രാജ്യത്തിന്റെ ബഹുസ്വരതയെ എതിർക്കുന്നവർ ആപത്ത് ക്ഷണിച്ചു വരുത്തുന്നു
രാജ്യത്ത് ഒരു ഇരട്ടത്താപ്പു നയംമാണ് നടക്കുന്നത് . കഴിഞ്ഞവർഷം കേക്കുമായി പോയവർ ഇപ്പോൾ ക്രിസ്മസ് ആഘോഷങ്ങളെ ആക്രമിക്കുന്നു. നിരോധിക്കുന്നു . ലോകത്തിനാകെ വെളിച്ചംപകരുന്ന സന്ദേശത്തിന്റെ പ്രഭകെടുത്തും വിധം ക്രിസ്മസ് ആഘോഷങ്ങളെപ്പോലും കടന്നാക്രമിക്കുന്ന അവസ്ഥ അസ്വസ്ഥപ്പെടുത്തുന്നതാണ് .മധ്യപ്രദേശ്, ഉത്തർപ്രദേശ്, ജാർഖണ്ഡ്, കർണാടക, ചത്തീസ്ഗഢ് മുതലായ സംസ്ഥാനങ്ങളിൽ ഇത്തരം ആക്രമണങ്ങൾ നടക്കുന്നതിന്റെ വാർത്തകൾ പുറത്തുവരികയാണ്. സംഘപരിവാർ ശക്തികളാണ് എല്ലാ ആക്രമങ്ങൾക്കും പിന്നിലെന്നു മനസിലാകും
ഉത്തർപ്രദേശ് സർക്കാർ ക്രിസ്മസ് അവധി തന്നെ റദ്ദാക്കി. ഈ ദിവസം വിദ്യാർഥികളുടെ ഹാജർ നിർബന്ധമാക്കി. ഇതിൽനിന്നെല്ലാം കേരളം വിട്ടുനിൽക്കും എന്നാണ് എല്ലാവരുടെയും ബോധ്യം. എന്നാൽ ആ ബോധ്യത്തെ ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു. സംസ്ഥാനത്തെ തപാൽ ഓഫീസുകളിൽ ക്രിസ്മസ് ആഘോഷപരിപാടിയിൽ ആർഎസ്എസിന്റെ ഗണഗീതം ആലപിക്കണമെന്ന് ബിഎംഎസ് യൂണിയൻ ആവശ്യപ്പെട്ടു. ഇതിനെതിരെ പ്രതിഷേധം ഉയർന്നതോടെ ജീവനക്കാരുടെ കൂട്ടായ്മകൾ ഓഫീസുകളിൽ നടത്താനിരുന്ന ക്രിസ്മസ് ആഘോഷം തന്നെ റദ്ദാക്കാൻ ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ തീരുമാനിച്ചു. പാലക്കാട് പുതുശേരിയിൽ കുട്ടികൾ അടങ്ങുന്ന കരോൾ സംഘത്തിനുനേരെ സംഘപരിവാർ ആക്രമണം ഉണ്ടായി. ഈ അക്രമിസംഘത്തെ ന്യായീകരിച്ചാണ് ബിജെപി നേതാക്കൾ രംഗത്തുവന്നത്. കരോൾസംഘത്തെ അവഹേളിക്കുകയും ചെയ്തു. അക്രമങ്ങൾ നടത്തിയവർക്കെതിരെ കർശന നടപടി സ്വീകരിച്ചിട്ടുണ്ട്. ചില സ്വകാര്യ സ്കൂളുകളിൽ ക്രിസ്മസ് ആഘോങ്ങൾ നടത്തുന്നതിനെതിരെ ആർഎസ്എസ് അനുകൂല സംഘടനകൾ ഭീഷണിപ്പെടുത്തുന്നുവെന്നും റിപ്പോർട്ടുളുണ്ട്.
ഇത്തരം സംഭവങ്ങൾക്കെതിരെ അടിയന്തര അന്വേഷണം നടത്താൻ സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. ആഘോഷങ്ങൾ നടത്തുന്നവർക്കെതിരെയും, മതപരമായ വിവേചനംകാട്ടുന്ന സ്കൂളുകൾക്കെതിരെയും കർശന നടപടി ഉണ്ടാകും. കേരളത്തിൽ ഇത്തരം ശക്തികൾ തലപൊക്കുന്നു എന്നത് ഗൗരവതരമാണ്. ഭരണഘടന അനുവദിച്ചു നൽകുന്ന മൗലികാവകാശങ്ങൾക്കെതിരായ ഒരു കടന്നുകയറ്റത്തെയും അംഗീകരിക്കില്ല.
രാജ്യത്തിന്റെ ബഹുസ്വരതയെ എതിർക്കുന്നവരാണ് വിപ്രതിപത്തിവെച്ചുപുലർത്തുന്ന സംഘവരിവാർ. കഴിഞ്ഞവർഷം ഇതേസമയത്ത് കേക്കും കൊണ്ട് ക്രൈസ്തവ ഭവനങ്ങളിലും ആരാധനാലയങ്ങളിലും സന്ദർശനം നടത്തിയവരാണ് ഇപ്പോൾ ക്രിസ്മസ് കരോൾ സംഘത്തെ ആക്രമിച്ചത്. 2025 ഏപ്രിൽ നാലിന് ആർഎസ്എസ് മുഖപത്രമായ ഓർഗനൈസറിൽ ക്രിസ്ത്യൻ സ്ഥാപനങ്ങളുടെ സ്വത്തിനെക്കുറിച്ച് ലേഖനം പ്രത്യക്ഷപ്പെട്ടതും ആർഎസ്എസിന്റെ ഉള്ളിലിരുപ്പ് കാട്ടിത്തന്നു. അപരമത വിദ്വേഷം പരത്തി മതനിരപേക്ഷതയെ കളങ്കപ്പെടുത്തുന്ന സംഘപരിവാർ ശ്രമങ്ങളെ നാട് ഒരുതരത്തിലും അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.കുട്ടികൾ അടങ്ങുന്ന കരോള് സംഘത്തെ ആക്രമിച്ച സംഭവത്തില് ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്ത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. പുതുശ്ശേരി കാളാണ്ടിത്തറ സ്വദേശി അശ്വിൻ രാജിനെയാണ് പാലക്കാട് കസബ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ഉടൻ കോടതിയിൽ ഹാജരാക്കും.
ഇന്നലെ രാത്രിയാണ് പുതുശ്ശേരി സുരഭിനഗര് എന്ന സ്ഥലത്തെത്തിയപ്പോഴായിരുന്നു പ്രതിയും മറ്റുരണ്ടുപേരും ചേർന്ന് കരോൾ സംഘത്തെ ആക്രമിച്ചത്. കരോളിന് ഉപയോഗിച്ച ഡ്രമ്മില് സിപിഎം എന്നെഴുതിയത് ചോദ്യം ചെയ്തായിരുന്നു ആക്രമണം. സംഘത്തിന്റെ ബാൻഡ് സെറ്റും സാമഗ്രികളും നശിപ്പിച്ചിട്ടുണ്ട്. സംഭവത്തിനു പിന്നിൽ ആർഎസ്എസ്- ബിജെപി പ്രവർത്തകരാണെന്ന് ആരോപിച്ച് കരോൾ സംഘം കസബ പൊലീസിൽ പരാതി നൽകി. കേസെടുത്ത പൊലീസ് സംഭവസ്ഥലം രാത്രി തന്നെ സന്ദർശിച്ചു.
പാതിരാക്കുർബാന കഴിഞ്ഞു. എത്ര നാളുകൾക്കുശേഷമാണ് ഇത്ര മഞ്ഞുപൊഴിയുന്ന ക്രിസ്മസ് രാത്രിയിലൂടെ നാം നടന്നത്! സ്വർഗം സകലജനത്തോടും സമാധാനം ആശംസിച്ചതിന്റെ, ഒരു കന്നുകാലിപ്പുര കൊട്ടാരങ്ങളെ ഭയപ്പെടുത്തിയതിന്റെ, ദരിദ്രനും ദളിതനും ആദിവാസിക്കും സത്രം നിഷേധിക്കപ്പെടുമെന്നു മുന്നറിയിപ്പു നൽകപ്പെട്ടതിന്റെ, എവിടെയാണ് പിറവിയെന്ന് കണ്ടുപിടിക്കാനും നശിപ്പിക്കാനും ഭരണകൂടങ്ങൾ അതിന്റെ സംഘങ്ങളെയും പരിവാരങ്ങളെയും അയച്ചതിന്റെയൊക്കെ ഓർമകൂടിയാണ് ഇന്ന്.അവയൊക്കെ ആവർത്തിക്കുന്പോഴും, ജ്ഞാനികളായ രാജാക്കന്മാരും നിഷ്കളങ്കരായ ആട്ടിടയരും ഉൾപ്പെടെ കോടാനുകോടി മനുഷ്യർ രക്ഷകനെ കാണാൻ മണ്ണിലെ പുൽക്കൂടും വിണ്ണിലെ നക്ഷത്രവും തെരയുന്നു. വേട്ടയാടലുകളുടെ രാത്രികളിലും അഹിംസയുടെയും സ്നേഹത്തിന്റെയും വഴികാട്ടുന്ന നക്ഷത്രത്തെമാത്രം പിന്തുടരാം. അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി, ഭൂമിയിൽ സന്മനസുള്ളവർക്കു സമാധാനം!
സഹസ്രാബ്ദങ്ങളുടെ സംഘർഷയാത്രാമധ്യേ മനുഷ്യവംശം ദർശിച്ച സമാധാനത്തിന്റെ വഴിയായിരുന്നു ക്രിസ്തുവിന്റേത്. വാൾ അതിന്റെ ഉറയിലിടാനും തിരിച്ചടിക്കാതിരിക്കാനും ഉള്ളവർ ഇല്ലാത്തവർക്കു കൊടുക്കാനും പറഞ്ഞുകൊണ്ട് നസ്രത്തിലും ഗലീലിയ തടാകക്കരയിലും ജറുസലേമിലും നടന്ന ക്രിസ്തു മനുഷ്യരുടെ ഉള്ളിലെ നന്മയെ പുറത്തെടുക്കാനാണ് ആവശ്യപ്പെട്ടത്. കാൽനടയായും കഴുതപ്പുറത്തും സഞ്ചരിച്ച ക്രിസ്തുവിനു പിന്നാലെ കൂടിയതിലേറെയും അടിച്ചമർത്തപ്പെട്ടവരും ദരിദ്രരും മത്സ്യത്തൊഴിലാളികളും ചുങ്കക്കാരും പാപികളും അഭിസാരികകളുമായിരുന്നു.
പക്ഷേ, വെള്ളയടിച്ച കുഴിമാടങ്ങളും മറ്റുള്ളവരെ എറിഞ്ഞുകൊല്ലാൻ കല്ലുമായി നടക്കുന്നരും അധികാരത്തിനുവേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത അഴിമതിക്കാരായ ഭരണാധികളും മതത്തെ കച്ചവടസ്ഥലമാക്കിയവരും ചൂഷകരും അഹങ്കാരികളുമൊക്കെ ക്രിസ്തു നടത്തിയ അടിസ്ഥാനമാറ്റത്തിനുള്ള ആഹ്വാനം അഹിംസയിലൂന്നിയതെങ്കിലും തങ്ങളുടെ വേരറുക്കുന്നതാണെന്നു തിരിച്ചറിഞ്ഞു. ആ ഭയമാണ് ക്രിസ്തുവിനെയും അവന്റെ സുവിശേഷത്തെയും ഉന്മൂലനം ചെയ്യുന്നതിനുള്ള മത-രാഷ്ട്രീയ ഗൂഢാലോചനയിലേക്കു നീങ്ങിയത്. ഇന്നും അതൊക്കെ ആവർത്തിക്കുന്പോൾ ക്രിസ്തുവിനെ അടുത്തറിഞ്ഞവർക്ക് അതിശയമില്ല.
അധികാരത്തിന്റെ പിൻബലത്തിൽ വെറുപ്പും വിദ്വേഷവും വ്യാപിപ്പിച്ച് ക്രൈസ്തവർക്കെതിരേ തിരിയുന്നത് ആഗോളതലത്തിൽ ഇസ്ലാമിക തീവ്രവാദികളാണെങ്കിൽ ഇന്ത്യയിൽ ഹിന്ദുത്വ വർഗീയവാദികളാണ്. സമാധാനസന്ദേശം വിളിച്ചോതുന്ന ഒരു കരോൾഗാനംപോലും സഹിക്കാൻ അവർക്കാകുന്നില്ല. സ്നേഹസമ്മാനങ്ങളുടെയും മധുരത്തിന്റെയും പങ്കുവയ്ക്കൽ അവർക്കു കയ്പാണ്.
ക്രിസ്മസിന് അവധികൾ നിരോധിച്ച്, കുട്ടികളെപ്പോലും വെറുപ്പിന്റെ ഇരകളാക്കുന്ന ബിജെപി നേതാക്കൾ മതേതര ഇന്ത്യക്കു നൽകുന്ന സന്ദേശം വായിക്കാൻ രാജ്യം വൈകിക്കഴിഞ്ഞു. പ്രാർഥനാമുറികളിലെത്തി സ്ത്രീകളെയും കുട്ടികളെയും അന്ധരെപ്പോലും ആക്രമിക്കുന്നവരുടെ ഹിംസാത്മകതയ്ക്കുമുന്നിൽ സർക്കാരുകൾ ഓച്ഛാനിച്ചുനിൽക്കുകയാണ്. ഭരണകൂടങ്ങൾ ഭരണഘടനയെ നിർവീര്യമാക്കുന്പോൾ നിയമവും നീതിപീഠങ്ങളും സഹായിക്കാനെത്തുന്നില്ല.
തങ്ങൾ പണ്ടേ ഇവിടെയുണ്ടായിരുന്നെന്നും മറ്റുള്ളവർ അങ്ങനെയല്ലെന്നുമുള്ള വ്യാജചരിത്രം പടയ്ക്കുന്നവർ രാജ്യത്തെ വീണ്ടും വിഭജിക്കുകയാണ്. അവർ കേരളത്തിലുമെത്തി. കരോൾഗാനം പാടുന്നവരെ ആക്രമിക്കുന്ന മതഭ്രാന്തരെ ന്യായീകരിക്കാനും ആളുണ്ട്; അകത്തും പുറത്തും. ക്രിസ്തുവും ക്രിസ്മസും ക്രിസ്ത്യാനികളുടേതു മാത്രമല്ലെന്ന് പലരും തിരിച്ചറിഞ്ഞിട്ടില്ല. ഇതിനെയൊക്കെ ന്യായീകരിക്കുന്ന രാഷ്ട്രീയ വിധേയർ ക്രൈസ്തവരിലുമുണ്ടെന്നതിൽ അതിശയോക്തിയില്ല. രണ്ടായിരം വർഷങ്ങൾക്കുമുന്പും മത-രാഷ്ട്രീയ ഗൂഢാലോചനക്കാർ കാര്യസാധ്യത്തിന് ആളെ തെരഞ്ഞത് ക്രിസ്തുവിന്റെ ശിഷ്യരിലായിരുന്നു. ചരിത്രം ആവർത്തിക്കുന്പോഴും നക്ഷത്രവഴിയേ സഞ്ചരിക്കുക. സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സുവിശേഷം അറിയിക്കാൻ പ്രതിജ്ഞാബദ്ധരായിരിക്കുക.
“ഭയപ്പെടേണ്ട, ഇതാ സകല ജനത്തിനും വേണ്ടിയുള്ള വലിയ സദ്വാർത്ത. നിങ്ങൾക്കായി ഒരു രക്ഷകൻ, ക്രിസ്തു പിറന്നിരിക്കുന്നു.” ഇന്നു ക്രിസ്മസാണ്; സഹസ്രാബ്ദങ്ങൾക്കുശേഷവും രാഷ്ട്രീയ-മത വേഷം കെട്ടിയ തമോഗർത്തങ്ങൾക്കു വിഴുങ്ങാനാകാത്ത ലോകത്തിന്റെ പ്രകാശത്തിലേക്കു നടക്കാം. ഭരണകേന്ദ്രങ്ങളുടെയും ന്യായാസനങ്ങളുടെയും കൊട്ടാരങ്ങളുടെയും പുറത്ത്, രണ്ടാംതരം പൗരത്വത്തിന്റെ കാലിത്തൊഴുത്തിൽ പിറന്നവനെ സകല ജാതിയിലും മതത്തിലുമുള്ള കോടാനുകോടി മനുഷ്യർക്കും ജീവജാലങ്ങൾക്കുമൊപ്പം കുന്പിടാം. വിദ്വേഷസംഘങ്ങളിലേക്കും വെളിച്ചമെത്തട്ടെ.എല്ലാവർക്കും ക്രിസ്തുമസ് ആശംസകൾ
പ്രൊഫ്. ജോൺ കുരാക്കാർ


No comments:
Post a Comment