Pages

Thursday, May 31, 2018

മലങ്കര ഓർത്തഡോൿസ് സഭ -അമേരിക്കൻ ഭദ്രാസനം-അസംബ്ലി റിട്രീറ്റ് സെന്ററിൽ; ഭദ്രാസനം വികസന പാതയിൽ


മലങ്കര ഓർത്തഡോൿസ് സഭ -അമേരിക്കൻ ഭദ്രാസനം-അസംബ്ലി റിട്രീറ്റ് സെന്ററിൽ; ഭദ്രാസനം വികസന പാതയിൽ
ഡാൽട്ടൺ (പെൻസിൽവേനിയ) ∙ മലങ്കര സഭയുടെ ഐഡന്റിറ്റിയും അടിസ്ഥാന പ്രമാണങ്ങളും നിലനിർത്തികൊണ്ടു തന്നെ അമേരിക്കൻ സഭയായി അറിയപ്പെടാനുള്ള  സമയമായി എന്ന് ഭദ്രാസന അധ്യക്ഷൻ സഖറിയാ മാർ നിക്കോളോവോസ് മെത്രാപ്പോലീത്ത പ്രസ്താവിച്ചു. ഭദ്രാസനത്തിന്റെ  അധീനതയിലുള്ള ഹോളി ട്രാൻസ്ഫിഗറേഷൻ റിട്രീറ്റ് സെന്ററിൽ നടന്ന ഭദ്രാസന അസംബ്ലിയിൽ അധ്യക്ഷ പ്രസംഗം നടത്തുകായിയരുന്നു മാർ നിക്കോളോവോസ്. ഒരു പുനർചിന്തനത്തിന്റെ സമയമാണിത്. നാം ഒരു കുടിയേറ്റ സഭയല്ല ഇപ്പോൾ. ഈ ഭൂഖണ്ഡത്തിലെ അനിഷേധ്യ സാന്നിധ്യമാണ് നമ്മുടേത്.
ചരിത്രഘടകങ്ങളെ ആസ്പദമാക്കിയുള്ള വസ്തുതകൾ കണ്ടില്ലെന്നു നടിക്കാൻ പാടില്ലാത്ത അർത്ഥ പൂർണ്ണമായ ജീവിത സാക്ഷ്യങ്ങൾക്കു തുടക്കമിടാൻ സമയമായി. സഭയുടെ ചട്ടക്കെട്ടിൽ നിന്നു കൊണ്ടു തന്നെ വിവേചനത്തോടെ ചിന്തിക്കേണ്ടിയിരിക്കുന്നു. പൈതൃക കാര്യക്രമങ്ങൾ മാറ്റങ്ങൾക്കു വിധേയമായി കഴിഞ്ഞു. മറ്റു കുടിയേറ്റ സഭകളുമായി തട്ടിച്ചു നോക്കുമ്പോൾ മലങ്കര സഭയുടെ വളർച്ച ബഹുദൂരം മുന്നിലാണ്. ഇപ്പോൾ നമ്മൾ വെറും ഒരു കുടിയേറ്റ സഭയേ അല്ല. സ്വത്വം നിലനിർത്തുന്ന തദ്ദേശീയ സഭ തന്നെയാണ്.
മുൻഗാമികളായ മാർ മക്കാറിയോസ് മെത്രാപ്പോലീത്ത, മാർ ബർണബാസ് മെത്രാപ്പോലീത്ത എന്നിവരുടെ കഠിനാധ്വാനത്തിന്റെയും സമർപ്പിത ജീവിതത്തിന്റെയും ശ്രമമാണ് ഇന്നു ഭദ്രാസനം അനുഭവിക്കുന്ന എല്ലാ സൗഭാഗ്യങ്ങളുടെയും ഐശ്വര്യത്തിന്റെയും നിദാനം. മലങ്കര സഭയ്ക്ക് ആകമാനം അഭിമാനമായ റിട്രീറ്റ് സെന്ററിന്റെ  ഭാവി പ്രവർത്തനങ്ങൾക്കു എല്ലാവരുടെയും അകമഴിഞ്ഞ സഹകരണവും പ്രാർഥനയും സഹായവും പ്രതീക്ഷിക്കുകയും ചെയ്യുന്നു.
അസംബ്ലിക്ക്  ആമുഖമായി ധ്യാനയോഗം നയിച്ച ഫാ. സജി തോമസ് തറയിൽ സങ്കീർത്തനങ്ങൾ 141–ാം അധ്യായത്തെ ആസ്പദമാക്കി ഹൃദയസ്പർശിയായ രീതിയിലാണ് സംസാരിച്ചത്. സൃഷ്ടിയും സംഹാരവും നടത്താനുള്ള കരുത്ത് വാക്കിനുണ്ട്. ആലോചനയില്ലാതെ വാക്കുകൾ ഉപയോഗിച്ചാൽ പിന്നീട് ദുഃഖിക്കേണ്ടി വരും. പറയുന്ന വാക്കുകളോട് വിശ്വാസ്യത പുലർത്തണം എന്നീ മൂന്നു കാര്യങ്ങളെ അടിസ്ഥാനമാക്കി ഉദാത്തമായ ഒരു ധ്യാനപ്രസംഗമാണ് സജി അച്ചൻ നടത്തിയത്.
ഭദ്രാസന സെക്രട്ടറി ഫാ. സുജിത്ത് തോമസ് ഭദ്രാസന മെത്രാപ്പോലീത്തയുടെ കൽപ്പന വായിച്ചതോടെയാണ് യോഗനടപടികൾ ആരംഭിച്ചത് പ്രാർഥനയ്ക്ക് ശേഷം മുൻ അസംബ്ലിയുടെ മിനിട്സ് വായിച്ച്  പാസ്സാക്കി. 2017–18 കാലഘട്ടത്തിലെ വാർഷിക റിപ്പോർട്ട് വരവ് ചിലവ് കണക്കുകൾ എന്നിവയും അവതരിപ്പിച്ചു. ഇന്റേണൽ ഓഡിറ്റർ തമ്പി നൈനാന്റെ ഓഡിറ്റ് റിപ്പോർട്ടും യോഗത്തിൽ അവതരിപ്പിച്ചു. അക്കൗണ്ടിങ് കമ്പനിയായ റോസ്റ്റ് ആൻഡ് കമ്പനിയുടെ പ്രതിനിധികൾ നേരിട്ടെത്തി വിശദമായ വരവു ചിലവുകണക്കുകൾ അവതരിപ്പിക്കുകയും സംശയ നിവാരണം നടത്തുകയും ചെയ്തു.
ഹോളി ട്രാൻസ്ഫിഗറേഷൻ റിട്രീറ്റ് സെന്ററിന്റെ  ഇതപര്യന്തമുള്ള വികസന പ്രവർത്തനങ്ങളും ഭാവി പരിപാടികളും ഉൾപ്പെടുന്ന വിഡിയോ പ്രസന്റേഷൻ ജെയ്സൺ തോമസ്, സന്തോഷ് മത്തായി എന്നിവർ ചേർന്നു നടത്തി. ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്റെ ഭാവി പ്രവർത്തന ശൈലി എങ്ങനെ ആയിരിക്കണം എന്നതിനെക്കുറിച്ചും വിശദമായി ചർച്ചകൾ നടന്നു.
ഭദ്രാസന സെക്രട്ടറി ഫാ. സുജിത് തോമസ്, കൗൺസിൽ അംഗങ്ങളായ ഫാ. മാത്യു തോമസ്, ഫാ. ബാബു കെ. മാത്യു, ഡോ. ഫിലിപ്പ് ജോർജ്, സജി എം. പോത്തൻ, സാജൻ മാത്യു, സന്തോഷ് മത്തായി എന്നിവർ നേതൃത്വം നൽകി. ചാൻസലർ ഫാ. തോമസ് പോൾ, മെത്രാപ്പോലീത്തയുടെ അസിസ്റ്റന്റ് ഡീക്കൻ ഡെന്നീസ് മത്തായി, മെത്രാപ്പോലീത്തയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഫാ. എബി ജോർജ്, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് ബിജു പാറയ്ക്കൽ എന്നിവരും അസംബ്ലിയുടെ വിജയത്തിനുവേണ്ടി വിവിധ തലങ്ങളിൽ പ്രവർത്തിച്ചു. ഫാ. എബി ജോർജിനെ അസംബ്ലിയുടെ റെക്കോർഡിങ് സെക്രട്ടറിയായി മെത്രാപ്പോലീത്ത നിയമിച്ചിരുന്നു. ഭദ്രാസനത്തിലെ എല്ലാ ഇടവകകളിൽ നിന്നുമുള്ള വികാരിമാരും അസംബ്ലി അംഗങ്ങളും പങ്കെടുത്തിരുന്നു.

Prof. john Kurakar

No comments: