Pages

Friday, March 15, 2024

നമ്മുടെ പോലീസ്‌കാർക്ക് മനുഷ്യത്വം വേണോ ?

 

നമ്മുടെ പോലീസ്കാർക്ക് മനുഷ്യത്വം  വേണോ ? 

പോലീസ്കാർക്ക് നുഷ്യത്വം വേണമെന്നൊക്കെ പെ‍‍ാലീസ്  മേധാവികളും  സർക്കാരും സമൂഹംതന്നെയും ഓർമിപ്പിക്കാറുണ്ട് .കണ്ണിൽച്ചോരയില്ലാത്ത  പോലീസ്കാർ സേനയിലുണ്ട് .മനുഷ്യത്വം തരിമ്പുപോലുമില്ലാതെ ഒരാളുടെ ജീവിതത്തിൽ ഇടപെട്ട്, ജീവനോപാധിതന്നെ പൊലീസ് തകർത്തുകളഞ്ഞ കടുംകയ്യാണ്   പത്രത്തിൽ വായിച്ചത് , ഹൃദയവും കരുണയുമില്ലാത്ത വ്യവസ്ഥിതിക്കു മുന്നിൽ തോൽക്കാൻ വിധിക്കപ്പെട്ട നാട്ടിലെ സാധാരണക്കാരുടെ പ്രതിനിധിയും പ്രതീകവുമാകാൻ അങ്ങനെ ഒരു പേരുകൂടി നമുക്കു കിട്ടുന്നു: വയനാട് ജില്ലയിലെ മേപ്പാടി മുക്കിൽപീടിക സ്വദേശി എൻ.ആർ.നാരായണൻ.

ഇൻഷുറൻസ് ഇല്ലാത്തതിനു പിടിച്ചെടുത്ത ഓട്ടോറിക്ഷ മണ്ണുമാന്തിയന്ത്രംകൊണ്ട് ഇടിച്ചുപൊളിച്ച് പൊലീസ് ഇരുമ്പുവിലയ്ക്കു തൂക്കിവിറ്റ ക്രൂരകഥയാണത് മലയാളികൾ വായിച്ചത്

  നഷ്ടപരിഹാരത്തിന് 5 വർഷമായി ഓഫിസുകൾ കയറിയിറങ്ങുകയാണ് ഓട്ടോ ഉടമ നാരായണൻ. സ്റ്റേഷനിൽ സ്ഥലമില്ലെന്നു പറഞ്ഞ് മേപ്പാടി പൊലീസ് ലേലം ചെയ്തു വിറ്റുകളയുമ്പോൾ ഓർത്തിരുന്നോ, അത് പാവത്തിന്റെ ജീവിതമായിരുന്നെന്ന്? ആകെയുണ്ടായിരുന്ന കടമുറി വിറ്റു വാങ്ങിയ ഓട്ടോ ഇടിച്ചുപെ‍‍ാളിച്ചപ്പോൾ ഒപ്പം തകർന്നതു നാരായണന്റെ പ്രതീക്ഷകൾകൂടിയാണ്.

 

നാരായണന്റെ ഓട്ടോ 2017ഡിസംബറിൽ പൊലീസ് കൊണ്ടുപോകുമ്പോൾ പറഞ്ഞത് ഇതാണ്: 1000 രൂപ പിഴയടച്ച്, ഇൻഷുറൻസ് അടച്ച രേഖയുമായി എത്തിയാൽ ഓട്ടോ വിട്ടുതരാം. കൊച്ചിയിൽ സെക്യൂരിറ്റി ജോലി ചെയ്ത് ഇൻഷുറൻസ് പ്രീമിയത്തിനുള്ള 8000 രൂപയുണ്ടാക്കി രണ്ടു മാസം കഴിഞ്ഞ് സ്റ്റേഷനിലെത്തിയപ്പോൾ കണ്ടത് ഓട്ടോ ഇടിച്ചുപൊളിച്ചിട്ടിരിക്കുന്നതാണ്. തള്ളിക്കൊണ്ടു പോകാൻപോലും പറ്റാത്ത ഓട്ടോയ്ക്ക് ഇൻഷുറൻസ് പുതുക്കാൻ കമ്പനികൾ സമ്മതിച്ചില്ല. സ്റ്റേഷൻ വികസനത്തിനു സ്ഥലം തികയാത്തതിനാലാണ് ഓട്ടോ ഇടിച്ചുപെ‍‍‍ാളിച്ചതെന്നു പെ‍‍ാലീസ് ന്യായീകരിച്ചു.

 

തന്റെ ജീവിതം തകർത്തതിനു നഷ്ടപരിഹാരംതേടി നാരായണൻ ഓഫിസുകൾ കയറിയിറങ്ങുമ്പോഴും നിരാശ മാത്രം ബാക്കിയാവുന്നു. സങ്കടം കൊണ്ടെഴുതിയ അപേക്ഷ വായിക്കേണ്ടതു യന്ത്രസമാനമായ കണ്ണുകൾകൊണ്ടല്ല, കരുണയും കരുതലുമുള്ള ഹൃദയം കൊണ്ടാവണമെന്ന യാഥാർഥ്യംകൂടി കഷ്ടാനുഭവം ഓർമിപ്പിക്കുന്നുണ്ട്. സ്വാധീനമുള്ളവർ മുഷ്ക്കോടെ നിയമം കാറ്റിൽ പറത്തുന്ന നാട്ടിലാണ് നിസ്സഹായനും നിരാലംബനുമായൊരു ഓട്ടോറിക്ഷാ ഡ്രൈവറുടെ നേർക്ക് ഇത്രയും കടുത്തനിയമപാലനമുണ്ടായതെന്നതു ലജ്ജാകരമാണ്. നിയമപാലനം കുറ്റമറ്റു നിർവഹിക്കേണ്ടതാണെന്ന കാര്യത്തിൽ സംശയമില്ല. പക്ഷേ, മുന്നിൽ നിൽക്കേണ്ടതു മനുഷ്യത്വമാണ്; അതാണ് പൊലീസ് മറന്നതും.

 

പിഴയടച്ച്, ആവശ്യമായ രേഖകളുമായി എത്തിയാൽ വിട്ടുനൽകാനായി ഓട്ടോ സൂക്ഷിക്കുകയെങ്കിലും ചെയ്യേണ്ടതായിരുന്നു. ഓട്ടോ വീണ്ടെടുക്കാനെത്തിയ നാരായണന്റെ മുന്നിൽ കൈമലർത്തിക്കാട്ടിയത് മാപ്പർഹിക്കുന്ന തെറ്റല്ല. സ്റ്റേഷൻ വികസനത്തിനു സ്ഥലം തികയാത്തതിനാലാണ് ഓട്ടോ ഇടിച്ചുപെ‍‍‍ാളിച്ചതെന്ന ന്യായം എത്ര പരിഹാസ്യവും മനുഷ്യത്വരഹിതവുമാണ്. കേസിൽപ്പെട്ടും മറ്റും എത്രയെത്ര വാഹനങ്ങളാണു നമ്മുടെ പൊലീസ് സ്റ്റേഷൻ വളപ്പുകളിലും മറ്റും വർഷങ്ങളായി തുരുമ്പെടുത്തുകിടക്കുന്നത്; സർക്കാർ വാഹനങ്ങൾ നിരവധി ..ചോദിക്കാനും പറയാനും ആരുമില്ലാത്തവരോട് എന്തുമാകാമെന്ന അധികാരധാർഷ്ട്യത്തിന്റെ ഏറ്റവും അപലപനീയമായ ഉദാഹരണമാണ് മേപ്പാടി പൊലീസ് സ്റ്റേഷനിലുണ്ടായത്. നാട്ടിലെ ഒരു പൗരന്റെ ഉപജീവനമാർഗം തകർത്ത ധിക്കാരനടപടിക്ക് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥർ മാത്രമല്ല, ഭരണകൂടംതന്നെ ഉത്തരവാദിയാണെന്നു പറയണം. അതുകൊണ്ടുതന്നെ, നാരായണന്റെ നഷ്ടത്തിനും നിരാശയ്ക്കും സങ്കടത്തിനും അലച്ചിലിനും എത്രയുംവേഗം പരിഹാരമുണ്ടായേതീരൂ. അതിനായി സർക്കാർ നാരായണനു നൽകേണ്ട ഏറ്റവും ചുരുങ്ങിയ പ്രായശ്ചിത്തം പുതിയൊരു ഓട്ടോറിക്ഷ തന്നെയാണെന്നതിൽ സംശയമില്ല. അത് എത്രയുംവേഗം നൽകുകയുംവേണം. നമ്മുടെ പോലീസ്കാർ  മനുഷ്യത്വം  ഉള്ളവരാകണം .

 

പ്രൊഫ്. ജോൺ കുരാക്കാർ

 

: 

 

 

 

 

 

 

 

 

No comments: