Pages

Sunday, December 24, 2017

പ്രകൃതിയുടെ മുന്നറിയിപ്പ്



പ്രകൃതിയുടെ മുന്നറിയിപ്പ്

കേരളത്തിനുള്ള മുന്നറിയിപ്പാണ്. പരസ്പരമുള്ള കുറ്റപ്പെടുത്തലുകൾ അവസാനിപ്പിച്ച് ദുരന്തങ്ങൾക്കെതിരെ എങ്ങനെ കരുതിയിരിക്കണമെന്ന് സർക്കാരും സമൂഹവും ചിന്തിക്കുകയും അതിനനുസരിച്ചു യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തിക്കുകയുമാണ് ഇപ്പോൾ ചെയ്യേണ്ടത്.
ഒഡീഷയിൽ 1999 ഉണ്ടായ ചുഴലിക്കാറ്റിൽ പതിനായിരത്തോളം പേരാണു മരിച്ചത്. എന്നാൽ, 2013 210 കിലോമീറ്റർ വേഗത്തിൽ വിനാശകരമായ ചുഴലിക്കാറ്റുണ്ടായിട്ടും മരണം പത്തിനു താഴെ മാത്രമായിരുന്നു. അഞ്ചുദിവസം മുൻപ് മുന്നറിയിപ്പു നൽകി അഞ്ചു ലക്ഷത്തോളം പേരെ സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റാൻ അന്നു കഴിഞ്ഞു. ഒഡീഷയുടെ തീരപ്രദേശത്തുള്ള മുഴുവൻ സ്കൂൾ കെട്ടിടങ്ങളും ചുഴലിക്കാറ്റിനെ പ്രതിരോധിക്കാൻ കഴിയുന്ന രീതിയിൽ പുനർനിർമിച്ചു. ഇതൊക്കെ കേരളത്തിനു പാഠമാകണം. അതിനു സർക്കാരും സമൂഹവും ഒരു മനസ്സോടെ പ്രവർത്തിക്കണം. കേരളത്തിൽ ദുരന്തങ്ങളുണ്ടാകില്ലെന്ന പൊതുധാരണ മാറ്റിവയ്ക്കണം. പ്രകൃതിപ്രതിഭാസങ്ങൾ ദുരന്തങ്ങളായി മാറുന്നത് നമ്മുടെ തയാറെടുപ്പുകളിലെ പാളിച്ചകൾ മൂലമാണ്.
മുന്നറിയിപ്പുണ്ടായില്ല എന്നത് ദുരന്തത്തിന്റെ തീവ്രത കൂടാൻ ഇടവരുത്തരുത്. ഭൂചലനവും മിന്നലും മുൻകൂട്ടി പ്രവചിക്കാനുള്ള സാങ്കേതികവിദ്യ ഇപ്പോഴുമില്ല. ചുഴലിക്കാറ്റിന്റെ കാര്യത്തിൽ തന്നെ പൂർണമായി പിഴവറ്റ സംവിധാനമല്ല നമുക്കുള്ളത് എന്നത് ഓഖിയോടെ വ്യക്തമായി. മുന്നറിയിപ്പുകൾ ദുരന്തസാധ്യതാമേഖലകളിൽ എത്തുന്നുവെന്ന് ഉറപ്പാക്കണം. അതിന് എല്ലാ മാധ്യമങ്ങളുടെയും സഹായം തേടണം. ദുരന്തസാധ്യതകളെക്കുറിച്ച് പൊതുജനബോധവൽക്കരണത്തിനു സർക്കാർ ഊന്നൽ നൽകണം. ആഴക്കടലിൽ മൽസ്യബന്ധനത്തിനു പോകുന്ന മൽസ്യത്തൊഴിലാളികളുമായി ആശയവിനിമയത്തിന് ഉപഗ്രഹസഹായത്തോടെയുള്ള സാങ്കേതികവിദ്യയുടെ സഹായം തേടണം. മൽസ്യത്തൊഴിലാളികൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള സംവിധാനവും വേണം.കേരളത്തിലെ ദുരന്തനിവാരണ അതോറിറ്റി ശക്തിപ്പെടുത്തണം. സംസ്ഥാന, ജില്ലാ തല ദുരന്തലഘൂകരണ പ്ലാനുകൾ ശാസ്ത്രീയമായി പുതുക്കണം. പ്രതിരോധനടപടികൾക്കായിരിക്കണം ഊന്നൽ. ഓരോ സാഹചര്യത്തിലും സ്വീകരിക്കേണ്ട കൃത്യമായ നടപടിക്രമങ്ങൾക്കു രൂപം നൽകണം. കേന്ദ്ര, സംസ്ഥാന ഏജൻസികളിൽ നിന്നുള്ള വിവരങ്ങൾ ഏകോപിപ്പിക്കാനുള്ള സംവിധാനം വേണം. കേന്ദ്ര ദുരന്തനിവാരണ സേനയുടെ മാതൃകയിൽ സംസ്ഥാന ദുരന്തനിവാരണ സേന ശക്തിപ്പെടുത്താനും സർക്കാർ മുൻകയ്യെടുക്കണം.രക്ഷാപ്രവർത്തനം അവസാനിച്ചാലുടൻ മേഖലയിലെ രാജ്യാന്തര വിദഗ്ധരെ കൂടി ഉൾപ്പെടുത്തി ഇനി എങ്ങനെ മുന്നോട്ടുപോകണമെന്നതിനെക്കുറിച്ച് തുറന്ന മനസ്സോടെ ചർച്ച ചെയ്യാൻ സർക്കാർ വേദിയൊരുക്കണം. പിഴവുകൾ ആവർത്തിക്കാതിരിക്കാനും ശാസ്ത്രീയമായ മുൻകരുതലുകളെടുക്കാനും ഇതിലൂടെ സർക്കാരിനു കഴിയും.
വളരെ അപൂർണങ്ങളായ ചർച്ചകളാണു നമുക്കുചുറ്റുംഓഖിചുഴലിക്കാറ്റിനെ തുടർന്നു നടക്കുന്നത്. ദുരന്തമുന്നറിയിപ്പു പ്രതിരോധസ്ഥാപനങ്ങളെയോ നമ്മുടെ ദുരന്ത പ്രതികരണ സംവിധാനത്തെയോ എത്രകണ്ടു ഫലപ്രദമാക്കിയാലും കുറ്റമറ്റ സാങ്കേതികവിദ്യാമിശ്രണമല്ല നമുക്ക് ഇതുസംബന്ധിച്ചുള്ളത്. 600 കിലോമീറ്ററോളം തീരമുള്ള കേരളത്തിൽ മത്സ്യബന്ധനം നടത്തുന്ന വിധവും അതിന്റെ താരതമ്യേനയുള്ള പ്രാകൃത സാങ്കേതിക അവസ്ഥയും മത്സ്യബന്ധന സമൂഹത്തെ പിന്നോട്ടടിക്കുന്നു. മത്സ്യബന്ധനത്തെ കാലികമായി ആധുനികീകരിക്കാതെപാരമ്പര്യശൈലിയിൽ തളച്ചിടുന്നതാണ് പിന്നാക്കാവസ്ഥയ്ക്കു കാരണം.
മത്തി  വരെ അന്യംനിന്നുതുടങ്ങിയ നമ്മുടെ കടലിൽ 8000 മത്സ്യബന്ധനയാനങ്ങളിലായി ഏഴു ലക്ഷത്തിലധികം മത്സ്യത്തൊഴിലാളികളാണ് അഷ്ടിക്കു വകതേടുന്നത്. യാനങ്ങൾക്കു വരുന്ന ചെലവ് ഏകദേശം 8–12 ലക്ഷം രൂപയാണ്. ഒന്നോ രണ്ടോ ലക്ഷം രൂപയുടെ വരുമാനമാണ് അഞ്ചു ദിവസം വരുന്ന കാലയളവിൽ യാനങ്ങൾ നേടുന്നത്. 5–10 പേർ വരെ തൊഴിലാളികളായി പണിയെടുക്കുന്നു. ഫലത്തിൽ ആവശ്യത്തിനു മീൻ ലഭിച്ചാൽത്തന്നെ പ്രതിപ്രവൃത്തിദിനം 1500–2000 രൂപയിലധികം നേടാൻ മാതൃകകൾ മത്സ്യത്തൊഴിലാളികളെ അനുവദിക്കുന്നില്ല.
കംപ്യൂട്ടർവൽകൃതവും വ്യക്തവുമായ കാലാവസ്ഥാ മുന്നറിയിപ്പ്, ഓൺ ബോർഡ് റഡാറുകൾ, അപായസൂചന നൽകാനുള്ള ഡിജിറ്റൽ വയർലെസ് സംവിധാനം, അപകടസമയത്തു സഹായം ആകർഷിക്കാനുള്ളഫ്ലേർഗൺ’/റോക്കറ്റ്, കടലിൽ 100 മണിക്കൂറെങ്കിലും ജീവനോടെ കഴിയാൻ സഹായിക്കുന്ന ലൈഫ് സേഫ്റ്റി കിറ്റുകൾ, സമയത്തു ഭക്ഷിക്കാനുള്ള എനർജി ബിസ്കറ്റുകൾ, ശുദ്ധജലം ഇവയൊന്നും ഇന്നുംപരമ്പരാഗതമാതൃകയിൽ തുടരുന്ന മത്സ്യത്തൊഴിലാളികൾക്കു വേണ്ടത്ര ലഭ്യമേയല്ല.
എന്നാൽ വലിയ കേവുഭാരമുള്ള രാജ്യാന്തര മത്സ്യബന്ധന ട്രോളർമാരുടെ അനുഭവമോ? അവയൊന്നും ഓഖിയുടെ തീവ്രതയുള്ള ചുഴലിക്കാറ്റിൽ മുങ്ങിപ്പോകുന്നില്ല. അവരുടെ റഡാറുകളും ശേഷികൂടിയ വാർത്താവിനിമയ ശൃംഖലയും വേണ്ടസമയത്തു മുന്നറിയിപ്പു സ്വീകരിക്കാനും തൊട്ടടുത്തുള്ള വാണിജ്യക്കപ്പലുകളെയടക്കം അപകടസന്ദേശമയച്ചു പ്രതികൂലാവസ്ഥ തരണം ചെയ്യാനും സഹായിക്കുന്നു.
പ്രശ്നം കേരളത്തിലെ മത്സ്യത്തൊഴിലാളികളെ മുഴുവൻ ഇന്നും ഇടത്തരം യന്ത്രവൽകൃത യാനങ്ങൾക്ക് ഒറ്റയടിക്ക് ഏറ്റെടുക്കാൻ കഴിയില്ല എന്നതുതന്നെയാണ്. മത്സ്യത്തൊഴിലാളികളെ സഹകരണാടിസ്ഥാനത്തിൽ സംഘടിപ്പിച്ചു സംസ്കരണ, സമാഹരണ ശേഷിയുള്ള ഇടത്തരം ട്രോളറുകൾ കൂടി ഉപയോഗിച്ചാൽ മാത്രമേ ഇനി കേരളത്തിനു ഫലപ്രദമായി മുന്നേറാനാവൂ. ട്രോളറുകളുടെ ലാഭവീതം ചെറുബോട്ടുകളിലെ മത്സ്യബന്ധനം നിർത്തുന്ന മത്സ്യത്തൊഴിലാളികൾക്കും നൽകണം.
കൂടുതൽ സ്ഥിരതയുള്ള, ഇരട്ടനിലകളുള്ള മത്സ്യബന്ധനയാനങ്ങളും ഉപയോഗിക്കേണ്ടതുണ്ട്. ഇങ്ങനെ, റജിസ്റ്റർ ചെയ്യുന്ന എല്ലാ തൊഴിലാളികൾക്കും പങ്കുള്ള ഉന്നത സാങ്കേതികവിദ്യാ ബിസിനസായി ട്രോളറുകൾ വികസിപ്പിക്കുകയും അതിനുള്ള ട്രോളറുകൾ സംസ്ഥാന നാവിഗേഷൻ കോർപറേഷൻ വഴി വാങ്ങി മത്സ്യ സഹകരണ സംവിധാനത്തിനു നൽകുകയും വേണം.

Prof. John Kurakar

No comments: