Pages

Wednesday, October 22, 2025

കേരത്തെ രക്ഷിക്കാൻ കേരളം എന്ത് ചെയ്തു ? പ്രൊഫ്. ജോൺ കുരാക്കാർ

 

കേരത്തെ  രക്ഷിക്കാൻ 

കേരളം  എന്ത് ചെയ്തു ?

 


കേരം തിങ്ങും കേരള നാട് എന്നാണ് കേരളത്തെ  ഒരു കാലത്ത് വിളിച്ചിരുന്നത് .ഇന്നു  സ്ഥിതിയൊക്കെ  മാറി .ഇന്ന് തേങ്ങ വേണമെങ്കിൽ അന്യ സംസഥാന ത്തു നിന്നും വരണം . ഉള്ള തെങ്ങിൽ കയറാൻ ആളില്ല  ഒരു കാലത്ത് രാജ്യത്തെ ഏറ്റവും ഉയർന്ന നാളികേര ഉൽപാദകർ  കേരളമായിരുന്നു .ഇന്ന് രാജ്യത്തെ ഏറ്റവും ഉയർന്ന നാളികേര ഉൽപാദകർ  കർണാടകയാണ് ,രണ്ടാം സ്ഥാനത്തു  തമിഴ് നാടാണ്

സംസ്ഥാനത്ത് തെങ്ങില്കയറാനും തേങ്ങയിടാനും  ഇന്ന്  വേണ്ടത്ര ആളില്ല .കേന്ദ്ര നാളികേര വികസന ബോർഡിൻ്റെ രേഖകൾ പ്രകാരം, 2022-23 കാലയളവിൽ കേരളം 563 കോടി നാളികേരം ഉൽപാദിപ്പിച്ചപ്പോൾ, കർണാടക 595 കോടി നാളികേരം ഉൽപാദിപ്പിച്ച് മുന്നേറ്റം നടത്തി. അതേസമയം 2021-22 കാലയളവിൽ 552 കോടി നാളികേരം ഉൽപാദിപ്പിച്ചായിരുന്നു കേരളം ഒന്നാം സ്ഥാനം നിലനിർത്തിയിരുന്നത്. ഇക്കാലയളവിൽ കർണാടക 518 കോടി നാളികേരമാണ് ഉൽപാദിപ്പിച്ചത്.

കേരളം എന്ന പേരിനു പിന്നിൽ ചേരരാജാക്കന്മാർ മുതൽ അറബിസഞ്ചാരികൾ വരെയുള്ളവരുടെ സ്വാധീനം പറയപ്പെടുന്നുണ്ടെങ്കിലും അതു കേരവൃക്ഷവുമായി ബന്ധപ്പെടുത്തിപ്പറയാനാണ് മലയാളികൾക്കിഷ്ടം. പശുവിനെപ്പറ്റി പറയേണ്ടപ്പോൾപോലും വിഷയത്തെ തെങ്ങിൽ കൊണ്ടുപോയി കെട്ടിയിടുന്ന ശീലമുള്ളവരാണല്ലോ നമ്മൾ. തേങ്ങ ചിരകിയും പച്ചയ്ക്കും വറുത്തും അരച്ചും കൊത്തിനുറുക്കിയും ഒക്കെ കറിക്കും ഉപദംശങ്ങൾക്കും ഉപയോഗിക്കുന്നതിനു പുറമേ, ഉണക്കി കൊപ്രയാട്ടി വെളിച്ചെണ്ണയാക്കിയും മലയാളിയുടെ ഭക്ഷണശീലങ്ങളിലും കേശസംരക്ഷണത്തിലും ഉൾപ്പെട്ടത് ഏതു യുഗം മുതലാണെന്നു തീർച്ചയില്ല. തെങ്ങിന്റെ ഓലയും മടലും കൊതുമ്പും അരിപ്പയും മുതൽ ചകിരിയും ചിരട്ടയും വരെ സകലമാന അനുബന്ധോൽപന്നങ്ങളും നമ്മൾ വെട്ടിയും മടക്കിയും മെടഞ്ഞും കത്തിച്ചുമൊക്കെ പലവിധ നേരമ്പോക്കുകൾക്ക് ഉപയോഗിക്കുന്നു. ഇതുകൊണ്ടൊക്കെത്തന്നെ, തെങ്ങ് കേവലമൊരു വൃക്ഷമല്ല, ഒരു പ്രസ്ഥാനമാണെന്നു ബോധ്യപ്പെട്ട സർക്കാർ നാളികേരത്തിനായി വികസന കോർപറേഷൻ ഉണ്ടാക്കിയിട്ട് വരുന്ന ഡിസംബറിൽ 50 വർഷം തികയും.

മലയാളികൾക്ക്  തെങ്ങിനോടുള്ള  പ്രതിബന്ധത  എത്രതോളമുണ്ട്  എന്ന പരിശോധിക്കേണ്ടിയിരിക്കുന്നു.സമ്പൂർണസാക്ഷരരും ബുദ്ധിശാലികളും സംസ്കാരസമ്പന്നരും എന്നൊക്കെ ഊറ്റം കൊള്ളുന്ന മലയാളികൾതെങ്ങിനെ  അവഗണിക്കുകയായിരുന്നു .

എഴുപതുകളുടെ ആദ്യം മലയാളികൾ  കൊക്കോ കൃഷിയുടെ പിന്നാലെപോയി. അതിൻറെ  മുൻപേ റബ്ബറിൻറെ  പിറകെ പോയി . തെങ്ങിനെ  രക്ഷിക്കാൻ  നാളികേര വികസന സമിതി  ഒന്നും ചെയ്തില്ല . മറ്റ് എല്ലാ മേഖലകളിലും  സാങ്കേതിക  വിദ്യ  പ്രയോഗിച്ചെങ്കിലും  നാളികേര രംഗത്തു സാങ്കേതിക വിദ്യ  കടന്നുവന്നില്ല  പരശുരാമൻ ത്രേതായുഗത്തിൽ ഉപയോഗിച്ചതിൽ കവിഞ്ഞുള്ള ഒരു സാങ്കേതികവിദ്യ മലയാളി തൊണ്ണൂറുകളുടെ തുടക്കം വരെ നാളികേരസംബന്ധിയായി വികസിപ്പിച്ചിട്ടില്ല. മഴുകൊണ്ട് കുത്തി ചവിട്ടിപ്പിടിച്ചോ, പ്രാചീനശിലായുഗം മുതൽ കൂർത്ത കല്ലിൽ കൊത്തിപ്പൊതിച്ചിരുന്ന പ്രാകൃതരീതി പിന്തുടരുന്ന കമ്പിപ്പാരയിൽ കോർത്തോ, ലോഹയുഗസൃഷ്ടിയായ കൊടുവാളുകൊണ്ട് വെട്ടിപ്പൊളിച്ചോ ഒക്കെയായിരുന്നു ചകിരിയിൽനിന്നു നാളികേരം വേർപെടുത്തുന്ന പ്രാഥമികകർത്തവ്യം മലയാളികൾ നിർവഹിച്ചുപോന്നത്. കേര  കർഷകരെ  രക്ഷിക്കാൻ   ഇവിടെ ഭരണം നടത്തിയ  സർക്കാരുകൾ ഒന്നും ചെയ്തില്ല കേര വികസന കോർപറേഷൻ അൻപതാം വാർഷികമാഘോഷിക്കുന്ന ഘട്ടത്തിലെങ്കിലും സാങ്കേതികവിദ്യയുടെ അവഗണനയിൽനിന്നു കേരവൃക്ഷത്തെ രക്ഷിക്കുമെന്നു പ്രതീക്ഷിക്കാമോ ?

നിർമിതബുദ്ധി- റോബട്ടിക്സ് ഗവേഷണങ്ങളെ തെങ്ങു കയറ്റിച്ച്, മൂപ്പുനോക്കി തേങ്ങയിടീക്കാനും വൃത്തിയായി പൊളിച്ച് അടുക്കളയിലോ മാർക്കറ്റിലോ എത്തിക്കാനും ഇന്ന്  കഴിയില്ലേ .  തെങ്ങിനെ  കാത്തുസൂക്ഷിക്കുന്ന  ഒരു സമൂഹത്തെ  വളർത്തികൊണ്ടുവരുവാൻ  സർക്കാരിന് കഴിയുമോ?

 

പ്രൊഫ്. ജോൺ കുരാക്കാർ

 

 

 

No comments: