Pages

Thursday, June 1, 2017

പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണം: രാജസ്ഥാന്‍ ഹൈക്കോടതി

പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണം: രാജസ്ഥാന്‍ ഹൈക്കോടതി
പശുവിനെ ദേശീയമൃഗമായി പ്രഖ്യാപിക്കണമെന്നും പശുക്കളെ കശാപ്പ് ചെയ്യുന്നവര്‍ക്ക് ജീവപര്യന്തം ശിക്ഷ നല്‍കണമെന്നും രാജസ്ഥാന്‍ ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിച്ചു. ജാഗോ ജനത സൊസൈറ്റി സമര്‍പ്പിച്ച പൊതുതാല്‍പ്പര്യഹര്‍ജിയിലാണ് നിര്‍ദേശം. ജയ്പുരിലെ ഗോശാലയിലെ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ അഭിഭാഷകരടങ്ങിയ പ്രത്യേക സമിതിക്ക് രൂപംകൊടുക്കാനും രാജസ്ഥാന്‍ ഹൈക്കോടതിയുടെ ജയ്പുര്‍ ബെഞ്ചിലെ ജസ്റ്റിസായ മഹേഷ്ചന്ദ്ര ശര്‍മ നിര്‍ദേശിച്ചു. ഹിന്ദുരാജ്യമായ നേപ്പാള്‍ പശുവിനെ ദേശീയമൃഗമാക്കിയിട്ടുണ്ടെന്നും ഈ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇവിടെയും അതിന് ആവശ്യമായ നിയമനിര്‍മാണം നടത്താന്‍ മുന്‍കൈ എടുക്കണമെന്നും ജഡ്ജി നിരീക്ഷിച്ചു. തന്റെ ഔദ്യോഗികജീവിതത്തിലെ അവസാനദിവസമാണ് ജഡ്ജി  നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ഹര്‍ജി തീര്‍പ്പാക്കിയത്.
കേന്ദ്ര സര്‍ക്കാരിന്റെ കന്നുകാലിക്കശാപ്പ് നിരോധനനിയമത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് രാജസ്ഥാനിലെ ഹൈക്കോടതിയുടെ ഉത്തരവെന്നത് ശ്രദ്ധേയമാണ്. ജയ്പുരിലെ ഹിന്‍ഗോണിയ ഗോശാലയില്‍ കഴിഞ്ഞവര്‍ഷം ജനുവരിമുതല്‍ ജൂലൈവരെയുള്ള കാലയളവില്‍ ഏകദേശം 8000 പശുക്കള്‍ ചത്തതായും മോശം സാഹചര്യമാണ് ഇതിന് കാരണമെന്നുമാണ് പൊതുതാല്‍പ്പര്യഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. ഇന്ത്യ പ്രധാനമായും കൃഷിയെ അടിസ്ഥാനപ്പെടുത്തി പുരോഗമിക്കുന്ന രാജ്യമാണെന്നും ഇവിടെ മൃഗപരിപാലനത്തിന് പ്രത്യേകം ശ്രദ്ധ കൊടുക്കേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു. മദ്രാസ് ഹൈക്കോടതി കഴിഞ്ഞദിവസം കേന്ദ്ര സര്‍ക്കാരിന്റെ കന്നുകാലിക്കശാപ്പ് നിരോധനനിയമം നാലാഴ്ചത്തേക്ക് സ്റ്റേചെയ്തിരുന്നു.
അതേസമയം, മയിലിനെ ദേശീയപക്ഷിയാക്കാന്‍ കാരണം അവ ബ്രഹ്മചര്യം പരിപാലിക്കുന്നതുകൊണ്ടാണെന്ന് ജസ്റ്റിസ് മഹേഷ്ചന്ദ്ര ശര്‍മ ദേശീയചാനലിന് അനുവദിച്ച അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടു. മയിലുകള്‍ ബ്രഹ്മചര്യം പരിപാലിക്കുന്ന പക്ഷികളാണ്. ആണ്‍മയിലുകള്‍ പെണ്‍മയിലുകളുമായി വേഴ്ച നടത്താറില്ല. മറിച്ച്, ആണ്‍മയിലുകളുടെ കണ്ണീര്‍ കുടിച്ചാണ് പെണ്‍മയിലുകള്‍ ഗര്‍ഭിണിയാകുന്നതെന്ന് പുരാണങ്ങളില്‍ പരാമര്‍ശമുണ്ട്. ബ്രഹ്മചര്യം പരിപാലിക്കുന്ന പക്ഷികളായതിനാലാണ് ശ്രീകൃഷ്ണന്‍പോലും മയില്‍പ്പീലി തലയില്‍ ചൂടുന്നതെന്നും ജസ്റ്റിസ് മഹേഷ്ചന്ദ്ര ശര്‍മ പറഞ്ഞു. രാജസ്ഥാന്‍ ജഡ്ജിയുടെ വിചിത്രപരാമര്‍ശങ്ങള്‍ക്കെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ വിമര്‍ശം ശക്തമായിട്ടുണ്ട്.
വിവാദമായി പരാമര്‍ശങ്ങള്‍
പശുക്കളെയും മയിലുകളെയും കൂട്ടിയിണക്കിയുള്ള രാജസ്ഥാന്‍ ഹൈക്കോടതി ജസ്റ്റിസിന്റെ വിചിത്ര പരാമര്‍ശങ്ങള്‍ക്ക് എതിരെ നിയമവൃത്തങ്ങളിലും സമൂഹമാധ്യമങ്ങളിലും രൂക്ഷ വിമര്‍ശം.  രാമായണവും മഹാഭാരതവും പുരാണേതിഹാസങ്ങളും പലവട്ടം ഉദ്ധരിച്ചാണ് ജഡ്ജി തന്റെ വിചിത്രനിരീക്ഷണങ്ങള്‍ സാധൂകരിച്ചത്. പശുക്കള്‍ സാധ്യമായ എല്ലാ രീതിയിലും മനുഷ്യരെ സഹായിക്കുന്ന മൃഗങ്ങളാണെന്നും അവരെ സംരക്ഷിക്കാന്‍ തന്റെ ആത്മാവിന്റെ ശബ്ദമാണ് കോടതിയില്‍ മുഴങ്ങിയതെന്നും വിധിപ്രഖ്യാപനത്തിനുശേഷം ജഡ്ജി മാധ്യമങ്ങളോട് പറഞ്ഞു.

കശാപ്പിന് ജീവപര്യന്തം ശിക്ഷ നല്‍കണമെന്ന തന്റെ വിധി തല്‍ക്കാലം രാജസ്ഥാനില്‍ മാത്രം നടപ്പാക്കണം. പശുക്കളെ സംരക്ഷിക്കാന്‍ പ്രക്ഷോഭവുമായി യുവജനങ്ങള്‍ രംഗത്തെത്തണം. സ്വന്തം മാതാപിതാക്കളെ സംരക്ഷിക്കുന്നത് പോലെ എല്ലാവരും പശുക്കളേയും സംരക്ഷിക്കണം- ജസ്റ്റിസ് മഹേഷ്ചന്ദ്രശര്‍മ കൂട്ടിച്ചേര്‍ത്തു. Ref: Desabhimani daily)

Prof. John Kurakar

No comments: