Pages

Monday, February 11, 2019

ഇടയുന്ന ആനകളും കൊല്ലപ്പെടുന്ന മനുഷ്യരും


ഇടയുന്ന ആനകളും
കൊല്ലപ്പെടുന്ന മനുഷ്യരും

'ആന' എന്നു കേള്‍ക്കുമ്പോള്‍ത്തന്നെ എല്ലാവർക്കും മനസ്സിലൊരു 'ചന്തം' ഉരുത്തിരിയും. ഒരു  'ആനച്ചന്തം'ആനയെ കണ്ടാലും കണ്ടാലും കൊതിമാറില്ല.വന്യജീവിയായ ആനയെ അതിന്റെ കായികമായ കരുത്ത് പലതരത്തിലും ഉപയോഗപ്പെടുത്താൻ പണ്ടുകാലം മുതലേ മനുഷ്യൻ ഇണക്കാൻ ശ്രമിച്ചിരുന്നു. ഇങ്ങനെ മനുഷ്യന്റെ ബന്ധനത്തിൽ ജീവിക്കുന്ന ആനയെ നാട്ടാന എന്ന് വിളിക്കുന്നു. വന്യമൃഗമായ ആനയെ പൂർണ്ണമായും മെരുക്കാൻ ആവില്ല..അതിനാൽ പലപ്പോഴും ചങ്ങലയിൽ ബന്ധിച്ച്, സഞ്ചരിക്കാനും അനങ്ങാനും ഉള്ള സ്വാതന്ത്ര്യം ഹനിച്ചാണ് ആനയെ വളർത്തുന്നത്. ഈ കാലത്ത് പലതരത്തിൽ ആനകൾ പീഡനം ഏറ്റുവാങ്ങുന്നു.ആനകള്‍ ഇടയുന്നത് വ്യക്തമായ കാരണത്താലാണ്. ശബ്ദകോലാഹങ്ങളും കഠിനമായ ചൂടും മതിയായ ഭക്ഷണവും വെള്ളവും ലഭിക്കാത്തതും കാരണങ്ങളാണ്. പീഡനങ്ങളിലും ഈ 'മിണ്ടാപ്രാണി' പ്രകോപിതനാകും.
നിയമങ്ങളൊന്നും പാലിക്കാതെ ആനകളെ കൈകാര്യംചെയ്യുക, ഭയവും  അസ്വസ്ഥതയും ഏറുമ്പോൾ ആ സാധുജീവിയുടെ സമനില തെറ്റുക, അതിൽ മനുഷ്യജീവൻ നഷ്ടപ്പെടുക-കുറെക്കാലമായി തുടരുന്ന ഈ രീതി അവസാനിപ്പിക്കാൻ സമയമായി. കഴിഞ്ഞ ദിവസം ഗുരുവായൂരിനടുത്ത് കോട്ടപ്പടിയിൽ ഗൃഹപ്രവേശം മോടിയാക്കാൻ കൊണ്ടുവന്ന ആനയുടെ ചവിട്ടേറ്റ് രണ്ടുപേരാണ് മരിച്ചത്. ഒമ്പതുപേർ പരിക്കുകളോടെ ആശുപത്രിയിലാണ്. ഇവരിൽ പലർക്കും നീണ്ടകാലത്തെ ചികിത്സയ്ക്കുശേഷമേ സാധാരണജീവിതത്തിലേയ്ക്ക്‌ തിരിച്ചുവരാനാവൂ. ആരാണ് ഇത്തരം അപകടങ്ങൾക്ക് ഉത്തരവാദികളെന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു. ആന വന്യമൃഗമാണെന്ന കാര്യം ചിലർ സൗകര്യപൂർവം മറക്കുന്നു; പ്രത്യേകിച്ചും ആഘോഷസന്ദർഭങ്ങളിൽ. ഇണങ്ങിയ ഓമനമൃഗം എന്ന നിലയിലാണ് ആനകളോടുള്ള നമ്മുടെ പെരുമാറ്റം. വന്യമൃഗത്തോടുള്ള അകലംപാലിക്കൽ മാത്രമല്ല അവയോട്‌ അനുതാപവും നാം കാണിക്കാറില്ല.
ഗുരുവായൂരിൽ രണ്ടുപേർ മരിച്ച സംഭവത്തിൽ ഉൾപ്പെട്ട ആനയ്ക്ക് കാഴ്ചക്കുറവുണ്ടെന്നതിനാൽ  നിബന്ധനകളോടെയാണ് എഴുന്നള്ളിപ്പിന് അനുവദിക്കാറുള്ളത്. എന്നാൽ, ഗൃഹപ്രവേശത്തിനെത്തിച്ചപ്പോൾ അതൊന്നും പരിഗണിച്ചില്ലെന്നാണ് അറിയുന്നത്. രാവിലെ 11-നും വൈകീട്ട് നാലിനും ഇടയ്ക്ക് ആനയെഴുന്നള്ളിപ്പുകൾ പാടില്ലെന്നാണ് നിയമം. തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഇടഞ്ഞത് നട്ടുച്ചയ്ക്കാണ്. ഇടുങ്ങിയ വീട്ടുമുറ്റത്ത് തിരക്കിനിടയിലാണ് ആനയെ നിർത്തിയത്. ആനയെ ഭയപ്പെടുത്തുന്ന വിധത്തിൽ പടക്കംപൊട്ടിക്കുകയും ചെയ്തു. ഇക്കൊല്ലം ഇതുവരെ 39 ഇടങ്ങളിലാണ് ആനകൾ ഇടഞ്ഞത്. ഇതിൽ അഞ്ചുപേർ മരിച്ചു. 79 പേർക്ക് പരിക്കേറ്റു. ആനയെഴുന്നള്ളിപ്പുകൾ ആചാരമെന്നതിനപ്പുറം വൻവ്യാപാരമായി മാറിയതാണ് ഇന്നത്തെ ദുരവസ്ഥയ്ക്ക് കാരണം. ആചാരമായെങ്കിലും ഇത്‌ നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്നെങ്കിൽ ഈ മേഖലയിലെ വ്യാപാരദുര ഇല്ലാതാവണം. ഒരുകോടി രൂപയ്ക്കുവരെ ഒരു ഉത്സവകാലത്ത് ലക്ഷണമൊത്ത ആനയെ കരാറെടുക്കാറുണ്ട്. ഒരു ഉത്സവത്തിന് മൂന്നുലക്ഷംവരെ പ്രതിഫലംവാങ്ങുന്ന ആനയുടമകളോ കരാറുകാരോ ഉണ്ട്. ഉടമകളെക്കാൾ വരുമാനം പലപ്പോഴും ഇടനിലക്കാർക്ക് ലഭിക്കുന്നുണ്ട്. ഉടമകൾപോലുമറിയാതെ പല എഴുന്നള്ളിപ്പിനും ആനകൾ എത്തുന്നുമുണ്ട്. ആരാധകർ കൂടുതലുള്ള മുൻനിര ആനകളാണ് ഇതിന്റെ ബുദ്ധിമുട്ട് കൂടുതൽ അനുഭവിക്കുന്നത്.
ആഘോഷങ്ങളിൽ പങ്കെടുപ്പിക്കാനായി ആനകളുടെ മദപ്പാടുപോലും പലപ്പോഴും മറച്ചുവെക്കുന്നു. ആനയെ എഴുന്നള്ളിപ്പിനുമുമ്പ്‌ നടത്തേണ്ട ഫിറ്റ്‌നസ് പരിശോധനയും പ്രഹസനമായി മാറുകയാണ് പതിവ്. രക്തപരിശോധനയുൾപ്പെടെ എല്ലാം വേണ്ടതാണ്. ആനയ്ക്ക് ഒരുദിവസം അഞ്ഞൂറുകിലോ ആഹാരവും 250 ലിറ്റർ വെള്ളവും വേണം. ഭക്ഷണവും വെള്ളവും വിശ്രമവുമില്ലാതെ എഴുന്നള്ളത്തിന് എത്തുന്ന ആനകളെ നിയന്ത്രിക്കാൻ കൂടുതൽ ക്രൂരത കാണിക്കുന്നു.വേലകളും പൂരങ്ങളും ഉത്സവങ്ങളും പൂര്‍വ്വാധികം ഭംഗിയായി കൊണ്ടാടുകയാണ്. ആനകള്‍ക്കും വാദ്യക്കാര്‍ക്കും വെടിക്കെട്ടുകാര്‍ക്കും തിരക്കോടുതിരക്ക്. മധ്യകേരളത്തില്‍ പ്രത്യേകിച്ചും തൃശൂര്‍ ജില്ലയില്‍ ഇനി പൂരക്കാലം, ആനകള്‍ കൂടുതല്‍ അണിനിരക്കുന്ന ആറാട്ടുപുഴ പൂരം, പണ്ടൊക്കെ നൂറിലധികം ആനകളുള്ള ആറാട്ടുപുഴ പൂരത്തിന്റെ കൂട്ടി എഴുന്നള്ളിപ്പിന് പ്രദക്ഷിണം വയ്ക്കുന്നത് പുണ്യമായി പഴമക്കാര്‍ കരുതിയിരുന്നു. ഇപ്പോഴും എഴുപതോളം ആനകള്‍ ആറാട്ടുപുഴ പൂരത്തിന്റെ കൂട്ടിയെഴുന്നള്ളിപ്പിനെത്തുന്നുണ്ട്. ആന ഒന്നായാലും എണ്ണം കൂടിയാലും ഇടയാനൊന്നുമതി. ഇടയുന്ന ആനകളുടെ എണ്ണവും കൂടിവരികയാണ്.
പലപ്പോഴും നാട്ടാനകൾ ആഘോഷങ്ങളിൽ എത്തുന്നത്. നിരന്തരപീഡനങ്ങൾ ആനകളിൽ രോഗവും വർധിപ്പിക്കുന്നു. എരണ്ടകെട്ട് എന്ന ദഹനക്കേടാണ് ഇതിലെ പ്രധാന വില്ലൻ. ലോറിയിലുള്ള ദൂരയാത്രകളും നടത്തമില്ലായ്മയും ഭക്ഷണത്തിലെ പ്രശ്നങ്ങളുമെല്ലാമാണ് ഇതിന്‌ കാരണം. പാദരോഗമാണ് മറ്റൊന്ന്. ശുചിത്വം തീരെയില്ലാത്തതുമൂലമാണ് ഇത്‌ പിടിപെടുന്നത്. മരണത്തിലേക്കുവരെ ഇത് ആനകളെ എത്തിക്കുന്നു. ഇതുമൂലം നാട്ടാനകളുടെ ആയുസ്സ് കുറഞ്ഞുവരികയാണ്. ശരാശരി ആയുസ്സ് 80-ൽനിന്ന്‌ നാൽപ്പതുകളായി കുറഞ്ഞിരിക്കയാണ് ഇപ്പോൾ.
ആനയ്ക്കുവേണ്ടി ഒരു ആശുപത്രി നിർമിക്കാനോ ചികിത്സാസൗകര്യങ്ങൾ ഒരുക്കാനോ കഴിഞ്ഞിട്ടില്ല. ആനചികിത്സയെന്നത് ഇപ്പോഴും പ്രയാസകരമാണ്. തളർന്നുവീണ ആനയെ ഉയർത്താൻ ഇപ്പോഴും ജെ.സി.ബി.യാണ് ഉപയോഗിക്കുന്നത്. ആനയുടെ ആന്തരികാവയവങ്ങൾ പരിശോധിച്ച് രോഗം കണ്ടെത്താനുള്ള മാർഗങ്ങളില്ല. എരണ്ടകെട്ടുണ്ടായാൽ എവിടെയാണെന്നറിയാനുള്ള സംവിധാനമില്ല. ഇങ്ങനെ നാട്ടാനകളെ വളർത്തിയാൽ ഇവ തീർത്തും അന്യംനിന്നുപോകുമെന്നും ഈ മേഖലയിലുള്ളവർ പറയുന്നു. ആനകളുടെ പേരുകേൾക്കുമ്പോൾ ആർപ്പുവിളിക്കാനും ഫ്ളക്സ് ബോർഡുകൾ പ്രദർശിപ്പിക്കാനും  ഫാൻസ് അസോസിയേഷനുകൾ ഒരുപാടുണ്ടെങ്കിലും ഇവയുടെ കണ്ണീർ ആരും കാണുന്നില്ല.
ജന്തുസ്‌നേഹികളും ആനസ്‌നേഹികളും ആനകളെ ഉപദ്രവിക്കുന്നതിനെച്ചൊല്ലി ഇടപെട്ട്, പലപ്പോഴും കോടതി വ്യവഹാരങ്ങള്‍ പോലും ഉണ്ടായിട്ടുണ്ട്. പുന്നത്തൂര്‍ കോട്ടയില്‍ത്തന്നെ അമ്പതിലധികം ആനകളുണ്ട്. ദേഷ്യക്കാരുണ്ട്, ശാന്ത സ്വഭാവമുള്ളവരുണ്ട്, അവിടെ പിടിയാനകളുമുണ്ട്. നീരില്‍നിന്നും എഴുന്നള്ളിപ്പിനു കൊണ്ടുപോയ കവളപ്പാറ കൊമ്പന്റെ കഥ കേട്ട് എത്രയോ പേര്‍ കണ്ണീര്‍ പൊഴിച്ച ഇന്നലെകള്‍-മദ്യപിച്ച പാപ്പാനെ തുമ്പിക്കയ്യിലേന്തി വീട്ടിലെത്തിച്ച ആനക്കഥകള്‍. എല്ലാം നമുക്ക് പരിചയമാണ്. ആനച്ചോറ് കൊലച്ചോറ് എന്ന പഴമൊഴിക്ക് ഇന്ന് പ്രസക്തിയുണ്ട്. ഓരോ കൊല്ലവും കൊല്ലപ്പെടുന്ന പാപ്പാന്മാരുടെ എണ്ണം കൂടിവരികയാണല്ലൊ. കാട്ടില്‍നിന്ന് നാട്ടിലേക്കെത്തുന്ന കാട്ടാനകളുടെ വിക്രിയകളുംവർദ്ധിച്ചു വരികയാണ് . ആനകളുടെ  സംരക്ഷണവും  ജനങ്ങളുടെ സുരക്ഷയും സർക്കാർ ഉറപ്പുവരുത്തണ്ടിയിരിക്കുന്നു .

പ്രൊഫ്. ജോൺ കുരാക്കാർ

No comments: