Pages

Sunday, December 24, 2017

KOZHIKODU MITTAYI THERUVU(കോഴിക്കോട് മിഠായിത്തെരുവിന്റെ കഥകോഴിക്കോട്
മിഠായിത്തെരുവിന്റെ കഥ

കോഴിക്കോടിന്റെ ഹൃദയമായ മിഠായിത്തെരുവ് പൈതൃകത്തെരുവായി പുനരുജ്ജീവിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ, നവീകരിച്ച മിഠായിത്തെരുവിന്റെ  ഉദ്ഘാടനം ശനിയാഴ്ച നടത്തിയതോടെ നൂറു വർഷത്തിലധികം പഴക്കമുള്ള  തെരുവിന് പുതിയമുഖവും മാനവും  കൈവന്നു. കേരളത്തിന്റെയും പ്രത്യേകിച്ച് കോഴിക്കോടിന്റെയും സഞ്ചാരഭൂപടത്തിൽ ഇനി മിഠായിത്തെരുവിന്റെ പേരിന് കൂടുതൽ ശോഭയേറും. ലോകമെങ്ങുമുള്ള വിശ്രുതങ്ങളായ നഗരനടപ്പാതകളുടെ മാതൃകയിലാണ് മിഠായിത്തെരുവും സജ്ജീകരിക്കപ്പെട്ടിട്ടുള്ളത്.ഇന്നും മലയാളികൾക്ക് ഒരു തെരുവിന്റെ കഥയേ ഹൃദിസ്ഥമായുള്ളൂ. അത് മിഠായിത്തെരുവിന്റെ കഥയാണ്. മിഠായിത്തെരുവിന്റെ മിടിപ്പുകളെ ഊടുംപാവുമാക്കി എസ്.കെ. പൊറ്റെക്കാട്ട് നെയ്ത കഥ. നിങ്ങൾ കോഴിക്കോട്ടെ രാജാവാണോ എന്ന് ഏതോ യാത്രാവേളയിൽ ആരോ ചോദിച്ചപ്പോൾ, അല്ല രാജകുമാരനാണ് എന്നായിരുന്നു എസ്.കെ.യുടെ മറുപടി. കാരണം മിഠായിെത്തരുവിൽ മഹാരാജാസ് ബേക്കറിയുണ്ടല്ലോ എന്ന നർമം. തെരുവിന്റെ കവാടത്തിലുള്ള എസ്.കെ. പൊറ്റെക്കാട്ടിന്റെ പ്രതിമയും  എസ്.കെ. ചത്വരവും അക്കാര്യങ്ങൾ വിളിച്ചുപറയുന്നു. എസ്.കെ. മാത്രമല്ല വൈക്കം മുഹമ്മദ് ബഷീറും  എം.ടി.യും എൻ.പി. മുഹമ്മദും ഉറൂബും കുട്ടികൃഷ്ണമാരാരും കെ.ടി. മുഹമ്മദും തിക്കോടിയനും നടന്നുണർത്തിയ വഴി കൂടിയാണത്. കോഴിക്കോട്ടേക്ക്  പോകുന്നു എന്നു പറഞ്ഞാൽ മിഠായിത്തെരുവിൽ പോകുന്നു എന്നാണിപ്പോഴും അർഥം. ഗ്രാമ്യസ്പർശങ്ങൾ വിട്ടുമാറാത്ത ചെറുപട്ടണത്തിന്റെ ജീവൽസ്പന്ദമാണാ തെരുവ്.  പരിചയക്കാരുടെ പുഞ്ചിരികളും കുശലങ്ങളും ഗന്ധങ്ങളും തിരക്കും കച്ചവടവും ആസ്വദിച്ചുള്ള അലസ ഗമനം. മാനാഞ്ചിറയെയും തളിയെയും പാളയംപള്ളിയെയും  വലിയങ്ങാടിയെയും ബന്ധിപ്പിക്കുന്ന തുടിക്കുന്ന ഞരമ്പാണത്.
വ്യത്യസ്തമായ സംസ്കാരങ്ങളുടെ സമ്മേളനവീഥിയും. പ്രാചീനലോക സമുദ്രവാണിജ്യ പാതയിലെ പ്രധാന കേന്ദ്രമായിരുന്ന സാമൂതിരിയുടെ ചരിത്രനഗരത്തിന്റെ അവശേഷിപ്പുകളിലൊളൊന്നാണ് ഈ തെരുവ്. പട്ടും മധുരവും വിൽക്കുന്ന തെരുവായിരുന്നു അത്. പുറത്തുള്ളവർ അതിനെ സ്വീറ്റ് മീറ്റ് സ്ട്രീറ്റ്, എസ്.എം. സ്ട്രീറ്റ് എന്നു വിളിച്ചു. പ്രശസ്തമായ കോഴിക്കോടൻ ഹൽവ ആ വിശേഷണത്തിന് മാധുര്യമേകി. നഗരം പരിധി വിട്ടു വളർന്നപ്പോഴും മാൾ സംസ്കാരത്തിലേക്ക് പുതു തലമുറ മാറിയപ്പോഴും മിഠായിത്തെരുവ് മാറ്റമില്ലാതെ തുടർന്നു.
തെരുവിന്റെ സൗന്ദര്യവത്കരണ, നവീകരണ സാഫല്യത്തിന്  ഇരുപതുവർഷത്തെ കാത്തിരിപ്പിന്റെ ദൈർഘ്യമുണ്ട്.  വലിയ തീപ്പിടിത്തങ്ങളും സുരക്ഷാപ്രശ്നങ്ങളും വാഹനത്തിരക്കും വീർപ്പുമുട്ടിച്ചിരുന്ന തെരുവിനെ അത്തരം പ്രശ്നങ്ങളിൽനിന്ന് വിമുക്തമാക്കാൻകൂടി വേണ്ടിയായിരുന്നു നവീകരണ പദ്ധതി വിഭാവനം ചെയ്തത്. 6.26 കോടി രൂപയാണ് തെരുവിന്റെ നവീകരണത്തിനായി ചെലവഴിച്ചത്. തെരുവിന്റെ അസ്തിത്വത്തിനുതന്നെ ഭീഷണിയുയർത്തിയ വൈദ്യുത അപാകങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങളായിരുന്നു ആദ്യം നടന്നത്. അലങ്കാരവിളക്കുകൾ തൂങ്ങുന്ന മേലാപ്പുകൾ, കവാടത്തിലെ ചത്വരത്തിൽ വിശ്രമിക്കാനുള്ള ഇരിപ്പിടങ്ങൾ, കഥകൾ പറയുന്ന ചിത്രങ്ങൾ, കരിങ്കൽ പാളികൾ പാകിയ പുതിയ നടപ്പാത എന്നിവയാണ് തെരുവിലെ സഞ്ചാരികൾക്കായി ഒരുക്കിയിട്ടുള്ളത്. സുഗമമായ കാൽനടയ്ക്ക്  രാത്രി പത്തുമണിവരെ വാഹനങ്ങളും നിരോധിച്ചു. ഇതിന്   തെരുവിലെ വ്യാപാരികളിൽനിന്ന് എതിർപ്പുയർന്നെങ്കിലും അവസാനഘട്ടത്തിൽ അഭിപ്രായ വ്യത്യാസങ്ങളൊടുങ്ങി.
ഭിന്നശേഷിക്കാർക്കും പ്രായമായവർക്കും സഞ്ചരിക്കാനായി കുടുംബശ്രീയുടെ നേതൃത്വത്തിൽ ചെറിയ കാറുകളും  തെരുവിൽ സജ്ജമാക്കിയിട്ടുണ്ട്(ബഗ്ഗികൾ). നിരീക്ഷണ ക്യാമറകളും സംഗീത സജ്ജീകരണങ്ങളും തയ്യാറായിവരുന്നു. തെരുവിന്റെ പുനർജനിക്കായി രാഷ്ട്രീയ ഭേദമന്യേ എല്ലാവരും മാതൃകാപരമായി ഒറ്റക്കെട്ടായി നിലകൊണ്ടു. എം. എൽ.എ.മാരും  നഗരസഭയും കോഴിക്കോട് ജില്ലാ കളക്ടറും  ഇതിന് പ്രത്യേക അഭിനന്ദനങ്ങൾ അർഹിക്കുന്നു. ഇനി വേണ്ടത് പരിപാലനത്തിലെ ശ്രദ്ധയാണ്. കാരണം മിഠായിത്തെരുവ് ഒരു വെറും തെരുവല്ല. ചരിത്രവും സംസ്കാരവും മാനവികതയും മജ്ജയും മാംസവും പകർന്ന  ജീവസ്സുറ്റ ശേഷിപ്പാണ്. അതിനെ അതിന്റെ പകിട്ടിലും തനിമയിലും സംരക്ഷിക്കുന്നത് വരും തലമുറയിലെ ചരിത്രകുതുകികളോടുള്ള നീതികാട്ടലാണന്നതിൽ തർക്കമില്ല. കേരളത്തിലെ മറ്റു സാംസ്കാരിക പൈതൃകങ്ങളെ വീണ്ടെടുക്കാനും കരുതലോടെ കാക്കാനും നവീകരിച്ച മിഠായിത്തെരുവ് പ്രചോദനമാകട്ടെ.

  Prof. John Kurakar

No comments: