Pages

Friday, January 23, 2026

ട്വൻ്റി20 പാർട്ടി NDA മുന്നണിയിൽ ചേർന്നു

 ട്വൻ്റി20 പാർട്ടി NDA മുന്നണിയിൽ ചേർന്നു




 

ലോകം അതിവേഗം മാറുകയാണ് .പാർട്ടി മാറുക ഇന്ന് ഒരു നിത്യസംഭവമാണ് .ട്വൻ്റി20 പാർട്ടി NDA മുന്നണിയിൽ ചേർന്നു . നിർഭയമായ തിരഞ്ഞെടുപ്പും, സത്യവും ,നീതിയും ,ധാർമ്മികതയും ആഗ്രഹിക്കുന്ന ഏതൊരു മനുഷ്യനും അംഗീകരിക്കാൻ കഴിയാത്ത നടപടികളാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ട്വൻ്റി20 പാർട്ടിക്കെതിരെ നടന്നത്.വർഗ്ഗീയ പാർട്ടികൾ അടക്കം 25 പാർട്ടികൾ

ചേർന്ന് ജനകീയ മുന്നണി രൂപീകരിച്ചു. സ്വന്തം പാർട്ടി ചിഹ്നം ഉപേക്ഷിച്ച് പൊതു ചിഹ്നത്തിൽ ട്വൻ്റി20 യെ ഇല്ലായ്മ ചെയ്യാൻ ഇറങ്ങിയത് ജനാധിപത്യ വിശ്വാസികൾക്ക് അംഗീകരിക്കാൻ കഴിയില്ല. ജനകീയ മുന്നണിക്ക് പല സ്ഥലത്തും ട്വൻ്റി20 യുടെ കൂമ്പു നുള്ളാൻ കഴിഞ്ഞെങ്കിലും വേരോടെ പറിച്ചെറിയാൻ കഴിഞ്ഞില്ല. വോട്ടു പിടിക്കാൻ ഇറങ്ങിയവരെ തടയുക, അക്രമിക്കുക, കള്ളക്കേസ് ഉണ്ടാക്കുക പാർട്ടി നേതാവിനെ തന്നെ തടഞ്ഞുവെക്കുക ഇതെല്ലാം ഭരണ പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ചാണ് നടത്തിയത്.അഴിമതിയും അക്രമവും വർഗ്ഗീയതയും തൊഴിലാക്കിയ രാഷ്ടീയ പാർട്ടികൾ നന്മയുടെ നിറകുടമായ ട്വൻ്റി20 യെ വെറുക്കപ്പെട്ട പാർട്ടിയായി ഒറ്റപ്പെടുത്താൻ ശ്രമിച്ചത് എന്തിൻ്റെ പേരിലാണ്.? ഇതിനെല്ലാം ചുക്കാൻ പിടിച്ചത് കുന്നത്തുനാട് MLA യാണ്. ശ്രീ: സാബു ജേക്കബിനെതിരെ വിവിധ പാർട്ടികളെയും, വ്യക്തികളേയും അണിനിരത്തി കമ്പനി റെയ്ഡ് ചെയ്യിക്കാനും, പൂട്ടിക്കാനും, സംസ്ഥാനത്തു നിന്ന് ഓടിക്കാനും ശ്രമിച്ചത് MLA യാണ്. ചുരുക്കത്തിൽ ട്വൻ്റി20 യെ NDA യെ പാളയത്തിൽ എത്തിച്ചതിൻ്റെ പൂർണ്ണ ഉത്തരവാദിത്വം MLA ഒരാൾക്ക് മാത്രമാണ്. ബഹു: അഡ്വ: സജീന്ദ്രൻ MLA ആയിരുന്നപ്പോൾ ഇത്തരം നെറികെട്ട പ്രവർത്തനങ്ങൾ നടന്നിരുന്നില്ല. അഡ്വ: ശ്രീനിജൻ കുന്നത്തുനാട്ടിൽ മത്സരിക്കാൻ എത്തിയതും, ഞാനുൾപ്പെടെ സഭ സംബന്ധമായി എറണാകുളത്തെ വീട്ടിൽ നടന്ന ചർച്ചകളും സംഭവങ്ങളും മറച്ചുവെക്കുന്നില്ല. യാക്കോബായക്കാരെ വാഗ്ദാനങ്ങൾ നൽകി വഞ്ചിച്ചു എന്നത് പരമസത്യമാണ്. അന്ന് ശ്രീ: സാബു ജേക്കബ് പറഞ്ഞ കാര്യങ്ങളും വൈകാതെ വെളിപ്പെടുത്താം. വികസനവും,തൊഴിലും ,വരുമാനവും ,ജീവിത സൗകര്യങ്ങളുമാണ് ജനത്തിനാവശ്യം.പുതിയ തലമുറ ട്വൻ്റി20 ആശയത്തെ പിന്തുണയ്ക്കുന്നു. രാഷ്ടീയ പാർട്ടികളെപ്പോലെ വെട്ടാനും കുത്താനും കല്ലെറിയാനും അവർ പോകില്ല. കൊടികുത്തി പ്രസ്ഥാനങ്ങൾ പൂട്ടിക്കാനും അവരെ കിട്ടില്ല. സമാധാനപരമായ ജീവിതം ആഗ്രഹിക്കുന്നവരാണ് കേരള ജനത. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 850 സീറ്റിൽ ഒറ്റക്ക് മത്സരിച്ച് 89 സ്ഥാനാർത്ഥികളെ വിജയിപ്പിച്ച നേട്ടം കേരളത്തിൽ മറ്റാർക്കുമില്ല. തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ട്വൻ്റി20 പാർട്ടിക്ക് മുമ്പിൽ രണ്ടു വഴികളെ ഉണ്ടായിരുന്നുള്ളൂ. ഒന്നുകിൽ പാർട്ടി പിരിച്ചുവിടുക. അല്ലെങ്കിൽ ഏതെങ്കിലും മുന്നണിയുടെ ഭാഗമാകുക. പ്രവർത്തകരെ വഴിയിൽ ഉപേക്ഷിച്ചു പോകുന്നവൻ നേതാവല്ല. ട്വൻ്റി20യുടെ സംസ്ഥാന കമ്മറ്റിയിൽ 90% ആളുകളും NDA യിൽ ചേരണമെന്ന് പറഞ്ഞതായി അറിയുന്നു.BDJS നേക്കാൾ ശക്തരായ ട്വൻ്റി20 NDA യിൽ രണ്ടാം കക്ഷിയായി മാറുമെന്നതിൽ തർക്കമില്ല. കേരളം മുഴുവൻ പാർട്ടി വളരുകയും ചെയ്യും.സാബു ജേക്കബ് NDA മുന്നണിയുടെ ഘടകകക്ഷി ആകാൻ തീരുമാനിച്ചതിൽ വ്യക്തിപരമായി ഞാൻ തെറ്റു കാണുന്നില്ല. NDA മുന്നണിയിലെ പ്രധാന കക്ഷിയായ BJP യുടെ പോഷക സംഘടനകൾ നടത്തുന്ന ക്രിസ്ത്യൻ വിരുദ്ധതയും, വടക്കേ ഇന്ത്യയിലെ പീഢനവും ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ല. അത്തരം നീക്കങ്ങളെ അൽമായ ഫോറം എതിർത്തിട്ടുണ്ട്.തുടർന്നും അതേ നിലപാടായിരിക്കും. NDA മുന്നണി വിട്ട് LDF UDF മുന്നണികളിൽ ചേർന്നവർ എങ്ങനെ വിശുദ്ധരായി.?? വെടക്കാക്കി തനിക്കാക്കുന്ന ഏർപ്പാട് എല്ലാവർക്കുമുണ്ട്. പുറത്തു നിന്ന് ഒറ്റക്ക് പറയുന്നതിനേക്കാൾ അകത്തുനിന്ന് ന്യൂനപക്ഷ സംരക്ഷണത്തിനും രാജ്യത്തിൻ്റെ വികസനത്തിനും വേണ്ടി ട്വൻ്റി20 ക്ക് ശബ്ദിക്കാൻ കഴിയുന്നുവെങ്കിൽ ജനം ശ്രീ:സാബു ജേക്കബ്ബിനേയും ട്വൻ്റി20 പാർട്ടിയേയും ചേർത്തു പിടിക്കും

 

. പ്രൊഫ്. ജോൺ കുരാക്കാർ


 

No comments: