Pages

Monday, June 19, 2017

P.N PANICKER -പി.എന്‍.പണിക്കര്

P.N PANICKER -പി.എന്‍.പണിക്കര്
കേരളത്തിന്റെ സാംസ്‌കാരിക പുരോഗതിക്ക് അതുല്യമായ സംഭാവന നല്‍കിയ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെയും സമ്പൂര്‍ണ്ണ സാക്ഷരത കൈവരിച്ച ആദ്യ സംസ്ഥാനമെന്ന ബഹുമതി നമുക്ക് നേടിത്തന്ന സാക്ഷരതാ പ്രസ്ഥാനത്തിന്റെയും പ്രമുഖ ശില്‍പിയായി പി എന്‍ പണിക്കരെ വിശേഷിപ്പിച്ചാല്‍ ഒട്ടും അധികമാകില്ല. ഒരു ചരിത്ര നിയോഗം പോലെയാണ് പിഎന്‍ പണിക്കര്‍ 1945ല്‍ ഗ്രന്ഥശാല പ്രസ്ഥാനത്തിന് തുടക്കം കുറിക്കുകയും അത് വളര്‍ത്തുകയും ചെയ്തതെന്ന് പറയാം. വ്യക്തിയുടെയും സമൂഹത്തിന്റെയും രാജ്യത്തിന്റെയും നന്മയ്ക്കുവേണ്ടിയുള്ളതാണ് വിദ്യാഭ്യാസം എന്ന് അദ്ദേഹം ദൃഢമായി വിശ്വസിച്ചു
വായനയും പുസ്തകങ്ങളും മറ്റാരുടെയോ മാത്രമാണെന്നു തെറ്റിദ്ധരിക്കപ്പെട്ട ഒരുകാലത്ത് അത് എല്ലാവരുടേതുമാണെന്നു കേരളമാകെ പറഞ്ഞു നടന്ന് വായന പഠിപ്പിക്കുകയും പുസ്തകങ്ങളെ കൂട്ടുകാരാക്കാന്‍ പ്രേരിപ്പിക്കുകയും നാടിന്റെ മുക്കിലുംമൂലയിലും ഗ്രന്ഥശാലാ പ്രവര്‍ത്തനങ്ങള്‍ നട്ടുവളര്‍ത്തുകയുംചെയ്ത് സഞ്ചരിക്കുന്ന ഒറ്റമരക്കാടുപോലായിത്തീര്‍ന്ന വിനയ സമ്പന്നനാണ് പണിക്കര്‍.എവിടേയും പണിക്കര്‍ കേറിച്ചെന്ന് വായനയുടേയും പുസ്തകങ്ങളുടേയും പ്രാമാണ്യത്തെക്കുറിച്ചു ബോധവല്‍ക്കരിച്ചു.

കേരളത്തിലെ ഗ്രന്ഥ ശാലാ പ്രസ്ഥാനത്തിന്റെ ആചാര്യനാണ് അദ്ദേഹം.അതിനായി വലിയവരെന്നോ ചെറിയവരെന്നോ നോക്കാതെ എവിടേയും പണിക്കര്‍ ഓടിയെത്തി.തൊണ്ടു തല്ലുന്നവരുടേയും കിളക്കുന്നവരുടേയും മീന്‍പിടിക്കുന്നവരുടേയും അടുത്തുചെന്ന് പുസ്തകവായനയെക്കുറിച്ചു പറഞ്ഞു.അമ്മമാര്‍ കുഞ്ഞുങ്ങള്‍ക്കു പാല്‍കൊടുക്കുംപോലെയാണ് പുസ്തകവായനയെന്നാണ് പണിക്കര്‍ പഠിപ്പിച്ചത്.അതുവരെ വായനപോലും വരേണ്യമെന്നു ധരിച്ചിരുന്ന ഇരുള്‍ച്ചക്കാലമായിരുന്ന കേരളം പുസ്തകങ്ങള്‍കൊണ്ട് പുതിയവെട്ടം കണ്ടു.

ആലപ്പുഴയിലെ കുട്ടമ്പേരൂരില്‍ 1909 മാര്‍ച്ച് 1ന് പി.എന്‍.പണിക്കര്‍ ജനിച്ചു.അധ്യാപകനായിരുന്നു.അന്നത്തെ രാഷ്ട്രീയ വളക്കൂറില്‍പ്പെടാതെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിലേക്കു തിരിയുകയായിരുന്നു അദ്ദേഹം.ജന്മനാട്ടില്‍ പണിക്കര്‍ സ്ഥാരിച്ച സനാതനധര്‍മം എന്നവായനശാലയാണ് കേരള ഗ്രന്ഥശാലാ പ്രസ്ഥാനം തുടങ്ങുന്നതിനുള്ള സ്വപ്‌നം പാകിയത്.പിന്നീട് 1945ല്‍ 47ഗ്രന്ഥാശാലകളുടെ സമ്മേളനം അദ്ദേഹം വിളിച്ചുകൂട്ടി.

ദിവാന്‍ സര്‍.സിപിയാണ് ഉദ്ഘാടനം ചെയ്തത്.പിന്നീട് ആയിരക്കണക്കിനു ഗ്രന്ഥശാലകള്‍ അതിനു കീഴില്‍ ഉണ്ടായി. 1977ല്‍ഗ്രന്ഥാശാലാ സംഘം സര്‍ക്കാര്‍ ഏറ്റെടുത്തു.ഗ്രന്ഥശാലാ പ്രവര്‍ത്തകര്‍ അദ്ദേഹത്തെ ആദരവോടെ പണിക്കര്‍ സാര്‍ എന്നു വിളിച്ചു.രാഷ്ട്രീടക്കളികളുടെ ഭാഗമായി പണിക്കര്‍ സംഘത്തിന്റെ ആരുമല്ലാതായിത്തീരുന്നു.പിന്നീട് അദ്ദേഹത്തിന്റെ മഹത്വം സര്‍ക്കാരും മലയാളികളും തിരിച്ചറിഞ്ഞു. ഇപ്പോള്‍ പണിക്കരുടെ ചരമദിനമായ ജൂണ്‍19 വായനാദിനമായി ആചരിക്കുന്നു.വായനയിലൂടെയും പുസ്തകങ്ങളിലൂടെയും പണിക്കരെ സ്മരിക്കുകയാണ് കേരളം.

Prof. John Kurakar



No comments: