Pages

Friday, June 30, 2017

ബഹുസ്വരതയ്ക്കെതിരെയുള്ള അസഹിഷ്‌ണുത ഭാരതത്തെ അരാജകത്വത്തിലേക്ക് നയിക്കും

ബഹുസ്വരതയ്ക്കെതിരെയുള്ള അസഹിഷ്ണുത ഭാരതത്തെ അരാജകത്വത്തിലേക്ക് നയിക്കും

സബർമതിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗം സംഘ്പരിവാര്‍ ഉൾക്കൊള്ളുമോ ?ഭാരതത്തിൽ പലയിടത്തും വിദ്വേഷത്തിന്റെയും അസഹിഷ്ണുതയുടെയും വിഷം വമിച്ചുകൊണ്ടിരിക്കുകയാണ് .പശുക്കളെ സംരക്ഷിക്കാനെന്നപേരിൽ ആളുകളെ കൊലപ്പെടുത്തുന്നത് അംഗീകരിക്കാനാകില്ലെന്നും ഇതു മഹാത്മാഗാന്ധിയുടെ തത്വങ്ങൾക്കു വിരുദ്ധമാണെന്നുമാണ്  പ്രധാനമന്ത്രി പറഞ്ഞത് .നാനാത്വത്തിലെ ഏകത്വമാണ് ഇന്ത്യയുടെ ദേശീയതയുടെ ആത്മാവ്. ഏതു സാഹചര്യത്തിലും ഇതിനു ഇതിനു മാറ്റമുണ്ടാകരുതെന്നു രാഷ്‌ട്രപതി പ്രണബ് മുഖർജി യും തുടർച്ചയായി ഓർമപ്പെടുത്തിക്കൊണ്ടിരിക്കുകയാണ് .
ഗോമാംസത്തിന്റെയും ന്യൂനപക്ഷവിദ്വേഷത്തിന്റെയും പേരിൽ ഇതിനകം നിരവധി  കൊലപാതകങ്ങളും അതിക്രമങ്ങളും അരങ്ങേറിക്കഴിഞ്ഞു .ഒരു  വിഭാഗം ജനങ്ങൾക്കു സ്വന്തം സുരക്ഷയിൽ ആശങ്ക ജനിപ്പിച്ച സാഹചര്യമാണു  ഇന്ന് നിലവിലുള്ളത്. “‘മനുഷ്യരെ കൊന്നിട്ടല്ല പശുവിനെ സംരക്ഷിക്കേണ്ടത്. പശുവിന്റെ പേരില്‍ നിയമം കൈയിലെടുക്കാന്‍ ആരെയും അനുവദിക്കില്ല. അക്രമങ്ങള്‍ കര്‍ശനമായി തടഞ്ഞ മഹാത്മാ ഗാന്ധിയുടെ നാടാണിത്. എന്തുകൊണ്ടാണ് ആളുകള്‍ ഇതു മറന്നു പ്രവര്‍ത്തിക്കുന്നത്? “
  പ്രധാനമന്ത്രി  മോദിയുടെ  ഈ വാക്കുകൾ വികാരഭരിതമാണ് .‘പശു ഇറച്ചി കഴിക്കുന്നവന്‍’ എന്ന് ആക്രോശിച്ച് ജുനൈദ് എന്ന പതിനാറുകാരനെ തീവണ്ടിയില്‍ വച്ച് നിഷ്ഠൂരമായി കുത്തിക്കൊന്നതിന്റെ  നടുക്കത്തിലാണ് ഇപ്പോൾ  ഭാരതം..അധികാര ഗര്‍വിന്റെ അഹന്തയിലല്ലേ  ഗോസംരക്ഷകർ  അഴിഞ്ഞാടുന്നത് ?. പശുവിന്റെ പേരു പറഞ്ഞ് മനുഷ്യരെ ക്രൂരമായി കൊന്നുതള്ളുന്ന ഗോരക്ഷകര്‍ക്കെതിരെ മുമ്പും പ്രധാനമന്ത്രി രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചിട്ടുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ കാലിത്തൊഴുത്തിലെ പുല്‍ക്കൂനയിലാണ് സംഘ്പരിവാര്‍ കൊണ്ടിട്ടത്.പശുവിന്റെ തുകല്‍ കൈവശം വച്ചുവെന്ന് ആരോപിച്ച് ഗുജറാത്തില്‍ ദലിത് യുവാക്കളെ ഗോരക്ഷകര്‍ കെട്ടിയിട്ട് തല്ലിച്ചതച്ചതിന്റെ പ്രതിഷേധം രാജ്യമെങ്ങും അലയടിച്ചുയര്‍ന്ന സാഹചര്യത്തിലും  പ്രധാനമന്ത്രി വികാരഭരിതനായി ഇതേ സ്വരത്തില്‍ പ്രതികരിച്ചതാണ്. അന്ന് അദ്ദേഹത്തിന്റെ പ്രസംഗവും ഇങ്ങനെയായിരുന്നു "‘നിങ്ങള്‍ക്ക് എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍, നിങ്ങള്‍ക്ക് ആരെയെങ്കിലും അക്രമിക്കണമെങ്കില്‍ എന്റെ ദലിത് സഹോദരങ്ങള്‍ക്കു പകരം എന്നെ ആക്രമിക്കൂ. നിങ്ങള്‍ക്ക് ആരെയെങ്കിലും വെടിവെക്കണമെങ്കില്‍ ദലിത് സഹോദരങ്ങള്‍ക്കു പകരം എന്നെ വെടിവെക്കൂ. "പ്രധാനമന്ത്രിയുടെ ഈ പ്രസംഗവും ഗോസംരക്ഷകരുടെ മനസില്‍ ഒരല്‍പംപോലുംചലനമുണ്ടാക്കിയില്ല .

. പ്യൂ റിസര്‍ച്ച് സെന്റര്‍ ആഗോള തലത്തില്‍ നടത്തിയ പഠനത്തില്‍ മതവിദ്വേഷ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ നടക്കുന്ന രാജ്യങ്ങളില്‍ നാലാം സ്ഥാനത്താണ് ഭാരതം . മതവിദ്വേഷത്തിന്റെ പേരിലുള്ള അക്രമങ്ങള്‍, ജനക്കൂട്ട അതിക്രമങ്ങള്‍, സാമുദായിക ലഹളകള്‍, മതഭീകര പ്രസ്ഥാനങ്ങളുടെ അഴിഞ്ഞാട്ടം ഇവയെല്ലാം മാനദണ്ഡമാക്കി നടത്തിയ പഠനത്തിലാണ് നമ്മുടെ രാജ്യം ഈ നാണക്കേടിന്റെ കിരീടം ചൂടിയത്. മനുഷ്യരേക്കാള്‍ മൃഗങ്ങള്‍ക്ക് മഹത്വം ലഭിക്കുന്ന അവസ്ഥയിലേയ്ക്കാണ് നമ്മുടെ  രാജ്യത്തിൻറെ പോക്ക് . പശുവിന്റെ പേരില്‍ നിരപരാധികളായ ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നത് അവസാനിപ്പിക്കാൻ  പ്രധാനമന്ത്രിക്ക് കഴിയുമോ ?ബഹുസ്വരതയും  മതേതരത്വവും കാത്തുസൂക്ഷിക്കാൻ പ്രധാനമന്ത്രിക്ക് കഴിയുമോ ? രാഷ്ട്രീയ പൊതുബോധം ഉണരുമോ ?.


പ്രൊഫ്. ജോൺ കുരാക്കാർ

No comments: