Pages

Tuesday, July 17, 2018

കനത്ത മഴയിൽ വെള്ളത്തിനടിയിലായ കേരളം


കനത്ത മഴയിൽ വെള്ളത്തിനടിയിലായ കേരള
കനത്ത മഴയിൽ കേ എന്നീ രളത്തിൽ വ്യാപകനാശമാണ് ഉണ്ടായിരിക്കുന്നത്. സമീപകാലത്തൊന്നുമില്ലാത്ത വിധം, ഇടമുറിയാതെ പെയ്യുന്ന കനത്ത മഴയിൽ കേരളം വെള്ളത്തിലായിരിക്കുകയാണ് . ജീവനാശത്തിനും നാടൊട്ടാകെയുള്ള കൃഷിനാശത്തിനും പുറമേ, പ്രളയ, ഉരുൾഭീഷണിയിലുമാണു കേരളം. റോഡ്, റെയിൽ ഗതാഗതത്തെവരെ ബാധിച്ചു തിമിർത്തുപെയ്യുന്ന കാലവർഷം, സംസ്ഥാനത്തെ ദുരിതകാലത്തിലേക്കു തള്ളിവിട്ടുകഴിഞ്ഞു.
കനത്ത മഴയിൽ കേരളത്തിലെ പല മേഖലകളും ഒറ്റപ്പെട്ടുപോകുകയോ വെള്ളത്തിനടിയിലാകുകയോ ചെയ്തിട്ടുണ്ട്. സ്വത്തുനാശവും കൃഷിനാശവും വന്ന് എത്രയോ കുടുംബങ്ങൾ പെരുവഴിയിലായിക്കഴിഞ്ഞു. കുട്ടനാടടക്കം പലയിടങ്ങളും വെള്ളപ്പൊക്കഭീഷണിയിലായി. ഉരുൾപൊട്ടൽ ഭീഷണി മലയോരവാസികളുടെ ഉറക്കംകെടുത്തുന്നു. സംസ്ഥാനത്തു പലയിടത്തും ഒട്ടേറെ വീടുകൾ മരംവീണും മണ്ണിടിഞ്ഞും താമസയോഗ്യമല്ലാതായി. ഇടുക്കി മറയൂരില്‍ മഴക്കൊപ്പം വീശിയടിച്ച കൊടുംകാറ്റ് കനത്ത നാശനഷ്ടമുണ്ടാക്കി. തൊടുപുഴ പൂമാലയിൽ ഉരുൾപൊട്ടി കൃഷിയിടം നശിച്ചു .കട്ടപ്പന, പീരുമേട്, വണ്ടിപ്പെരിയാർ, വെള്ളത്തൂവൽ എന്നിവിടങ്ങളിൽ മണ്ണിടിച്ചിൽഇടുക്കിയിലെ വിനോദസഞ്ചാരമേഖലകള്‍ ഒറ്റപ്പെട്ടു. കൊച്ചി-ധനുഷ്ക്കോടി പാത, സൈലന്റ് വാലി റോഡ്, കുമളി എന്നിവിടങ്ങളില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു
കലിതുള്ളുന്ന കാലവർഷം തീരദേശത്തേറെ നാശം വിതച്ചിട്ടുണ്ട്.  എറണാകുളം ,കോട്ടയം,പാലാ എന്നീ പ്രദേശങ്ങളൊക്കെ വെള്ളത്തിലാണ് .സർക്കാരിൽനിന്നുള്ള കരുതലും സഹായവും  ദുരിതബാധിതർക്കു ഉടൻ ലഭിക്കണം . ഒഴുകിവന്നു കെട്ടിക്കിടക്കുന്ന വെള്ളം പകർച്ചവ്യാധികളെ വിളിച്ചുവരുത്തുമെന്ന ആശങ്കയുമുണ്ട്.സംസ്ഥാനത്തു ജാഗ്രതാനിർദേശം നൽകിക്കഴിഞ്ഞിട്ടുണ്ടെങ്കിലും കനത്ത നാശംവിതയ്ക്കുന്ന പേമാരിക്കു മുന്നിൽ അധികൃതർപോലും പതറുന്നുണ്ടെന്നു പറയാം. വ്യക്തമായ ആസൂത്രണത്തിന്റെയും ഏകോപനത്തിന്റെയും അഭാവമാണ് ഓരോ മഴക്കെടുതിക്കാലത്തും കേരളം നേരിടുന്ന ഏറ്റവും വലിയ ദുരന്തം.

അശാസ്ത്രീയമായ വികസനം തന്നെയാണു വെള്ളക്കെട്ടിനു കാരണം. വെള്ളം ഒഴുകിപ്പോകാൻ ഫലപ്രദമായ സംവിധാനങ്ങൾ ഉണ്ടാകുന്നില്ല. നിലവിലുള്ള ഓടകളുടെയും തോടുകളുടെയും തുടർച്ചയായ പരിരക്ഷ നടക്കുന്നുമില്ല.പുഴകളും നീർത്തടങ്ങളും വ്യാപകമായി കയ്യേറ്റം ചെയ്യപ്പെട്ട സാഹചര്യത്തിൽ, കേരളത്തിൽ അതിശക്തമായൊരു മഴ പെയ്താലുണ്ടാകാവുന്ന ദുരന്തം ഭീകരമായിരിക്കുമെന്നു ദുരന്തനിവാരണ വിദഗ്ധർ ആവർത്തിച്ചു മുന്നറിയിപ്പു നൽകുന്നുണ്ട്. വനനശീകരണം, മണ്ണൊലിപ്പുമൂലം ആഴം കുറയുന്ന നദികളുടെ നാശം, ജലമൊഴുകിപ്പോകാൻ അനുവദിക്കാതെയുള്ള നിർമാണപ്രവർത്തനങ്ങൾ എന്നിവയെല്ലാം വെള്ളപ്പൊക്കത്തിന്റെ ആഴം കൂട്ടുന്നു. ദുരന്തനിവാരണത്തിനു കേരളം എത്രത്തോളം സജ്ജമാണെന്ന ആത്മപരിശോധനയും ആവശ്യമായിവരുന്നു. പ്രകൃതിക്ഷോഭങ്ങളെ തടഞ്ഞുനിർത്താനാവില്ലെങ്കിലും, അതുകൊണ്ടുള്ള ദുരന്തങ്ങൾ മുൻകൂട്ടി കണ്ട് പ്രതിരോധ നടപടികളും സത്വരരക്ഷാ നടപടികളും എടുക്കുകയാണ് അധികൃതരുടെ ചുമതല. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി തയാറാക്കിയ, കേരളത്തിലെ പ്രധാന നഗരങ്ങളിലെ വെള്ളപ്പൊക്ക സാധ്യതാഭൂപടത്തെ മുൻനിർത്തി മുൻകരുതൽനടപടികൾ അത്യാവശ്യമാണ്. പേമാരിക്കാലത്തെ ദുരന്തപാഠങ്ങൾ പിന്നീട് ഓർമയിലെടുത്തുവയ്ക്കുകയും വേണം.

പ്രൊഫ്.ജോൺ കുരാക്കാർ

No comments: