Pages

Friday, June 22, 2018

ട്രംപിൻറെ കുടിയേറ്റവിരുദ്ധതയും മനുഷ്യത്വരഹിതവുമായ നടപടി.


ട്രംപിൻറെ കുടിയേറ്റവിരുദ്ധതയും
മനുഷ്യത്വരഹിതവുമായ നടപടി.
അനധികൃത കുടിയേറ്റം ചെറുക്കാനെന്നപേരിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടപ്പാക്കുന്ന ‘സെപ്പറേഷൻ പോളിസിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. പുതിയ നയം നിലവിൽവന്നതോടെ അമേരിക്ക മെക്സിക്കൻ അതിർത്തിയിൽനിന്ന് പിടികൂടുന്ന കുടിയേറ്റക്കാരെ നേരിട്ട് ജയിലിലടയ്ക്കുകയാണ്. ഒറ്റപ്പെട്ട ഇവരുടെ കുട്ടികളുടെ ദുരിതം അന്താരാഷ്ട്രമാധ്യമങ്ങളിൽ വാർത്തയായിരുന്നു.നൂറുകണക്കിന് കുട്ടികളാണ് പ്രത്യേകം വേർതിരിച്ച ഇരുമ്പുകൂടുകളിൽ കഴിയുന്നത്. കഴിഞ്ഞ രണ്ടുമാസത്തിനിടെ രണ്ടായിരത്തിലേറെ കുട്ടികൾ ഇത്തരത്തിൽ മാതാപിതാക്കളിൽനിന്നു വേർപെട്ടതായി ഔദ്യോഗികവൃത്തങ്ങളിൽനിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ മനുഷ്യാവകാശ സംഘടനകൾ റിപ്പോർട്ട്ചെയ്തു.


 ട്രംപിൻറെ ഈ നടപടികൾക്കെതിരെ അമേരിക്കയിലും മറ്റു രാജ്യങ്ങളിലും വലിയ  പ്രതിഷേധം നടന്നു .പ്രഥമവനിത മെലനിയ ട്രംപും പ്രസിഡന്റിന്റെ നയത്തിൽ കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചു. കുട്ടികളെ അച്ഛനമ്മമാരിൽനിന്ന് അകറ്റുന്നതിനെ താൻ വെറുക്കുന്നുവെന്നാണ് മെലനിയ പ്രതികരിച്ചത്.അതേസമയം, ക്രൂരവും അധാർമികവുമാണ് ഈ നീക്കമെന്നും തന്റെ ഹൃദയം തകർന്നുവെന്നും മുൻ പ്രഥമവനിത ലോറ ബുഷും പ്രതികരിച്ചു. ട്രംപിന്റെ നയത്തിനെതിരെ കക്ഷിരാഷ്ട്രീയവ്യത്യാസമില്ലാതെ കടുത്ത പ്രതിഷേധമാണ് അമേരിക്കയിൽ ഉയരുന്നത്.അനധികൃത കുടിയേറ്റക്കാരിൽനിന്ന് കുട്ടികളെ വേർപ്പെടുത്തുന്ന അമേരിക്കയുടെ വേർപെടുത്തൽ നയത്തിനെതിരെ കടുത്ത പ്രതിഷേധം ഉയർന്നതോടെ ഈ നടപടി അവസാനിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉത്തരവിറക്കി.


പുതിയ ഉത്തരവനുസരിച്ച് കുട്ടികളെ രക്ഷിതാക്കളിൽനിന്ന് അകറ്റില്ല.എന്നാൽ, അനധികൃതമായി കുടിയേറിവരെ ഫെഡറൽ കസ്റ്റഡിയിൽ സൂക്ഷിക്കുകയും കുടിയേറ്റ നിയമം ലംഘിച്ചതിന് നിയമനടപടി സ്വീകരിക്കുമെന്നും ഉത്തരവിലുണ്ട്കുടിയേറ്റ കുടുംബത്തിൽപ്പെട്ട രക്ഷിതാക്കളിൽനിന്ന് അകറ്റിനിർത്തപ്പെട്ട പിഞ്ചുകുട്ടി കരയുന്ന ചിത്രം മാധ്യമങ്ങളിൽ വന്നതോടെയാണ്  അമേരിക്കയിൽ  പ്രതിഷേധം ഉയർന്നത് . സാർവദേശീയമായി ഉയർന്ന ജനരോഷമാണ് , വെള്ളമേധാവിത്വനയത്തിന്റെ ഭാഗമായി ട്രംപ് സ്വീകരിച്ച കർക്കശമായ കുടിയേറ്റവിരുദ്ധതയും തുടർന്ന് കൈക്കൊണ്ട ക്രൂരവും മനുഷ്യത്വരഹിതവുമായ നടപടികൾ ഉപേക്ഷിക്കാൻ കാരണമായത് . മുലയൂട്ടുന്ന അമ്മയിൽനിന്ന് കുഞ്ഞിനെ ബലംപ്രയോഗിച്ച് മാറ്റുന്നതുൾപ്പെടെയുള്ള ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തുവന്നപ്പോഴാണ് ട്രംപിനെതിരെ ജനരോഷം അണപൊട്ടിയൊഴുകിയത്. ‘പപ്പാ പപ്പാ' എന്ന് വിളിച്ച് അലമുറയിടുന്ന ഒരു കുട്ടിയുടെ ദൃശ്യം വാർത്താ ഏജൻസിയും പുറത്തുവിട്ടു.


അവശ്യമായ രേഖകളില്ലാതെ കുടിയേറുന്നവരെ ശിക്ഷിക്കാൻ അമേരിക്കൻ നിയമം അനുശാസിക്കുന്നുണ്ട്. എന്നാൽ, കുട്ടികളെ ജയിലിലിടാൻ നിയമം അനുവദിക്കുന്നുമില്ല. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്താൻ നിയമം അനുശാസിക്കുമ്പോൾ കുടുംബത്തെ വേർപെടുത്തേണ്ട ആവശ്യമില്ലതാനും. എന്നിട്ടും ട്രംപ് ഈ രീതി അവലംബിക്കാനുള്ള കാരണം നവംബറിൽ നടക്കുന്ന പാർലമെന്റ് തെരഞ്ഞെടുപ്പാണ്. കുടിയേറ്റത്തോട് കണ്ണിൽചോരയില്ലാത്ത സമീപനം സ്വീകരിച്ച് വെള്ള മേധാവികളുടെ പിന്തുണ അരക്കിട്ടുറപ്പിക്കാനും അവരുടെ വോട്ടുകൾ നേടുകയുമാണ് ട്രംപിന്റെ ലക്ഷ്യം.എന്നാൽ, രാഷ്ട്രീയനേട്ടത്തിനായി കുട്ടികളെ ഉപകരണമാക്കുന്നതിനെതിരെ സ്വന്തം പാർടിയിൽനിന്നു മാത്രമല്ല ലോകമെമ്പാടുമുള്ള ജനങ്ങളിൽനിന്നും  ട്രംപിനെതിരെ കടുത്ത വിമർശനമുയർന്നു  ഫ്രാൻസിസ് മാർപാപ്പയും അമേരിക്കൻ നടപടിയെ വിമർശിച്ചു.കൂടാതെ  യുഎൻ മനുഷ്യാവകാശ ഹൈകമീഷണറും അമേരിക്കൻ സർക്കാരിന്റെ നയത്തെ വിമർശിച്ചു. ലോകമെമ്പാടും പ്രതിഷേധം അലയടിക്കവെയാണ് ട്രംപിന് തീരുമാനം മാറ്റേണ്ടിവന്നത്..എടുത്തുചാടിയുള്ളഅമേരിക്കൻ പ്രസിഡന്റ്   ട്രംപിന്റെ തീരുമാനം എപ്പോഴും മാറ്റേണ്ടതായി തന്നെ വരും .



പ്രൊഫ്. ജോൺ കുരാക്കാർ

No comments: