Pages

Friday, March 15, 2024

നമ്മുടെ കലോത്സവങ്ങൾ കലാപവേദികളാകുന്നത് എന്തുകൊണ്ട് ?

 

നമ്മുടെ കലോത്സവങ്ങൾ കലാപവേദികളാകുന്നത്  എന്തുകൊണ്ട് ?

 

ജനാധിപത്യത്തിന്റെ സർഗാത്മകയിടങ്ങളായിമാറേണ്ട കലോത്സവങ്ങൾ പലപ്പോഴും ആധിപത്യത്തിന്റെയും മർക്കടമുഷ്ടിയുടെയും വേദികളായി മാറുന്നുവെന്നത് കാണാതിരിക്കാനാവില്ല.

പേരിടലിൽ തുടങ്ങിയതാണ് കേരള സർവകലാശാല കലോത്സവവിവാദം. വിധികർത്താക്കളിലൊരാളുടെ മരണംവരെ നീണ്ട പരാതികൾക്കും പ്രതിഷേധങ്ങൾക്കുമൊക്കെയാണ് പിന്നീടുള്ള ദിവസങ്ങൾ സാക്ഷിയായത്. സർവകലാശാലയുടെ ചരിത്രത്തിലാദ്യമായി കലോത്സവം പാതിയിൽ നിർത്തിവെക്കേണ്ട സാഹചര്യവും ഇത്തവണയുണ്ടായി. വേദിക്കായി സർവകലാശാല യൂണിയൻ തിരഞ്ഞെടുത്തഇൻതിഫാദഎന്ന പേര് അറംപറ്റിയെന്നു പറയുന്നതിൽ തെറ്റില്ല. ‘ഇൻതിഫാദകലാപത്തെ പിന്തുണയ്ക്കുന്ന പേരാണെന്ന് ചൂണ്ടിക്കാട്ടി ഒരുവിഭാഗം വിദ്യാർഥികൾ വൈസ് ചാൻസലർക്ക് പരാതിനൽകിയതായിരുന്നു തുടക്കം.

വിവാദത്തിന്റെ പശ്ചാത്തലത്തിൽ, കലോത്സവം യുദ്ധമോ കലാപമോ സമരമോ അല്ലെന്നു വ്യക്തമാക്കി വൈസ് ചാൻസലർ പേര് വിലക്കി. മത്സരം തുടങ്ങിയതോടെ കോഴ, ഒത്തുകളി ആരോപണങ്ങളും ചൂടുപിടിച്ചു. ആദ്യദിനം അരങ്ങേറിയ മാർഗംകളിയുടെ ഫലപ്രഖ്യാപനത്തിൽത്തന്നെ താളംപിഴച്ചു. മാർഗംകളി വിധികർത്താക്കളെ പോലീസ് കസ്റ്റഡിയിലെടുക്കുന്നതുവരെ കാര്യങ്ങളെത്തി. തുടർന്നുള്ള ദിവസങ്ങളിലും ഫലപ്രഖ്യാപനവും അപ്പീലും മത്സരങ്ങൾ അനന്തമായി വൈകുന്നതുമെല്ലാം പ്രതിഷേധത്തിനിടയാക്കി. സർവകലാശാല യൂണിയൻ നിയന്ത്രിക്കുന്ന എസ്.എഫ്..ക്കാർ, കലോത്സവത്തിനെത്തിയ കെ.എസ്.യു. പ്രവർത്തകരെ തിരഞ്ഞുപിടിച്ചു മർദിച്ചതായുള്ള പരാതിയുയർന്നതോടെ ചേരിതിരിഞ്ഞുള്ള ഏറ്റുമുട്ടലിലേക്കും വേദികൾ വഴിമാറി. വിവിധങ്ങളായ പ്രശ്നങ്ങൾ കാരണം മത്സരങ്ങൾ നിർത്തിവെക്കുന്നതും സമയം അനിശ്ചിതമായി നീളുന്നതും മത്സരാർഥികളെയും വലച്ചു. ഒടുവിൽ സമാപനസമ്മേളനംവരെ ഒഴിവാക്കി കലോത്സവം നിർത്തിവെച്ചതായി വൈസ് ചാൻസലർക്ക് പ്രഖ്യാപിക്കേണ്ടിവന്നു. കല സംഘർഷത്തിലേക്കും കലാപത്തിലേക്കും നീങ്ങിയപ്പോൾ നഷ്ടമുണ്ടായത് മാസങ്ങൾനീണ്ട പരിശീലനത്തിനൊടുവിൽ അരങ്ങ് നിഷേധിക്കപ്പെട്ട വിദ്യാർഥികൾക്കുമാത്രമാണ്.

 

നമ്മുടെ കലാ സാംസ്കാരിക മണ്ഡലത്തിന്റെ ഭാവികാലത്ത് ചുവടുറപ്പിക്കേണ്ടവരാണ് വേദിയും അംഗീകാരവും നഷ്ടപ്പെട്ടു മടങ്ങുന്നത്. മാസങ്ങളുടെ കഠിനാധ്വാനവും ഒരുക്കവും പാഴാകുന്നു. നൃത്ത ഇനങ്ങളടക്കം പല സ്റ്റേജ് മത്സരങ്ങൾക്കും വലിയ തോതിൽ പണം ചെലവഴിച്ചും ഏറെ നാളത്തെ തയാറെടുപ്പോടെയുമാണ് കോളജുകൾ ടീമുകളെ എത്തിക്കുന്നത്. സർവകലാശാലാ അധികൃതരും യൂണിവേഴ്സിറ്റി യൂണിയനും വിദ്യാർഥി സംഘടനകളുമടക്കമുള്ളവർ നിരത്തുന്ന ന്യായങ്ങളൊന്നും നിരാശരായുള്ള അവരുടെ മടക്കത്തിനു പരിഹാരമല്ല. ഉത്തരവാദിത്തപ്പെട്ടവരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ നിസ്സാരവുമല്ല.

താൽക്കാലിക ലാഭം നോക്കിയുള്ള രാഷ്ട്രീയക്കളികളും അധികാരികളുടെ കിടമത്സരങ്ങളും നമ്മുടെ ഉന്നതവിദ്യാഭ്യാസരംഗത്തെ എത്രമാത്രം അനാഥമാക്കിയിരിക്കുന്നുവെന്നതിന്റെ മറ്റൊരു തെളിവുകൂടിയാവുന്നു ഇത്. ചില വിദ്യാർഥിസംഘടനകൾ അക്രമം അവരുടെ പ്രധാന കലാപരിപാടിയാക്കിയിരിക്കുകയാണ്.

 

കോഴ വാങ്ങി വിധിനിർണയം അട്ടിമറിച്ചതിന്റെ പേരിൽ വിധികർത്താക്കളടക്കം അറസ്റ്റിലായി. മാർഗംകളി മത്സരത്തിന്റെ നിർണയത്തിലാണ് ക്രമക്കേടുണ്ടായതെന്നു പറയുന്നെങ്കിലും കലോത്സവത്തിലെ മറ്റിനങ്ങളിലും സമാനമായ ഇടപെടൽ നടന്നിട്ടുണ്ടെന്ന ആരോപണവുമായി വിദ്യാർഥികൾ വൈസ് ചാൻസലർക്കു മുന്നിലെത്തി. വിധികർത്താക്കൾക്കെതിരെ നൂറുകണക്കിനു പരാതികളാണ് സർവകലാശാലാ അധികൃതർക്കു ലഭിച്ചത്.  ജനാധിപത്യത്തിന്റെ സർഗാത്മകയിടങ്ങളായിമാറേണ്ട കലോത്സവങ്ങൾ പലപ്പോഴും ആധിപത്യത്തിന്റെയും മർക്കടമുഷ്ടിയുടെയും വേദികളായി മാറുന്നുവെന്നത് കാണാതിരിക്കാനാവില്ല. എതിർ വിദ്യാർഥിസംഘടനകൾക്ക് നിയന്ത്രണമുള്ള കോളേജുകളെ പലവിധത്തിൽ മാറ്റിനിർത്തുന്നതും അവിടങ്ങളിലെ യൂണിയൻ ഭാരവാഹികളെ കായികമായി ആക്രമിക്കുന്നതും ഇത്തരം വേദികളിൽ പതിവാണ്. ഇങ്ങനെ പോയാൽ കലോത്സവങ്ങൾ  തന്നെ ഇല്ലാതാകും . കലാലയങ്ങളെ കൊലകളങ്ങളായി  മാറ്റാതിരിക്കുക .

 

പ്രൊഫ്. ജോൺ കുരാക്കാർ

 

No comments: