Pages

Wednesday, June 12, 2019

ദൈവത്തിൻറെ സ്വന്തം നാട് റോഡപകടങ്ങളുടെ സ്വന്തം നാടായി കേരളം മാറുന്നു


ദൈവത്തിൻറെ സ്വന്തം നാട്
റോഡപകടങ്ങളുടെ സ്വന്തം നാടായി  കേരളം മാറുന്നു

കഴിഞ്ഞവർഷം റോഡപകടങ്ങളിൽ മരിച്ചവരുടെ എണ്ണം സൂചിപ്പിക്കുന്നത് കേരളത്തിലെ റോഡുകൾ കുരുതിക്കളങ്ങളായി മാറിയിരിക്കുന്നെന്നാണ്.രാജ്യത്തു കഴിഞ്ഞവർഷമുണ്ടായ റോഡ് അപകടങ്ങളുടെ എണ്ണത്തിൽ കേരളം അഞ്ചാമത്. അപകടമരണങ്ങൾ കേരളത്തിൽ താരതമ്യേന കുറവാണെങ്കിലും പരുക്കേൽക്കുന്നവരുടെ എണ്ണത്തിൽ നാലാമതാണ്. കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ഇന്നലെ പുറത്തിറക്കിയ ‘ഇന്ത്യയിലെ റോഡ് അപകടങ്ങൾ2016’ റിപ്പോർട്ടിലാണ് ഇക്കാര്യം വെളിപ്പെട്ടത്.ജില്ലകളിൽ സ്ഥിരം അപകടമേഖലകളെ കുറിച്ചു പഠിച്ചു സംസ്ഥാന, കേന്ദ്ര സർക്കാരുകൾക്കു റിപ്പോർട്ട് നൽകാൻ എംപി, എംഎൽഎ, കലക്ടർ എന്നിവരെ ഉൾപ്പെടുത്തി ജില്ലാ റോഡ് സുരക്ഷാ സമിതികൾ രൂപീകരിക്കാൻ സംസ്ഥാന സർക്കാരുകൾക്കു നിർദേശം നൽകിയതായി ഗഡ്കരി അറിയിച്ചു.

കഴിഞ്ഞ വർഷം രാജ്യത്താകെ 4,80,652 അപകടങ്ങളിലായി 1,50,785 പേർ മരിക്കുകയും 4,94,624 പേർക്കു പരുക്കേൽക്കുകയും ചെയ്തു. അപകടങ്ങളുടെ എണ്ണം മുൻ വർഷത്തെ അപേക്ഷിച്ചു 4.1% കുറഞ്ഞപ്പോൾ മരണസംഖ്യയിൽ 3.2% വർധനയുണ്ടായി. പരുക്കേറ്റവരുടെ എണ്ണത്തിൽ 1.1% കുറവുണ്ട്. കേരളത്തിൽ 2016 ൽ നടന്ന 39,420 റോഡ് അപകടങ്ങളിൽ 4287 പേർ മരിക്കുകയും 44,108 പേർക്കു പരുക്കേൽക്കുകയും ചെയ്തു.റോഡപകടങ്ങൾ കൂടാനുള്ള ഒരു കാരണം റോഡ്‌നിയമങ്ങൾ കൃത്യമായി പാലിക്കപ്പെടാത്തതാണ്. ഇന്ത്യയിൽ റോഡ് സുരക്ഷാനിയമങ്ങൾ പ്രാവർത്തികമാക്കുന്നതിൽ കടുത്ത അനാസ്ഥയാണ്‌...

എട്ടുപേരുടെ ജീവനെടുത്ത പാലക്കാട്ടെ റോഡപകടം കേരളത്തിന്റെ കണ്ണീരായി മാറിയിരിക്കുകയാണ്. നേരത്തേയുണ്ടായ അപകടത്തിൽപ്പെട്ടവരെ രക്ഷിക്കാൻ പുറപ്പെട്ട  ആംബുലൻസും കൂട്ടിയിടിച്ച ലോറിയും ഒരേപോലെ അതിവേഗത്തിലായിരുന്നു എന്ന ദൃക്‌സാക്ഷി മൊഴിയിൽ  പറയുന്നു .കൊച്ചു കേരളത്തിൽ മരിച്ചവരുടെയും അപകടത്തിൽപ്പെട്ട്‌ മരിച്ചുജീവിക്കുന്നവരുടെയും പട്ടിക നൽകുന്ന സൂചന ഇത്‌ ദൈവത്തിന്റെ സ്വന്തം നാടാണ് എന്നതല്ല; റോഡപകടങ്ങളുടെ സ്വന്തം നാടാണ് എന്നാണ്. 2001-ൽ 38,361 റോഡപകടങ്ങളിൽ 2674 പേരാണ് മരിച്ചത്. 2018 ആയപ്പോൾ 40,181 അപകടങ്ങളിലായി 4303 പേരുടെ ജീവനെടുത്ത ഗുരുതര സ്ഥിതിവിശേഷത്തിലെത്തി. സംസ്ഥാനത്ത് 2011 മുതൽ ശരാശരി 4000-ത്തിലും കൂടുതൽ പേർ ഓരോവർഷവും റോഡുകളിൽ മരണത്തിനിരയാകുന്നു. 2001 മുതൽ ഓരോ വർഷവും  40,000-ത്തിലേറെപ്പേർ പരിക്കേറ്റ് ആശുപത്രിയിലെത്തുന്നു. വളരാത്ത റോഡുകളിലെ മോട്ടോർ വാഹനപ്പെരുപ്പം നിയന്ത്രണാതീതമാണ് കേരളത്തിൽ. 2019 ജനുവരിയിൽ 1.23 കോടി വാഹനങ്ങളുണ്ട്. 2010-ൽ അത് 53.95 ലക്ഷവും 2015-ൽ 94.21 ലക്ഷവുമായിരുന്നു. ഇത്രയും വാഹനങ്ങൾക്ക്‌ കഷ്ടിച്ച് രണ്ടുലക്ഷം കിലോമീറ്റർ റോഡാണുള്ളത്. റോഡു നികുതിയായി വർഷം 3000 കോടിയിലേറെ വരുമാനമുണ്ടെങ്കിലും അതു റോഡുവികസനത്തിന് കിട്ടില്ല.

റോഡുകളിലെ കൂട്ടമരണം തടയാൻ ഇതുവരെ എടുത്ത നടപടികൾ പോരെന്ന സൂചനയാണ് സ്ഥിതിവിവരക്കണക്കുകൾ നൽകുന്നത്. ട്രാഫിക് ലംഘനം കണ്ടാൽ 6238488686 എന്ന  പോലീസിന്റെ വാട്‌സാപ്പ് നമ്പറിലേക്ക് ഫോട്ടോ സഹിതം പരാതി അയയ്ക്കാനുള്ള പദ്ധതി കോഴിക്കോട്‌ നഗരത്തിൽ വലിയ വിജയമാണ്. ട്രാഫിക് പോലീസിന്റെയും പോലീസ് ക്യാമറകളുടെയും കണ്ണുകൾക്കൊന്നും തടയാനാവാത്ത മരണക്കുതിപ്പിന്‌ തടയിടാൻ ഒരു ജനതയെത്തന്നെ കാവൽക്കാരാക്കുന്ന ഈ പദ്ധതി വിപുലീകരിക്കേണ്ടതുണ്ട്. ഡ്രൈവിങ്  നീന്തൽപോലെ പാഠ്യപദ്ധതിയുടെ ഭാഗമാക്കി മാറ്റാൻ ആലോചിക്കേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞു. പൊതുസമൂഹത്തിൽ ജീവിക്കാൻ മാത്രമല്ല അതിജീവിക്കാനും മൂല്യവത്തായി പെരുമാറാനുമുള്ള  കഴിവ് ആർജിക്കുകയെന്നതാകണം അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. മറ്റുള്ളവർക്കുകൂടി ഇടമുള്ള, നിൽക്കാനും സഞ്ചരിക്കാനും അവകാശമുള്ള ഒന്നാണ് റോഡുകൾ എന്ന ബോധം വാഹനവുമായിറങ്ങുന്ന ഓരോരുത്തർക്കും വേണം. റോഡുകൾ കൊലക്കളമാകാതിരിക്കാനുള്ള സാമൂഹികപാഠം നാം അഭ്യസിച്ചേതീരൂ.



പ്രൊഫ്. ജോൺ കുരാക്കാർ

No comments: