Pages

Saturday, May 25, 2019

പള്ളിക്കുവേണ്ടി അടിച്ചുമരിക്കണമോ ? യുവാക്കൾ ചിന്തിക്കുക


പള്ളിക്കുവേണ്ടി അടിച്ചുമരിക്കണമോ ?
യുവാക്കൾ ചിന്തിക്കുക

പള്ളിക്കുവേണ്ടി അടിച്ചുമരിക്കാൻ അണികളെ ആഹ്വാനം ചെയ്യുന്നതും ,യുവാക്കളെ ക്രിമിനൽ കേസുകളിൽ പ്രതികളാക്കുന്നതും മതാദ്ധ്യക്ഷൻന്മാർ അവസാനിപ്പിക്കണം .അന്ത്യോക്യയെ വിളിച്ച് വിളിച്ച് ജീവിതം നശിപ്പിക്കുന്ന യുവാക്കളുടെ ദയനീയ കാഴ്ച  കണ്ട് മലങ്കര സഭ വേദനിക്കുകയാണ് .ഇന്ത്യ ഒരു പരമാധികാര ജനാധിപത്യ മതേതര രാജ്യമാണ്. എല്ലാ മതങ്ങൾക്കും വിശ്വാസികൾക്കും അവരവരുടെ മതാചാരപ്രകാരം ജീവിക്കാനും ആരാധന നടത്തുവാനും ഉള്ള അവകാശം രാജ്യത്ത് നിലനിൽക്കുന്നുണ്ട്. എന്നാൽ അതിന്റെപേരിൽ രാജ്യത്തെ നിയമ-നീതിന്യായ വ്യവസ്ഥകൾക്കു ഉപരിയാണ് തങ്ങൾ എന്ന് കരുതാൻ ആർക്കും അവകാശം ഇല്ല. അങ്ങനെ ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അത് രാജ്യത്തിന്റെ പരമാധികാരത്തോടും അഖണ്ഡതയോടും നിയമ വ്യവസ്ഥയോടുമുള്ള വെല്ലുവിളിയായി മാത്രമേ കാണുവാൻ സാധിക്കുകയുള്ളു.



സന്ദർശന വിസയിൽ ഇന്ത്യയിൽ എത്തിയ വിദേശ പൗരനായ ഒരു ക്രിസ്ത്യൻ സഭാ മേലദ്ധ്യക്ഷൻ ഇന്ത്യയുടെ പരമോന്നത നീതിപീഠത്തേയും അതിന്റെ ഉത്തരുവുകളെയും  ചോദ്യം ചെയ്യുന്ന പ്രസംഗം സോഷ്യൽ മീഡിയായിൽ കാണുകയുണ്ടായി . ഇത് പാടില്ലാത്തതാണ് .പള്ളിക്കേസുകൾ പതിറ്റാണ്ടുകളായി ഇന്ത്യയിലെ നീതിന്യായ കോടതികളിൽ നടക്കുന്നതും പരമോന്നത നീതിപീഠം നിരവധി തവണ തീർപ്പുകല്പിച്ചിട്ടുള്ളതുമാണ്. വിഷയത്തിൽ വിശ്വാസപരമായോ ഇന്ത്യയുടെ ഭരണഘടന വിഭാവനം ചെയ്യുന്ന പൗരാവകാശങ്ങളിൽ ഏതെങ്കിലും ലംഘിക്കുന്നതോ ആയ യാതൊന്നും ഇല്ല എന്ന് ഇന്ത്യയുടെ സുപ്രീം കോടതി അർത്ഥശങ്കക്ക് ഇടയില്ലാത്തവിധം പ്രഖ്യാപിച്ചിട്ടുള്ളതുമാണ്.



സമാധാന ദൂതനായി വന്ന് എരിതീയിൽ എണ്ണ കോരി ഒഴിക്കുന്ന തരത്തിലുള്ള പ്രസംഗം ഒഴിവാക്കാമായിരുന്നു . മത നേതാക്കളും, അദ്ധ്യക്ഷന്മാരും ഇന്ത്യയുടെ നിയമവ്യവസ്ഥയെ അംഗീകരിച്ച് മുന്നോട്ടുപോയെ മതിയാകൂ  സ്വദേശിയായാലും, വിദേശി ആയാലും ഇന്ത്യയുടെ നിയമത്തിനും നീതിന്യായ വ്യവസ്ഥക്കും ഉള്ളിൽ നിന്നു കൊണ്ടും അനുസരിച്ചുകൊണ്ടും പ്രവർത്തിച്ചാൽ മതി എന്ന് ഉറപ്പു വരുത്തേണ്ടത് ഭരണകൂടത്തിന്റെ കർത്തവ്യമാണ്.രാജ്യത്തിന്റെ പരമാധികാരവും നിയമ നീതിന്യായ വ്യവസ്ഥയും ഒരു വിദേശ പൗരനും മത നേതാവിനും അടിയറ വെക്കാനുള്ളതല്ല  ഒരു മതവും രാജ്യത്തിൻറെ  നീതിന്യായ വ്യവസ്ഥക്കു മുകളിലല്ല



പ്രൊഫ്. ജോൺ കുരാക്കാർ

No comments: