Pages

Tuesday, February 27, 2018

വൃദ്ധ ദമ്പതികളെ വലിച്ചുപുറത്തിട്ട് വീട് സീല് ചെയ്തുപോയ ബാങ്കുകാർ കോടികളുമായി മുങ്ങിയ കൊള്ളക്കാരേ എന്തു ചെയ്തു ?




വൃദ്ധ ദമ്പതികളെ വലിച്ചുപുറത്തിട്ട് വീട് സീല് ചെയ്തുപോയ ബാങ്കുകാർ കോടികളുമായി മുങ്ങിയ കൊള്ളക്കാരേ  എന്തു ചെയ്തു ?

വായ്പ തിരിച്ചടക്കാന് വൈകിയതിന് രോഗികളായ വൃദ്ധ ദമ്പതികളെ വലിച്ചുപുറത്തിട്ട് വീട് സീല് ചെയ്തുപോയ ബാങ്കുകാർ കോടികളുമായി മുങ്ങിയ കൊള്ളക്കാരേ  എന്തു ചെയ്തു ?പൊതുമേഖലാബാങ്കുകളുടെ നിക്ഷേപശേഖരത്തില്നിന്ന് വ്യവസായത്തിന്റെ മറവില് പകല്കൊള്ളക്കാര് ശതകോടികള് കടത്തിക്കൊണ്ടുപോയിരിക്കുന്നുവെന്ന വാര്ത്ത ദയനീയവും ഒപ്പംതന്നെ കൗതുകവുമായിരിക്കുന്നു. രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ പൊതു മേഖലാ ബാങ്കായ പഞ്ചാബ് നാഷണല് ബാങ്കില്നിന്ന് 11,400 കോടിരൂപ വായ്പായിനത്തില് വാങ്ങിയെടുത്ത ശേഷം നീരവ്മോദി എന്ന വജ്ര വില്പനക്കാരന് അടുത്തകാലത്താണ് രാജ്യത്തുനിന്ന് മുങ്ങിയത്
 കേസെടുത്ത് ദിവസങ്ങള്ക്കുശേഷം ഈ കോടികളുടെ കൊള്ളക്കാരന് നാടുവിടുമ്പോള് അതൊന്നും നമ്മുടെ അന്വേഷണ ഏജന്സികളോ സര്ക്കാരോ അറിഞ്ഞില്ലെന്നത് വിശ്വസിക്കാന് പ്രയാസം. നീരവ്മോദിയുടെ തട്ടിപ്പിനെതുടര്ന്ന് സി.ബി.ഐ നടത്തിയ റെയ്ഡുകളില് നിരവധി കോടികളുടെ ആഭരണങ്ങളും മറ്റും കണ്ടെടുത്തതായാണ് വാര്ത്ത. ഏതാണ്ട് 5100 കോടിയുടെ ആസ്തികള് സാമ്പത്തികകുറ്റാന്വേഷണ വിഭാഗം കണ്ടെത്തിയിട്ടുണ്ട്. കൂടാതെ  വീണ്ടും വീണ്ടും തട്ടിപ്പിന്റെ കഥകൾ പുറത്തു വരികയാണ് .
 3695 കോടിയുടെ വായ്പ വാങ്ങി മുങ്ങിയ റോട്ടോമാക് പേന നിര്മാതാവായ വിക്രം കോത്താരിയാണ് ബാങ്ക് തട്ടിപ്പു പരമ്പരയിലെ പുതിയ പാർട്ടി .ആദ്യം ബാങ്ക് ഓഫ്ബറോഡയാണ് എണ്ണൂറുകോടി രൂപ തട്ടിച്ചതായി ഇയാള്ക്കെതിരെ പരാതി നല്കിയതെങ്കില് പിന്നീട് യൂണിയന് ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന് ഓവര്സീസ് ബാങ്ക് തുടങ്ങി ഏഴു ബാങ്കുകളുടെ കണ്സോര്ഷ്യത്തില്നിന്ന് 2,919 കോടി രൂപ കോത്താരി വായ്പയെടുത്തെന്ന വിവരം പുറത്തുവന്നു. തിങ്കളാഴ്ച ഇയാളുടെ വസതികളിലും മറ്റും റെയ്ഡ് ചെയ്ത സി.ബി.ഐ സംഘം തിരിച്ചടവ് മുടങ്ങിയതും പലിശയും ചേര്ത്ത് 3695 കോടിയുടെ ബാധ്യത കണ്ടെത്തിയിരിക്കുന്നു. ഇയാളെ കാണ്പൂരില്നിന്ന് സി.ബി.ഐ ഡല്ഹിയിലെത്തിച്ച് ചോദ്യം ചെയ്തുവരികയാണിപ്പോള്. വ്യാജ കയറ്റുമതി രേഖകള് ഉണ്ടാക്കി വായ്പ തട്ടിയെടുക്കുകയായിരുന്നു ഇയാള്. ഉന്നത ബാങ്ക് ജീവനക്കാര്ക്കും ഇതിലുള്ള പങ്ക് അന്വേഷിക്കുകയും ചിലരെ ചോദ്യം ചെയ്തുവരികയുമാണ്.
വ്യാജ കമ്പനികളുടെ രേഖകള് ചമച്ച് എത്ര വേണമെങ്കിലും വായ്പവാങ്ങി മുങ്ങാമെന്ന അവസ്ഥ അത്യുന്നതമായ ബാങ്കിങ് സംവിധാനമെന്നു പേരുകേട്ട ഇന്ത്യയ്ക്ക് അപമാനമായിരിക്കുന്നു. തീവെട്ടിക്കൊള്ളയുടെ ഞെട്ടിപ്പിക്കുന്ന കഥകളാണ് ദിനംപ്രതി വന്നുകൊണ്ടിരിക്കുന്നത് . സാധാരണക്കാരന് വീടുവെക്കാനോ വിവാഹത്തിനോ കാര്ഷികാവശ്യത്തിനോ എടുക്കുന്ന തുച്ഛമായ വായ്പകള് തിരിച്ചുപിടിക്കാന് ബാങ്ക് ഉദ്യോഗസ്ഥരും സര്ക്കാരും കാണിക്കുന്ന പാരവശ്യം എന്തുകൊണ്ട് കുത്തകളുടെ കാര്യം വരുമ്പോള് ഇല്ലാതെ പോകുന്നു. ഇതുവരെ 61000 കോടിയുടെ തട്ടിപ്പ് ഇന്ത്യന് ബാങ്കിങ് മേഖലയില് നടന്നിട്ടുണ്ടെന്നാണ് ഒരുകണക്ക്.ഒമ്പതിനായിരം കോടിയുടെ തട്ടിപ്പ് നടത്തി രാജ്യം വിട്ട മദ്യരാജാവ് വിജയമല്യയെ  സർക്കാർ എന്തു ചെയ്തു ?വിജയമല്യയെ രാജ്യത്ത് തിരികെ കൊണ്ടുവന്ന് വിചാരണ ചെയ്യുന്നതിന് ആത്മാര്ഥമായ യാതൊരു ശ്രമവും ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുണ്ടാവുന്നില്ല. പൊതുസമ്പത്ത് കൊള്ളയടിക്കപ്പെടുന്നത് തടയാനോ അത്തരക്കാരെ തുറങ്കിലടക്കാനോ യാതൊന്നും സർക്കാരിന് കഴിയുന്നതുമില്ല . ഇങ്ങനെ പോയാൽ രാജ്യത്തിൻറെ ഗതി പരമദയനീയാമായിരിക്കും .

പ്രൊഫ്. ജോൺ കുരാക്കാർ



No comments: