Pages

Thursday, June 21, 2018

കശ്മീരിൽ ജനാധിപത്യ പ്രക്രിയകൾക്ക് തിരിച്ചടി.


കശ്മീരിൽ  ജനാധിപത്യ പ്രക്രിയകൾക്ക് തിരിച്ചടി.
ജമ്മു കശ്മീരിലെ പിഡിപി സർക്കാരിനുള്ള പിന്തുണ ബിജെപി പിൻവലിച്ചു.  ഇതിന് പിന്നാലെ ജമ്മുകശ്മീർ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ഗവർണർക്ക് രാജിക്കത്ത് കൈ മാറി. 2014ലെ തെരഞ്ഞെടുപ്പിന് ശേഷമായിരുന്നു ജമ്മു കശ്മീരിൽ ബിജെപി-പിഡിപി സഖ്യം രൂപീകരിക്കുന്നത്.ബിജെപിക്ക് ഇനി പിഡിപിയുമായി ബന്ധം തുടരാനാകില്ല. ഭീകരവാദവും അക്രമവും വളരെയധികം വർധിച്ചിരിക്കുകയാണ്. പൗരന്മാരുടെ അടിസ്ഥാനവകാശങ്ങൾ അപകടത്തിലാണെന്നും  പിന്തുണ പിൻവലിച്ച് കൊണ്ട് ബിജെപി നേതാവ് റാം മാധവ് വ്യക്തമാക്കി.മെഹ്ബൂബ മുഫ്തി സർക്കാർ രാജിവയ്ക്കുകയും ബദൽ സർക്കാർ രൂപീകരണത്തിനു മറ്റു കക്ഷികളാരും തയാറാകാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ, സംസ്ഥാനത്തു തൽക്കാലം ഗവർണർ ഭരണമല്ലാതെ വേറെ വഴിയില്ല.

രാജ്യത്തെ ഏറ്റവും അശാന്തമായ സംസ്ഥാനം കൂടുതൽ സങ്കീർണതയിലേക്കാണു പതിച്ചിരിക്കുന്നത് .കശ്മീരിലെ ഒന്നേകാൽ കോടി ജനങ്ങൾ മാത്രമല്ല, രാഷ്ട്രം മുഴുവൻ ആ സംസ്ഥാനത്തിന്റെ ഇനിയുള്ള വിധി ഉറ്റുനോക്കുകയാണ്.ബി.ജെ .പി ,പി ഡി പി സഖ്യഭരണം നാടകീയമായി അവസാനിക്കുമ്പോൾ കശ്മീരിൽ കാണുന്നതു തികച്ചും വിസ്ഫോടനാത്മകമായ സ്ഥിതിവിശേഷമാണ്. പാക്കിസ്ഥാനിൽനിന്നു നിരന്തരം ഉണ്ടാകുന്ന ആക്രമണങ്ങൾ ഇപ്പോഴും തുടരുകയാണ്. ഇന്ത്യയുടെ സൈനിക കേന്ദ്രത്തിൽപോലും തീവ്രവാദികൾ കടന്നുകയറുന്നതും കാണേണ്ടി വന്നു. ഏറ്റവുമൊടുവിൽ, മുതിർന്ന മാധ്യമപ്രവർത്തകൻ ഷുജാത് ബുഖാരിയുടെ കൊലപാതകം വരെയെത്തിയ അക്രമപരമ്പരകൾ കശ്മീർ നേരിടുന്ന ദുർഘടസന്ധി വ്യക്തമാക്കുന്നു.

കശ്മീരിൽ ഭീകരവാദം വളർന്നുകൊണ്ടിരിക്കുകയാണെന്നും സമാധാനം കൈവരിക്കാൻ സർക്കാരിനു പ്രതീക്ഷിച്ചതുപോലെ കഴിഞ്ഞില്ല എന്നുമാണ്  ബിജെപി പറയുന്നത്.ഇക്കഴിഞ്ഞ നാലു വർഷത്തിനിടയിൽ പാക്കിസ്ഥാനുമായി കൃത്യമായൊരു സംഭാഷണം നടത്താനോ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാനോ കേന്ദ്ര സർക്കാരിനു കഴിഞ്ഞിട്ടില്ല.ഒരു ജനാധിപത്യ സർക്കാർ അവിടെ ഭരണത്തിൽ ഇരിക്കണമെന്നുതന്നെയാണു ജനം ആഗ്രഹിക്കുന്നത്. പ്രധാന പ്രതിപക്ഷ കക്ഷിയായ നാഷനൽ കോൺഫറൻസ് ഇപ്പോൾതന്നെ ഈ ആവശ്യം ഉന്നയിച്ചുകഴിഞ്ഞു.

സങ്കീർണമായ സാഹചര്യം നിലനിൽക്കുന്ന സംസ്ഥാനത്ത് എത്രയുംവേഗം സുസ്ഥിര ഭരണത്തിനുള്ള അന്തരീക്ഷം സൃഷ്ടിക്കുക എന്നതു കേന്ദ്ര സർക്കാരിന്റെ കടമയാണുതാനും.രാഷ്ട്രീയകാരണങ്ങൾഎന്തൊക്കെയായാലും ജമ്മു കശ്മീർ  സർക്കാരിന്റെ പതനവും അവിടെ ഏർപ്പെടുത്തിയ ഗവർണർഭരണവും ജനാധിപത്യ പ്രക്രിബന്ധമുണ്ട് യകൾക്ക് തിരിച്ചടിതന്നെയാണ്‌ .പാകിസ്താനുമായി അതിർത്തി പങ്കിടുന്ന തന്ത്രപ്രധാനമായ ഈ പ്രദേശത്തെ രാഷ്ട്രീയ മാറ്റംമറിച്ചിലുകൾക്ക് ദേശീയ രാഷ്ട്രീയവുമായും അന്താരാഷ്ട്ര രാഷ്ട്രീയവുമായും ബബന്ധ മുണ്ട്. റംസാൻകാലത്തെ വെടിനിർത്തൽ പിൻവലിക്കാനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനമാണ്  വഴിപിരിയലിനു കാരണമായതെന്ന് പറയുന്നു .

മൂന്നു മേഖലകളാണ് ജമ്മുകശ്മീരിലുള്ളത്. ഇതിൽ കശ്മീർ താഴ്വര മുസ്ലിം ഭൂരിപക്ഷപ്രദേശവും ജമ്മു മേഖല ഹിന്ദു ഭൂരിപക്ഷ പ്രദേശവുമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കശ്മീർ താഴ്വര പി.ഡി.പി.ക്കൊപ്പവും ജമ്മു മേഖല ബി.ജെ.പി.ക്കൊപ്പവും നിന്നു. എന്നാൽ സഖ്യം രൂപവത്കരിച്ചതിനെതിരേ ഇരുപാർട്ടികൾക്കും തങ്ങളുടെ പരമ്പരാഗത വോട്ട് ബാങ്കുകളിൽ കടുത്ത എതിർപ്പ് നേരിടേണ്ടിവരുന്നുണ്ട്. പ്രതിസന്ധികൾക്കിടയിലും ജമ്മുകശ്മീരിൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാർ  ഉണ്ടെങ്കിൽ ഭാരതത്തിനു ലോകരാജ്യങ്ങളുടെയിടയിൽ അഭിമാനത്തൊടെ നിൽക്കാനാകും .



പ്രൊഫ്. ജോൺ കുരാക്കാർ

No comments: