Pages

Saturday, August 18, 2018

കേരളത്തിൽ മഹാപ്രളയം സംസ്ഥാനത്ത് ഇതുവരെ 357 മരണം .



കേരളത്തിൽ മഹാപ്രളയം
സംസ്ഥാനത്ത് ഇതുവരെ 357 മരണം .
 രക്ഷാപ്രവർത്തനം    അഞ്ചാംദിനമായ  ഇന്ന് (18 ഓഗസ്റ്റ് ,2018 ) ചെങ്ങന്നൂരില്‍ 12 പേര്‍ മരിച്ചതായി സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. എന്നാല്‍, ജില്ലാഭരണകൂടം ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.എംഎല്‍എയുടെ അപേക്ഷയെത്തുടര്‍ന്ന് ചെങ്ങന്നൂരില്‍ രക്ഷാദൗത്യം ദ്രുതഗതിയില്‍ ആരംഭിച്ചെങ്കിലും ദുരന്തത്തെ പൂര്‍ണമായും ഒഴിവാക്കാന്‍ ആയിട്ടില്ലെന്ന സൂചനയാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ ചെങ്ങന്നൂരില്‍ 22 മരണം സംഭവിച്ചതായാണ് സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ട് പറയുന്നത്. വെള്ളിയാഴ്ച്ച 10 പേരും ഇന്ന് 12 പേരും മരിച്ചെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. എന്നാല്‍, ഇതില്‍ രണ്ട് മരണം മാത്രമാണ് ജില്ലാ ഭരണകൂടം സ്ഥിരീകരിച്ചിട്ടുള്ള
 അതിദാരുണമായ അവസ്ഥയാണ് ചെങ്ങന്നൂരിലേതെന്ന് കഴിഞ്ഞ ദിവസം തന്നെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എത്രയും വേഗം രക്ഷാദൗത്യം നടത്തിയില്ലെങ്കില്‍ അമ്പതിലധികം പേര്‍ മരിച്ചുകിടക്കുന്നത് കാണേണ്ടി വരുമെന്ന് എംഎല്‍എ സജി ചെറിയാനും പറഞ്ഞിരുന്നു.
സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇന്ന് മാത്രം 22 പേരാണ് മരിച്ചത്. ഇതുവരെ 357 പേര്‍ മരിച്ചതായാണ് സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുകള്‍ പറയുന്നത്. പറവൂരില്‍ പള്ളിയുടെ മതില്‍ ഇടിഞ്ഞുവീണ് ആറ് പേര്‍ മരിച്ചു. പള്ളിയില്‍ അഭയം തേടിയവരാണ് മരിച്ചത്. വ്യാഴാഴ്ച്ചയുണ്ടായ ദുരന്തം പുറംലോകം അറിഞ്ഞത് ഇന്ന് ആണ്. ചെങ്ങന്നൂര്‍ പാണ്ടനാട് രക്ഷാപ്രവര്‍ത്തകര്‍ മൂന്ന് പേരുടെ മൃതദേഹം കണ്ടെടുത്തു. വെള്ളത്തില്‍ ഒഴുകിനടക്കുന്ന അവസ്ഥയിലായിരുന്നു ഈ മൃതദേഹങ്ങള്‍. ഇടുക്കി ഉപ്പുതോട്ടില്‍ ഉരുള്‍പൊട്ടലില്‍ നാല് പേര്‍ മരിച്ചു. വെള്ളിയാഴ്ച്ച രാത്രിയാണ് ഉരുള്‍പൊട്ടലുണ്ടായത്. ഉപ്പുതോട് ചിറ്റടിക്കവല ഇടശ്ശേരിക്കുന്നേല്‍പ്പടി സ്വദേശികളായ മാത്യു, ഭാര്യ രാജമ്മ, മകന്‍ വിശാല്‍, വിശാലിന്റെ സുഹൃത്ത് ടിന്റ് എന്നിവരാണ് മരിച്ചത്.ചാലക്കുടി മുരിങ്ങൂര്‍ ധ്യാനകേന്ദ്രത്തില്‍ ചികിത്സ കിട്ടാതെ രണ്ട് പേര്‍ മരിച്ചു. ആലുവയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഒരാള്‍ മരിച്ചു.

മഹാപ്രളയത്തിന്റെ ദുരന്തത്തിരകൾക്കിടയിൽ, പ്രതീക്ഷയുടെ പൊൻനാളമായി രണ്ടു പിറവികൾ! ആലുവയിൽ നാവികസേനാ ഹെലികോപ്റ്ററിൽ രക്ഷിച്ച് ആശുപത്രിയിലെത്തിച്ച യുവതിയും അങ്കമാലിയിൽ വെള്ളത്താൽ ചുറ്റപ്പെട്ട വീടിനുള്ളിൽ അകപ്പെട്ട യുവതിയും ഇന്നലെ അമ്മമാരായി –
 രണ്ടും ആൺകുഞ്ഞുങ്ങൾ.   ആലുവയിൽ കെട്ടിടത്തിനു മുകളിലാണു പൂർണഗർഭിണിയായ സാജിദ ജബീൽ (25)  കുടുങ്ങിയത്. നാവികസേനാ ഹെലികോപ്റ്ററിലേക്കു ബെൽറ്റിൽ കെട്ടി സാജിദയെ  ഉയർത്തിയെടുത്തു. രാവിലെ ഒൻപതരയോടെ നാവികസേനയുടെ സഞ്ജീവനി ആശുപത്രിയിലെത്തിച്ച സാജിദ ഉച്ചയ്ക്കു 2.12നു പ്രസവിച്ചു.മലയാളിയായ വിജയ് വർമയാണു കോപ്റ്റർ പറത്തിയത്. സർജൻ ലഫ്.കമാൻഡർ തമന്ന വൈ.ഷേണായ്, ഡോ.ലഫ്.അമോദ് എസ്.ധാഗെ, മിലിട്ടറി നഴ്സ് ലഫ്.കേണൽ സിമി നായർ എന്നിവരാണു സാജിദയ്ക്കു സഹായവുമായി ഒപ്പമുണ്ടായിരുന്നത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.

അങ്കമാലി പാലയ്ക്കൽ വീട്ടിൽ മാർട്ടിന്റെ ഭാര്യ പറവൂർ ആലങ്ങാട് നീറിക്കോട് കൊടുവഴങ്ങ കൈതാരൻ വീട്ടിൽ നീതു മാർട്ടിൻ (26) ഇന്നലെ രാവിലെ 10.40ന് ആണ് ആൺകുഞ്ഞിനു ജന്മംനൽകിയത്. വെള്ളത്താൽ ചുറ്റപ്പെട്ട നീതുവിന്റെ വീട്ടിലേക്കു കൂനമ്മാവ് നീറിക്കോട് പീടികപ്പടി സെന്റ് സെബാസ്റ്റ്യൻസ് പള്ളി പാരിഷ് ഹാളിലെ ദുരിതാശ്വാസ ക്യാംപിൽനിന്നാണു കളമശേരി മെഡിക്കൽ കോളജിലെ ഡോ.റെജിയുടെ നേതൃത്വത്തിലുള്ള സംഘം എത്തിയത്. മെഡിക്കൽ വിദ്യാർഥിനി ബെൻസി, കരുമാലൂർ പ്രാഥമികാരോഗ്യകേന്ദ്രം  ജൂനിയർ ഹെൽത്ത് നഴ്സ് ലിസമ്മ എന്നിവർക്കൊപ്പം ആശാ പ്രവർത്തകരുമുണ്ടായിരുന്നു. നാട്ടുകാരും സന്നദ്ധപ്രവർത്തകരുമാണു വൈദ്യസംഘത്തെ വഞ്ചിയിൽ വീട്ടിലെത്തിച്ചത്.

Prof. John Kurakar

No comments: