Pages

Sunday, June 4, 2017

ന്യൂനപക്ഷങ്ങളെ ഒപ്പംനിർത്താതെ കേരളത്തിൽ എൻഡിഎ മുന്നണിക്കു വിജയിക്കാനാവില്ല

ന്യൂനപക്ഷങ്ങളെ ഒപ്പംനിർത്താതെ കേരളത്തിൽ എൻഡിഎ മുന്നണിക്കു വിജയിക്കാനാവില്ല

ക്രിസ്ത്യൻ, മുസ്ലിം, ദളിത് വിഭാഗങ്ങളുടെ പിന്തുണ നേടിയാൽ മാത്രമേ കേരളത്തിൽ മുന്നണിക്കു വിജയിക്കാൻ കഴിയൂ. ന്യൂനപക്ഷ മതവിഭാഗങ്ങളുടെ പിന്തുണ നേടാൻ ആവശ്യമായ കർമ പദ്ധതി തയാറാക്കണമെന്നും ബിജെപി സംസ്ഥാന ഭാരവാഹികളുടെ യോഗത്തിൽ പ്രസംഗിക്കവേ അമിത് ഷാ പറഞ്ഞു.സംസ്ഥാനത്തു ബിജെപിക്കും മുന്നണിക്കും 15 ശതമാനം വോട്ടാണ് ലഭിക്കുന്നത്. ഇത്രയും വോട്ടു നേടിയതു കൊണ്ടു മാത്രം അധികാരത്തിൽ എത്താൻ കഴിയില്ല. ന്യൂനപക്ഷ വിഭാഗങ്ങളുടെ പിന്തുണ നേടുകയാണു പ്രധാനം. 2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയിക്കണമെങ്കിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ സ്വാധീനം ഉറപ്പിക്കേണ്ടത് ആവശ്യമാണ്. ഇവരുടെ വിശ്വാസ്യത നേടുകയാണു പ്രധാനം. മത ന്യൂനപക്ഷങ്ങളുടെയും ദളിത് വിഭാഗങ്ങളുടെയും ഇടയിൽ പ്രവർത്തിക്കുന്നതു വിവിധ മോർച്ചകളാണ്. ബിജെപി നേരിട്ട് ഇവരുടെ ഇടയിലേക്ക് ഇറങ്ങുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണം. ന്യൂനപക്ഷ വിഭാഗങ്ങളുടെ പിന്തുണ ഉറപ്പാക്കാൻ ആവശ്യമായ കർമ പദ്ധതി തയാറാക്കാൻ സംസ്ഥാന നേതാക്കൾക്കു അമിത് ഷാ നിർദേശം നൽകി. 2019- ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ മുന്നണി വിജയിക്കുക തന്നെ ചെയ്യും.

എൻഡിഎ മുന്നണിയുടെ പ്രവർത്തനം ജില്ലാതലത്തിൽ മാത്രം ഒതുങ്ങി നിൽക്കുകയാണ്. ബ്ലോക്ക്- മണ്ഡലം- ബൂത്ത് തലത്തിലും മുന്നണിയുടെ പ്രവർത്തനം ശക്തിപ്പെടുത്തണം. മുന്നണിയിലെ മറ്റു ഘടകകക്ഷികളെയും സമ്മേളനങ്ങളിലും സമരങ്ങളിലും അടക്കം പങ്കെടുപ്പിക്കണം. ബിജെപിക്കൊപ്പം ഇവരുടെ കൊടിയും ഉപയോഗിക്കണം. എല്ലാ യോഗങ്ങളിലും ഇവരുടെ സാന്നിധ്യം ഉറപ്പാക്കണം. സംസ്ഥാന ഭാരവാഹികളുടെ പ്രവർത്തന പുരോഗതിയും യോഗത്തിൽ വിലയിരുത്തി. ലോക്സഭാ മണ്ഡലങ്ങളുടെ ചുമതലയുള്ള സംസ്ഥാന ഭാരവാഹികൾ എത്ര തവണ ഇവിടം സന്ദർശിക്കുന്നുണ്ടെന്നും എന്തൊക്കെ പ്രവർത്തനങ്ങളാണ് ഇവിടെ നടത്തിവരുന്നതെന്നും അദ്ദേഹം ചോദിച്ചറിഞ്ഞു. പ്രവർത്തനത്തിൽ വരുത്തേണ്ട മാറ്റങ്ങളും അദ്ദേഹം നിർദേശിച്ചു. ലോക്സഭാ മണ്ഡലങ്ങളുടെ പ്രവർത്തനങ്ങളിൽ വീഴ്ച വരുത്തിയവർക്കും 50 ശതമാനത്തിൽ താഴെ ഹാജരുള്ള ചുമതലക്കാർക്കും അദ്ദേഹം കർശന ഭാഷയിൽ താക്കീതും നൽകി. തുടർന്ന് ആർഎസ്എസ് അടക്കമുള്ള സംഘപരിവാർ പ്രസ്ഥാനങ്ങളുടെ പ്രധാന നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയിക്കാൻ സംഘ്പരിവാർ പ്രസ്ഥാനങ്ങൾക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങളായിരുന്നു പ്രധാനമായും ചർച്ചയായത്. കർമപദ്ധതി നടപ്പാക്കാൻ ആവശ്യമായ എല്ലാ സഹായവും കേന്ദ്ര സർക്കാരിൽ നിന്ന് ഉറപ്പാക്കുമെന്നും വിശ്വഹിന്ദു പരിഷത്ത്, ഭാരതീയ വിചാര കേന്ദ്രം തുടങ്ങിയവയുടെ നേതാക്കൾക്ക് അമിത് ഷാ ഉറപ്പു നൽകി.

Prof. John Kurakar

No comments: