Pages

Thursday, July 18, 2019

വിഷ മത്സ്യം തിന്നാൻ വിധിക്കപെട്ട മലയാളി.


വിഷ മത്സ്യം  തിന്നാൻ വിധിക്കപെട്ട മലയാളി.

വിഷ പച്ചക്കറിക്ക് പിന്നാലെ  വിഷ മത്സ്യവും തിന്നാൻ വിധിക്കപ്പെട്ട് മലയാളി ഇന്ന്  നിലവിളിക്കുകയാണ് . കേരളത്തിലെ മത്സ്യ ഉപഭോഗം മുമ്പെങ്ങും ഇല്ലാത്ത തരത്തില് വര്ധിച്ചതോടെ മീനിൽ വിഷം ചേർക്കുന്ന പരിപാടിയും വ്യാപകമായി ..സംസ്ഥാനത്ത് ശരാശരി ഏഴ് ലക്ഷം ടണ് മത്സ്യമാണ് ഒരു വര്ഷം വേണ്ടിയിരുന്നത്. ഇപ്പോള് പത്ത് ലക്ഷം ടണ്ണിലധികം  വേണം. വിദേശത്തേക്ക് കയറ്റി അയയ്ക്കുന്നതിനു പുറമെയാണിത്. ആവശ്യത്തിന് മത്സ്യം കേരളത്തിലെ തീരപ്രദേശങ്ങളില് നിന്നു  ലഭിക്കുന്നില്ല. കേരളത്തിന്റെ ആഴക്കടലില് ആവശ്യത്തിന് മത്സ്യം ഉണ്ട്. പക്ഷേ, മത്സ്യബന്ധനത്തില് ഏര്പ്പെട്ടിരിക്കുന്ന കൂറ്റന് ബോട്ടുകളില് അധികവും തമിഴ്നാട്ടിലേതാണ്. അതിനാല് കേരളതീരത്തുനിന്നു പിടിക്കുന്ന മത്സ്യം അധികവും ചെന്നെത്തുന്നതു തമിഴ്നാട്ടിലേക്കും.    കൂറ്റന് ബോട്ടുകള് ആഴക്കടല് മത്സ്യബന്ധനത്തിന് പോയാല് തിരികെ എത്താന് രണ്ട് മാസം കഴിയും. പിടികൂടുന്ന മത്സ്യം അമോണിയ ചേര്ത്ത ഐസിലാണ് സൂക്ഷിക്കുന്നത്. ഇത്തരത്തിലുള്ള മത്സ്യം കരയ്ക്കെത്തിച്ചാലും ചീയാതിരിക്കാന് രാസവസ്തുക്കള് പുരട്ടണം. ഇതിനാണ് മൃതദേഹം കേടുകൂടാതിരിക്കാന് ഉപയോഗിക്കുന്ന ഫോര്മാലിന് എന്ന രാസവസ്തു തളിച്ച് മീന് കേരള വിപണിയില് എത്തിക്കുന്നത്.
കേരളത്തിലെ വിപണിയില് കര്ണാടക, ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളില് നിന്നു മത്സ്യം എത്തുന്നുണ്ട്. ആന്ധ്രയില് നിന്ന് കൊണ്ടുവരാന് മൂന്ന് ദിവസമെടുക്കും. ചീഞ്ഞ മത്സ്യം രാസവസ്തുക്കള് തളിച്ച് എത്തിക്കുന്നതായി ഇതില് നിന്നു തന്നെ മനസ്സിലാക്കാം. കോടിക്കണക്കിന് രൂപയുടെ വ്യാപാരമാണ് ഒരു ദിവസം മത്സ്യവിപണന മേഖലയില് നടക്കുന്നത്. വിഷം കലര്ത്തുന്നതില് മത്സ്യത്തൊഴിലാളികള് നിസ്സഹായരാണ്. ബോട്ടുടമകള് നല്കുന്ന സാധന സാമഗ്രികളുമായാണ് ഇവര് ആഴക്കടലിലേക്ക് പോകുന്നത്.  മലയാളി ഒരു ദിവസം കഴിക്കുന്നത് 2500 ടണ് മൽസ്യമാണ് .കേരളത്തിലെ 90 ശതമാനം അടുക്കളകളിലുമെത്തുന്ന മത്സ്യങ്ങളില് മാരക വിഷം അടങ്ങിയിരിക്കുന്നുവെന്നതാണ് വസ്തുത. അമോണിയ, ഫോര്മലിന്, ബെന്സോയേറ്റ് തുടങ്ങിയ കൊടുംവിഷം വലിയ തോതില് കലര്ത്തിയ മത്സ്യങ്ങളാണ് അന്യസംസ്ഥാനങ്ങളില്നിന്ന് കേരളത്തിലേക്ക് എത്തുന്നത്.  മീന് കേടുകൂടാതെ ‘ഫ്രഷ്ആയി ഹാര്ബറിലെത്തിക്കാന് ഫോര്മാലിനെ ആശ്രയിച്ചതോടെയാണ് ഈ മാരക വിഷം മത്സ്യവിപണന മേഖലയിലും വ്യാപകമായത്. മൃതദേഹങ്ങള് കേടാകാതെ സൂക്ഷിക്കുന്ന ഫോര്മാലിന് എന്ന കൊടുംവിഷത്തിന്റെ വീര്യം മത്സ്യം വേവിച്ചാല് പോലും കെടില്ല. മീന് കൂടുതല് ദിവസം വെക്കണമെങ്കില് കൂടുതല് ഫോര്മാലിന് എന്നതാണ് മൊത്തകച്ചവടക്കാരുടെ ഫോര്മുല. മീനിന്റെ കണ്ണും ചെകിളയും ഉള്പ്പെടെ ഫ്രഷ്. എന്നാല് ഫോര്മാലിന് അടങ്ങിയ മീന് സ്ഥിരമായി കഴിക്കുന്നവരെ കാത്തിരിക്കുന്നത് അര്ബുദം ഉള്പ്പെടെയുള്ള മാരക രോഗങ്ങള്. കരള്, വൃക്ക, നാഡീവ്യൂഹം തുടങ്ങിയവയേയും ഈ മാരകവിഷം തകര്ക്കും. സോഡിയം ബെന്സോയേറ്റ് ഇതിനേക്കാള് മാരകമാണ്. ജനിതക വൈകല്യമുള്പ്പെടെ തലമുറകളെ തന്നെ ബാധിക്കുന്ന കൊടുംവിഷമാണ് ബെന്സോയേറ്റ്. അര്ബുദവൂം അകാല വാര്ധക്യവും തുടങ്ങി ഒരു ജനതയുടെ പ്രസന്നതയെ തന്നെ ഈ വിഷം നശിപ്പിക്കും. മലയാളി അഭിമുഖീകരിക്കുന്ന സമകാലിക പ്രശ്നങ്ങളില് ഏറ്റവും പ്രധാനം മീനിലെ ഈ കൊടുംവിഷം തന്നെയാണ്. സ്വന്തം ജനത നേരിടുന്ന ഗുരുതരമായ ആരോഗ്യപ്രശ്നം പക്ഷേ സര്ക്കാര് വളരെ ലാഘവത്തോടെ തള്ളുകയാണ് വര്ഷങ്ങളായി ചെയ്യുന്നത്. അര്ബുദ രോഗികളെ ചൂണ്ടി തമിഴ്നാട്ടിലെ പച്ചക്കറി കര്ഷകരേയും കോഴി ഫാം ഉടമകളേയും പഴിചാരുകയാണ് പതിവ്. എന്നാല് പകല് കൊള്ളക്കായി കൊടുംവിഷം ചേര്ക്കുന്ന മത്സ്യ മൊത്ത കച്ചവടക്കാരെ നിലക്ക് നിര്ത്താന് സര്ക്കാര് ഒന്നും ചെയ്യുന്നുമില്ല.
ചെക്ക്പോസ്റ്റുകളില് പരിശോധന കര്ശനമാക്കിയാല് തന്നെ കേരളത്തിലേക്ക് വിഷ മീനുകള് എത്തുന്നത് സര്ക്കാരിന് തടയാനാകും. എന്നാല് മൊത്തക്കച്ചടവടക്കാര് കാണേണ്ടതു പോലെ കാണുന്നതിനാല് പരിശോധനകള് പേരിന് മാത്രമാകുന്നതാണ് സ്ഥിതി.കേരളത്തില് വിഷലിപ്ത മത്സ്യം വിപണനം ചെയ്യാന് അനുവദിക്കില്ലെന്ന് സര്ക്കാര് തീരുമാനമെടുത്താല് തീരുന്നതാണ് യഥാര്ത്ഥത്തില് മത്സ്യവിപണന മേഖലയിലെ പ്രശ്നം. 85 ശതമാനം പേര് മത്സ്യം കഴിക്കുന്ന സംസ്ഥാനത്ത്, ഏറ്റവും ഗുരുതരമായ ആരോഗ്യ പ്രശ്നം ഉണ്ടാക്കുന്ന ഒരു കാര്യത്തില് സര്ക്കാര് ഇത് ഗൗരവമായി കാണാത്തത് എന്തുകൊണ്ട് ?കര്ശന നിയമങ്ങള് ഉണ്ടാക്കുന്നതുകൊണ്ട് മാത്രമായില്ല, അവ കാര്യക്ഷമമായി നടപ്പാക്കാന്കൂടി കഴിഞ്ഞാല് മാത്രമേ നിയമത്തിന് പ്രസക്തിയുണ്ടാകുകയുള്ളൂ. എല്ലാ നിയമങ്ങളെയും വെല്ലുവിളിച്ചാണ് മലയാളിയെ നിത്യരോഗികളാക്കി ആശുപത്രികളിൽ തളച്ചിടുന്നത് .

പ്രൊഫ്. ജോൺ കുരാക്കാർ

No comments: