Pages

Monday, March 25, 2024

വിശുദ്ധ റമദാൻ എൻറെ വീക്ഷണത്തിൽ പ്രൊഫ്. ജോൺ കുരാക്കാർ

വിശുദ്ധ റമദാൻ എൻറെ വീക്ഷണത്തിൽ

പ്രൊഫ്. ജോൺ കുരാക്കാർ



എല്ലാ മതങ്ങൾക്കും വ്രതാനുഷ്ഠാനം പുണ്യകർമ്മമാണ്. ക്രൈസ്തവർ 50 ദിവസം നോയമ്പ് നോക്കുന്നു .വിശുദ്ധ ഖുർ-ആൻ അവതരിച്ച മാസമാണ് റമദാൻ. ഖുർ - ആൻ മുഖേന മാർഗദർശനം ലഭിച്ചതിന്റെ നന്ദിപ്രകടനമായി നോമ്പ് നോൽക്കണമെന്നത് സർവശക്തനായ അല്ലാഹുവിന്റെ കൽപ്പനയാണ്. ഇതുവഴി ദേഹേച്ഛകളെ നിയന്ത്രിച്ച്, ആത്മസംസ്കരണത്തിലൂടെ സൃഷ്ടിയും സ്രഷ്ടാവും തമ്മിലുള്ള ബന്ധം ദൃഢപ്പെടുത്താം. ആത്മപരിശുദ്ധിയും ആമാശയ സംസ്കരണവും ശാരീരികവും മാനസികവുമായ മനോവീര്യം വീണ്ടെടുക്കാൻ ഒരു നോമ്പുകാരന് സാദ്ധ്യമാകുന്നു.പാവപ്പെട്ടവന്റെ വിശപ്പിന്റെ തീഷ്ണതയും ദാരിദ്ര്യത്തിന്റെ കെടുതിയും തിരിച്ചറിയാനും നോമ്പ് നമ്മെ സഹായിക്കുന്നു. വ്രതം അനുഷ്ഠിക്കുകയെന്നാൽ പകലന്തിയോളം പട്ടിണി എന്നല്ല. ശുദ്ധവിചാരം, സത്യഭാഷണം, നിശ്ചയദാർഢ്യം എന്നിവ മുറുകെ പിടിക്കുകയും പരദൂഷണം, മദ്യപാനം, ചൂതാട്ടം തുടങ്ങി മോശമായ എല്ലാ പ്രവൃത്തികളിൽ നിന്നും പരിപൂർണമായി അകന്നുനിൽക്കുകയും ജീവിതം ദൈവഭക്തിയിൽ അധിഷ്ഠിതമാക്കി തീർക്കുകയുമാണ് വ്രതാനുഷ്ഠാനത്തിന്റെ ലക്ഷ്യം.''കാൽവഴുതിയാൽ വീഴാതിരിക്കാം, വാക്കുകൾ ചിതറിയാൽ തിരിച്ചെടുക്കാൻ ആവുകയില്ല." ഇത് ലോകഗുരുവായ നബി തിരുമേനി യുടെ വാക്കുകളാണ്.
സ്ഥിരമായി ഒരു സ്ഥലത്ത് കൃഷിയിറക്കുമ്പോൾ മണ്ണിന്റെ ഉത്പാദനശേഷി കുറയുകയും ഉത്പന്നങ്ങളിൽ ഗുണനിലവാരക്കുറവ് അനുഭവപ്പെടുകയും ചെയ്യാറുണ്ട്. എന്നാൽ കുറച്ചുകാലം കൃഷിയിടം ഒഴിച്ചിടുകയും ശേഷം കൃഷിയിറക്കുകയുമാണെങ്കിൽ ഉത്പാദനശേഷി വർദ്ധിക്കുകയും ഗുണനിലവാരം മെച്ചപ്പെടുകയും ചെയ്യും. ഇതുതന്നെയാണ് മനുഷ്യന്റെ ദഹനേന്ദ്രിയത്തിന്റെയും അവസ്ഥ.
സർവലോക രക്ഷിതാവായ അല്ലാഹു മനുഷ്യന്റെ ആരോഗ്യത്തിനും പരിരക്ഷയ്ക്കും ജീവിത വിജയത്തിനും വേണ്ടി കല്പിച്ചിട്ടുള്ള നിർദ്ദേശങ്ങൾ അവഗണിക്കുക എന്നത് വിദഗ്ദ്ധ ഡോക്ടറുടെ വാക്കുകൾ തിരസ്കരിക്കുന്നതിനെക്കാൾ ആപൽക്കരമായിരിക്കുമെന്ന് മനാസിലാക്കണം
.
ദിവസേന അഞ്ചു നേരമുള്ള നിസ്കാരവും, റമദാൻ മാസം മുഴുവനുമുള്ള വ്രതവും, സമ്പത്തിൽ മിച്ചമുണ്ടാകുമ്പോൾ സകാത്തും, സാദ്ധ്യമായാൽ ജീവിതത്തിലൊരിക്കൽ ഹജ്ജും വിശ്വാസികൾക്ക് നിർബന്ധമാക്കി. അങ്ങിനെ വിശ്വാസിയുടെ മാനസിക, ശാരീരിക, സാമൂഹിക, സാമ്പത്തിക ജീവതത്തിലെ വിശുദ്ധി കൈവരിക്കണമെന്നാണ് ഇത്തരം വ്യത്യസ്ത രൂപത്തിലുള്ള ആരാധനകൾ അനുഷ്ടിക്കുന്നതിലൂടെ ഇസ്ലാം ലക്ഷ്യം വെക്കുന്നത്.ഒരു മാസം നീണ്ടു നിൽക്കുന്ന റമദാനിലെ വ്രതം വരാനിരിക്കുന്ന പതിനൊന്നു മാസത്തേക്കുള്ള ധാർമ്മിക-ആത്മീയ ഊർജ്ജം കൈവരിക്കുന്നതായിരിക്കണം. കഴിഞ്ഞ കാലങ്ങളിൽ വന്നുപോയ വീഴ്ചകളും അരുതായ്മകളും പരിഹരിച്ചു ഒരു പുതിയ മനുഷ്യനായി ഓരോ നോമ്പുകാരനും മാറണം. മാറ്റം ലോകജനതക്ക് അനുഭവിക്കാൻ സാദ്ധ്യമാകണം. അരുതായ്മകളിൽ നിന്നും അധാർമ്മികതയിൽ നിന്നും മനുഷ്യനെ തടയാൻ അവൻ ആർജിച്ച അദൃശ്യമായ ദൈവിക ബോധത്തോളം ശക്തമായ മറ്റൊന്നുമില്ല..

റംസാൻ വ്രതാനുഷ്ഠാനം വളരെ പ്രധാനപെട്ടതാണ് .നോമ്പിൻ്റെ ആത്യന്തിക ലക്ഷ്യം ആത്മീയ പുരോഗതിയാണ്, വിശുദ്ധ ഖുർആനിൽ അല്ലാഹു തന്നെ സൂചിപ്പിച്ചതു നോക്കുക ."സത്യവിശ്വാസികളേ! നോമ്പ് നിങ്ങൾക്കും കൽപ്പിക്കപ്പെട്ടിരിക്കുന്നു - നിങ്ങളുടെ മുമ്പുള്ളവർക്കുള്ളത് പോലെ - ഒരു പക്ഷെ നിങ്ങൾ അല്ലാഹുവിനെ ഓർത്തുകൊണ്ടേയിരിക്കും. നോമ്പുകൾ ആത്മീയതയുടെ അനിവാര്യമായ ലക്ഷ്യമായ ആത്മാവിൻ്റെയും ആത്മീയതയുടെയും ശുദ്ധീകരണത്തിന് ഇത് സഹായിക്കുന്നു. നോമ്പിലെഉപവാസം സാമൂഹികവും ധാർമ്മികവും ആത്മീയവുമായ മൂല്യങ്ങൾ നൽകുന്നു.
സമൂഹത്തിലെ എല്ലാത്തരം അസമത്വങ്ങളും പൊരുത്തക്കേടുകളും അവസാനിപ്പിക്കാൻ നോമ്പുകൊണ്ടു കഴിയുന്നു. ആളുകൾ പരസ്പരം സഹായിക്കാനും സ്നേഹത്തോടെ കഴിയാനും നോമ്പ് ഉപകരിക്കുന്നു.റംസാൻ മാസത്തിൽ സമ്പന്നരായ ആളുകൾ വിശപ്പിൻ്റെയും ദാഹത്തിൻ്റെയും വേദന അനുഭവിക്കുന്നു, പാവപെട്ടവരുടെ വിശപ്പിൻറെ ദുഃഖം അവർ മനസിലാക്കുന്നു . സർവ്വശക്തനായ അല്ലാഹുവിൽ നിന്ന് പ്രതിഫലം നേടുക എന്ന ഉദ്ദേശത്തോടെ മാസം മുഴുവൻ പാവപ്പെട്ടവർക്ക് മികച്ച ആതിഥ്യം നൽകുകയും ചെയ്യുന്നു. മാസത്തിൽ, മദ്യപാനികൾ മദ്യപാനവും പുകവലിക്കുന്ന സിഗരറ്റുകളും പുകവലിയും ഒഴിവാക്കുന്നു, കാരണം അവർക്ക് ദിവസം മുഴുവൻ ഉപയോഗിക്കാനാവില്ല. ഒരു പരിധി വരെ, ഇത്തരം ദുശ്ശീലങ്ങൾ ഉപേക്ഷിച്ച് ആരോഗ്യം കേടാകാതെയും പണത്തെ അമിതാഭിലാഷത്തിൽനിന്നും സംരക്ഷിക്കാനുള്ള മികച്ച സമയമാണിത്

ധനം തന്റേതാണെന്ന മനുഷ്യന്റെ ധാരണ മാറ്റുന്ന സംഭവങ്ങൾ ഖുർആനിലുണ്ട്. ഉദാരനായ തോട്ടക്കാരന്റെ പിശുക്കരായ മക്കളുടേതാണ്. പിതാവിന്റെ മരണശേഷം അദ്ദേഹത്തിന്റെ പതിവ് തെറ്റിച്ച് അഗതികൾക്കും ദരിദ്രർക്കും ഒന്നും നൽകുകയില്ലെന്ന് മക്കൾ തീരുമാനിച്ചു. അങ്ങനെ അവർ പ്രഭാതത്തിനു മുമ്പേ പഴം പറിച്ചെടുക്കാൻ ദൂരെയുള്ള തോട്ടത്തിലേക്ക് പോയി. പരിസരത്തെ പാവങ്ങൾ ഉണരുന്നതിനു മുമ്പ് അതൊക്കെയും പറിച്ചെടുക്കാനായിരുന്നു തീരുമാനം. എന്നാൽ, തോട്ടത്തിലെത്തിയ അവർ കണ്ടത് എല്ലാം നശിച്ച് വിളവെടുപ്പ് കഴിഞ്ഞപോലെ ശൂന്യമായ ഇടമാണ്. പെട്ടെന്ന് അവർക്കത് വിശ്വസിക്കാൻ കഴിഞ്ഞില്ല. എന്നാൽ, ഏറെ കഴിയും മുമ്പേ അവർക്ക് കാര്യം ബോധ്യമായി. പരസ്പരമിങ്ങനെ പറയേണ്ടിവന്നു. ‘‘നാം എല്ലാം നഷ്ടപ്പെട്ടവരായിരിക്കുന്നു.
മറ്റൊന്ന് ചുറ്റും ഈന്തപ്പനകൾ വളർന്നു നിൽക്കുന്ന രണ്ട് മുന്തിരിത്തോട്ടങ്ങളുടെ ഉടമയുടെ കഥയാണ്. തോട്ടങ്ങൾക്കിടയിൽ ധാരാളം കൃഷിയും ഒഴുകുന്ന പുഴയുമുണ്ടായിരുന്നു. എല്ലാം നല്ല പോലെ സമൃദ്ധമായിരിക്കേ അയാൾ അങ്ങേയറ്റം അഹങ്കരിക്കാനും ധിക്കരിക്കാനും പൊങ്ങച്ചം കാണിക്കാനും തുടങ്ങി. അതൊക്കെയും തന്റേതാണെന്നും ഒരിക്കലും നശിക്കുകയില്ലെന്നും ധാർഷ്ട്യത്തോടെ പ്രഖ്യാപിച്ചു. അക്കാര്യത്തിൽ തന്റെ കൂട്ടുകാരനോട് തർക്കിച്ചു. എന്നാൽ, ഏറെ വൈകാതെ അതെല്ലാം നശിച്ചൊടുങ്ങി. മറ്റൊന്ന് ഇങ്ങനെയാണ് മൂസാ പ്രവാചകന്റെ ജനതയിൽപ്പെട്ട അദ്ദേഹം അതിരുകളില്ലാത്ത സമ്പത്തിന്റെ ഉടമയായിരുന്നു. എല്ലാം അള്ളാഹു നൽകിയതാണെന്നോർത്ത് ന്യായമായ നിലയിൽ അത് വിനിയോഗിക്കാൻ ആവശ്യപ്പെട്ടവരോട് അയാൾ പറഞ്ഞു: ‘‘
വാക്കിലും പ്രവൃത്തിയും ജാഗ്രത പുലര്ത്താന് നോമ്പുകാരന് കഴിയണം. : ''ദുഷിച്ച വാക്കും പ്രവര്ത്തനവും വര്ജിക്കാത്തവന് ഭക്ഷണവും പാനീയവും ഉപേക്ഷിക്കണമെന്ന് അല്ലാഹുവിന് ഒരാവശ്യവുമില്ല.'' തിന്മക്കെതിരെയുള്ള ഒരുപരിചയായി നോമ്പ് മാറണം .ഹിജ്റ വർഷ പ്രകാരം ഒൻപതാമത്തെ മാസമാണ് റമദാൻ .പരിശുദ്ധ ഖുർആൻ അവതരിച്ച മാസം. ഇസ്ലാമിക വിശ്വാസ പ്രകാരം ഏറ്റവും അനുഗൃഹീതവും പുണ്യവും ഭയഭക്തിനിർഭരവും ആത്മീയമായി വളരെ ഗുണപരവുമായ മാസമാണിത്. റമദാൻ നമുക്ക് സമാധാനവും സന്തോഷവും അനുഗ്രഹവും നൽകട്ടെ.റമദാനിൻ്റെ അനുഗ്രഹങ്ങൾ നമ്മുടെ ജീവിതത്തിൽ സന്തോഷവും സംതൃപ്തിയും നിറയ്ക്കട്ടെ.

പ്രൊഫ്. ജോൺ കുരാക്കാർ


No comments: