Pages

Monday, December 25, 2017

ഭാരതത്തിൽ അസഹിഷ്ണുത ഒരു മതംപോലെ വളരുകയാണ്



ഭാരതത്തിൽ അസഹിഷ്ണുത ഒരു
  മതംപോലെ വളരുകയാണ്

ബഹുജാതിപക്ഷികൾ ചേക്കേറിയിട്ടുള്ള ഒരു ഫലവൃക്ഷമാണ് ഇന്ത്യൻ ജനാധിപത്യം.വ്യത്യസ്ത ജനവിഭാഗങ്ങളും വിശ്വാസങ്ങളും ഭാഷകളും സംസ്കാരങ്ങളും ആചാരരീതികളും ചേർന്ന ബഹുസ്വരതയാണ് ഭാരതത്തിൻറെ മഹത്വംനാനാത്വത്തിലെ ഏകത്വമാണ് ഇന്ത്യയുടെ ദേശീയതയുടെ ആത്മാവ്. എന്നാൽ ഇന്നത്തെ ഇന്ത്യയിൽ അസഹിഷ്ണുത വളർന്നു വരികയാണ് .തങ്ങളുടെ വിശ്വാസവും അഭിപ്രായവുമല്ലാത്ത എന്തും തെറ്റാണെന്നു മാത്രമല്ല നിലനിൽക്കാൻ പാടില്ലാത്തതുമാണെന്നും ഒരു കൂട്ടർ വിശ്വസിക്കുന്നു .ഇന്ത്യ കാലങ്ങളായി കാത്തുസൂക്ഷിച്ച അടിസ്ഥാനമൂല്യങ്ങളും വൈവിധ്യസമന്വയവും കൈമോശം വരികയാണോ എന്ന ആശങ്ക നാൾക്കുനാൾ പെരുകിവരികയാണിപ്പോൾ.


അസഹിഷ്ണുതയുടെ വിത്തെറിഞ്ഞ് അശാന്തിയുടെ നൂറുമേനി വിളവെടുക്കാൻ ശ്രമിക്കുകയാണ് ചിലർ .അസഹിഷ്ണുത ഒരു അക്രമരീതിയാണെന്നും അത് യഥാർത്ഥ ജനാധിപത്യമൂല്യങ്ങളെ ഇല്ലാതാക്കുമെന്നും മഹാത്മജി പറഞ്ഞത് അക്ഷരംപ്രതി ശരിയാണെന്ന് വർത്തമാനകാല സംഭവങ്ങൾ തെളിയിക്കുന്നു .സ്നേഹം, സഹവർത്തിത്വം, സഹിഷ്ണുത എന്നിവയുടെ സന്ദേശം പ്രസരിപ്പിക്കുന്ന ക്രിസ്തുമസ് പോലും ചിലരിൽ അസഹിഷ്ണുതയുളവാകുന്നു .നിന്നെപ്പോലെതന്നെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക എന്നുപറഞ്ഞ യേശുക്രിസ്തുവിന്റെ ജന്മദിനമായ ക്രിസ്മസ് പ്രത്യാശയുടെയും സമാധാനത്തിന്റെയും സഹവർത്തിത്വത്തിന്റെയും സഹിഷ്ണുതയുടെയും ആഘോഷമാണ്. ക്രൈസ്തവർ മാത്രമല്ല മറ്റു മതങ്ങളിൽ വിശ്വസിക്കുന്നവരും അതിൽ പങ്കുചേരുന്നു.

എന്നാൽ കഴിഞ്ഞദിവസങ്ങളിൽ രാജ്യത്തിന്റെ പലഭാഗങ്ങളിൽ ഉണ്ടായ സംഭവങ്ങൾ വേദനാജനകമാണ്. ക്രിസ്മസ് ആഘോഷിക്കുന്നതിനെതിരേയുള്ള ഭീഷണികളാണ് പലയിടത്തും ഉണ്ടായിക്കൊണ്ടിരിക്കുന്നത് . ഉത്തർപ്രദേശിലെ അലിഗഢിൽ ക്രൈസ്തവർ നടത്തുന്ന സ്കൂളുകളിൽ ക്രിസ്തുമസ്  ആഘോഷിക്കുന്നതിനെതിരേ ഹിന്ദു ജാഗരൺ മഞ്ച് എന്ന സംഘടന ഭീഷണി ഉയർത്തി. ഹിന്ദു വിദ്യാർഥികളെക്രിസ്തുമസ്  ആഘോഷിക്കാൻ നിർബന്ധിക്കുകയാണെന്ന് ആരോപിച്ച്അക്രമം കാട്ടുന്നതായി വാർത്തകൾ . രാജസ്ഥാനിലെ പ്രതാപ്ഗഢ് ജില്ലയിൽ ചില ഹിന്ദുസംഘടനകൾ ക്രിസ്തുമസ് ആഘോഷങ്ങൾ തടസ്സപ്പെടുത്തി അക്രമമുണ്ടാക്കി. മധ്യപ്രദേശിലെ സത്നയിലും ക്രൈസ്തവർക്കുനേരേ അക്രമങ്ങളുണ്ടായി.


 കുറച്ചുകാലമായി ഇന്ത്യയിൽ പടർന്നുകൊണ്ടിരിക്കുന്ന അസഹിഷ്ണുതയുടെ ആവിഷ്കാരങ്ങളാണിവയെല്ലാം.ഗോമാംസത്തിന്റെയും ന്യൂനപക്ഷവിദ്വേഷത്തിന്റെയും പേരിൽ ഇതിനകം നടന്ന കൊലപാതകങ്ങളും  മറ്റ് അക്രമങ്ങളും കൊണ്ട് ഒരു വലിയ വിഭാഗം ജനങ്ങൾക്കു സ്വന്തം സുരക്ഷയിൽ ആശങ്ക ജനിപ്പിച്ച സാഹചര്യമാണു നിലവിലുള്ളത്. ഉത്തർപ്രദേശിലെ ദാദ്രിയിൽ ഗോമാംസം കഴിക്കുകയും വീട്ടിൽ സൂക്ഷിക്കുകയും ചെയ്തുവെന്നാരോപിച്ചു മുഹമ്മദ് അഖ്ലാഖ് എന്ന കർഷകനെ ജനക്കൂട്ടം ക്രൂരമായി മർദിച്ചു കൊലപ്പെടുത്തുകയും മകനെ കയ്യേറ്റം ചെയ്ത് അവശനാക്കുകയും ചെയ്ത സംഭവം രാജ്യം മറന്നിട്ടില്ല.ജാർഖണ്ഡിൽ തന്നെ പശുവിറച്ചി വാഹനത്തിൽ കടത്തിയെന്നാരോപിച്ച് ജനക്കൂട്ടം ഒരാളെ അടിച്ചു കൊന്ന സംഭവവും ആരും മറന്നിട്ടില്ലമതനിരപേക്ഷതയുടെ മഹനീയമൂല്യം അറിയുകയും ആദരിക്കുകയും ചെയ്യുന്ന രാഷ്ട്രനേതാക്കൾ സമ്പന്നമാക്കിയ രാജ്യമാണു നമ്മുടേത്, അത് തകർക്കാൻ ആരും ശ്രമിക്കരുത് .എല്ലാവർക്കും ക്രിസ്തുമസ് നവവത്സരാശംസകൾ



പ്രൊഫ്. ജോൺ കുരാക്കാർ


No comments: