആഗോള എണ്ണവിലയിലും വലിയ ഇടിവ് സംഭവിച്ചു. നിലവില്‍ ബ്രെന്റ് ക്രൂഡ് ബാരലിന് 83.25 ഡോളറിലും, ഡബ്ല്യുടിഐ ക്രൂഡ് ബാരലിന് 80.54 ഡോളറിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.ഇതിനു മുൻപും അമേരിക്കൻ പ്രസിഡന്റ് ട്രംപ് ഇങ്ങനെ പറഞ്ഞിട്ടുള്ളതാണ്. പക്ഷേ, അടുത്ത വെള്ളിയാഴ്ച സ്വിറ്റ്സർലൻഡിൽ 60 ദിവസത്തെ വെടിനിർത്തലിനുള്ള കരാർ ഒപ്പുവയ്ക്കുമെന്ന് ഇറാനും പാക്കിസ്ഥാനും സ്ഥിരീകരിച്ചതോടെ ലോകത്തിനു പ്രതീക്ഷയേറി.ഹോർമുസിലെ കപ്പലുകൾ എൻജിനുകൾ സ്റ്റാർട്ടാക്കുംമുന്പേ ആഗോള എണ്ണവില 4.5 ശതമാനം താഴ്ന്ന് വീപ്പയ്ക്ക് 83.40 ഡോളറിനു താഴെയെത്തി. ലോകമെങ്ങും ഓഹരിവിപണികളും നില മെച്ചപ്പെടുത്തി. യുദ്ധത്തിലേർപ്പെട്ടിരുന്നത് അമേരിക്കയും ഇറാനും ഇസ്രയേലുമാണ്. ഇനി ഏതു യുദ്ധവും ലോകയുദ്ധമാണ്. ഗൃഹപാഠം: ഇന്ത്യ ഇന്ധന കരുതൽശേഖരം വർധിപ്പിക്കണം, യുദ്ധമറവിൽ വർധിപ്പിച്ച എണ്ണ-പാചകവാതക വിലകൾ ഉടൻ പിൻവലിക്കണം.പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും നേരിട്ടും ഇസ്രയേൽ പരോക്ഷമായും ഏർപ്പെട്ടിരിക്കുന്ന മൂന്നു മാസത്തിലേറെ നീണ്ടുനിന്ന യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന കരാറിനാണ് ധാരണയായത്. ജൂൺ 19ന് സ്വിറ്റ്സർലൻഡിലെ ജനീവയിൽ കരാർ ഒപ്പുവയ്ക്കും.
ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനൊപ്പം ഇറാൻ തുറമുഖങ്ങൾക്കുമേൽ അമേരിക്ക ഏർപ്പെടുത്തിയിരുന്ന ഉപരോധം പിൻവലിക്കാനും ട്രംപ് ഉത്തരവിട്ടു. യുകെ, ഫ്രാൻസ്, ജർമനി, ഇറ്റലി എന്നീ രാജ്യങ്ങളും ഉപരോധങ്ങളിൽ ഇളവ് വരുത്തുമെന്നറിയിച്ചിട്ടുണ്ട്.
വെടിനിർത്തൽ സമാധനത്തിന്റെ ഇടത്താവളമാണെന്നു കരുതാം. അവിടെവച്ച് ഇറാന്റെ ആണവ പദ്ധതികളെക്കുറിച്ചും ഉപരോധങ്ങൾ നീക്കുന്നതിനെക്കുറിച്ചും 60 ദിവസത്തെ ചർച്ച ആരംഭിക്കും. അമേരിക്ക-ഇറാൻ കരാറിൽ അത്ര തൃപ്തരല്ലാത്ത ഇസ്രയേലിനെ നിയന്ത്രിക്കാനായില്ലെങ്കിൽ അന്തിമകരാറിൽ വിള്ളലുണ്ടാകും.അതുപോലെ, ഇറാന്റെ കൈവശമുള്ള 60 ശതമാനം സന്പുഷ്ടീകരിച്ച 440 കിലോ ഉൾപ്പെടെ 9,000 കിലോ യുറേനിയം അന്തർദേശീയ മധ്യസ്ഥതയിൽ നശിപ്പിക്കാൻ ഇറാൻ തയാറാകുമോ തുടങ്ങിയ അടിസ്ഥാനപ്രശ്നങ്ങളിൽ തീരുമാനമാകേണ്ടതുണ്ട്. പക്ഷേ, യുദ്ധത്തിൽനിന്നു തലയൂരാൻ ഇറാനും അമേരിക്കയും ഒരുപോലെ ആഗ്രഹിക്കുന്നതിനാൽ തുടർചർച്ചകൾ വിജയിക്കുമെന്ന് ലോകം കരുതുന്നു.കരാറിനെ തങ്ങളുടെ വിജയമായി ചിത്രീകരിക്കാൻ ഇരുപക്ഷവും തീവ്രശ്രമത്തിലാണ്. പക്ഷേ, നഷ്ടമല്ലാതെ എന്താണ് അവർക്കു ലഭിച്ചതെന്ന് മറ്റാർക്കും അറിയില്ല. ഹമാസ് തീവ്രവാദികൾ ഇസ്രയേലിൽ നടത്തിയ ആക്രമണത്തിന്റെ തുടർച്ചയായി കത്തിത്തുടങ്ങിയ പശ്ചിമേഷ്യയിലേക്ക് അമേരിക്കയും ഇറങ്ങുകയായിരുന്നു.
പലസ്തീനിൽ ഹമാസും ലെനനിൽ ഹിസ്ബുള്ളയും യെമനിൽ ഹൂതികളും വിമോചനപോരാട്ടങ്ങളുടെ മറവിൽ കൈയാളിയിരുന്ന ഇസ്ലാമിക തീവ്രവാദത്തിനു ചെറുതല്ലാത്ത നഷ്ടമാണ് സംഭവിച്ചത്.ഇസ്രയേൽ ഹമാസിനെ തത്കാലമെങ്കിലും തിരിച്ചടിക്കാനാവാത്തവിധം ദുർബലമാക്കി. തീവ്രവാദത്തിനു ചെല്ലും ചെലവും കൊടുത്തു വളർത്തിയ ഇറാനും നഷ്ടക്കൂന്പാരത്തിലായി. ഹിസ്ബുള്ളയും തളർച്ചയിലാണ്. അമേരിക്കയിലും ജനജീവിതം ദുഃസഹമായതോടെ യുദ്ധവിരുദ്ധ വികാരം ശക്തമായി.നാലു ദിവസംകൊണ്ട് റഷ്യ യുക്രെയ്നെ കീഴ്പ്പെടുത്തുമെന്നു കരുതിയെങ്കിലും 2022 ഫെബ്രുവരി 24ന് ആരംഭിച്ച യുദ്ധം നാല് വർഷത്തിലേറെയായി തുടരുകയാണ്. ദിവസങ്ങൾക്കകം ഇറാനെ വീഴ്ത്തി തങ്ങൾക്കു താത്പര്യമുള്ള ഭരണകൂടത്തെ വാഴിക്കുമെന്ന ട്രംപിന്റെ അവകാശവാദവും പാഴായി.
ഉള്ളതു പറഞ്ഞാൽ, റഷ്യയും അമേരിക്കയും തങ്ങളുടെ പരിമിതികളെ ലോകത്തിനു മുന്നിൽ അനാവരണം ചെയ്തു എന്നതും ഈ യുദ്ധങ്ങളുടെ ബാക്കിപത്രമാണ്.വെടിനിർത്തൽ കരാർ ഒപ്പുവയ്ക്കുന്ന വെള്ളിയാഴ്ചയോടെ ഹോർമുസ് കടലിടുക്ക് തുറക്കും. ഇറാൻ സ്ഥാപിച്ച മൈനുകൾ നീക്കം ചെയ്യാനുള്ള താമസമേയുള്ളൂ. മൂന്നു മാസമായി കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ കപ്പലുകൾ ആദ്യംതന്നെ ഹോർമുസ് കടക്കും.
ഇന്നലെത്തന്നെ ഇടിഞ്ഞ ഇന്ധനവില, യുദ്ധത്തിന് മുൻപുള്ളതിനേക്കാളും കുറയുമെന്നാണ് ട്രംപ് പറയുന്നത്. അസംസ്കൃത എണ്ണവില 120 ഡോളറിലെത്തിയപ്പോൾ വർധിപ്പിച്ച ഇന്ത്യയിലെ പെട്രോൾ-ഡീസൽ, ഗാർഹിക-വാണിജ്യ പാചകവാതക വിലകൾ, അസംസ്കൃത എണ്ണവില 83 ഡോളറിലെത്തിയ സ്ഥിതിക്ക് ഇന്നലെത്തന്നെ കുറയ്ക്കേണ്ടതായിരുന്നു.
വിലക്കയറ്റവും പണപ്പെരുപ്പവും ജീവിതച്ചെലവുമൊക്കെ അത്ര അസഹനീയമാണ്. യുദ്ധത്തിൽ പരിക്കേറ്റത് സർക്കാരിനല്ല, ജനത്തിനാണ്. യുദ്ധത്തെ സർക്കാർ ചൂഷണോപാധിയാക്കില്ലെന്നാണ് രാജ്യം പ്രതീക്ഷിക്കുന്നത്. യുദ്ധക്കപ്പലുകൾ പിന്മാറുകയും എണ്ണക്കപ്പലുകൾ മുന്നേറുകയും ചെയ്താലും നാട്ടുകാർക്കു സമാധാനം കൊടുക്കണോയെന്ന് അതതു സർക്കാരുകൾ തീരുമാനിക്കണം.
പ്രൊഫ്. ജോൺ കുരാക്കാർ

No comments:
Post a Comment