Pages

Monday, February 16, 2026

*കിണറിന്റെ സുവിശേഷം* ബാബു പൊന്നച്ചൻ (കമ്പംകോട്)

                                               *കിണറിന്റെ                                                      സുവിശേഷം*

ബാബു പൊന്നച്ച

(കമ്പംകോട്)

ബൈബിളിലെ പഴയ നിയമ കാലഘട്ടത്തിൽ കിണറുകൾക്ക് ജനജീവിതത്തിൽ വലിയ സ്ഥാനമുണ്ട്. ജീവിതത്തിന്റെ തന്നെ ഭാഗമായിരുന്നു കിണറുകൾ. ജീവൻ നിലനിർത്തുവാൻ അത്യന്താപേക്ഷിതമായ ജലത്തിന്റെ ഉറവകൾ എന്ന നിലയിൽ, ദൈവാനുഗ്രഹത്തിന്റെ ഒരു അടയാളമായി അന്നുള്ളവർ കിണറുകളെ കണ്ടിരുന്നു.' കാണിപ്പാനിരിക്കുന്ന' ദേശത്തേക്ക് അബ്രഹാം സഞ്ചരിക്കുമ്പോൾ തനിക്കും തന്റെ ദാസീ ദാസന്മാർക്കും വളർത്തുമൃഗങ്ങൾക്കുമായി കിണറുകൾ പലയിടങ്ങളിൽ കുഴിച്ചു. ഓരോ കിണറിനും അബ്രഹാം പേരിട്ടു എന്നത് തന്നെ കിണറുമായുള്ള തന്റെ ആത്മബന്ധത്തിന് തെളിവാണ്.

ഇന്നത്തെ നമ്മുടെ ഭയങ്ങളിലൊന്നു വറ്റുന്ന കിണറുകളാണ്. ശരിക്കും തെളിമയുള്ള ഒരു ഓർമ്മയാണ് കിണർ. ദാഹമോടുങ്ങുന്ന ഇടം. കഴുകി വൃത്തിയാക്കുന്ന സ്ഥലം. ആഴത്തിന്റെ പര്യായം കൂടിയാണ് കിണർ.ഉറവകളുടെ കവചം കൂടിയാണത് - നമ്മുടെ പൊതു കിണറുകൾ കാടു കയറുന്നുണ്ട്. കിണറ്റിൻകരയിലെ വർത്തമാനങ്ങൾക്ക് ഏറെ പഴക്കമുണ്ട് അവിടെ രൂപപ്പെട്ടിട്ടുള്ള വിവാഹ ആലോചനകൾക്കും ധാരണകൾക്കും വലിയ ചരിത്രമുണ്ട്. പഴയ നിയമകാലം മുതൽക്കേ അതുണ്ട് റബേക്കായുടെ കല്യാണ നിശ്ചയവും, സിപ്പോറയുടെ 'ആണു കാണലും' ഒക്കെ നടന്നത് കിണറ്റിൻകരയിലാണ്. ഇനിയൊരു ദാഹമുണ്ടാകാത്ത ബോധ്യങ്ങളിലേക്കാണ് കിണറ്റുവക്കിലെ ശമര്യാസ്ത്രീമായുള്ള യേശുവിന്റെ സംഭാഷണം അവസാനിക്കുന്നത്.

ജലത്തിനു മീതെ ദൈവത്തിന്റെ ആത്മാവ് പരിവർത്തിച്ചു കൊണ്ടിരിക്കുന്നു എന്ന സൂചനയോടെയാണ് ഉല്പത്തി ആരംഭിക്കുന്നത്. ജലത്തെ നീല സ്വർണ്ണം എന്ന് തന്നെ വിളിക്കണം- വരും കാലങ്ങളിലെ യുദ്ധം പൊന്നിനോ, ഭൂമിക്കോ, എണ്ണക്കോ വേണ്ടിയാവില്ല - ജലത്തിന് വേണ്ടിയാവും. ഒരു തുള്ളി വെള്ളം എത്ര അമൂല്യമാണെന്ന് അറിയാൻ ഹാഗാറിനോട് ചോദിക്കുക. അശാസ്ത്രീയവും അനിയന്ത്രിതവുമായ ജല ഉപയോഗത്തെക്കുറിച്ച് ധാരണ ഉള്ളവരാകുകയാണ് ഏറ്റവും നല്ല ജലധ്യാനം. ചില കാലങ്ങളിൽ വൃക്ഷങ്ങൾ ഇല കൊഴിക്കുന്നത് പോലും ജലത്തിന്റെ ഉപയോഗത്തെ പരിമിതപ്പെടുത്താനാണ്. കണക്കുകൾ പരിശോധിച്ചാൽ ഭൂമിയുടെ മൂന്നിൽ രണ്ടും ജലം തന്നെ. ഭൂമിയുടെ സംസ്കാരങ്ങൾ എല്ലാം തന്നെ പുഴയോരത്താണ് ആരംഭിച്ചതും നിലനിന്നതും. സിന്ധുവിന്റെ തീരത്ത് നിന്നാണ് 'ഇന്ത്യ' ഉണ്ടായത്. ദൈവവചനത്തിന്റെ പര്യായമായി ജലം ഉപയോഗിക്കുന്നു. ഭൂമിയുടെ ജ്ഞാനസ്നാനം ആയിരിന്നു നോഹയുടെ കഥയിലെ പ്രളയകാലം.

ബെന്യാമിന്റെ 'ആടുജീവിതം' എന്ന നോവൽ സിനിമയായും പിറവിയെടുത്തു. പുസ്തകത്തിലെ പ്രധാന കഥാപാത്രമായ നജീബിന്റെ ജീവിതത്തിൽ പ്രതീക്ഷയുടെ വിത്തുകളെ തൊട്ടുണർത്തിയ മഴ പോലെ പെയ്തിറങ്ങിയ ചില ജീവിതങ്ങളുണ്ട്. അതിലൊന്ന് ഇബ്രാഹിം ഖാദിരിയാണ്, മരുഭൂമിയിൽ മണൽക്കാറ്റിനെയും, കൊടും ചൂടിനെയും എല്ലാം അഭിമുഖീകരിച്ചുകൊണ്ട് നജീബിനെ തോളിലേറ്റി നടന്നും ഓടിയും നജീബിനെ ഒരു മരുപ്പച്ചയിൽ എത്തിച്ചത് ഇബ്രാഹിം ഖാദിരിയാണ്. ഒരു ഹൈവേയുടെ സമീപത്ത് നജീബിനെ എത്തിച്ച ശേഷമാണ് ഇബ്രാഹിം ഖാദരി എവിടെയോ മറയുന്നത്. ഇബ്രാഹിം ഖാദിരി എന്ന രക്ഷകൻ മരുഭൂമിയിൽ ദൈവം കരുതിവച്ച ജീവജലം ആയിരുന്നു എന്ന് നജീബ് ചിന്തിക്കുന്നു. ഒരു തെളിനീരുറവയുടെ അടുത്ത് എത്തിയപ്പോൾ തന്റെ ദാഹം ശമിപ്പിക്കാൻ ശ്രമിക്കുന്നതിനു പകരം നജീബിന്റെ ചുണ്ടുകൾ നനയ്ക്കുവാൻ ആവേശം കാണിക്കുന്നു ഇബ്രാഹിം ഖാദിരി എന്ന വഴികാട്ടി.

എബ്രായ സൃഷ്ടികഥ പറയുന്നത് മനുഷ്യസൃഷ്ടിയുടെ ഉദ്ദേശം ഭൂമിയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ്. ' വേല ചെയ്യാനും കാപ്പാനും' ദൈവം മനുഷ്യനെ തോട്ടത്തിലാണ് നിയോഗിച്ചത്. കാവൽ ഇല്ലാത്ത വേലയാണ് ഇന്ന് ഭൂമിയിലെ ജീവന് ഭീഷണിയായി കൊണ്ടിരിക്കുന്നത്. അമിതമായ ചൂഷണം എന്ന പ്രകൃതി നേരിടുന്ന വലിയ ആപത്തിനെ ഗൗരവമായി കാണേണ്ടതുണ്ട്. കടൽവെള്ളം ആണെങ്കിൽ പോലും അളന്നെടുക്കണം എന്നാണ് പ്രവാചകൻ മുഹമ്മദ് നബി പഠിപ്പിച്ചത്. ആഗോളതാപനം, ജലം,വായു, മണ്ണ് എന്നിവയുടെ മലിനീകരണം, വനനശീകരണം മുതലായ പ്രശ്നങ്ങളെ മിതവ്യയത്തിന്റെ ബോധ്യങ്ങളിലൂടെ ഇച്ഛാശക്തിയോടെ നേരിടണം. ജലത്തെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം വേദങ്ങൾ ളിലും പ്രസ്താവിച്ചിട്ടുണ്ട്. ജലത്തിൽ '"അമൃതും ഔഷധവും' അടങ്ങിയിരിക്കുന്നു എന്ന് നാം വായിക്കുന്നുണ്ട്. എന്നാൽ ഔഷധമാകേണ്ട 'ജീവജലം ' മലിനപ്പെട്ടാലോ അത് നമ്മുടെ നാശത്തിന് തന്നെ കാരണമാവുകയും ചെയ്യുന്നു.

No comments: